താലിബാന്‍ രണ്ടാം വരവ് ദുഃസ്ഥിതിയും ദുരൂഹതകളും
അശ്‌റഫ് കടയ്ക്കല്‍ /വി കെ ജാബിര്‍
യു എസ് ഭരണകൂടത്തിന്റെ സര്‍വ പിന്തുണയും മൂന്നു ലക്ഷത്തിലേറെ സൈനിക പിന്‍ബലവുമുള്ള അഫ്ഗാനിലെ അശ്‌റഫ് ഗനി സര്‍ക്കാരിന്റെ വീഴ്ചയും താലിബാന്റെ പുനരാരോഹണവും നിഗൂഢതയും ആശങ്കകളും അത്ഭുതവുമാണ് ലോകത്തിന് സമ്മാനിച്ചത്. ഭരണ മാറ്റം അട്ടിമറിയാണോ അതോ സ്വാഭാവിക രാഷ്ട്രീയ പ്രക്രിയയോ എന്ന സംശയം ഉയരുന്നു. താലിബാന് അപ്രതീക്ഷിതമായ വേഗത്തിലും ആയാസരഹിതവുമായാണ് കാബൂളില്‍ തിരിച്ചുവരവ് സാധ്യമായത്. ഇതൊരുപാട് ചോദ്യങ്ങളുയര്‍ത്തുന്നുണ്ട്.
ആത്യന്തികമായി അഫ്ഗാനിലേത് രാഷ്ട്രീയ പ്രശ്‌നമാണോ അതോ മത വിഷയമോ. ചൈനയും റഷ്യയും ആശയ വൈരികളായ ഇറാനും താലിബാനെ സ്വാഗതം ചെയ്യുന്നു. ഇന്ത്യന്‍ കമ്യൂണിസ്റ്റ് പാര്‍ട്ടി അശ്‌റഫ് ഗനിയുടെ യുഎസ് പാവ സര്‍ക്കാര്‍ വീണതിനെ സ്വാഗതം ചെയ്യുക വഴി പരോക്ഷമായി താലിബാനെ സ്വീകരിക്കുന്നു.
മതത്തെ അധികാരത്തിലേക്കുള്ള വഴിയായി മുറുകെ പിടിക്കുന്ന താലിബാന്‍ ആരെയാണ് പ്രതിനിധാനം ചെയ്യുന്നത് ആധുനിക ലോകത്തിന് ഉള്‍ക്കൊള്ളാന്‍ കഴിയാത്ത നിയമങ്ങളും നടപടികളും കടുത്ത സ്ത്രീവിരുദ്ധ നിലപാടുകളുമുള്ള താലിബാനെയാണ് 1996-2001 കാലത്ത് ലോകം കണ്ടത്. താലിബാന്‍ വേര്‍ഷന്‍ രണ്ട് ഏതെങ്കിലും തരത്തില്‍ ഗുണകരമായി മാറി എന്നു കരുതാമോ. നാമിതുവരെ കാണാത്ത വിധം കാബൂള്‍ വിമാനത്താവളത്തിലെ അഫ്ഗാനികളുടെ തിരക്ക് എന്താണ് പറയുന്നത്. സ്വദേശികള്‍ പലായനം ചെയ്തുകൊണ്ടിരിക്കുന്നതില്‍ നിന്ന്് രണ്ടാം താലിബാന്‍ ഭരണകൂടം എന്തെങ്കിലും പഠിക്കുമോ. അഫ്ഗാന്‍ സമീപ ഭാവിയിലെങ്കിലും ശാന്തമാകുമോ. പേടിയില്‍ നിന്ന് ജനങ്ങള്‍ക്കു മോചനമുണ്ടാകുമോ?
താലിബാന്‍ കാബൂള്‍ കീഴടക്കിയതോടെ രാജ്യത്തിനകത്തും പുറത്തും സോഷ്യല്‍ മീഡിയയില്‍ നിറഞ്ഞുതുളുമ്പുന്നത് ക്ഷണികമായ അഭിപ്രായ പ്രകടനങ്ങളുടെ വേലിയേറ്റമാണ്. യാഥാര്‍ഥ്യ ബോധത്തോടെ ചിന്തിക്കുന്നവര്‍ തീവ്രവാദ മുദ്ര കുത്തപ്പെടുന്നു. ലോകത്ത് ഇസ്‌ലാമിക ഭീകരതയുടെ പര്യായമായി, ഇസ്‌ലാമോഫോബിയ വളര്‍ത്താനുള്ള പ്രതിബിംബമായി താലിബാന്‍ വീണ്ടും സ്ഥാപിക്കപ്പെടുമോ?
