1 Saturday
February 2025
2025 February 1
1446 Chabân 2

സീതി സാഹിബ് ന്യൂനപക്ഷ രാഷ്ട്രീയത്തിന്റെ മാര്‍ഗദര്‍ശി

അഹമ്മദ്കുട്ടി ഉണ്ണികുളം


നവോത്ഥാന ചരിത്രത്തില്‍ വിപ്ലവം സൃഷ്ടിച്ച വ്യക്തിത്വമായിരുന്നു കെ എം സീതി സാഹിബ് (1898-1961). സവിശേഷമായ സമകാലിക രാഷ്ട്രീയ, സാമൂഹിക സാഹചര്യത്തില്‍ ന്യൂനപക്ഷ സമുദായത്തിന്റെ പ്രതിനിധി എങ്ങനെയാവണമെന്നതിന് സീതി സാഹിബിന്റെ ജീവിതം വലിയ പാഠമാണ്.
എഴുത്തും വായനയും സംഘടനയും എന്തെന്നറിവില്ലാതെ പിന്‍തള്ളപ്പെട്ട സമുദായമായിരുന്നു സീതി സാഹിബിനു മുന്നിലുണ്ടായിരുന്നത്. സുഖശീതളമായ കാലഘട്ടമായിരുന്നില്ല അത്. കൊളോണിയല്‍ വാഴ്ചയുടെ അടിച്ചമര്‍ത്തല്‍ നടപടികള്‍ക്കു നടുവിലൂടെ സമുദായത്തിന്റെ രോഗം മനസ്സിലാക്കി ചികിത്സിക്കാനിറങ്ങി അദ്ദേഹം. ഭിന്നിപ്പിച്ചു ഭരിക്കുകയെന്ന ബ്രിട്ടീഷ് സര്‍ക്കാറിന്റെ കുതന്ത്രങ്ങളെ അതിജീവിക്കാനുള്ള മരുന്നുമായാണ് അദ്ദേഹം പോരിനിറങ്ങിയത്. ഇന്ത്യന്‍ മുസ്‌ലിംകളുടെ അഭിമാനകരമായ അസ്തിത്വത്തിന് ജനാധിപത്യ മാര്‍ഗത്തില്‍ സംഘടിക്കുകയല്ലാതെ മാര്‍ഗമില്ലെന്നു കണ്ട് കോണ്‍ഗ്രസ് വിട്ട് മുസ്‌ലിംലീഗിന്റെ മുന്നണിപ്പോരാളിയായി. എല്ലാ അര്‍ഥത്തിലും ത്യാഗം തന്നെയായിരുന്നു ആ ജീവിതം. വൈദേശികാധിപത്യത്തിനെതിരെ കൊച്ചുനാളില്‍ തന്നെ ഖദര്‍ വസ്ത്രമുടുത്ത് പരസ്യമായി പ്രതിഷേധിക്കുകയായിരുന്നു.
അധികാരസ്ഥാനങ്ങളെ മതിമറന്ന് ഏറ്റെടുക്കാതിരുന്നപ്പോഴും സമുദായത്തിന് ആവശ്യമായവ സ്വീകരിച്ചു. പതറാതെ, സൂക്ഷ്മത കൈവിടാതെ, സ്ഥൈര്യത്തോടെ സമുദായത്തിന്റെ മുന്നില്‍ നടന്നു. പാരതന്ത്ര്യത്തിന്റെ നിശീഥിനിക്കുനേരെ പടനയിച്ചപ്പോഴും സ്വാതന്ത്യത്തിന്റെ വെള്ളിവെളിച്ചം എത്തിയപ്പോഴും സീതി സാഹിബിന് വിശ്രമിക്കാന്‍ നേരം കിട്ടിയില്ല. പത്ത് വര്‍ഷം കോണ്‍ഗ്രസിലൂടെയും ശിഷ്ടഭാഗം മുസ്‌ലിംലീഗിലൂടെയും പോരാട്ടം ജീവിതവഴിയാക്കിയ സീതി സാഹിബ് പ്രതിസന്ധികള്‍ക്ക് നടുവിലൂടെ അചഞ്ചലനായി മുന്നേറിയപ്പോഴും ഇസ്‌ലാമിക വിശ്വാസം വിട്ടുവീഴ്ചയില്ലാതെ മുറുകെപ്പിടിച്ചു. ആരാധനകളില്‍ മുഴുകിയ ജീവിതം, ‘മലകളിളകിലും മഹാ ജനാനാം മനമിളകാ’ എന്ന ആപ്തവാക്യം അന്വര്‍ഥമാക്കിക്കൊണ്ട് അവസാനം വരെ മുന്നേറി. സ്വത്തുവകകളെല്ലാം ഇതിനിടെ ചോര്‍ന്നുപോയെങ്കിലും കേരളത്തിന്റെ ഹൃദയം സ്വന്തമാക്കി സര്‍വ്വസമ്മത സ്പീക്കറായി, സര്‍വാദരണീയനും സമ്പന്നനുമായാണ് വിടവാങ്ങിയത് എന്ന് നമുക്കറിയാം.
കെ എം സീതി സാഹിബിന്റെ നവോത്ഥാന പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കുന്നത് സ്വസമുദായത്തില്‍ നിന്നു തന്നെയാണ്. വിദ്യാഭ്യാസത്തോട് പുറംതിരിഞ്ഞു നില്‍ക്കുന്നതാണ് സമുദായത്തിന്റെ തകര്‍ച്ചക്ക് ഏറ്റവും വലിയ കാരണമെന്ന് അദ്ദേഹം തിരിച്ചറിഞ്ഞു. ഈ ബാലപാഠം ആദ്യമായി പഠിച്ചത് പിതാവ് സീതി മുഹമ്മദില്‍ നിന്നു തന്നെയാണ്. സര്‍ സയ്യിദ് അഹമ്മദ് ഖാനും മൗലാനാ മുഹമ്മദലിയും ഹമദാനി തങ്ങളും വക്കം മൗലവിയും കെ എം മൗലവിയും എല്ലാം വഴികാട്ടികളായി. അതിന്റെ ആകത്തുകയാണ് സീതി സാഹിബിന്റെ വിഖ്യാതമായ ‘ഇഖ്‌റഅ്’ പ്രഖ്യാപനം. ആയുധമില്ലാതെ അടരാടാന്‍ ആവില്ലെന്നും ആയുധം വിദ്യാഭ്യാസമാണെന്നും പരസ്യമായും രഹസ്യമായും ജനങ്ങളെ ഉദ്‌ബോധിപ്പിച്ചു. ‘പഠിക്കുക, പഠിക്കുക, വീണ്ടും പഠിക്കുക’ – സീതി സാഹിബിന്റെ മുദ്രാവാക്യമാണിത്.
