3 Tuesday
December 2024
2024 December 3
1446 Joumada II 1

കുത്തഴിഞ്ഞ ലൈംഗികതയ്ക്കും ബ്രഹ്മചര്യയ്ക്കുമിടയില്‍

ഖലീലുര്‍റഹ്മാന്‍ മുട്ടില്‍


ലൈംഗികത ജീവജാലസഹജമാണ്. വിവാഹം മനുഷ്യപ്രകൃതത്തിന്റെ അനിവാര്യതയും. ഇതരജീവജാലങ്ങളില്‍ നിന്നു വിഭിന്നമായി ഇണകളെ ജീവിത പങ്കാളികളായി സ്വീകരിക്കേണ്ടത് പ്രകൃതിയിലെ മനുഷ്യനിലനില്പ്പിന് അനിവാര്യമാണെന്നത്രെ ഇസ്‌ലാമിന്റെ വീക്ഷണം. നിര്‍ദിഷ്ട ഭ്രമണപഥത്തിലൂടെയുള്ള ഗോളങ്ങളുടെ സഞ്ചാരവും പ്രകൃതിയുടെ നിലനില്പ്പും തമ്മിലുള്ള പാരസ്പര്യംപോലെ തന്നെയാണ് വിവാഹവും മനുഷ്യജീവിതനിലനില്പ്പും തമ്മിലുള്ള ബന്ധവും.
അല്ലാഹുവിന്റെ കല്പനയനുസരിച്ച് സൂര്യന്‍ നിശ്ചിത പഥത്തിലൂടെ നീങ്ങിക്കൊണ്ടിരിക്കുന്നു. ആ നിര്‍ണിത സഞ്ചാരപഥത്തില്‍ നിന്നു തെന്നിമാറി സൂര്യന്‍ സ്വല്പമൊന്ന് താഴേക്കിറങ്ങി സഞ്ചരിച്ചാല്‍ ഭൂമിയിലെ ജീവജാലങ്ങളെല്ലാം വെള്ളത്തില്‍ മുങ്ങിമരിക്കാന്‍ ഇടയാകുമെന്ന് ശാസ്ത്രജ്ഞര്‍ കരുതുന്നു. കാരണം, സൂര്യന്‍ സ്വല്പമൊന്നു താഴ്ന്നാല്‍ ധ്രുവപ്രദേശങ്ങളിലും മറ്റുമുള്ള മഞ്ഞുമലകള്‍ നിശ്ശേശം ഉരുകിയൊലിക്കുകയും സമുദ്രത്തിന്റെ നിരപ്പുയരുകയും അത് കരയെ മുഴുവന്‍ വിഴുങ്ങുകയും ചെയ്യും. ഇനി സൂര്യന്‍ നിശ്ചിത പഥത്തില്‍ നിന്നു സ്വല്പമൊന്നുയര്‍ന്നാല്‍ ഭൂലോകത്തെ ജീവജാലങ്ങള്‍ വെള്ളം കിട്ടാതെ മരിച്ചുവീഴും. കാരണം സൂര്യനുയരുന്നതോടൊപ്പം ഭൂമിയിലെ താപത്തിന്റെ തോതു കുറയുന്നു. തത്ഫലമായി വെള്ളം ഉറച്ച് ഐസ് ആയി മാറും. ഇതുപോലെ മനുഷ്യന്‍ ലൈംഗികശമനത്തിനുവേണ്ടി താത്കാലിക പങ്കാളികളെ കണ്ടെത്തുന്നതും മനുഷ്യജീവിതത്തിന് ഹാനികരമാവുന്നു. പ്രാപഞ്ചിക ദൃഷ്ടാന്തങ്ങള്‍ വിവരിക്കുന്നതിനിടയില്‍ മനുഷ്യരെ ഇണകളാക്കി സൃഷ്ടിച്ചിരിക്കുന്നതിനെയും ഖുര്‍ആന്‍ എണ്ണിയതിലെ യുക്തിമറ്റൊന്നല്ല. ‘ഭൂമി മുളപ്പിക്കുന്ന സസ്യങ്ങളിലും, അവരുടെ സ്വന്തം വര്‍ഗങ്ങളിലും, അവര്‍ക്കറിയാത്ത വസ്തുക്കളിലുംപെട്ട എല്ലാ ഇണകളെയും സൃഷ്ടിച്ചവന്‍ എത്ര പരിശുദ്ധന്‍’ (36:36). ഈ വചനത്തിനു മുമ്പും ശേഷവും പ്രാപഞ്ചിക ദൃഷ്ടാന്തങ്ങളായ ഭൂമിയെ സംവിധാനിച്ചതും, രാപ്പകലുകളുടെ മാറിവരവും, സൂര്യചന്ദ്രന്മാരുടെ സഞ്ചാരവുമാണ് പ്രതിപാദിച്ചിരിക്കുന്നതെന്നത് ശ്രദ്ധേയമാവുന്നു.
