28 Thursday
March 2024
2024 March 28
1445 Ramadân 18

മതേതരമായ പരമാധികാരം

ഇര്‍ഫാന്‍ അഹ്മദ്, പീറ്റര്‍ വാന്‍ ഡേവിര്‍


പരമാധികാര ദേശരാഷ്ട്രം മതസ്വാതന്ത്ര്യം ഉറപ്പുവരുത്തുന്നതും പൗരന്മാര്‍ക്ക് സംരക്ഷണം ഉറപ്പുവരുത്തുന്നതുമായിരിക്കണം.ബഹുമുഖമായ കരാറുകളും അന്താരാഷ്ട്ര സംഘടനകളും രാഷ്ട്രങ്ങള്‍ക്കു മേല്‍ സമ്മര്‍ദം ചെലുത്തുകയും അങ്ങേയറ്റം ഒരുപക്ഷേ നേരിട്ട് ഇടപെടുകയും ചെയ്‌തേക്കാം. എന്നിരുന്നാലും രാഷ്ട്രം തന്നെയാണ് പരമാധികാരം കൈയാളുന്നത്. വ്യത്യസ്ത മതവിഭാഗങ്ങളെ ഒന്നിച്ചുകൊണ്ടുപോവുകയും അതേസമയം ജനങ്ങളെ ഒരു രാഷ്ട്രമെന്ന നിലയില്‍ ഏകീകരിക്കുകയും ചെയ്യുക എന്ന ദേശരാഷ്ട്രത്തിന്റെ പരസ്പര വിരുദ്ധമായ രണ്ടു ലക്ഷ്യങ്ങളെയും ഒരുമിച്ചുകൊണ്ടുപോവുക എന്ന പ്രശ്‌നം പല രാജ്യങ്ങളിലുമുണ്ട്.
മതവിഭാഗങ്ങളെ ഭൂരിപക്ഷവും ന്യൂനപക്ഷവുമായി ക്രമീകരിക്കുന്ന തെരഞ്ഞെടുപ്പു ജനാധിപത്യത്തില്‍ ഈ വിഷമഘട്ടം കൂടുതല്‍ വഷളാവുന്നു. എല്ലാ മതങ്ങളെയും നിഷ്പക്ഷമായി സമീപിക്കുന്നതിന് മതേതര രാഷ്ട്രീയം ആവശ്യമാണെന്ന് പൊളിറ്റിക്കല്‍ തിയറി (Rawls, Habermas, Taylor) വാദിക്കുന്നു. എന്നാല്‍ മതവിശ്വാസങ്ങള്‍ പ്രകടിപ്പിക്കാനുള്ള സ്വാതന്ത്ര്യം അനുവദിക്കപ്പെടുമ്പോള്‍ പലപ്പോഴും ജനാധിപത്യ പ്രക്രിയയില്‍ ജനങ്ങളെ ഒന്നിച്ചുകൂട്ടുന്നതിലും പരസ്പര ശത്രുത വളര്‍ത്തുന്നതിലും മതം ഒരു പങ്കുവഹിക്കുമെന്ന കാര്യം ലിബറല്‍ മതേതരവാദികള്‍ക്കുംസമ്മതിക്കേണ്ടിവരും.എന്നിരുന്നാലും തെരഞ്ഞെടുപ്പ് ജനാധിപത്യം മാത്രമല്ല സാമുദായിക സംഘര്‍ഷങ്ങള്‍ക്കു കാരണം. തെരഞ്ഞെടുപ്പ് ജനാധിപത്യമില്ലാത്ത ചൈനയെയും വിയറ്റ്‌നാമിനെയും പോലുള്ള കമ്മ്യൂണിസ്റ്റ് ഭരണപ്രദേശങ്ങളിലും ദേശീയമായ ഏകത മതപരമായ വൈവിധ്യങ്ങളെ ഉള്‍ക്കൊള്ളുക എന്ന ലക്ഷ്യം നേരിടുന്നുണ്ട്. ദേശരാഷ്ട്രവും ദേശീയതയും പടിഞ്ഞാറന്‍ നാടുകളില്‍ മാത്രമല്ല, എവിടെയുമുള്ള മതപരവും രാഷ്ട്രീയവുമായ പ്രവര്‍ത്തനങ്ങളിലും പ്രധാനമായതിനാല്‍ ചിന്തകനായ ചാള്‍സ് ടെയ്‌ലര്‍ സെക്കുലര്‍ ഏജ് എന്നു വിശേഷിപ്പിക്കുന്ന ആശയം എല്ലായിടത്തും പ്രസക്തമാണ്.