1947 ജനുവരി 19-ന് പൊന്നാനി താലൂക്ക് മുസ്‌ലിം വിദ്യാര്‍ഥി ഫെഡറേഷന്റെ സമ്മേളനം ചാവക്കാട് മണത്തളി മെതാനിയില്‍ നടക്കുകയാണ്. അന്നത്തെ അധ്യക്ഷന്റെ ഭാഷയില്‍ പറഞ്ഞാല്‍, കേരള മുസ്‌ലിംകളുടെ ‘ആറ്റംബോംബ്’ ആയിരുന്ന സീതി സാഹിബ് ആഹ്വാനം ചെയ്തു: പഠിക്കുക, പഠിക്കുക. കൂടുതല്‍ കൂടുതല്‍ വായിക്കുക. നിരക്ഷരരെയും ദരിദ്രരെയും ആതുരരെയും സമുദ്ധരിക്കാന്‍ പ്രയത്‌നിക്കുക, സജീവ രാഷ്ട്രീയം കയ്യാളാനുള്ള അവകാശാധികാരങ്ങള്‍ മുതിര്‍ന്നവര്‍ക്ക് വിട്ടുകൊടുത്തുകൊണ്ട് നിങ്ങള്‍ ഒരു മഹത്തായ സമുദായം പടുത്തുയര്‍ത്താനുള്ള കരുക്കള്‍ വിദ്യാഭ്യാസത്തിലൂടെ സജ്ജീകരിച്ച് ശക്തരാവുക. വിശ്വാസവും ഐക്യവും അച്ചടക്കവും നിങ്ങളുടെ മുദ്രാവാക്യമാക്കുക (അബുല്‍ഫാറൂഖ് 1973).
കലാലയ ബഹിഷ്‌കരണത്തിന്റെ പശ്ചാത്തലത്തില്‍, സീതി സാഹിബിന് വക്കം മൗലവി സാഹിബില്‍ നിന്നും പിതാവ് സീതി മുഹമ്മദില്‍ നിന്നും കിട്ടിയ ഉപദേശങ്ങളാണ്, പഠിക്കുക, പഠിക്കുക വീണ്ടും വീണ്ടും പഠിക്കുക എന്ന നിലപാടിലേക്ക് മുസ്‌ലിംകളെ എത്തിക്കാന്‍ അദ്ദേഹത്തെ പ്രേരിപ്പിച്ചത്.
സീതി സാഹിബ് പറഞ്ഞു: 1921-ലെ ഖിലാഫത്ത് നിസ്സഹകരണ പ്രസ്ഥാനങ്ങള്‍ വിദ്യാര്‍ഥികളെ ശക്തിയായി ആകര്‍ഷിച്ചിരുന്നു. വിദ്യാലയ ബഹിഷ്‌കരണം നിസ്സഹകരണ ത്യാഗ പ്രസ്ഥാനത്തിലെ ഒരു കാര്യമായ ഇനമായിരുന്നു. മൗലവി സാഹിബ് (വക്കം മൗലവി) സ്വാതന്ത്ര്യസമരത്തെ ശക്തിയായി അനുകൂലിച്ചിരുന്നുവെങ്കിലും വിദ്യാലയ ബഹിഷ്‌കരണ പരിപാടിയോട് യോജിച്ചിരുന്നില്ല. അന്ന് ബി എ ഓണേഴ്‌സ് ക്ലാസില്‍ പഠിച്ചിരുന്ന അദ്ദേഹത്തിന്റെ മരുമകന്‍ ഹബീബ് മുഹമ്മദും ഞാനും കോളജ് ബഹിഷ്‌കരിക്കാന്‍ തീര്‍ച്ചയാക്കിയെങ്കിലും മൗലവി സാഹിബ് ഞങ്ങളെ ആ നിശ്ചയത്തില്‍ നിന്നു വിരമിക്കാന്‍ ഉപദേശിച്ചു. എന്റെ പിതാവും ആ ഉപദേശമാണ് എനിക്കു നല്‍കിയത്. അതുകൊണ്ടാണ് ഞങ്ങള്‍ക്ക് കോളജ് പഠനം പൂര്‍ത്തിയാക്കാന്‍ ഇടവന്നത്. വിദ്യാര്‍ഥികള്‍ രാഷ്ടീയ സമരങ്ങളില്‍ പങ്കെടുക്കുന്നതിനെ മൗലവി സാഹിബ് അനുകൂലിച്ചിരുന്നില്ല. എന്നാല്‍ അദ്ദേഹം ഒരു വലിയ സ്വാത്രന്ത്യ പ്രേമിയായിരുന്നു. അലിഗഡ് സര്‍വ്വകലാശാല ബഹിഷ്‌കരിച്ച വിദ്യാര്‍ഥികള്‍ക്കുവേണ്ടി മൗലാന മുഹമ്മദ് അലി സ്ഥാപിച്ച ജാമിഅ മില്ലിയ ഇസ്‌ലാമിയയിലേക്ക് തന്റെ പുത്രന്‍ അബ്ദുസ്സലാമിനെ അയച്ചു പഠിപ്പിച്ചത് മൗലവി സാഹിബിന്റെ മനോഭാവത്തിന് നല്ലൊരു തെളിവാണ്. (സീതി സാഹിബ്, 1959).