വിവാഹേതര ലൈംഗികബന്ധങ്ങള്‍ മാരകരോഗത്തിന് ഹേതുവാകുമെന്ന സാക്ഷരത നേടിയവരാണ് ആധുനിക മനുഷ്യരെല്ലാം. എയ്ഡ്‌സിനെ ചെറുക്കുവാനുള്ള ഔഷധങ്ങള്‍ കണ്ടെത്തുന്നതില്‍ ജാഗരൂകരാണ് ശാസ്ത്രലോകം. കഴിഞ്ഞ നാളുകളില്‍ ഏറെ ഫലപ്രദമെന്ന് അവകാശപ്പെടുന്ന ഒരു ഔഷധം (ടി:20) അവര്‍ കണ്ടെത്തുകയുണ്ടായി. ഈ കണ്ടുപിടുത്തത്തിനിടയില്‍ അമേരിക്കന്‍ ശാസ്ത്രജ്ഞന്മാരുടെ നേതൃത്വത്തിലുള്ള ശാസ്ത്ര സംഘം പലവുരു അല്ലാഹുവിന്റെ അലംഘനീയമായ തീരുമാനത്തിനു മുമ്പില്‍ മുട്ടുമടക്കേണ്ടിവന്നു.
പുതുതായി കണ്ടെത്തുന്ന ഔഷധങ്ങള്‍ മനുഷ്യരില്‍ പ്രയോഗിക്കുന്നതിനുമുമ്പായി അതിന്റെ ഫലപ്രാപ്തി തീരുമാനിക്കുന്നതിനുവേണ്ടി മനുഷ്യേതര ജീവജാലങ്ങളില്‍ പരീക്ഷിക്കലാണ് പതിവ്. പക്ഷേ എയ്ഡ്‌സിനെതിരെയുള്ള ഔഷധം പരീക്ഷിക്കുന്നതിനുവേണ്ടി അവര്‍ എലി, പന്നി, വവ്വാല്‍ തുടങ്ങിയ ജന്തുക്കളില്‍ എയ്ഡ്‌സ് വൈറസ് (എച്ച് ഐ വി) കുത്തിവെച്ചു. പക്ഷേ അവയില്‍ വൈറസ് പ്രവര്‍ത്തിക്കുന്നില്ല. അവയ്ക്ക് എയ്ഡ്‌സ് വരുന്നുമില്ല. രോഗം പിടിപെട്ടെങ്കിലല്ലേ മരുന്ന് പരീക്ഷണം നടത്താന്‍ പറ്റുകയുള്ളൂ. ശാസ്ത്രജ്ഞര്‍ അല്ലാഹുവിന്റെ തീരുമാനത്തിനു മുമ്പില്‍ മുട്ടുമടക്കുകയായിരുന്നു.
മനുഷ്യേതര ജീവജാലങ്ങള്‍ക്ക് അല്ലാഹു വിവാഹാധിഷ്ഠിത ലൈംഗിക ജീവിതം നിശ്ചയിച്ചിട്ടില്ല. അതുകൊണ്ടു തന്നെ വിവാഹേതര ലൈംഗിക ബന്ധത്തിലേര്‍പ്പെടുന്ന അവയ്ക്ക് എയ്ഡ്‌സ്, എബോള പോലുള്ള ലൈംഗിക രോഗങ്ങള്‍ പിടിപെടുന്നുമില്ല. വിവാഹാധിഷ്ഠിത ലൈംഗിക ജീവിതം അല്ലാഹുവിന്റെ ദൃഷ്ടാന്തമാണെന്ന ഖുര്‍ആനിക പ്രഖ്യാപനത്തിന് പ്രബലതയേകുകയാണ് ഇത്തരം സംഭവങ്ങള്‍.