കോടികളുടെ നിക്ഷേപം ഇന്ത്യന്‍ കമ്പനികള്‍ക്ക് അഫ്ഗാനിലുണ്ട്. നിരവധി അടിസ്ഥാന സൗകര്യ വികസന പദ്ധതികള്‍ ഇന്ത്യ അവിടെ ഏറ്റെടുത്ത് നടത്തി വരുന്നുണ്ട്. അഫ്ഗാനിലെ രാഷ്ട്രീയ മാറ്റം ഇന്ത്യയെ സംബന്ധിച്ച് പ്രധാനമാണ്. ഇന്ത്യയെ, ഇന്ത്യന്‍ മുസ്‌ലിംകളെ അഫ്ഗാന്‍ പ്രശ്‌നം എങ്ങനെ ബാധിക്കും!
നാലു പതിറ്റാണ്ടിലേറെയായി ആഭ്യന്തര സംഘര്‍ഷങ്ങള്‍ കാരണം വളര്‍ച്ച മുരടിച്ച, വികസന പ്രവര്‍ത്തനങ്ങള്‍ കാര്യമായി നടക്കാത്ത, വിദ്യാഭ്യാസ സാമൂഹിക സാംസ്‌കാരിക രംഗത്ത് നിലയുറപ്പിക്കാനാവാത്ത, ജീവിതം വഴിമുട്ടിയ നാട്ടിലെ ജനങ്ങളുടെ യഥാര്‍ഥ പ്രശ്‌നങ്ങള്‍ എന്തൊക്കെയാണ്… നാല് പതിറ്റാണ്ട് ദീര്‍ഘിച്ച ദുരിതപൂര്‍ണമായ ചരിത്രത്തെ തമസ്‌കരിച്ച് അഫ്ഗാന്‍ പ്രതിസന്ധി ചര്‍ച്ച ചെയ്യുന്നത് നീതിയാണോ?
കേരള യൂനിവേഴ്‌സിറ്റി സെന്റര്‍ ഫോര്‍ വെസ്റ്റ് ഏഷ്യന്‍ സ്റ്റഡീസ് ഡയറക്ടര്‍ ചരിത്ര പണ്ഡിതനായ അശ്‌റഫ് കടയ്ക്കല്‍ സംസാരിക്കുന്നു.
അപ്രതീക്ഷിതമല്ല
1996ല്‍ താലിബാന്‍ അഫ്ഗാനില്‍ ഭരണം പിടിച്ചപ്പോഴും 2021ല്‍ അവരുടെ നിയന്ത്രണത്തില്‍ അഫ്ഗാന്‍ വന്നപ്പോഴും നാം ഇരുട്ടില്‍ തപ്പുകയാണ്. ഇതൊരു വിസ്മയമാണോ! യഥാര്‍ഥത്തില്‍ നാം അഫ്ഗാന്‍ വിഷയത്തെ ചര്‍ച്ച ചെയ്യുന്നത് അപ്പപ്പോഴുണ്ടാകുന്ന സംഭവ വികാസങ്ങളുടെ വീക്ഷണത്തില്‍ മാത്രമാണ്. നമ്മള്‍ മറന്നുപോകുന്നത് അഫ്ഗാന്റെ ചരിത്രവും പശ്ചാത്തലവുമാണ്.
അഫ്ഗാനിസ്താന്റെ അതി സങ്കീര്‍ണമായ ചരിത്ര പശ്ചാത്തലം മുന്‍നിര്‍ത്തിയല്ലാതെ ഇപ്പോഴുള്ള സംഭവ വികാസങ്ങളെ നമുക്കു വ്യാഖ്യാനിക്കാന്‍ കഴിയില്ല. കാരണം, അഫ്ഗാനിസ്താന്‍ കഴിഞ്ഞ 43 വര്‍ഷമായി യുദ്ധ ഭൂമിയാണ്. 1979ലെ സോവിയറ്റ് അധിനിവേശം നടക്കുന്നതിനു മുമ്പു തന്നെ കമ്യൂണിസ്റ്റ് ഭരണം ഉണ്ടായിരുന്ന പ്രദേശമാണ് അഫ്ഗാന്‍. വിവിധ കമ്യൂണിസ്റ്റ് ഗ്രൂപ്പുകള്‍ ആ സമയത്ത് സജീവമായിരുന്നു. സോവിയറ്റ് യൂനിയനോട് വലിയ ആഭിമുഖ്യം പുലര്‍ത്തുന്നവരും ബാഹ്യ ഇടപെടലുകള്‍ വേണ്ടെന്നും അഫ്ഗാനികള്‍ തന്നെ ഭരണം നിയന്ത്രിക്കണമെന്നും വാദിക്കുന്നവരും അവരിലുണ്ടായിരുന്നു. ഭൂ പരിഷ്‌കരണം തുടങ്ങിയ വിഷയങ്ങളില്‍ അവര്‍ക്ക് അഭിപ്രായാന്തരമുണ്ടായിരുന്നു. ഈ ഭിന്ന വീക്ഷണത്തിന്റെ തിക്ത ഫലം അനുഭവിക്കേണ്ടി വന്നത് അഫ്ഗാന്‍ ജനതയായിരുന്നു.