അന്നു പഠനം ബഹിഷ്‌കരിച്ച പല വിദ്യാര്‍ഥികളും വിദ്യാഭ്യാസം പൂര്‍ത്തിയാക്കാതെ സമൂഹത്തില്‍ ഒന്നുമല്ലാതായിത്തീര്‍ന്നെന്ന് സീതി സാഹിബ് എടുത്തു പറഞ്ഞു. അറബി മലയാളം അല്ലാതെ ഒന്നും അറിയാത്ത സമുദായം. അന്ധവിശ്വാസങ്ങളുടെ നടുവില്‍ പെട്ട് ഉഴറുന്ന കൂട്ടം. 1921-ലെ മലബാര്‍ സമരാനന്തരം പട്ടിണിയും പരിവട്ടവുമായി ദീനും ദുന്‍യാവും നഷ്ടപ്പെടുന്ന വിധത്തില്‍ മനഷ്യക്കൂട്ടങ്ങള്‍! ഒരുകാലത്ത് ശാസ്ത്രവും സാമൂഹ്യവും സാമ്പത്തികവുമായ സകലതും കയ്യടക്കിവെച്ചവര്‍. സി എച്ചിന്റെ ഭാഷയില്‍, പാശ്ചാത്യര്‍ കക്ക പെറുക്കി നടക്കുമ്പോള്‍ എയര്‍കണ്ടീഷന്‍ മുറിയില്‍ ശാസ്ത്രത്തെ താലോലിച്ചവര്‍. ലൈബ്രറികളുടെ ആധിക്യത്തില്‍ വിജ്ഞാനം കണ്ട് മതിമറന്നവര്‍. അവരുടെ പിന്‍ഗാമി സമുദായമാണ് ഇരുട്ടില്‍ തപ്പുന്നത്. ഇവരെ നയിക്കാന്‍ വിദ്യാസമ്പന്നരായ ഒരു തലമുറ തന്നെ വേണം. ആദ്യം സ്വയം വിദ്യ അഭ്യസിക്കണം. കുടുംബത്തെ വിദ്യ അഭ്യസിപ്പിക്കണം. ദഅ്‌വത്ത് സ്വന്തം കുടുംബത്തില്‍ നിന്നു തുടങ്ങാനാണ് മുഹമ്മദ് നബി(സ)യോട് കല്പിക്കപ്പെട്ടത്. ഒപ്പം സമൂഹത്തെയും വിദ്യാഭ്യാസത്തിലൂടെ ഉയര്‍ത്തിക്കൊണ്ടുവരണം. അതിന് തന്നാലാവത് ചെയ്യണം -സീതി സാഹിബ് ദൃഢപ്രതിജ്ഞ എടുക്കുകയായിരുന്നു.
കെ എം മൗലവി (1961) എഴുതുന്നു: സീതി സാഹിബിനെപ്പോലെ സമുദായത്തിനു വേണ്ടി ജീവിതം മുഴുവന്‍ ഉഴിഞ്ഞുവെച്ച മറ്റൊരാളെ നമുക്കു കാണാന്‍ വിഷമമാണ്. പരോപകാര തല്പരനും പൊതുജന സേവകനുമായ അദ്ദേഹം തന്റെ ശാരീരികാസ്വാസ്ഥ്യങ്ങളെ പോലും ഗൗനിക്കാതെയാണ് പ്രവര്‍ത്തിച്ചിരുന്നത്. സമുദായത്തെ അഭിമുഖീകരിച്ച വിഷമതകള്‍ ദൂരീകരിക്കാന്‍ ഒരിക്കലും അദ്ദേഹം വൈമനസ്യം കാണിച്ചതായി എതിരാളികള്‍ക്കു പോലും ചൂണ്ടിക്കാണിക്കാനാവില്ല. സമുദായത്തിനുവേണ്ടി ജീവിച്ച്, സമുദായത്തിനുവേണ്ടി നിലകൊണ്ട്, സമുദായത്തിന്റെ പേരില്‍ പരിശ്രമിച്ചു കൊണ്ടുതന്നെ അത്യുന്നതമായൊരു സ്ഥാനം കരസ്ഥമാക്കിയ സമുദായത്തിന്റെ സമുന്നതനായൊരു സേവകനാണ് സീതി സാഹിബ്. അദ്ദേഹം ഉയര്‍ത്തിപ്പിടിച്ച ആദര്‍ശം നമ്മുടെ ആദര്‍ശമാവട്ടെ. അദ്ദേഹം സ്വീകരിച്ച മാര്‍ഗം നമ്മുടെയും മാര്‍ഗമാവട്ടെ. വിജയം സുനിശ്ചിതമാണ്. (സീതി സാഹിബ് സ്മാരക ഗ്രന്ഥം, 1961)
ഓടി നടന്നു പ്രവര്‍ത്തിക്കുന്ന, ആദര്‍ശബോധമുള്ള, ഒരു വക്കീലിനെ അന്ന് സമുദായത്തിനു ആവശ്യമുണ്ടായിരുന്നു. വക്കീലന്മാര്‍ക്ക് സമൂഹത്തില്‍ വലിയ സ്ഥാനമുള്ള കാലഘട്ടം. അന്ന് കേസ് കൂട്ടങ്ങള്‍ ധാരാളമുണ്ടായിരുന്നു. കേസുകള്‍ പതിവാക്കിയവര്‍ ഉള്‍നാടുകളില്‍ നിന്ന് വക്കീലന്മാരെ തേടിയെത്തിയിരുന്നു. പണമുണ്ടാക്കാന്‍ പറ്റിയ ഏറ്റവും വലിയ തൊഴിലായിരുന്നു വക്കീല്‍ പണി. എന്നാല്‍ സമുദായത്തിന്റെ സമുദ്ധാരക വക്കീലായി സീതി സാഹിബ് സ്വയം കുപ്പായം അണിയുകയായിരുന്നു. സമുദായവും സമൂഹവും അദ്ദേഹത്തെ ആശാകേന്ദ്രമായി കണ്ടു. പഠിക്കുക, പഠിക്കുക, വീണ്ടും വീണ്ടും പഠിക്കുക എന്ന സീതി സാഹിബിന്റെ മുദ്രാവാക്യം പില്‍ക്കാലത്ത് അരുമശിഷ്യനായ സി എച്ച് മുഹമ്മദ് കോയ ഗ്രാമങ്ങളില്‍, നഗരങ്ങളില്‍ എല്ലാം എത്തിച്ചു. സമുദായം ഏറ്റെടുത്ത ജനകീയ മുദ്രാവാക്യമായി അതു മാറി.
