11 Wednesday
June 2025
2025 June 11
1446 Dhoul-Hijja 15

സീതീ സാഹിബ് വര്‍ഗീയവാദിയല്ല ഇസ്‌ലാഹീ നവോത്ഥാന മൂല്യങ്ങളെ അട്ടിമറിക്കുന്നത് ചെറുക്കും -കെ എന്‍ എം മര്‍കസുദ്ദഅ്‌വ


കോഴിക്കോട്: ഇസ്‌ലാഹീ പ്രസ്ഥാനം കേരളീയ സമൂഹത്തില്‍ വളര്‍ത്തിയെടുത്ത നവോത്ഥാന മൂല്യങ്ങളെ അട്ടിമറിക്കാന്‍ ഒരു ശക്തിയെയും അനുവദിക്കില്ലെന്ന് കെ എന്‍ എം മര്‍കസുദ്ദഅ്‌വ സംസ്ഥാന സമിതി സംഘടിപ്പിച്ച ‘റിയാദ’ ലീഡേഴ്‌സ് വര്‍ക്‌ഷോപ്പ് മുന്നറിയിപ്പ് നല്‍കി. ദശാബ്ദങ്ങള്‍ നീണ്ടുനിന്ന ആദര്‍ശ വിപ്ലവത്തിലൂടെ കേരളീയ മുസ്‌ലിംകളില്‍ നിന്ന് പടിയടച്ച് അന്യം നിര്‍ത്തിയ ജിന്ന്ബാധ, പിശാചിനെ അടിച്ചിറക്കല്‍, കൂടോത്രം തുടങ്ങിയ അന്ധവിശ്വാസങ്ങള്‍ പുനരാനയിക്കുന്നവരെ ആദര്‍ശപരമായി നേരിടുമെന്ന് പ്രവര്‍ത്തകര്‍ പ്രതിജ്ഞ ചെയ്തു.
സാമ്രാജ്യത്വ ശക്തികളും ഇസ്രായേലും ചേര്‍ന്ന് പശ്ചിമേഷ്യയില്‍ കൂട്ടക്കുരുതി ആവര്‍ത്തിച്ചുകൊണ്ടിരുന്നിട്ടും ഇന്ത്യാ ഗവണ്‍മെന്റ് ഇസ്രായേലുമായി സൗഹൃദം പങ്കിടുന്നത് അംഗീകരിക്കാനാവില്ല. ഫലസ്തീന്‍ ജനതക്ക് എക്കാലത്തും പിന്തുണ നല്കിയ ഇന്ത്യയുടെ മാനവിക പൈതൃകം ഉയര്‍ത്തിപ്പിടിക്കാന്‍ സര്‍ക്കാര്‍ തയ്യാറാവണം. ഇസ്രായേല്‍ അധിനിവേശത്തിന്റെ ക്രൂരതകള്‍ക്കെതിരെ ധീരോദാത്ത പോരാട്ടം നയിക്കുന്ന ഫലസ്തീന്‍ പോരാളികളോടൊപ്പമാണ് മുജാഹിദ് പ്രസ്ഥാനം എക്കാലവും നിലകൊണ്ടിട്ടുള്ളത്. മുജാഹിദ് പ്രസ്ഥാനത്തിന്റെ ലേബലില്‍ ഫലസ്തീന്‍ പോരാളികളെ ഭീകരമുദ്ര ചാര്‍ത്തുന്നവരെ ഒറ്റപ്പെടുത്തണം. രാജ്യത്തിന്റെ സ്വാതന്ത്ര്യത്തിന് വേണ്ടി മഹാത്മാഗാന്ധിയുടെ നേതൃത്വത്തിലുള്ള ദേശീയ പ്രസ്ഥാനത്തില്‍ നേതൃപരമായ പങ്കുവഹിച്ച കെ എം സീതീ സാഹിബ് പോലുള്ള നവോത്ഥാന നായകരെ വര്‍ഗീയവാദിയായി ചിത്രീകരിക്കുന്നത് അംഗീകരിക്കാവതല്ല. കേരളത്തിന്റെ മതേതര പരിസരം കെട്ടിപ്പടുത്തതില്‍ സീതീ സാഹിബിന്റെ പങ്ക് നിഷേധിക്കാനാവാത്തതാണ്. ചരിത്രപരമായ സ്ഖലിതങ്ങള്‍ പെറുക്കിയെടുത്ത് ചരിത്ര പുരുഷന്‍മാരെ അവമതിക്കുന്നത് നീതീകരിക്കാനാവില്ലെന്നും കെ എന്‍ എം മര്‍കസുദ്ദഅ്‌വ ലീഡേഴ്‌സ് വര്‍ക്‌ഷോപ് അഭിപ്പായപ്പെട്ടു.
കെ ജെ യു ജന. സെക്രട്ടറി ഡോ. കെ ജമാലുദ്ദീന്‍ ഫാറൂഖി ഉദ്ഘാടനം ചെയ്തു. കെ എന്‍ എം മര്‍കസുദഅ്‌വ ജന. സെക്രട്ടറി സി പി ഉമര്‍ സുല്ലമി അധ്യക്ഷത വഹിച്ചു. എം അഹമ്മദ് കുട്ടി മദനി, കെ പി അബ്ദുറഹ്‌മാന്‍ സുല്ലമി, എന്‍ എം അബ്ദുല്‍ജലീല്‍, കെ പി സകരിയ്യ, എം ടി മനാഫ്, ഡോ. ജാബിര്‍ അമാനി, ഡോ. ഇസ്മായില്‍ കരിയാട്, ഡോ. അന്‍വര്‍ സാദത്ത്, ഫൈസല്‍ നന്മണ്ട, അബുല്ലത്തിഫ് കരുമ്പുലാക്കല്‍, അലി മദനി മൊറയൂര്‍, ബി പി എ ഗഫൂര്‍, സല്‍മ അന്‍വാരിയ്യ, ഫഹിം പുളിക്കല്‍, ഫിറോസ് കൊച്ചി, ശമീര്‍ സ്വലാഹി പ്രസംഗിച്ചു.

Back to Top