സ്വയം മാറാം; അതാണ് എളുപ്പം
ഡോ. മന്‍സൂര്‍ ഒതായി
സന്തോഷകരമായ വിവാഹജീവിതം നയിച്ച് സന്തുഷ്ട ദാമ്പത്യത്തിന്റെ സില്‍വര്‍ ജൂബിലി ആഘോഷിച്ച ദമ്പതികളുടെ ഒരു കഥയുണ്ട്. ആഘോഷ പരിപാടിയില്‍ പങ്കെടുത്തവരെല്ലാം സ്തുത്യര്‍ഹമായ അവരുടെ വിവാഹ ജീവിതത്തെ അനുമോദിക്കുകയും ആശീര്‍വദിക്കുകയും ചെയ്തു. ഇത്രയും നാള്‍ യാതൊരു പ്രയാസവുമില്ലാതെ നല്ല ഭാര്യാഭര്‍ത്താക്കന്മാരായി ജീവിച്ചതിന്റെ രഹസ്യമെന്തെന്ന് പലരും അന്വേഷിച്ചു.
അപ്പോള്‍ പുഞ്ചിരിയോടെ ഭര്‍ത്താവ് പറഞ്ഞു: വിവാഹ ജീവിതം ആരംഭിച്ചപ്പോള്‍ തന്നെ ഞങ്ങള്‍ക്ക് ഒരു കാര്യം മനസ്സിലായി. രണ്ടാളും രണ്ട് അഭിരുചിക്കാര്‍. ഓരോ കാര്യങ്ങളിലും വ്യത്യസ്ത അഭിപ്രായം. രാവിലെ തന്നെ ഒന്നും രണ്ടും പറഞ്ഞ് പിണക്കവും വഴക്കും. ഇത് തുടര്‍ന്നപ്പോള്‍ ഞങ്ങള്‍ ഒരു ഫോര്‍മുല കണ്ടെത്തി. രാവിലെ തന്നെ എന്തെങ്കിലും അഭിപ്രായവ്യത്യാസവും തര്‍ക്കവുമുണ്ടായാല്‍ ഞാന്‍ പുറത്തേക്ക് നടക്കാന്‍ പോവണം. ഭാര്യ അടുക്കളയിലേക്കും പോകണം. കഴിഞ്ഞ ഇരുപത്തഞ്ച് വര്‍ഷമായി പുറത്തേക്കുള്ള എന്റെ പ്രഭാത നടത്തം തുടര്‍ന്നുപോകുന്നുണ്ട്. അവളുടെ അടുക്കളയിലേക്കുള്ള പോക്കും.
പരാജയമുണ്ടാവുമ്പോള്‍ മറ്റുളളവരെ കുറ്റപ്പെടുത്താനാണ് നാം ശ്രമിക്കാറുള്ളത്. തോല്‍വിയുടെ ഉത്തരവാദിത്തം സ്വയം ഏറ്റെടുക്കുന്നവര്‍ നന്നേ കുറവാണ്. അനിഷ്ടകരമായ പെരുമാറ്റത്തിന്റെ കാരണം, ഞാനല്ല മറ്റുള്ളവരാണ് എന്ന് കരുതുന്നതാണ് നമുക്കിഷ്ടം. അതിനാല്‍ മറ്റുള്ളവരുടെ സ്വഭാവവും പെരുമാറ്റവും മാറ്റാനായി നാം നിരന്തരം ശ്രമിക്കുകയും ചെയ്യുന്നു.