ചകിരിപ്പുരയില്‍ ഒളിഞ്ഞിരുന്ന് പഠിക്കേണ്ട ദുരവസ്ഥ ഇനിയൊരു കുട്ടിക്കും ഉണ്ടാവാതിരിക്കട്ടെ. രാജ്യമെങ്ങും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ഉയരട്ടെ. സീതിസാഹിബ് കുറ്റിപ്പുറത്തുവെച്ച് ഉപദേശിച്ചു (1954).

പിതാവിലൂടെ പരമ്പരാഗതമായി കിട്ടിയ വിദ്യാഭ്യാസ വിപ്ലവത്തിന്റെ പടഹധ്വനി ജീവിതത്തില്‍ അദ്ദേഹം മാതൃകയാക്കി. അങ്ങനെയാണ് ഫാറൂഖ് കോളെജ്, ആലുവ അറബി കോളെജ്, തലശ്ശേരി അന്‍വാറുല്‍ ഇസ്‌ലാം സഭ, തലശ്ശേരി മദ്‌റസത്തുല്‍ മുബാറക് ഹൈസ്‌കൂള്‍, തലശ്ശേരി തഅ്‌ലീമുല്‍ ഇസ്‌ലാം മദ്‌റസ, തലശ്ശേരി ടൗണ്‍ മാപ്പിള യു പി. മദ്‌റസ, ദാറുസ്സലാം യതീംഖാന, ഫാറൂഖ് ട്രെയിനിംഗ് കോളെജ്, അരീക്കോട് ഓറിയന്റല്‍ ഹൈസ്‌കൂള്‍, തിരൂര്‍ ബി പി അങ്ങാടി ഗവ. ഗേള്‍സ് ഹൈസ്‌കൂള്‍, കോഴിക്കോട് ഹിമായത്തുല്‍ ഇസ്‌ലാം, മദ്‌റസത്തുല്‍ മുഹമ്മദിയ്യ, തലശ്ശേരി ബ്രണ്ണന്‍ കോളെജ്, ധര്‍മടം കോളെജ്, മൊറയൂര്‍ ഹൈസ്‌കൂള്‍, മലപ്പുറം മുസ്‌ലിം ഹൈസ്‌കൂള്‍, കെ എം ഇ എ സ്ഥാപനങ്ങള്‍, തിരൂരങ്ങാടി യതീംഖാന, വടകര ബുസ്താനുല്‍ ഉലൂം മദ്‌റസ, വടകര എം വി എം ഹൈസ്‌കൂള്‍, തിരൂര്‍ പോളിടെക്‌നിക്ക് തുടങ്ങിയ സ്ഥാപനങ്ങളൊക്കെ ഉയരുന്നത്. മരണം വരെ സ്വന്തം ജീവിതം പാഠപുസ്തകമാക്കാന്‍ സാധിച്ച സമുദായ സാമൂഹ്യ പരിഷ്‌കര്‍ത്താവിനെ സീതി സാഹിബിന്റെ ജീവിതത്തില്‍ നമുക്കു കാണാം.
കെ എം സീതി സാഹിബ് പ്രമുഖ അഭിഭാഷകന്‍, സഹോദരന്മാരായ കെ എം മുഹമ്മദലി ജഡ്ജി, കെ എം മുഹമ്മദ് ഡോക്ടര്‍, കെ എം അലി എഞ്ചിനീയര്‍, കെ എം ഇബ്‌റാഹീം ബിരുദധാരി. നോക്കൂ, വിദ്യാഭ്യാസം എന്തെന്ന് സമുദായം അറിയാത്ത കാലത്താണ് ഒരേ കുടുംബത്തില്‍ നിന്ന് സഹോദരങ്ങള്‍ വലിയ ബിരുദങ്ങള്‍ കരസ്ഥമാക്കുന്നത്! മാത്രമല്ല, കൊടുങ്ങല്ലൂരിനെ മുസ്‌ലിം വിദ്യാഭ്യാസ ഭൂപടത്തില്‍ സംസ്ഥാനത്തു തന്നെ ഒന്നാം സ്ഥാനത്തെത്തിക്കുന്നതില്‍ കെ എം സീതി സാഹിബ് കാണിച്ച മാതൃക ചരിത്ര വിദ്യാര്‍ഥികള്‍ക്ക് പാഠമാണ്. പഠിക്കുക, പഠിക്കുക, വീണ്ടും പഠിക്കുക എന്ന് വിദ്യാര്‍ഥികളോടും സമുദായത്തോടും സമൂഹത്തോടും ഉപദേശിക്കുമ്പോള്‍ സ്വന്തം വീട്ടില്‍ നിന്നു അദ്ദേഹം വലിയ മാതൃക കാണിച്ചു. പരിവര്‍ത്തനം സ്വന്തം കുടുംബത്തില്‍ നിന്നു തന്നെ തുടങ്ങണമെന്ന പ്രവാചകചര്യ ജീവിതത്തിലുടനീളം സീതിസാഹിബ് പാലിക്കുകയായിരുന്നു.
