12 Thursday
December 2024
2024 December 12
1446 Joumada II 10

സീതി കെ വയലാര്‍ നഷ്ടപ്പെട്ട കര്‍മചൈതന്യം

ചെറിയമുണ്ടം അബ്ദുര്‍റസ്സാഖ്‌


സീതി കെയും പോയി. പഴയ തലമുറയില്‍ ജീവിച്ചിരിപ്പുള്ളവരില്‍ ഒരാളായിരുന്നു അദ്ദേഹം. ശബാബിന്റെയും ഐ എസ് എമ്മിന്റെയും ഓര്‍മത്താളുകളില്‍ അനേകമിടങ്ങളില്‍ സീതി കെ വയലാര്‍ അടയാളപ്പെട്ടുകിടപ്പുണ്ടാകും. ശബാബിന്റെ പത്രാധിപരായിരുന്ന എനിക്കൊപ്പം തുടക്കംതൊട്ടേ സഹായിയായി സീതി കെയുണ്ട്. മലയാള മനോരമ ദിനപത്രത്തില്‍ സാമാന്യം ഭേദപ്പെട്ട ഒരു പോസ്റ്റിലായിരുന്നതിനാല്‍ ഔപചാരികമായി ശബാബിന്റെ പത്രാധിപസ്ഥാനത്തിനു കഴിഞ്ഞില്ലെന്നു മാത്രം. ശബാബ് തുടങ്ങുന്ന ചര്‍ച്ചകള്‍ മുതല്‍ ഡിക്ലറേഷന്‍ കാര്യങ്ങള്‍, മറ്റു പ്രാഥമിക പ്രവര്‍ത്തനങ്ങള്‍- എല്ലാറ്റിലും സീതി കെ സാന്നിധ്യമുറപ്പിച്ചിരുന്നു.
ശബാബിന്റെ ഇന്നുമുള്ള ആ ടൈറ്റില്‍ എഴുതിക്കാന്‍ എന്നെയും മൂസാ സുല്ലമിയെയും കോഴിക്കോട്ടെ വലിയ ചിത്രകലാ വിദഗ്ധനായ വാസുപ്രദീപിന്റെ മിഠായിത്തെരുവിലെ ഓഫീസിലേക്ക് കൊണ്ടുപോയത് സീതി കെയായിരുന്നു.
കോഴിക്കോട്ടെ എല്ലാ കലാ-സാഹിത്യ പ്രതിഭകളും മാധ്യമപ്രവര്‍ത്തകരും പ്രസാധകരുമെല്ലാമായി അടുത്ത ബന്ധമാണ് സീനിയര്‍ പത്രപ്രവര്‍ത്തകനും ഉദ്യോഗസ്ഥനുമെന്ന നിലയില്‍ സീതി കെക്കുണ്ടായിരുന്നത്. ജനനം കൊണ്ടും ബാല്യംകൊണ്ടും മാത്രം ആലപ്പുഴ ജില്ലയിലെ വയലാര്‍ ഗ്രാമവാസിയായ അദ്ദേഹം ജീവിതംകൊണ്ട് പൂര്‍ണ മലപ്പുറം ജില്ലക്കാരനായിരുന്നു. വിവാഹവും കുടുംബവും കുട്ടികളുമെല്ലാം പുളിക്കലും പരിസരങ്ങളിലും തന്നെ. കൊണ്ടോട്ടിക്കടുത്ത ആന്തിയൂര്‍കുന്നിലായിരുന്നു താമസം.
ഒരു മുതിര്‍ന്ന പത്രപ്രവര്‍ത്തകന്‍ എന്ന നിലയില്‍ തനിക്കുള്ള എല്ലാ കഴിവും അദ്ദേഹം ശബാബിനുവേണ്ടിയും സമര്‍പ്പിച്ചിരുന്നു. വാര്‍ത്തകള്‍ ശേഖരിക്കുന്നതിലും അത് മോഡേണ്‍ രീതിയില്‍ ക്രമീകരിക്കുന്നതിലും കുറിപ്പുകള്‍ തയ്യാറാക്കുന്നതിലും അദ്ദേഹം പ്രതിഫലരഹിതമായി പ്രത്യേകം ശ്രദ്ധിച്ചു. (സീതി കെയുടെ കൈപ്പട അദ്ദേഹത്തിനും കോഴിക്കോട്ടെ ഒട്ടുമിക്ക പ്രസ്സുകളിലെ കമ്പോസിറ്റേഴ്‌സിനും മാത്രമേ തിരിയുമായിരുന്നുള്ളൂ. അതൊരു പ്രത്യേക സ്റ്റൈലിലുള്ള എഴുത്താണ്. ആദ്യകാലങ്ങളില്‍ അതു വായിക്കാന്‍ ഞാനും വിഷമിച്ചിരുന്നു.)