1970 മുതല്‍ ഇത്തരം രാഷ്ട്രീയ സംഘര്‍ഷങ്ങളുടെ ഭൂമിയാണ് അഫ്ഗാനിസ്താന്‍. സോവിയറ്റ് അധിനിവേശത്തിനെതിരെ അഫ്ഗാന്‍ ഗ്രൂപ്പുകള്‍ സായുധ പോരാട്ടത്തിനിറങ്ങുകയുണ്ടായി. അവരെ അഫ്ഗാന്‍ മുജാഹിദുകള്‍ എന്നാണ് വിളിച്ചിരുന്നത്. കമ്യൂണിസ്റ്റുകള്‍ അഫ്ഗാനെ നിരീശ്വര വാദ (മതമുക്ത) രാഷ്ട്രമാക്കി മാറ്റാന്‍ ശ്രമിച്ചപ്പോള്‍ അതിനെതിരെയുള്ള പോരാട്ടത്തെ അവര്‍ ജിഹാദായി ചിത്രീകരിക്കുകയായിരുന്നു.
വൈദേശിക അധിനിവേശവും ജിഹാദും (സായുധ പോരാട്ടം) ലോകം ചര്‍ച്ച ചെയ്യുന്നുണ്ട്. അപ്പോഴും 25 ദശലക്ഷം വരുന്ന അഫ്ഗാന്‍ ജനത നേരിടുന്ന ജീവല്‍ പ്രശ്‌നങ്ങളോ ബുദ്ധിമുട്ടുകളോ നമ്മുടെ ചര്‍ച്ചകളില്‍ വരുന്നില്ല. ഇരുപത് ലക്ഷം ആളുകള്‍ റഷ്യയുമായുള്ള സ്വാതന്ത്ര്യ പോരാട്ടത്തില്‍ കൊല്ലപ്പെടുകയും ആറ്- ഏഴു ദശലക്ഷം ജനങ്ങള്‍ അയല്‍നാടുകളിലേക്ക് കുടിയേറുകയും ചെയ്യേണ്ടി വന്നത് നാം ചര്‍ച്ച ചെയ്തില്ല. കൂടുതല്‍ ആളുകളും അഭയം തേടിയത് ഇറാനിലും പാകിസ്താനിലുമാണ്. യുദ്ധങ്ങളിലും ആഭ്യന്തര സംഘര്‍ഷങ്ങളിലും തല ഉയര്‍ത്താന്‍ കഴിയാത്ത വിധം അടിസ്ഥാന സൗകര്യങ്ങള്‍ തകര്‍ന്നുകഴിഞ്ഞിരുന്നു.
അഞ്ചു ശതമാനം മാത്രം കൃഷി യോഗ്യമായ ഭൂമിയുള്ള പ്രദേശമാണ് അഫ്ഗാന്‍. ഈ അഞ്ചു ശതമാനം മണ്ണില്‍ കൃഷി ചെയ്തിട്ടു വേണം അവരുടെ ജീവിതം കരുപ്പിടിപ്പിക്കാന്‍. പിന്നെയുള്ള ആശ്രയം സര്‍ക്കാര്‍ ജീവനക്കാര്‍ എന്ന നിലയില്‍ ലഭിക്കുന്ന ശമ്പളമാണ്. അവിടെ അവര്‍ കെട്ടിപ്പടുത്ത വിദ്യാഭ്യാസ സ്ഥാപനങ്ങളും മറ്റു അടിസ്ഥാന നിര്‍മിതികളും നശിപ്പിക്കപ്പെട്ടു.