ദക്ഷിണേന്ത്യയിലേക്ക് മുസ്‌ലിം വിദ്യാഭ്യാസ വെളിച്ചം എത്തിച്ച പ്രമുഖരില്‍ ഖാഇദെമില്ലത്ത് മുഹമ്മദ് ഇസ്മായില്‍ സാഹിബും കെ എം സീതി സാഹിബും മുന്‍പന്തിയില്‍ ഉണ്ടായിരുന്നു എന്ന ചരിത്രസത്യം പലര്‍ക്കുമറിയില്ല. രണ്ടു പേരും സര്‍ സയ്യിദ് അഹമ്മദ് ഖാന്റെ വിദ്യാഭ്യാസ പ്രവര്‍ത്തനങ്ങളില്‍ ആകൃഷ്ടരായവരുമാണ്. തമിഴ്‌നാട്ടില്‍ എട്ട് കോളെജുകള്‍ എങ്കിലും ഖാഇദെ മില്ലത്ത് മുന്‍കൈയെടുത്ത് സ്ഥാപിച്ചിട്ടുണ്ട്. ആഴത്തിലുള്ള വിദ്യാഭ്യാസ വീക്ഷണം അദ്ദേഹത്തിനുണ്ടായിരുന്നു. ഏതോ ഒരു മൗലവി, ഒരു പണ്ഡിതന്‍ എന്നൊക്കെ മാത്രമേ ഒരു കാലത്ത് ആളുകള്‍ ഖാഇദെമില്ലത്തിനെ മനസ്സിലാക്കിയിരുന്നുള്ളൂ. പുരുഷന്മാര്‍ക്കൊപ്പം സ്ത്രീകളും ഭൗതിക വിദ്യാഭ്യാസം ആര്‍ജിക്കണമെന്ന് ഇസ്മായില്‍ സാഹിബ് കല്പനപോലെയാണ് ആജ്ഞാപിച്ചത്.
ദക്ഷിണേന്ത്യയിലെ മുസ്‌ലിംലീഗിന്റെ രണ്ടു സമുന്നത നേതാക്കളാണ് വിദ്യാഭ്യാസ വിപ്ലവത്തിലൂടെ മുസ്‌ലിം സമുദായത്തിന് അടിത്തറ പാകിയത് എന്ന കാര്യം ഏറെ പഠന വിധേയമാക്കേണ്ടതുണ്ട്. പത്രം പോലും മനുഷ്യര്‍ കാണ്‍കെ വായിക്കാന്‍ പറ്റാത്ത സാമൂഹിക സാഹചര്യത്തില്‍ നിന്നാണ് ഈ മുന്നേറ്റം ഉണ്ടാവുന്നത്. ദിനപത്രം കുടയുടെ ഉള്ളില്‍ ചുരുട്ടിവെച്ച് ഖബറിസ്ഥാനില്‍ ആളില്ലാത്ത സ്ഥലത്തുപോയി വായിച്ച ഇ കെ മൗലവിയുടെ ചരിത്രം നമുക്കറിയാം. ചകിരിപ്പുരയില്‍ രഹസ്യമായി ഇംഗ്ലീഷ് പഠനം നടത്തിയ കെ എം സീതി സാഹിബും മുഹമ്മദ് അബ്ദുറഹിമാന്‍ സാഹിബും നമുക്ക് മുന്നിലുണ്ട്.
1936-ല്‍ തന്നെ മലപ്പുറം മുസ്‌ലിം ഹൈസ്‌കൂളും 1942-ല്‍ വെട്ടത്ത് പുതിയങ്ങാടി ഗേള്‍സ് ട്രെയിനിംഗ് ഹൈസ്‌കൂളും ഫാറൂഖ് കോളെജും അവസാനം തിരൂര്‍ പോളിടെക്‌നിക്കും തുടങ്ങി ഒട്ടേറെ വിദ്യാഭ്യാസ പ്രസ്ഥാനം സ്ഥാപിക്കുന്നതിന് പരിശ്രമിച്ച കെ എം സീതി സാഹിബ് മുസ്‌ലിം വിദ്യാഭ്യാസത്തിന്റെ കുലഗുരുവായിരുന്നു. കേരളത്തെ ഇന്നത്തെ നിലയിലുള്ള വിദ്യാഭ്യാസ കുതിച്ചുചാട്ടത്തിലേക്ക് എത്തിച്ചത് കെ എം സീതി സാഹിബും തുടര്‍ന്ന് അരുമ ശിഷ്യനായ സി എച്ച് മുഹമ്മദ് കോയ സാഹിബും ഉള്‍പ്പെടെയുള്ളവര്‍ ആയിരുന്നു.
കേരളത്തിലെ മുസ്‌ലിം സമൂഹത്തെ ആധുനികതയുമായി വിളക്കിച്ചേര്‍ക്കുന്നതില്‍ പ്രമുഖ പങ്കുവഹിച്ച വ്യക്തിയാണ് സീതി സാഹിബ് എന്ന് മാപ്പിള മുസ്‌ലിംകളെക്കുറിച്ചുള്ള ഗവേഷണ ഗ്രന്ഥങ്ങളില്‍ റോളണ്ട് ഇ മില്ലര്‍ രേഖപ്പെടുത്തുന്നുണ്ട്. മരണപ്പെടുന്നതുവരെ ഫാറൂഖ് കോളെജ് മാനേജിംഗ് കമ്മിറ്റി സെക്രട്ടറി സീതി സാഹിബ് ആയിരുന്നു. ദക്ഷിണേന്ത്യയിലെ അലിഗഡ് എന്നു വിശേഷിപ്പിക്കപ്പെട്ട ഫാറൂഖ് കോളെജിനു പിന്നാലെ കേരളത്തിലെ പല ഭാഗങ്ങളിലും കോളെജുകള്‍ സ്ഥാപിക്കപ്പെട്ടു. ഡോ. പി കെ അബ്ദുല്‍ഗഫൂറിന്റെ നേതൃത്വത്തില്‍ മുസ്‌ലിം എജ്യുക്കേഷനല്‍ സൊസൈറ്റി വിലപ്പെട്ട സേവനങ്ങള്‍ നല്‍കി. മണ്ണാര്‍ക്കാടും പൊന്നാനിയിലും പിന്നീട് മറ്റിടങ്ങളിലും എം ഇ എസ് കോളെജുകള്‍ സ്ഥാപിച്ചു. ഇവിടെയും സീതി സാഹിബില്‍ നിന്നുള്ള പ്രചോദനം വ്യക്തമായിരുന്നു. 1967-ല്‍ കേരളത്തില്‍ ആദ്യമായി മുസ്‌ലിംലീഗ് അധികാരത്തില്‍ വന്നതിനുശേഷം വിദ്യാഭ്യാസ രംഗത്ത് കൂടുതല്‍ സ്ഥാപനങ്ങള്‍ ഉണ്ടായി. (പി എ റഷീദ്, 2019)
വിദ്യാഭ്യാസം സമുദാദയത്തിനു മാത്രമല്ല, സമൂഹത്തിന് മൊത്തം അനിവാര്യമാണെന്നതായിരുന്നു അദ്ദേഹത്തിന്റെ ദര്‍ശനം. ഹൈന്ദവ സമുദായത്തെയും ക്രിസ്ത്യന്‍ സമുദായത്തെയും അദ്ദേഹം വിദ്യാഭ്യാസ കാര്യങ്ങളില്‍ ഉപദേശിച്ചു. പിന്നാക്ക സമൂഹങ്ങളില്‍ പഠനത്തിന്റെ പ്രാധാന്യം ഉണര്‍ത്തി. മുസ്‌ലിം നേതാക്കളോട് സ്‌പെയിനിന്റെയും കൊര്‍ദോവയുടെയും ചരിത്രം പറഞ്ഞ് കൊടുക്കുമായിരുന്നു. നാം കളഞ്ഞുകുളിച്ചതാണ് വിദ്യാഭ്യാസം എന്ന് ഇടക്കിടെ ഓര്‍മപ്പെടുത്തുമായിരുന്നു.