പ്രകൃതി ദൃഷ്ടാന്തങ്ങള്‍ അല്ലാഹുവിന്റെ നിയമങ്ങള്‍ക്കനുസരിച്ച് ചലിക്കുകയാകുന്നു. പുഴ ഒഴുകുന്നതുപോലെ. ജലത്തിന് അല്ലാഹു നല്കിയ ഒഴുക്കിനെ തടയാന്‍ അണക്കെട്ടൊരുക്കിയാല്‍ അത് അണയെ മറികടന്നൊഴുകും. അതുപോലെ അല്ലാഹു മനുഷ്യര്‍ക്ക് നല്കിയ ലൈംഗികതയ്ക്ക് വിവാഹമെന്ന ചട്ടക്കൂടിന്നെതിരില്‍ മതില്‍കെട്ടൊരുക്കുമ്പോഴും അത് വഴിമാറി പുതുവഴികള്‍ കണ്ടെത്തുന്നു. തലതിരിഞ്ഞ സ്വാതന്ത്ര്യത്തിന്റെ പേരില്‍ ലൈംഗികതയെ കയറൂരിവിടുന്നതുപോലെ ആപല്കരമാണ് ബ്രഹ്മചര്യത്തിന്റെയും സന്യാസത്തിന്റെയും മറവില്‍ ലൈംഗികതയ്ക്ക് വിലക്കേര്‍പ്പെടുത്തുന്നതും. ദൈവസേവയ്ക്ക് വിവാഹജീവിതം തടസ്സമാവുമെന്ന് സിദ്ധാന്തിച്ച മതത്തിന്റെ പുരോഹിതന്മാര്‍ക്കിടയില്‍തന്നെ സ്വവര്‍ഗരതിയും സ്വയംഭോഗവും പരസ്ത്രീഗമനവും ഇതരരേക്കാള്‍ വര്‍ധിക്കുന്നുവെന്ന വസ്തുത പ്രകൃതി നിയമങ്ങള്‍ക്കെതിരിലുള്ള നീക്കത്തിന്റെ ദുഷ്ഫലമാണ്. വൈദികര്‍ക്കും കന്യാസ്ത്രീകള്‍ക്കുമിടയിലെ ലൈംഗികത ആദ്യകാലങ്ങളിലെന്നപോലെ ഇപ്പോഴും അവരുടെ സഭയില്‍ ചര്‍ച്ചാവിഷയമാകുന്നു. പലപ്പോഴും അത് സഭയുടെ വേലിക്കെട്ടുകള്‍ ചാടി പുറംലോകത്തുമെത്താറുണ്ട്. ആലുവ കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന എച്ച് ആര്‍ ടി (ഹോമിയോസ്റ്റാസിസ്‌റിയാലിറ്റി തെറാപ്പി) കൗണ്‍സലിംഗ് സെന്ററിന്നെതിരില്‍ സഭയേര്‍പ്പെടുത്തിയ വിലക്ക് അവര്‍ക്കിടയിലെ ലൈംഗികതയുടെ ഏറ്റവും പുതിയ കണക്കുകള്‍ മാധ്യമങ്ങള്‍ക്കെത്തിച്ചിരുന്നു. പന്ത്രണ്ടു വര്‍ഷത്തിനിടയില്‍ ആയിരത്തിലേറെ കന്യാസ്ത്രീകള്‍ മാത്രം സ്വയംഭോഗത്തിന്റെ കുറ്റബോധംകൊണ്ട് കൗണ്‍സലിംഗിനെത്തിയതായി സെന്ററിലെ ഡോക്ടര്‍ വ്യക്തമാക്കുകയുണ്ടായി. വൈദികവിദ്യാര്‍ഥികള്‍ക്കിടയില്‍ സ്വവര്‍ഗരതിയും വ്യാപകമായിട്ടുണ്ടെന്ന് അദ്ദേഹം പറയുന്നു.