ഇപ്പോള്‍ അഫ്ഗാന്റെ ദുരവസ്ഥയും വികസന ദാരിദ്ര്യവും സ്ത്രീകള്‍ക്കു നേരെയുള്ള അടിച്ചമര്‍ത്തലും ചര്‍ച്ച ചെയ്യുന്നവരാരും ഈ ദുരവസ്ഥയെ കുറിച്ച് ഇതുവരെ കാര്യമായി വിലയിരുത്തിയിട്ടില്ല. വൈദേശികാധിനിവേശത്തിനെതിരായ ചെറുത്തു നില്‍പിനെ റഷ്യന്‍ സൈന്യം നേരിട്ടത് വ്യോമ ആക്രമണത്തിലൂടെയായിരുന്നു. ബോംബിങ്ങില്‍ ആയിരക്കണക്കിന് സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെ ഇരുപത് ലക്ഷം ആളുകള്‍ കൊല്ലപ്പെട്ടു. ഇങ്ങനെ തകര്‍ന്ന രാജ്യത്തു നിന്നാണ്് 1987-89ഓടു കൂടി സോവിയറ്റ് റഷ്യ സമ്പൂര്‍ണമായി പിന്‍മാറുന്നത്.
അങ്ങനെയാണ് റഷ്യക്കെതിരെ പോരാടിയിരുന്ന അഫ്ഗാന്‍ മുജാഹിദുകള്‍ എന്നറിയപ്പെട്ട ഗ്രൂപ്പുകള്‍ അധികാരത്തിലേറുന്നത്. വിവിധ ഗോത്ര ഗ്രൂപ്പുകളാണ് അഫ്ഗാന്‍ പോരാട്ട മുന്നണിയിലുണ്ടായിരുന്നത്. അസര്‍ ബൈജാനി, താജിക്, ഉസ്‌ബെക്, പഷ്തൂണ്‍, ശിയാ ഹസാറുകള്‍ തുടങ്ങിയ വിവിധ ഗ്രൂപ്പുകള്‍ അവരുടെ താല്പര്യങ്ങളുടെ പേരില്‍ വീണ്ടും ഭിന്നിക്കുകയും അധികാര പോരാട്ടങ്ങളിലേക്കു തിരിയുകയും സംഘര്‍ഷം തുടരുകയും ചെയ്യുന്നു. ഗുല്‍ബുദ്ദീന്‍ ഹിക്മതിയാര്‍, ബുര്‍ഹാനുദ്ദീന്‍, റബ്ബാനി, റസൂല്‍ സയ്യാഫ്, അഹ്മദ് ഷാ മസൂദ് തുടങ്ങിയവരാണ് വിവിധ ഗ്രൂപ്പുകളെ പ്രതിനിധീകരിച്ചത്. തുടര്‍ന്ന് റബ്ബാനിയുടെ നേതൃത്വത്തില്‍ സര്‍ക്കാര്‍ രൂപീകരിക്കപ്പെട്ടെങ്കിലും രാഷ്ട്രീയ സ്ഥിരത കൈവരിക്കാനായില്ല.
ഈ സന്ദര്‍ഭങ്ങളിലൊക്കെ തന്നെ തിരശ്ശീലയ്ക്കു പിന്നില്‍ വിദഗ്ധമായി കളി നിയന്ത്രിച്ചുകൊണ്ട് അമേരിക്കയും പാകിസ്താനും സജീവമായുണ്ടായിരുന്നു. അവരുടെ ഇംഗിതത്തിനനുസരിച്ച് മാത്രം മറ്റൊരു രാജ്യത്തെ രൂപപ്പെടുത്തുകയായിരുന്നു. പാക് പ്രസിഡന്റായിരുന്ന സിയാഉല്‍ ഹഖിന്റെ നേതൃത്വത്തില്‍ പാകിസ്താന്റെ വടക്കു പടിഞ്ഞാറന്‍ അതിര്‍ത്തി ദേശങ്ങളില്‍ രൂപീകരിച്ച മതപാഠശാലകളില്‍ നിന്നു പഠിച്ചുവന്ന താലിബാന്‍ എന്ന പുതിയ ഗ്രൂപ്പിന് രൂപം കൊടുക്കുന്നു. പാകിസ്താനിലേക്കു കുടിയേറിയ അഫ്ഗാന്‍ അഭയാര്‍ഥി ക്യാംപില്‍ നിന്നാണ് ഈ മത പാഠശാലകള്‍ പിറവിയെടുക്കുന്നത്. അവരാണ് അമേരിക്കയുടെയും പാക് ചാരസംഘടനയായ ഐ എസ് ഐയുടെയും പിന്തുണയോടെ അഫ്ഗാനില്‍ തിരിച്ചെത്തി ആഭ്യന്തര യുദ്ധങ്ങള്‍ക്കൊടുവില്‍ ഭരണം പിടിക്കുന്നത്. 1996ല്‍ അധികാരത്തിലേറിയ താലിബാന്‍ 2001 വരെ ഭരണം നടത്തി. തുടര്‍ന്ന് അഫ്ഗാനില്‍ പുതിയ സംഘര്‍ഷ ഭൂമി തുറക്കപ്പെടുകയായിരുന്നു.