ഈജിപ്തില്‍ നിന്നും മറ്റും വരുത്തുന്ന പ്രസിദ്ധീകരണങ്ങള്‍ സശ്രദ്ധം വായിച്ച് ലോക ചലനങ്ങള്‍ സൂക്ഷ്മായി വിലയിരുത്തി. ഇസ്‌ലാമിക രാഷ്ട്രങ്ങളിലെ വിദ്യാഭ്യാസ മുന്നേറ്റത്തെപ്പറ്റി നല്ല ഗ്രാഹ്യമുണ്ടായിരുന്നു. സീതിസാഹിബ് ‘ഐക്യം’ വാരികയുടെ പത്രാധിപരായിരുന്നപ്പോള്‍ വാര്‍ത്താവിനിമയ ലോകത്ത് അതിനെ വെല്ലുന്ന മലയാള പ്രസിദ്ധീകരണങ്ങള്‍ ഇല്ലായിരുന്നു എന്നു വിലയിരുത്തപ്പെടുന്നുണ്ട്. അക്ഷരത്തെറ്റു കൂടാതെ ലോക വിവരങ്ങളും ദേശീയ, പ്രാദേശിക വിവരങ്ങളും കൊണ്ടു സമ്പന്നമായിരുന്നു ഐക്യം വാരിക. സാമൂഹിക പരിഷ്‌കരണ പരിശ്രമങ്ങള്‍, സമുദായോദ്ധാരണ പ്രവര്‍ത്തനങ്ങള്‍, സാഹിത്യ പരിശീലനം, വിദ്യാഭ്യാസ പ്രവര്‍ത്തനം തുടങ്ങിയവയെല്ലാം പ്രത്യേക പംക്തിയായി ഐക്യം വാരികയില്‍ ശ്രദ്ധേയമായ ഇടം നേടി.
1931-ല്‍ തുടങ്ങിയ വാരിക ഒടുവില്‍ നിര്‍ത്തേണ്ടി വന്നെങ്കിലും ഐക്യത്തിന്റെ തുടര്‍ച്ചയെന്ന നിലക്കാണ് സീതിസാഹിബ് ചന്ദ്രികക്ക് തുടക്കം കുറിച്ചതെന്നു കെ കെ മുഹമ്മദ് ഷാഫി (മുന്‍ ചന്ദ്രിക പത്രാധിപകര്‍) അടയാളപ്പെടുത്തിയിട്ടുണ്ട്. ചന്ദ്രികയിലൂടെ വിശാലമായ ആശയ ലോകമാണ് അദ്ദേഹം സ്വപ്‌നം കണ്ടത്. പ്രാദേശികവും ദേശീയവും അന്തര്‍ദേശീയവുമായ ചനലങ്ങള്‍ ജനങ്ങളിലെത്തിക്കുക എന്ന സ്വ്പനം. ചന്ദ്രിക എന്ന പേര് പോലും അര്‍ഥ വ്യാപ്തി നിറഞ്ഞതായിരുന്നു. അതില്‍ സമുദായവും സമൂഹവുമുണ്ട്. പ്രപഞ്ചം മുഴുവനുമുണ്ട്. നക്ഷത്രങ്ങള്‍ മാത്രമല്ല സൗരയൂഥവുമുണ്ട്. എല്ലാറ്റിന്റെയും ധര്‍മം പ്രകാശമാണല്ലോ. (ടി എം സവാന്‍കുട്ടി).
‘മുസ്‌ലിംകള്‍ ആധുനിക വിദ്യാഭ്യാസത്തില്‍ കൂടുതല്‍ ശ്രദ്ധിച്ചില്ലെങ്കില്‍ എന്റെ മുമ്പിലുള്ള ഈ കടലില്‍ ആഴ്ന്നു മരിക്കുകയാണ് നല്ലതെന്ന്’ സീതി സാഹിബ് പ്രസംഗിച്ചതായി പി എ സെയ്തു മുഹമ്മദ് രേഖപ്പെടുത്തിയിട്ടുണ്ട്. ബിരുദധാരിയെന്ന നിലക്ക് ഉദ്യോഗം കൈപ്പറ്റി സുരക്ഷിതമായ റോളില്‍ കളിക്കാതെ മറ്റുള്ളവരെ കൈപിടിച്ചുയര്‍ത്തുകയായിരുന്നു അദ്ദേഹം. ദക്ഷിണേന്ത്യയില്‍ തന്നെ ഏറ്റവുമധികം മുസ്‌ലിം ബിരുദധാരികളെ ഒരുക്കിയ മണ്ണാണ് കൊടുങ്ങല്ലൂുരിന്റേത്. പ്രവാചകന്റെ കാലത്തു തന്നെ ഇസ്‌ലാമിക സന്ദേശം എത്തിച്ചേര്‍ന്ന ഭൂമികയാണിത്. പഠിക്കുന്ന വിദ്യാര്‍ഥികളെ തല തടവി ആശീര്‍വദിക്കുകയും അവരെ സദുപദേശം കൊണ്ട് ഉത്സാഹ ഭരിതരാക്കുകയും ചെയ്യുകയെന്നത് സീതി സാഹിബിന്റെ പ്രത്യേകതയായിരുന്നു.