ദൈവത്തിന്റെ പേരില്‍ വികാരങ്ങളെ തളച്ചിടുന്നവര്‍ പോലും പ്രകൃതിവിരുദ്ധ മാര്‍ഗങ്ങളിലൂടെ ലൈംഗിക ശമനത്തിന് ശ്രമിക്കുന്നത് അല്ലാഹു മനുഷ്യ പ്രകൃതിയുടെ താത്പര്യം കണക്കിലെടുത്ത് വിധിച്ച വിവാഹത്തെ നിഷിദ്ധമാക്കിയതിന്റെ ഫലമത്രെ. ഇത്തരം സന്ദര്‍ഭങ്ങളില്‍ യുവത്വത്തോടായി പ്രവാചകന്‍ നടത്തിയ പ്രസ്താവന വീണ്ടുവായനയര്‍ഹിക്കുന്നു. ‘യുവസമൂഹമേ, നിങ്ങളില്‍ ദാമ്പത്യത്തിന്റെ ബാധ്യതകള്‍ നിറവേറ്റാന്‍ കഴിവുള്ളവര്‍ വിവാഹം ചെയ്യുക. ദൃഷ്ടികള്‍ താഴ്ത്തുന്നതിനും ഗുഹ്യസ്ഥാനങ്ങള്‍ സൂക്ഷിക്കുന്നതിനും അതാണ് അഭിലഷണീയം. അതിനു സാധ്യമല്ലാത്തവര്‍ വ്രതമനുഷ്ഠിക്കട്ടെ. അതാണ് അവര്‍ക്ക് സംയമനത്തിനുള്ള മാര്‍ഗം’ (ബുഖാരി, മുസ്‌ലിം).
ഭൂമിയിലെ ജീവജാലങ്ങളുടെ സമാധാനജീവിതത്തിന് അല്ലാഹുവിന്റെ ദൃഷ്ടാന്തങ്ങളായ പ്രാപഞ്ചിക ഘടകങ്ങളും അവയുടെ പ്രകൃതിഘടനയും നിലനിര്‍ത്തേണ്ടതുണ്ട്. കാലംമാറി മഴ വര്‍ഷിക്കുന്നതും, അനിയന്ത്രിതമായി കാറ്റടിക്കുന്നതും, ഭൂമി പ്രകമ്പനം കൊള്ളുന്നതും ഭൂമിയിലെ മനുഷ്യജീവിതത്തിന് ഹാനികരമാവുന്നു. അതുപോലെത്തന്നെ ദൈവിക ദൃഷ്ടാന്തമായ ലൈംഗികജീവിതത്തിന്റെ സ്വാഭാവികത നിലനിര്‍ത്തുമ്പോള്‍ മനുഷ്യന് അതു പ്രദാനം ചെയ്യുന്നത് സമാധാനവും സംതൃപ്തിയുമാവുന്നു.
വിവാഹം ലൈംഗികശമനത്തിനുവേണ്ടി മാത്രമാണെന്ന ധാരണയെ തിരുത്തുകയാണ് ഇസ്‌ലാം. മനുഷ്യന്റെ സമാധാനത്തിനും സംതൃപ്തിയ്ക്കുമാണ് വിവാഹം എന്നതത്രെ ഖുര്‍ആനിക പക്ഷം. ‘നിങ്ങള്‍ക്ക് സമാധാനപൂര്‍വം ഒത്തുചേരേണ്ടതിനായി നിങ്ങളില്‍ നിന്നുതന്നെ നിങ്ങള്‍ക്ക് ഇണകളെ സൃഷ്ടിക്കുകയും നിങ്ങള്‍ക്കിടയില്‍ സ്‌നേഹവും കാരുണ്യവും ഉണ്ടാക്കുകയും ചെയ്തതും അവന്റെ ദൃഷ്ടാന്തങ്ങളില്‍ പെട്ടതത്രെ. തീര്‍ച്ചയായും അതില്‍ ചിന്തിക്കുന്ന ജനങ്ങള്‍ക്ക് ദൃഷ്ടാന്തങ്ങളുണ്ട്’ (30:21)
മാനസിക പിരിമുറുക്കത്തോടുകൂടി ദൈവത്തെ സേവിക്കുന്നതിനേക്കാള്‍ ഗുണകരം സംതൃപ്ത മനസോടുകൂടി ദൈവത്തിലേക്കടുക്കുന്നതാണെന്ന ലളിത സത്യത്തിന്റെ സാക്ഷാത്കാരത്തിന് വിവാഹ ജീവിതം സഹായകമാവുന്നു. അതുകൊണ്ട് തന്നെയാകുന്നു ഇസ്‌ലാം വിവാഹം ചെയ്യാനും അവിവാഹിതരെ വിവാഹബന്ധത്തിലേര്‍പ്പെടുത്താനും കല്പിക്കുന്നത്.

Back to Top