മധ്യേഷ്യയില്‍ വളരെ തന്ത്രപ്രധാനമായ സ്ഥാനത്തു നിലകൊള്ളുന്ന ദേശമാണ് അഫ്ഗാന്‍. അതുകൊണ്ടു തന്നെ തന്ത്രപരവും ഭൂമിശാസ്ത്രപരവും വാണിജ്യപരവുമായി ഏറെ പ്രാധാന്യമുണ്ട്. വിദേശ ശക്തികള്‍ ഈ നിലയില്‍ തങ്ങളുടെ താല്പര്യങ്ങള്‍ സംരക്ഷിക്കുന്നതിനു വേണ്ടി മാത്രം നാലു പതിറ്റാണ്ടിലേറെയായി അഫ്ഗാന്‍ എന്ന രാജ്യത്തെയും ജനങ്ങളെയും ദുരിതത്തിലേക്ക് എടുത്തെറിയുകയായിരുന്നു.
അവരെയാണ് നാം പഴഞ്ചന്മാരും മതവാദികളും യുദ്ധപ്രഭുക്കളും സംസ്‌കാര ശൂന്യരും സ്ത്രീവിരുദ്ധരും എന്നൊക്കെ വിളിക്കുന്നത്. ഈ കാര്യങ്ങളൊക്കെ ശരിയുമാണ്. പക്ഷെ ഈ ആരോപണങ്ങള്‍ അവര്‍ക്കു നേരെ ഉന്നയിക്കാന്‍ എന്തു യോഗ്യതയാണ് ഇതര രാജ്യങ്ങള്‍ക്കുള്ളത്. അതിസങ്കീര്‍ണമായ ഈ പശ്ചാത്തലത്തില്‍ നിന്നാണ് താലിബാന്റെ തിരിച്ചുവരവിനെ കുറിച്ച് നാം വീണ്ടും സംശയങ്ങളും ആശങ്കകളും ഉന്നയിക്കുന്നത് എന്നു തിരിച്ചറിയണം. അഫ്ഗാന്‍ ഇതിവൃത്തം ആരംഭിക്കുന്നതിനു മുമ്പ്, വിശകലനം തുടങ്ങുന്നതിനു മുമ്പ്, നിരന്തര യുദ്ധങ്ങളെയും സായുധ സംഘര്‍ഷങ്ങളെയും തുടര്‍ന്ന് തച്ചുതകര്‍ക്കപ്പെട്ട രാജ്യത്തിന്റെ സമഗ്രചിത്രം നമ്മുടെ മുന്നിലുണ്ടായിരിക്കണം.
താലിബാന്‍
യു എസ് ഡീല്‍?
വേള്‍ഡ് ട്രേഡ് സെന്റര്‍ ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍ 2001ല്‍ ജോര്‍ജ് ബുഷ് അഫ്ഗാനില്‍ അധിനിവേശം നടത്തുന്നു. അല്‍ഖാഇദ തലവന്‍ ഉസാമ ബിന്‍ ലാദന് അഭയം നല്‍കി എന്നതിന്റെ പേരില്‍ ഭീകരതയ്‌ക്കെതിരായ പോരാട്ടത്തിന്റെ ഭാഗമായാണ്, യു എസ് അഫ്ഗാനില്‍ കയ്യേറ്റം നടത്തിയത്. ഭീകരതയുടെ വിളഭൂമിയെന്ന നിലയില്‍ അഫ്ഗാനിസ്താനെ നിലംപരിശാക്കിയാല്‍ മാത്രമേ ഭീകരതയ്‌ക്കെതിരായ പോരാട്ടം വിജയം കാണൂ എന്നതായിരുന്നു ന്യായം.
