22 Wednesday
March 2023
2023 March 22
1444 Ramadân 0

സ്വന്തത്തെക്കുറിച്ചുള്ള ബോധം


വിവിധ മതങ്ങളിലെ തത്വചിന്തകള്‍ വെളിച്ചത്തുകൊണ്ടുവരുന്നത് കേവലം വിവരങ്ങളോ അറിവുകളോ അല്ല. ജ്ഞാനമെന്നും അവബോധമെന്നും വിളിക്കാവുന്ന കാര്യങ്ങളാണ് മതങ്ങള്‍ പഠിപ്പിക്കുന്നത്. മനുഷ്യന് ജീവിക്കാന്‍ അറിവ് മാത്രം പോരേ, ജ്ഞാനം വേണോ എന്ന ചോദ്യത്തിന്റെ പര്യായമാണ് പലപ്പോഴും മതനിഷേധികള്‍ ഉയര്‍ത്തുന്ന മതം വേണോ മനുഷ്യന് എന്ന ചോദ്യം. ദൈവികമായ വെളിപാടുകള്‍ ഇല്ലാതെ ജ്ഞാനം ലഭിക്കില്ലെന്നാണ് ഇസ്‌ലാം മതം പഠിപ്പിക്കുന്നത്. ദൈവിക വചനങ്ങളും പ്രവാചക ചര്യയും ഇസ്‌ലാമിക ചിന്തയുടെ അടിസ്ഥാന സ്രോതസ്സായി മാറുന്നത് അതുകൊണ്ടാണ്.
മനുഷ്യന് ജ്ഞാനം കൊണ്ട് എന്താണ് നേട്ടമെന്നും അതേ ജ്ഞാനം ശാസ്ത്രത്തിലൂടെ കരഗതമാക്കിക്കൂടേ എന്നും ചിന്തിക്കുന്നവരുണ്ടാകാം. ഫിലോസഫിയുടെ ഭാഷയില്‍ പറഞ്ഞാല്‍ ജ്ഞാനം എന്നത് ഒറ്റവാക്കില്‍ നിര്‍വചിക്കാന്‍ സാധിക്കുന്നതല്ല. അതുകൊണ്ടുതന്നെ, ജ്ഞാനം മനുഷ്യജീവിതത്തില്‍ പ്രതിഫലിക്കുന്നത് പല വിധത്തിലാണ്. ഹിക്മത്ത് എന്ന അറബിപദം അതിനെ സൂചിപ്പിക്കുന്നതാണ്. ജ്ഞാനത്തിന്റെ അനിവാര്യത ബോധ്യപ്പെടുക വിശ്വാസികള്‍ക്കാണ്. അമൂര്‍ത്തമായ ഒരു വിശദീകരണം കൊണ്ട് ജ്ഞാനത്തിന്റെ പ്രാധാന്യം മനസ്സിലാക്കാന്‍ സാധിക്കണമെന്നില്ല. എന്നാല്‍ ജ്ഞാനത്തിന്റെ പ്രതിഫലനം മനസ്സിലാക്കാന്‍ എല്ലാവര്‍ക്കും സാധിക്കും. സ്വന്തത്തെക്കുറിച്ചുള്ള ബോധം ജ്ഞാനത്തിന്റെ പ്രതിഫലനമാണ്.
പലവിധ കാരണങ്ങളാല്‍ സ്വന്തമായ ഒരു ബോധം മനുഷ്യന് പ്രധാനമാണ്. മനുഷ്യര്‍ സാമൂഹിക ജീവികളായത് കൊണ്ട് പരസ്പരമുള്ള ബന്ധത്തിലൂടെയാണ് സമൂഹത്തില്‍ അഭിവൃദ്ധിയുണ്ടാകുന്നത്.
നമ്മള്‍ ഒരു ഗ്രൂപ്പിലോ കമ്മ്യൂണിറ്റിയിലോ ആണെന്ന് തോന്നുമ്പോള്‍, നമ്മുടെ മാനസികാരോഗ്യവും വൈകാരിക ക്ഷേമവും മൊത്തത്തിലുള്ള ജീവിത നിലവാരവും മെച്ചപ്പെടുത്താന്‍ സാധിക്കും. ഒറ്റപ്പെട്ടു പോകുന്നവര്‍ക്ക് ജീവിതത്തോട് വെറുപ്പ് തോന്നുകയും വെല്ലുവിളികളെ നേരിടാനുള്ള കഴിവ് നഷ്ടപ്പെടുകയും ചെയ്യുന്നുവെന്നതാണ് യാഥാര്‍ഥ്യം. മതങ്ങളുടെ പങ്ക് ഇവിടെയാണ്. മനുഷ്യനെ സാമൂഹിക ജീവിയായി നിലനിര്‍ത്തുന്നത് മതദര്‍ശനങ്ങളാണ്. ഭൗതിക ദര്‍ശനങ്ങളെല്ലാം തന്നെ മനുഷ്യന്റെ സാമൂഹിക ജീവിതത്തില്‍ പരാജയമാണ്. സമൂഹത്തില്‍ മനുഷ്യന്റെ ക്രയശേഷിയും ബൗദ്ധിക ശേഷിയും ചെലവഴിക്കാനുള്ള സാഹചര്യം ഒരുക്കുന്നതില്‍ ഭൗതിക ദര്‍ശനങ്ങള്‍ക്ക് പരിമിതിയുണ്ട്. ആസ്വാദനങ്ങളാണ് ഇതര ദര്‍ശനങ്ങളുടെ കാതല്‍. അതേസമയം, മതദര്‍ശനങ്ങള്‍ സ്വന്തത്തെ തിരിച്ചറിയാനുള്ള ജ്ഞാനബോധമാണ് സൃഷ്ടിക്കുന്നത്.