ദേശരാഷ്ട്ര സംവിധാനം പ്രസക്തമായ സമൂഹങ്ങളിലെല്ലാം മതപരമായതിനെ മതേതരമായത് ഉള്‍ക്കൊള്ളുന്നു എന്നാണ് അദ്ദേഹം പ്രസ്താവിക്കുന്നത്. ഏഷ്യയും അതിന് അപവാദമല്ല.ദേശരാഷ്ട്രത്തിന്റെ ഉദയവും ദേശീയതാ സ്വഭാവത്തില്‍ അതിന്റെ വളര്‍ച്ചയും മതേതര ആധുനികതയുടെ വികാസത്തില്‍ സുപ്രധാനമാെണന്ന് ടെയ്‌ലര്‍ അഭിപ്രായപ്പെടുന്നു. സ്വയം പരിവര്‍ത്തനം നടത്തുന്നതിന് മാര്‍ഗങ്ങള്‍ രൂപീകരിക്കുകയും ആത്മവിമര്‍ശനപരമായ നിലപാട് എടുക്കുകയും ചെയ്യുമ്പോഴാണ് ആത്മവിചിന്തനം നടത്തുന്ന രാഷ്ട്രസമൂഹമായിത്തീരുന്നത് എന്ന് അദ്ദേഹം വാദിക്കുന്നു (Taylor, 2016, 14-15).
അന്ധവിശ്വാസത്തില്‍ നിന്ന് പുറത്തുകടക്കുമ്പോഴാണ് നാം ആധുനികരാവുന്നത് എന്നാണ് ടെയ്‌ലര്‍ അഭിപ്രായപ്പെടുന്നത്. ആത്മാക്കള്‍ക്കും ശക്തികള്‍ക്കും വലിയ പങ്കുണ്ടായിരുന്ന ലോകമായിരുന്നു മായാലോകം. അവിടെ ഈ ശക്തികള്‍ക്ക് സുതാര്യമായ അതിരു കടന്ന് നമ്മുടെ മാനസികവും ഭൗതികവുമായ ജീവിതങ്ങളെ രൂപപ്പെടുത്താനാവുമായിരുന്നു. ടെയ്‌ലറുടെ കാഴ്ചപ്പാടില്‍, നമ്മള്‍ ഇപ്പോള്‍ സുതാര്യമായ സ്വത്വങ്ങളുള്ളവരല്ല. ഈ ന്യായവാദം വ്യക്തമായും മാക്‌സ് വെബറുടെ Entzauberung എന്ന ആശയത്തിന്റെ സ്വാധീനമുള്ളതാണ്. ഞങ്ങളുടെ കാഴ്ചപ്പാടില്‍റൗള്‍സ്, ഹേബര്‍മാസ് ഉള്‍പ്പെടെയുള്ള ജ്ഞാനോദയ ചിന്തകരെപ്പോലെ തന്നെ വെബറും ടെയ്‌ലറും ആധുനിക രാഷ്ട്രഭരണകൂടത്തിന്റെ മാന്ത്രികത കാണാതെ പോയി. അത് കൂടുതല്‍ നന്നായി ഉള്‍ക്കൊണ്ടത് സിഗ്മണ്ട് ബോമാന്‍ (1989) ആണ്. വെബര്‍ മരിച്ച് അധികം വൈകാതെ ജര്‍മനിയില്‍ ഉദയം കൊണ്ട പ്രസ്ഥാനം സമൂഹത്തെ മായയില്‍ നിന്ന് പുറത്തുകൊണ്ടുവരുന്നതൊഴിച്ചു മറ്റെന്തും ചെയ്തു. അധികാരം പിടിച്ചടക്കാനായി അത് സമൂഹത്തെ സക്രിയമാക്കി. അതില്‍ വിജയിച്ച ശേഷം പാര്‍ട്ടി സംഘടനയെയും ഭരണസ്ഥാപനങ്ങളെയും യോജിപ്പിച്ചിരുന്ന ഭരണശ്രേണിയില്‍ ആജ്ഞകള്‍ നടപ്പാക്കാനായി ഉദ്യോഗസ്ഥ സംവിധാനത്തെ മൊത്തത്തില്‍ യുക്തിസഹമാക്കി. ഇതില്‍ മായാമുക്തമായി ഒന്നുമില്ല; ഭരണകൂടത്തിന്റെ അധികാരം തന്നെയാണ് മാന്ത്രികമായുള്ളത് (മാന്ത്രികവും യുക്തിപരവുമായ ചിന്താപദ്ധതികള്‍ തമ്മിലുള്ള പരിണാമപരമായ വ്യത്യാസം നിരസിക്കുന്ന ഒരാള്‍ക്ക് ആ സംജ്ഞ ഉപയോഗിക്കാമെങ്കില്‍). (van der Veer 2014).