ബുഷ് അഫ്ഗാനില്‍ കയ്യേറ്റം നടത്തുമ്പോള്‍ പാകിസ്താനുമായി ഒരു ഡീല്‍ ഉറപ്പിച്ചിരുന്നു എന്നാണ് മനസ്സിലാക്കേണ്ടത്. കാരണം, എന്തുകൊണ്ട് 2001 അധിനിവേശത്തിനു ശേഷം താലിബാനും യു എസ് സൈന്യവുമായി നേരിട്ട് ഏറ്റുമുട്ടലുണ്ടായില്ല. അമേരിക്ക കാബൂള്‍ നിയന്ത്രിക്കുകയും അവര്‍ക്കു താല്പര്യമുള്ള ഹാമിദ് കര്‍സായിയെ പ്രസിഡന്റായി അവരോധിക്കുകയും ചെയ്യുന്നു. ഹാമിദ് കര്‍സായി അഫ്ഗാനില്‍ കാര്യമായി വേരില്ലാത്ത, പശ്ചാത്യ വിദ്യാഭ്യാസം നേടിയ, അമേരിക്കന്‍ സ്ഥാപനങ്ങളില്‍ ജോലി ചെയ്തിരുന്ന, സി ഐ എയുമായി അടുത്ത ബന്ധം പുലര്‍ത്തിയിരുന്ന പഷ്തൂണ്‍കാരനാണ്.
കാബൂളില്‍ നിന്നും നഗരകേന്ദ്രങ്ങളില്‍ നിന്നും, തങ്ങള്‍ സംഘടിത ശക്തിയായി മാറിയ ഗ്രാമങ്ങളിലേക്ക് താലിബാന്‍ തിരിച്ചുപോവുകയായിരുന്നു. ഈ സംഭവ വികാസങ്ങള്‍ സ്വാഭാവികമായുണ്ടായതല്ല, ഒരു രഹസ്യ ഉടമ്പടിയുടെ ഭാഗമാണെന്നാണ് പുതിയ ചില വെളിപ്പെടുത്തലുകള്‍ പറയുന്നത്. ഒരു ‘നെഗോഷിയേറ്റഡ് സെറ്റില്‍മെന്റ്’ എന്നു പറയാം. അതുകൊണ്ടാണ് യു എസിനെതിരെ താലിബാന്റെ ശക്തമായ പ്രതിരോധമോ കടന്നാക്രമണമോ കാണാതിരുന്നത്. യു എസ് അധിനിവേശം നടത്തിയ ഇറാഖിലെ സ്ഥിതി എന്തെന്നു നമുക്കറിയാം. അതിശക്തവും രക്തരൂഷിതവുമായ പ്രതിരോധവും ആക്രമണമായിരുന്നു ഇറാഖിലെങ്ങും ഉണ്ടായത്. ഇറാഖികളെക്കാള്‍ യോദ്ധാക്കളായ അഫ്ഗാനികളിലെ താലിബാന്‍ പോലുള്ള ഗ്രൂപ്പുകള്‍ അമേരിക്കയ്‌ക്കെതിരെ പോരാടിയില്ല എന്നത് വലിയ ചോദ്യമാണ്. നമ്മള്‍ പ്രത്യക്ഷത്തില്‍ കാണുന്ന നാടകങ്ങളുടെ തിരശ്ശീലയ്ക്കു പിന്നില്‍ മറ്റൊരുപാട് ഗെയിമുകള്‍ നടക്കുന്നുണ്ട്. അതറിയാതെയാണ് ലോകം പെട്ടെന്നൊരു തീര്‍പ്പില്‍ എത്തിക്കളയുന്നത്.
കളമൊരുക്കിയതാര്?
അഫ്ഗാന്‍ നാലു പതിറ്റാണ്ടിലേറെയായി സംഘര്‍ഷ ഭൂമിയാണെന്നു കണ്ടു. ആദ്യം കമ്യൂണിസ്റ്റുകളും അഫ്ഗാന്‍ പോരാളികളും തമ്മില്‍, തുടര്‍ന്ന് ഇസ്‌ലാമിസ്റ്റുകളും സോവിയറ്റ് അധിനിവേശ ശക്തികളും തമ്മില്‍, സോവിയറ്റ് യൂണിയന്‍ പിന്മാറിയതിനു ശേഷം പോരാളികളായ യുദ്ധ പ്രഭുക്കള്‍ തമ്മിലുള്ള പോരാട്ടം, അതിനു ശേഷം അഫ്ഗാന്‍ എത്‌നിക് ഗ്രൂപ്പുകളും താലിബാനും തമ്മിലുള്ള പോരാട്ടങ്ങള്‍. തുടര്‍ച്ചയായ ഈ ആഭ്യന്തര യുദ്ധങ്ങളും സായുധ സംഘര്‍ഷങ്ങളും അവിടെ തന്നെ പൊട്ടിമുളച്ചുണ്ടായതല്ല എന്ന വിഷയത്തിലാണ് മര്‍മം കിടക്കുന്നത്.