വ്യക്തികളുമായി സൗഹൃദം സ്ഥാപിക്കാനും സോഷ്യല്‍ നെറ്റ്‌വര്‍ക്കുകള്‍ കെട്ടിപ്പടുക്കാനും സഹായിക്കുന്ന നിരവധി മേഖലകളും ഒത്തുചേരലുകളം മതം പ്രദാനം ചെയ്യുന്നുണ്ട്. ഇസ്‌ലാമിക ഫിഖ്ഹ് പ്രകാരമുള്ള എല്ലാ വെള്ളിയാഴ്ചകളിലെയും ജുമുഅ ഒരു മികച്ച ഉദാഹരണമാണ്. മനുഷ്യജീവിതത്തിന്റെ സാമൂഹികവത്കരണത്തിനുള്ള അവസരങ്ങള്‍ മതപരമായ കമ്മ്യൂണിറ്റികളാണ് മികച്ച രൂപത്തില്‍ നല്‍കുന്നത്. അസുഖമോ മരണമോ പോലുള്ള പ്രയാസകരമായ സമയങ്ങളില്‍ പിന്തുണ വാഗ്ദാനം ചെയ്യുന്നതും വ്യക്തികളെ പരസ്പരം ബന്ധിപ്പിക്കുകയും ചെയ്യുന്നത് മതദര്‍ശനങ്ങളാണ്. ഈ ദൗത്യം ഭൗതികദര്‍ശനങ്ങള്‍ക്കുകൂടി സാധ്യമല്ലേ എന്ന് തോന്നിയേക്കാം.
സാമൂഹികവത്കരണത്തിന്റെ ഘടനയും രീതിശാസ്ത്രവും അനുകരിക്കാന്‍ ഏത് ദര്‍ശനങ്ങള്‍ക്കും സാധിക്കും. എന്നാല്‍, ഇടര്‍ച്ചകളില്ലാതെ മുന്നോട്ടുപോകാന്‍ പര്യാപ്തമായ ആത്മീയ പ്രചോദനം നല്‍കാന്‍ മതങ്ങള്‍ക്കു മാത്രമേ സാധിക്കൂ. ഭൗതിക ദര്‍ശനങ്ങള്‍ക്ക് ഭൗതികമായ നേട്ടങ്ങള്‍ വാഗ്ദാനം ചെയ്തുകൊണ്ട് മാത്രമേ സാമൂഹിക കൂട്ടായ്മകളെ നയിക്കാനാവൂ. രാഷ്ട്രീയ പാര്‍ട്ടികള്‍ അതിനുദാഹരണമാണ്. സൈക്കോളജിയില്‍, സ്വന്തമായ ഒരു ബോധം എന്ന ആശയം മറ്റുള്ളവരുമായി ബന്ധം സ്ഥാപിക്കുന്നതും പൊതു അംഗീകാരം നേടിയ വികാരങ്ങളെയുമാണ് സൂചിപ്പിക്കുന്നത്.
ഭക്ഷണം, വെള്ളം, പാര്‍പ്പിടം തുടങ്ങിയ അടിസ്ഥാന ആവശ്യങ്ങള്‍ക്കൊപ്പം സാമൂഹികവത്കരണവും മനുഷ്യന്റെ അടിസ്ഥാന ആവശ്യമായി കണക്കാക്കപ്പെടുന്നു. വിഷാദം, ഉത്കണ്ഠ തുടങ്ങിയവ ഇല്ലാതാക്കാനും ആത്മാഭിമാനം, ഐഡന്റിന്റിറ്റി, സഹിഷ്ണുത, സാമൂഹിക പെരുമാറ്റം തുടങ്ങിയ വളര്‍ത്താനും സ്വന്തത്തെക്കുറിച്ചുള്ള അറിവ് അനിവാര്യമാണ്. ജ്ഞാനം എന്ന വലിയ ആശയത്തിലൂടെ സ്വന്തത്തെ തിരിച്ചറിയാന്‍ മതങ്ങള്‍ അവസരം നല്‍കുന്നു എന്നതാണ് മനുഷ്യജീവിതത്തില്‍ മതത്തിനുള്ള സ്ഥാനം.

0 0 vote
Article Rating
Back to Top
0
Would love your thoughts, please comment.x
()
x