ജനങ്ങളെ സക്രിയരാക്കുന്നതിനായി മതത്തിന്റെ കൂടി ഭാഗമായ ഐതിഹ്യങ്ങളും പ്രതീകാത്മകവും മറ്റുമായ ആചാരങ്ങളും സ്വാധീനം ചെലുത്തുന്ന നേതൃത്വത്തിന്റെ പ്രവചനാതീതമായ പെരുമാറ്റങ്ങളും എല്ലാം ദേശീയത ഉപയോഗിക്കുന്നു. ജനാധിപത്യങ്ങളും കമ്മ്യൂണിസ്റ്റ് ഭരണകൂടങ്ങളും തമ്മിലുള്ള (അതായത് തായ്‌ലന്‍ഡ്, ഇന്ത്യ, ശ്രീലങ്ക എന്നിവ ഒരു ഭാഗത്തും ചൈന, വിയറ്റ്‌നാം എന്നിവ മറുഭാഗത്തും) വേര്‍തിരിവ് മറികടക്കുന്നുണ്ട് ദേശീയത. അതുപോലെത്തന്നെ ആഗോളതലത്തില്‍ ഉത്തര-ദക്ഷിണ വിഭജനവും മറികടക്കുന്നു. കാരണം അത് ബ്രിട്ടീഷ് രാഷ്ട്രീയത്തിന്റെയും അമേരിക്കന്‍ രാഷ്ട്രീയത്തിന്റെയും എന്നതുപോലെത്തന്നെ ഇന്ത്യയുടെയും ചൈനയുടെയും രാഷ്ട്രീയത്തിന്റെയും ഭാഗമാണ്. ഭരണകൂടത്തിന്റെ മായാജാലം പലപ്പോഴും പോപ്പുലിസത്തിന്റെ ഭാഗമായി വ്യാഖ്യാനിക്കപ്പെടാറുണ്ട്. പക്ഷേ പോപ്പുലിസത്തിന്റെ നിര്‍വചനം അവ്യക്തമാണ്(Samet, 2019)
ജനാധിപത്യത്തിന്റെ സംഭവ്യമായൊരു മുഖമായി പോപ്പുലിസത്തെ മനസ്സിലാക്കുന്നതാവും ഒരുപക്ഷേ കൂടുതല്‍ നല്ലത് (Laclau, 2005). ജനങ്ങള്‍ ഭരണകൂടത്തിന് നിയമസാധുത നല്‍കുന്നു എന്ന ആശയത്തെ അടിസ്ഥാനമാക്കിയാണ് ഏതു ദേശരാഷ്ട്രവും നിര്‍വചനപ്രകാരം തന്നെ നിലനില്‍ക്കുന്നതെന്നു കാണേണ്ടതുണ്ട്. ജനങ്ങള്‍ എന്നതില്‍ ആരൊക്കെയാണ് ഉള്‍പ്പെടുന്നതെന്നും ആരൊക്കെയാണ് ഉള്‍പ്പെടാത്തത് എന്നുമാണ് ചോദ്യം. അനുബന്ധമായുള്ള അടുത്ത ചോദ്യം ന്യൂനപക്ഷങ്ങളും ഭൂരിപക്ഷങ്ങളും തമ്മിലുള്ള ബന്ധങ്ങള്‍ എങ്ങനെയാണ് വംശീയമായി/ മതപരമായി നിര്‍വചിക്കപ്പെട്ടിരിക്കുന്നത് എന്നതാണ്. ചാള്‍സ് ടെയ്‌ലര്‍ സൂചിപ്പിക്കുന്നതു പോലെയല്ല ആധുനിക ജനങ്ങള്‍. അവര്‍ അര്‍ധതാര്യരല്ല, സുതാര്യരാണ്.