ഏറ്റവും അടുപ്പമുള്ളവരോടും കൂടുതല്‍ ഇടപഴകുന്നവരോടും നമ്മള്‍ പറയാറില്ലേ; എത്ര തവണ പറഞ്ഞതാ, എന്നിട്ടും ഒരു കുലുക്കവുമില്ല. നിങ്ങളോടൊന്നും പറഞ്ഞിട്ട് കാര്യമില്ല. മക്കളോട് ദേഷ്യപ്പെടുമ്പോള്‍ മാതാപിതാക്കള്‍ പറയും: നിന്നെ കൊണ്ട് തോറ്റു, നീയൊന്നും നന്നാവാന്‍ പോവുന്നില്ല. മറ്റുള്ളവര്‍ അവരുടെ പെരുമാറ്റം മാറ്റമില്ലാതെ തുടരുമ്പോഴാണ് നാം വിഷമിക്കുന്നത്. പരിഭവപ്പെടുന്നത്. എന്നാല്‍ നാം തുടര്‍ന്നുവരുന്ന ശൈലിയിലും ഭാവത്തിലും വികാര പ്രകടനത്തിലും എന്തെങ്കിലും മറ്റം വരുത്തുന്നതിനെ കുറിച്ച് നാം ചിന്തിച്ചിട്ടുണ്ടോ? വര്‍ഷങ്ങളോളം കൂടെയുള്ളവരെ മാറ്റാന്‍ ശ്രമിച്ചിട്ട് പരാജയപ്പെട്ടെങ്കില്‍ സ്വയം മാറാന്‍ ശ്രമിക്കുന്നതല്ലേ ഫലപ്രദം.
വ്യക്തിഗത പരിവര്‍ത്തനം സ്വയം ശാക്തീകരണത്തിന്റെയും വളര്‍ച്ചയുടെയും വഴിയാണ്. സ്വയം കഴിവുകള്‍ തിരിച്ചറിയുന്ന അര്‍ഥപൂര്‍ണമായ മാറ്റത്തിന്റെ മാര്‍ഗമാണത്. മറ്റുള്ളവരെ മാറ്റാന്‍ ശ്രമിക്കുമ്പോള്‍ നാം അവരുടെ ചിന്തകളെയും വികാരങ്ങളെയും ഇഷ്ടങ്ങളെയും നിയന്ത്രിക്കാന്‍ ശ്രമിക്കുകയില്ലേ? നാം സ്വയം മാറുന്നതില്‍ ശ്രദ്ധ കേന്ദ്രീകരിക്കുമ്പോള്‍ നമ്മുടെ പെരുമാറ്റത്തിന്റെയും പ്രതികരണത്തിന്റെയും ഉത്തരവാദിത്തം സ്വയം ഏറ്റെടുക്കുകയാണ്.
പല പ്രാവശ്യം പറഞ്ഞിട്ടും ഉപദേശിച്ചിട്ടും ഫലമുണ്ടാവുന്നില്ലെങ്കില്‍ ആദ്യം വേണ്ടത് നമ്മുടെ ശൈലിയിലോ രീതിയിലോ എന്തെങ്കിലും മാറ്റം വരുത്തേണ്ടതുണ്ടോ എന്ന് മനസ്സിലാക്കുകയാണ്. മറ്റുള്ളവരില്‍ കാണാന്‍ ആഗ്രഹിക്കുന്ന പെരുമാറ്റവും ഗുണവും സ്വയം ജീവിതത്തില്‍ പ്രായോഗികമാക്കാന്‍ സാധിച്ചാല്‍ തീര്‍ച്ചയായും അത് അവരെ സ്വാധീനിക്കും.
ലോകം മുഴുവന്‍ മാറ്റിയെടുക്കാന്‍ വെമ്പുന്നവരോട് കുഞ്ഞുണ്ണി മാഷ് ഒരു കൊച്ചുകാര്യം പറയുന്നുണ്ട്:
”വലിയൊരു ലോകം മുഴുവന്‍ നന്നാവാന്‍
ചെറിയൊരു സൂത്രം ചെവിയിലോതാം ഞാന്‍
സ്വയം നന്നാവുക.”
സ്വയാവബോധത്തോടെ കര്‍മം ചെയ്ത് മുന്നേറുമ്പോള്‍ നമ്മുടെ ജീവിതം ധന്യമാവും. ആത്മസംതൃപ്തി കൈവരിക്കാനും സാധിക്കും. ”അല്ലയോ, വിശ്വസിച്ചവരേ, നിങ്ങള്‍ നിങ്ങളെക്കുറിച്ച് ചിന്തിക്കുക. മറ്റുള്ളവരുടെ മാര്‍ഗഭ്രംശം നിങ്ങള്‍ക്ക് ഒരു ദോഷവും ചെയ്യുകയില്ല. നിങ്ങള്‍ സ്വയം സന്മാര്‍ഗസ്ഥരാണെങ്കില്‍.” (വി.ഖു. 5:105)