മലബാര്‍ സമരത്തെപ്പറ്റി അക്കാലത്ത് സീതി സാഹിബ് എഴുതിയ സുചിന്തിതമായ ലേഖനങ്ങള്‍ അദ്ദേഹത്തിന്റെ നിലപാടുകളിലേക്ക് വെളിച്ചം വീശുന്നവയാണ്. വീട്ടിലെ പുരുഷന്മാര്‍ നഷ്ടപ്പെടുകയും അനേകായിരം പേര്‍ നാടുവിട്ടോടുകയും ചെയ്ത മലബാര്‍ സമരത്തിന്റെ ദയനീയമായ കാലഘട്ടത്തില്‍ ആധുനിക വിദ്യാഭ്യാസം സമുദായത്തിന് അചിന്ത്യമായിരുന്നു. എന്നാല്‍ സമുദായത്തിന്റെ തിരിച്ചുവരവിന് വിദ്യാഭ്യാസമല്ലാതെ മാര്‍ഗമില്ലെന്ന് അദ്ദേഹം ഉറച്ചുവിശ്വസിച്ചു. ‘ആധുനിക വിദ്യാഭ്യാസം, ആധുനിക രാഷ്ട്രീയം’ എന്ന ഇരട്ട തത്വസംഹിത മുസ്‌ലിം സമുദായത്തിന് നിര്‍ദേശിച്ച സര്‍ സയ്യിദ് അഹമ്മദ് ഖാന്‍ സീതി സാഹിബിന്റെ ഏറ്റവും വലിയ മാര്‍ഗ ദര്‍ശിയായത് അങ്ങനെയാണ്.
വിദ്യാഭ്യാസാനന്തരം ഉദ്യോഗം സ്വീകരിക്കാന്‍ സീതി സാഹിബില്‍ സമ്മര്‍ദങ്ങളുണ്ടായി. വിദ്യാഭ്യാസ വകുപ്പില്‍ ഉന്നതമായൊരു സ്ഥാനം നല്‍കാമെന്ന് 1921-ല്‍ കൊച്ചിയിലെ ദിവാനായിരുന്ന വിജയരാഘവാചാരി സീതി സാഹിബിനോട് നേരിട്ടു പറഞ്ഞു. എന്റെ സമുദായത്തിന്റെ അവസ്ഥ കണ്ട് മുഖം തിരിക്കാന്‍ ആവില്ലെന്നും ഞാന്‍ അവരുടെ പ്രതിനിധിയാണെന്നും ഇവരെ ആര് പ്രതിനിധീകരിക്കുമെന്നുമാണ് സീതി സാഹിബ് ചോദിച്ചത്. മറുപടി കേട്ട് സ്തംഭിച്ചുപോയെന്ന് വിജയരാഘവാചാരി തന്നെ പറഞ്ഞിട്ടുണ്ട്.
ബ്രിട്ടീഷിന്ത്യയില്‍ കേന്ദ്ര ഗവണ്‍മെന്റിന്റെ എക്‌സിക്യൂട്ടീവില്‍ ഹോം മെമ്പറായിരുന്ന സര്‍ സഫറുല്ലാഖാന്‍ കൊച്ചി സന്ദര്‍ശന വേളയില്‍ ദിവാനായിരുന്ന ഷണ്‍മുഖം ചെട്ടിയോട്, സര്‍വീസില്‍ മുസ്‌ലിം സമുദായത്തിന് താങ്കള്‍ പരിഗണന നല്‍കുന്നില്ലേ എന്ന് ആരാഞ്ഞു. ഞാനെന്ത് ചെയ്യാം, ക്വാളിഫൈഡ് മുസ്‌ലിംകള്‍ വേണ്ടേ എന്നായി ദിവാന്‍. സീതിസാഹിബ് ഇന്നാട്ടുകാരനല്ലേ, അതെന്താ അങ്ങനെയൊരു കാര്യം ആലോചിക്കാത്തത് എന്നു മറുചോദ്യം? ഉടനെ ദിവാന്റെ മറുപടി വന്നു: അദ്ദേഹം സമുദായ സേവനവുമായി കൊച്ചി വിട്ട് തലശ്ശേരിക്കു പോയില്ലേ? പിന്നീടൊന്നും സഫറുല്ലാഖാന്‍ ചോദിച്ചില്ല.
മന്ത്രിയാകണമെങ്കില്‍ 1952-ല്‍ തന്നെ സീതി സാഹിബിനു മുന്നില്‍ അവസരം തുറന്നു കിട്ടിയിരുന്നു. രാജഗോപാലാചാരിക്ക് സീതി സാഹിബിനെ മന്ത്രിസഭയില്‍ എടുക്കണമെന്ന് അതിയായ ആഗ്രഹമുണ്ടായിരുന്നു. ഇക്കാര്യം നേരിട്ടു ചോദിച്ചു. നിഷേധാര്‍ഥത്തില്‍ സീതി സാഹിബ് തലയാട്ടി. കൂടെ ഒരു ചോദ്യവും: എന്റെ സമുദായത്തിന് ഇതുകൊണ്ടെന്ന് ഗുണം? വ്യക്തിപരമായി തനിക്കൊരു സ്ഥാനവും വേണ്ടെന്ന സീതി സാഹിബിന്റെ നിലപാട് രാജാജിയെ ശ്രമത്തില്‍ നിന്നു പിന്തിരിപ്പിക്കുകയായിരുന്നു.
