സെയ്തലവി എന്ന ചെറിയാപ്പു
ജമാല്‍ ഫാറൂഖി പുളിക്കല്‍
പുളിക്കല്‍: പാണ്ടികശാല നരിക്കുത്ത് സെയ്തലവി എന്ന ചെറിയാപ്പു (71) നിര്യാതനായി. മുജാഹിദ് പ്രസ്ഥാനത്തിന്റെ ചെറുതും വലുതുമായ സമ്മേളനങ്ങളില്‍ ട്രാഫിക്, ഭക്ഷണ വിതരണ വകുപ്പുകളില്‍ വളണ്ടിയറായി സേവനമനുഷ്ഠിക്കാറുണ്ടായിരുന്നു. കര്‍ഷകവൃത്തിയില്‍ ഉപജീവനം കണ്ടെത്തിയ ചെറിയാപ്പു, മുജാഹിദ് സംഘടനയ്ക്ക് വേണ്ടി എന്ത് ത്യാഗവും ചെയ്യാന്‍ സന്നദ്ധനായിരുന്നു. പ്രബോധന പ്രവര്‍ത്തനങ്ങളില്‍ പ്രയാസപ്പെട്ട ജോലികള്‍ ചോദിച്ചു വാങ്ങി കൃത്യനിഷ്ഠതയോടെ നിര്‍വ്വഹിക്കാനുള്ള മനസ്സിന്റെ ഉടമയായിരുന്നു. സാമൂഹിക പ്രവര്‍ത്തനത്തിലൂടെ മുസ്‌ലിമേതര വിഭാഗങ്ങളുമായി ഏറെ അടുപ്പം പുലര്‍ത്താന്‍ അദ്ദേഹത്തിന് സാധിച്ചിട്ടുണ്ട്. കെ എന്‍ എം മര്‍കസുദ്ദഅ്‌വയുടെ പുളിക്കല്‍ ശാഖ എക്‌സിക്യൂട്ടീവ് അംഗവും പുളിക്കല്‍ ഫുര്‍ഖാന്‍ മദ്രസയുടെ മുഴുവന്‍ സമയ മേല്‍നോട്ടക്കാരനുമായിരുന്നു ചെറിയാപ്പു. ഭാര്യ: സുബൈദ, മക്കള്‍: റാസിക്, റഹ്മത്ത്, റാഷിദ. സഹോദരങ്ങള്‍: പരേതനായ കുഞ്ഞുമുഹമ്മദ്, അബൂബക്കര്‍, അബ്ദുല്‍അസീസ്, പരേതയായ ഫാതിമക്കുട്ടി, ആയിശ ബീവി. അല്ലാഹു പരേതന് മഗ്ഫിറത്തും മര്‍ഹമത്തും നല്‍കി അനുഗഹിക്കട്ടെ (ആമീന്‍).