പൗരത്വത്തിന്റെ വിവിധ അവകാശങ്ങള്‍ തങ്ങളുടെ നിശ്ചിതമായ ലോകങ്ങള്‍ നിലനിര്‍ത്തിക്കൊണ്ടുപോകാന്‍ മതവിഭാഗങ്ങളെ അനുവദിക്കുന്നതാണ്. സാംസ്‌കാരിക വൈ വിധ്യങ്ങളും അവയുടെ പ്രവര്‍ത്തനപരിധികളുമായി ബന്ധപ്പെട്ട് നടക്കുന്ന ഇത്തരം ചര്‍ച്ചകള്‍ ഏറെയും പൗരത്വത്തോടൊപ്പം ലഭ്യമാവുന്ന ഈ അവകാശങ്ങളെ ചുറ്റിപ്പറ്റിയാണ്.ഈ പഠനങ്ങള്‍ വ്യക്തിഗതവും സാമുദായികവുമായ അവകാശങ്ങളെ സംബന്ധിച്ചുള്ള പ്രശ്‌നങ്ങളിലേക്ക് വെളിച്ചം വീശുന്നതാണ്(Kymlicka, 1996; Shachar, 2009). സാമ്പ്രദായിക മതവിഭാഗങ്ങളിലെ സ്ത്രീകളുടെ അവകാശങ്ങളിലാണ് ചര്‍ച്ച പലപ്പോഴും ശ്രദ്ധയൂന്നുന്നത്. ഇന്ത്യയില്‍ ഈ വിഷയം ഉന്നയിച്ച് ഏറ്റവും അധികം രാഷ്ട്രീയമായും നിയമപരമായും വിവാദങ്ങള്‍ ഉയര്‍ത്തിയ കേസ് ഷാബാനുവെന്ന മുസ്‌ലിം സ്ത്രീയെ സംബന്ധിച്ചതാണ്. ആ കേസില്‍വിവാഹമോചനത്തിനു ശേഷം മുന്‍ ഭര്‍ത്താവ് അവര്‍ക്ക് ജീവനാംശം നല്‍കണമെന്ന് 1985-ല്‍ സുപ്രീം കോടതി വിധിച്ചു. അതിനു ശേഷം ഇസ്‌ലാമിക നിയമത്തിനെതിരാണ് ആ വിധിയെന്നു വാദിച്ച മുസ്‌ലിം സംഘടനകളുടെ സമ്മര്‍ദത്തിനു വഴങ്ങി കോണ്‍ഗ്രസ് ഗവണ്മെന്റ് ഒരു നിയമം പാസാക്കി. അതനുസരിച്ചു സ്ത്രീക്ക് ചെലവിനു കൊടുക്കേണ്ട ചുമതല അവളുടെ കുടുംബത്തിനോ വഖഫ് ബോര്‍ഡിനോ ആക്കി മാറ്റി. ഇത് മുസ്‌ലിം പ്രീണനം ആണെന്നാരോപിച്ചു ഹിന്ദു ദേശീയവാദികള്‍ ഇതിനെ രാഷ്ട്രീയമായി നേരിട്ടു. എന്തായാലും ഈ അധ്യായത്തില്‍ ഞങ്ങള്‍ അവകാശങ്ങളെ സംബന്ധിച്ച ചര്‍ച്ചകളിലല്ല ശ്രദ്ധ കേന്ദ്രീകരിക്കാന്‍ ആഗ്രഹിക്കുന്നത്, മറിച്ച്, മത സംഘര്‍ഷങ്ങള്‍ക്കിടയില്‍ ജീവനു സംരക്ഷണം നല്‍കുന്നതിനെക്കുറിച്ചാണ്. അതുപോലെത്തന്നെ മതപരിവര്‍ത്തനമെന്ന വിഷയത്തെക്കുറിച്ചും ഞങ്ങള്‍ ഇവിടെ ചര്‍ച്ച ചെയ്യുന്നുണ്ട്.
വിവ: ഡോ. സൗമ്യ പി എന്‍

0 0 vote
Article Rating
Back to Top
0
Would love your thoughts, please comment.x
()
x