1935-ലെ ഇന്ത്യ ഗവണ്‍മെന്റ് ആക്ട് പ്രകാരം മദിരാശി സംസ്ഥാനത്ത് കോണ്‍ഗ്രസ് അധികാരമേറ്റപ്പോള്‍ കട്ടിലശ്ശേരി മുഹമ്മദ് മുസ്‌ല്യാര്‍, ഇ മൊയ്തു മൗലവി, മഞ്ചേരി സുന്ദരം അടങ്ങുന്ന സംഘം പ്രധാനമന്ത്രി രാജഗോപാലാചാരിയെ കണ്ട് മുഹമ്മദ് അബ്ദുറഹ്മാന്‍ സാഹിബിനെ മന്ത്രിയാക്കണമെന്ന് നിവേദനം നല്‍കി. അതു വായിച്ചശേഷം രാജാജി പറഞ്ഞു: ഒരു നേതാവിന് ഉണ്ടാവേണ്ട പത്തു ഗുണങ്ങളില്‍ ഒമ്പതും അബ്ദുറഹ്മാനുണ്ട്. ഒന്നു മാത്രമില്ല, പക്വത! അതേ രാജാജിയാണ് സീതി സാഹിബിനെ മന്ത്രിയാക്കാന്‍ താത്പര്യപ്പെട്ടത്.
മുസ്‌ലിംലീഗ് സമുദായത്തിന്റെ അവകാശങ്ങള്‍ക്കു വേണ്ടി സന്ധിയില്ലാ സമരം നടത്തിയെങ്കിലും തന്റെ ബുദ്ധിപൂര്‍വവും ദീര്‍ഘദൃഷ്ടിയോടു കൂടിയതുമായ മാര്‍ഗദര്‍ശനം കൊണ്ട് ഭൂരിപക്ഷ സമുദായത്തിന്റെ സംശയവും ആശങ്കയും ഇല്ലാതാക്കാന്‍ സീതി സാഹിബിനു കഴിഞ്ഞു. ചില ദുസ്സൂചനകളും സംശയങ്ങളും സൃഷ്ടിക്കാന്‍ തല്പര കക്ഷികള്‍ ശ്രമം നടത്തുന്നുണ്ടെങ്കിലും മുസ്‌ലിം ലീഗ് ഭൂരിപക്ഷത്തിന്റെ സൗമനസ്യം നേടിക്കഴിഞ്ഞു. സമുദായത്തിന്റെ ന്യായമായ അവകാശ സംരക്ഷണത്തിനായി സജീവമായി സമരം നടത്തിക്കൊണ്ടു തന്നെ നാടിന്റെ നന്മയ്ക്കായി നിലകൊള്ളുന്ന ദേശാഭിമാനമുള്ളൊരു സംഘടനയാണെന്നു സമ്മതിക്കപ്പെട്ട തരത്തില്‍ അതെത്തിച്ചേര്‍ന്നതിനു കാരണം കെ എം സീതി സാഹിബ് എന്ന മഹാനായ രാജ്യതന്ത്രജ്ഞന്റെ വിവേകപൂര്‍വവും ശ്രദ്ധാപൂര്‍വവുമായ മാര്‍ഗദര്‍ശനവും പുഞ്ചിരിയില്‍ ചാലിച്ച ഇടപെടലുമാണെന്ന് അബ്ദുസ്സത്താര്‍ സേട്ട് ഉള്‍പ്പെടെയുള്ള പരിണിത പ്രജ്ഞരായ രാഷ്ട്രീയ നേതാക്കള്‍ സാക്ഷ്യപ്പെടുത്തിയതാണ്.
വിമോചന സമരാനന്തരം കോണ്‍ഗ്രസും മുസ്‌ലിംലീഗും പ്രജാ സോഷ്യലിസ്റ്റ് പാര്‍ട്ടിയും ഒരുമിച്ചു നില്‍ക്കുകയും പൊതു തെരഞ്ഞെടുപ്പില്‍ വിജയം നേടുകയും ചെയ്തതിനു പിന്നിലും സീതി സാഹിബിന്റെ തന്ത്രജ്ഞത എടുത്തു പറയേണ്ടതാണ്. കമ്യൂണിസ്റ്റു പാര്‍ട്ടികളും സഖ്യകക്ഷികളും ശക്തമായി പ്രതിപക്ഷത്തുള്ള നിയമസഭയില്‍ സീതി സാഹിബ് സ്പീക്കറായി ഐകകണ്‌ഠ്യേനെ തെരഞ്ഞെടുക്കപ്പെട്ടു എന്നത് രാഷ്ട്രീയ പ്രതിയോഗികള്‍ക്കു പോലും അദ്ദേഹത്തോടുള്ള മതിപ്പും ആദരവും അടിവരയിടുന്നു.
കോണ്‍ഗ്രസ് നിയമസഭാ കക്ഷിയില്‍ അസോസിയേറ്റഡ് മെമ്പര്‍മാരാകാനെങ്കിലും ലീഗ് എം എല്‍ എമാര്‍ സമ്മതിക്കുകയാണെങ്കില്‍ സീതി സാഹിബായിരിക്കും കേരളത്തിലെ മുഖ്യമന്ത്രിയെന്ന് പ്രശസ്തനായൊരു കോണ്‍ഗ്രസ് നേതാവ് തന്നോട് പറഞ്ഞതായി ഫാദര്‍ വടക്കന്‍ (1961) അനുസ്മരിക്കുന്നുണ്ട്.
മുസ്‌ലിം രാഷ്ട്രീയവും സമുദായവും ചോദ്യങ്ങളുടെയും സംശയങ്ങളുടെയും ആരോപണങ്ങളുടെയും മുന്നില്‍ നില്‍ക്കുമ്പോള്‍, മുന്‍പേ നടന്ന കെ എം സീതി സാഹിബ് എന്ന നിശ്ചദാര്‍ഢ്യത്തിന്റെ വന്‍മരം ചില ഉത്തരങ്ങള്‍ നല്‍കുന്നുണ്ട്. മതപരവും രാഷ്ട്രീയപരവുമായ സങ്കുചിതത്വങ്ങള്‍ വര്‍ധിക്കുന്ന കാലത്ത് അഭിപ്രായ വ്യത്യാസങ്ങള്‍ക്കിടയിലും ആരുടെയും അവകാശം കവരാതെ സ്വന്തം അവകാശങ്ങള്‍ നേടിയെടുക്കാന്‍ എങ്ങനെയാണ് പ്രവര്‍ത്തിക്കേണ്ടത് എന്ന് മനസ്സിലാക്കാവുന്ന പാഠപുസ്തകമായിരുന്നു സീതി സാഹിബിന്റെ പ്രവര്‍ത്തനങ്ങള്‍.

Back to Top