ആഭ്യന്തര യുദ്ധങ്ങള്‍ പലതും അന്താരാഷ്ട്ര തലത്തില്‍ നടന്ന ഗൂഢാലോചനകളുടെ ഫലമായിരുന്നു. ഈ പശ്ചാത്തലത്തില്‍, താലിബാന്‍ പതനത്തിനു ശേഷം അമേരിക്കന്‍ പിന്തുണയോടെ രൂപംകൊണ്ട സര്‍ക്കാര്‍ അഫ്ഗാന്റെ പുനര്‍നിര്‍മാണ പ്രക്രിയയിലും വികസനത്തിലും ശ്രദ്ധ കൊടുക്കുമെന്ന് അന്നാട്ടുകാരില്‍ നല്ലൊരു ശതമാനം വിശ്വസിച്ചിരുന്നു. അഫ്ഗാനികളുടെ ഈ പ്രതീക്ഷയെ അമേരിക്കന്‍- നാറ്റോ സഖ്യ സേന കണ്ടിരുന്നത് എങ്ങനെയെന്നതും പ്രസക്തമാണ്. അസമത്വത്തിന്റെയും അഴിമതിയുടെയും സമ്പത്ത് അടിച്ചുമാറ്റുന്നതിന്റെയും വലിയൊരു ചിത്രം രൂപപ്പെടുന്നതു കാണാം. ട്രില്യന്‍ കണക്കിന് ഡോളര്‍ അമേരിക്ക അഫ്ഗാനിലേക്ക് പമ്പു ചെയ്തുകൊണ്ടിരുന്നു.
പ്രതിരോധ ശേഷി ആര്‍ജിക്കും വിധം അഫ്ഗാന്‍ സൈന്യത്തെ ശക്തിപ്പെടുത്തുക, സാമ്പത്തികമായും അടിസ്ഥാന സൗകര്യങ്ങളുടെ കാര്യത്തിലും രാജ്യത്തെ പുനര്‍നിര്‍മിക്കുക എന്നതായിരുന്നു അതിന്റെ പ്രധാന ലക്ഷ്യം. പ്രഖ്യാപിത ലക്ഷ്യം അങ്ങനെ തന്നെ നിലനില്‍ക്കുമ്പോഴും അമേരിക്കയും സഖ്യ കക്ഷികളും അറബ് രാജ്യങ്ങളും നിര്‍ലോഭം നല്‍കിയ പണം എങ്ങോട്ടാണ് വഴിമാറി ഒഴുകിയത് എന്നു പരിശോധിക്കുമ്പോള്‍ പിന്നാമ്പുറ കളി വ്യക്തമാകും. അഫ്ഗാന്‍ പുനനിര്‍മാണത്തിനു പകരം അമേരിക്കന്‍ താല്പര്യങ്ങള്‍ സംരക്ഷിക്കുന്ന അഫ്ഗാന്‍ കങ്കാണിമാരായ ഇടനിലക്കാരുടെ സ്വകാര്യ ഖജനാവുകളിലേക്കാണ് ഈ പണം ചെന്നുചേര്‍ന്നത്.
അഫ്ഗാനില്‍ യു എസ്- നാറ്റോ സഖ്യം രൂപപ്പെടുത്തിയ മൂന്നു ലക്ഷത്തോളം വരുന്ന സൈന്യത്തിന് മാന്യമായി ശമ്പളം നല്‍കുന്നതിനു പോലും അഫ്ഗാന്‍ സര്‍ക്കാരിനു കഴിഞ്ഞില്ലെന്നത് വിഷയത്തിന്റെ ഗൗരവം ബോധ്യപ്പെടുത്തും. സമ്പത്ത് ചില കോണുകളില്‍ മാത്രം കുമിഞ്ഞുകൂടുകയായിരുന്നു.