ഈസ്റ്റ് നടക്കാവില്‍ ‘വിപ്ലവം’ പ്രസ്സില്‍ നിന്നു ശബാബ് പ്രിന്റ് ചെയ്യുന്ന കാലം ഞങ്ങളിരുപേരും ഒരുമിച്ചാണ് അവിടെ പോകുക. പ്രസ്സില്‍ മാനേജര്‍ സ്വാമി മുതല്‍ കമ്പോസിറ്റര്‍ നമ്പ്യാര്‍ വരെ സീതി കെയുടെ പരിചയക്കാര്‍. അതിനടുത്തുതന്നെ മനോരമ ഓഫീസും ആയിരുന്നതിനാല്‍ അവര്‍ എന്നും പരസ്പരം കാണുന്നവരായിരുന്നു. ‘വിപ്ലവം’ പത്രാധിപരുമായും സീതി കെ എന്നെ പരിചയപ്പെടുത്തി. വിദ്യാഭ്യാസ മന്ത്രിയും മുജാഹിദ് സ്റ്റേജിലെ തീപ്പൊരിയുമായിരുന്ന പി പി ഉമ്മര്‍കോയ സാഹിബ് ആയിരുന്നു പത്രാധിപര്‍. ഞാനും സീതി കെയും ഇടക്കിടെ അവിടെ പോകുകയും ഉപദേശനിര്‍ദേശങ്ങള്‍ തേടുകയും ചെയ്യാറുണ്ടായിരുന്നു. ശബാബിനു ആവശ്യമായ ഫോട്ടോ ബ്ലോക്കുകള്‍ നിര്‍മിക്കുന്നതിന് സീതി കെ ബന്ധപ്പെടുത്തിത്തന്ന ക്രിസ്ത്യന്‍ കോളേജിനു മുന്‍വശമുള്ള ലൂക്കോസ് ബ്ലോക്ക്‌സിലേക്കും അവിടെനിന്ന് അധികം ദൂരമുണ്ടായിരുന്നില്ല.
പത്രങ്ങളിലും മറ്റും ഇസ്‌ലാം വിരുദ്ധമായി വരുന്ന പല വിദേശവാര്‍ത്തകളുടെയും നിജസ്ഥിതിയറിയാന്‍ എഎന്‍ഐ, റോയിട്ടര്‍ റിപ്പോര്‍ട്ടര്‍മാരെ തേടിപ്പിടിച്ച് കള്ളി വെളിച്ചത്തുകൊണ്ടുവന്ന പല സംഭവങ്ങള്‍ ഞങ്ങളുടെ അനുഭവത്തിലുണ്ട്. സീതി കെക്ക് അതൊക്കെ കണ്ടെത്തുക എളുപ്പവും ഹരവുമായിരുന്നു. അവയെപ്പറ്റി ശബാബില്‍ എഴുതുകയും ചെയ്യുമായിരുന്നു. പലയിടങ്ങളില്‍ ഞങ്ങളൊരുമിച്ച് ഐ എസ് എം പ്രചാരണ പ്രസംഗങ്ങള്‍ക്കും യൂണിറ്റ് രൂപീകരണത്തിനും പോയിട്ടുണ്ട്. നേതാവായി പലപ്പോഴും ഉണ്ടാകുക ഐ എസ് എം പ്രഥമ പ്രസിഡണ്ട് കെ എസ്‌കെ തങ്ങളായിരിക്കും.
പ്രസ്ഥാനപ്രവര്‍ത്തനങ്ങളിലും സംഘടനാ കാര്യങ്ങളിലും കൂട്ടായി സീതി കെ ഉണ്ടാകുമെങ്കിലും ഏതിന്റെയും ഭാരവാഹിയാകാന്‍ തന്റെ ഉദ്യോഗം കാരണം സീതി കെക്കു കഴിഞ്ഞിരുന്നില്ല. അതേസമയം ഇത്തരം രംഗങ്ങളില്‍ അദ്ദേഹത്തിന്റെ അമിത താല്പര്യം എവിടെയും ആ സാന്നിധ്യം അറിയിച്ചു. വ്യക്തി-കുടുംബ-ഔദ്യോഗിക ജീവിതതലങ്ങളിലെല്ലാം ധാരാളം വേദനകളും ത്യാഗങ്ങളും സഹിച്ച ആള്‍ കൂടിയായിരുന്നു അദ്ദേഹം.
സീതി കെ വയലാറിന്റെ വിയോഗത്തോടെ ഇസ്‌ലാഹീ പ്രസ്ഥാനത്തിന് നഷ്ടമായിരിക്കുന്നത് ദശാബ്ദങ്ങളുടെ ചരിത്രമുള്ള ഒരു കര്‍മസ്തൂപം തന്നെയാണ്. സേവനകര്‍മങ്ങള്‍ക്ക് തക്കതായ പ്രതിഫലം ആഖിറത്തില്‍ അല്ലാഹു നല്‍കുകയും ഫിര്‍ദൗസില്‍ നാമെല്ലാവരെയും അദ്ദേഹത്തോടൊപ്പം ഒരുമിച്ചു കൂട്ടിത്തരുകയും ചെയ്യുമാറാകട്ടെ!

Back to Top