ഇതേസമയം, അഫ്ഗാനിലെ നഗര കേന്ദ്രങ്ങള്‍ക്കപ്പുറം ഗ്രാമങ്ങള്‍ നിയന്ത്രിക്കുന്നത് യുദ്ധ പ്രഭുക്കളാണ്. അവര്‍ ഒരു സമാന്തര സമ്പദ് വ്യവസ്ഥ വികസിപ്പിക്കുകയായിരുന്നു. മയക്കുമരുന്നും (കറുപ്പ്) ആയുധവുമായിരുന്നു ഈ സാമ്പത്തിക സ്രോതസ്സിന്റെ മുഖ്യ ഉറവിടം. ലോകത്ത് വിതരണം ചെയ്യുന്ന ഓപ്പിയത്തിന്റെ 80 ശതമാനവും അഫ്ഗാനില്‍ മാത്രം ഉല്പാദിപ്പിക്കുന്നതാണ്. കാര്‍ഷിക വിളകളുടെ ഉല്പാദനം കുറയുകയും ചെയ്തതോടെ ഒരു അരാജകാവസ്ഥ ഉടലെടുത്തു. യുദ്ധപ്രഭുക്കള്‍ക്കും അമേരിക്കയുടെ പിണിയാളുകളായി അധികാരത്തോടൊട്ടി നില്‍ക്കുന്ന ഉന്നത വിഭാഗക്കാര്‍ക്കും അഫ്ഗാനില്‍ മേല്‍ക്കൈ ലഭിച്ചു. ഇത്തരക്കാര്‍ ലക്ഷപ്രഭുക്കളോ കോടിപതികളോ ആയി മാറി. താലിബാനും ഇതിന്റെ ഗുണഭോക്താക്കളായി എന്നാണ് യു എന്‍ റിപ്പോര്‍ട്ടുകള്‍ പറയുന്നത്. യു എന്‍ പ്രസ്താവനകള്‍ വിശ്വസിക്കാമെങ്കില്‍ അവരുടെ ആസ്തി 400 മില്യനോളം ഡോളര്‍ വരും. മറ്റു ചില കണക്കുകള്‍ പറയുന്നത് 40 ദശലക്ഷം ഡോളര്‍ ആണ് താലിബാന്‍ നേടിയത് എന്നാണ്.
ചെകുത്താനും കടലിനും ഇടയില്‍ പെട്ടു വലയുന്ന അഫ്ഗാന്‍ ജനത പിന്നീടൊരു ആശ്രയമായി കാണുന്നത് താലിബാനെയാണ്. താലിബാന്‍ ഗ്രാമങ്ങളില്‍ നിന്ന് രൂപംകൊണ്ട മധ്യവര്‍ഗമോ അതിനും താഴെയോ ഉള്ളവരുടെ ഗ്രൂപ്പാണ്. ആദ്യ താലിബാന്‍ ഭരണത്തില്‍ അഴിമതി താരതമ്യേനെ കുറവായിരുന്നു എന്ന വസ്തുത അവിടെ നിലനില്‍ക്കുന്നുണ്ട്. 2001നു ശേഷം ഗ്രാമങ്ങളില്‍ താലിബാന്‍ രൂപം കൊടുത്ത സമാന്തര ജുഡീഷ്യല്‍ സംവിധാനത്തില്‍ (താലിബാന്‍ പണ്ഡിതരുടെ നേതൃത്വത്തില്‍) സാധാരണ ജനങ്ങള്‍ക്കനുകൂലമായി വിധി പറയുന്ന സാഹചര്യം സംജാതമായി. അങ്ങേയറ്റം ക്രൂരരും സ്ത്രീ വിരുദ്ധരും അക്രമണോത്സുകരുമായ, വിദ്യാഭ്യാസത്തിന് തീരെ പ്രാധാന്യം നല്‍കാത്ത, ലോക പരിജ്ഞാനമില്ലാത്തവരാണ് താലിബാന്‍ എന്ന വസ്തുത നിലനില്‍ക്കെ തന്നെ ഇത്തരമൊരു സാമൂഹിക- സാമ്പത്തിക സാഹചര്യം സൃഷ്ടിക്കപ്പെടുകയായിരുന്നു. സ്വാഭാവികമായും താലിബാനെ പിന്തുണയ്ക്കുന്ന ഗ്രാമങ്ങള്‍ അഫ്ഗാനില്‍ വളര്‍ന്നുവന്നു. 2001ലെ യു എസ് അധിനിവേശത്തെ തുടര്‍ന്ന് രൂപംകൊണ്ട കര്‍സായി, അശ്‌റഫ് ഗനി സര്‍ക്കാരുകളുടെ ഭരണത്തെ തുടര്‍ന്നു സൃഷ്ടിക്കപ്പെട്ടത് ഇത്തരമൊരു സാഹചര്യമാണ്.
(അവസാനിക്കുന്നില്ല)