21 Tuesday
March 2023
2023 March 21
1444 Chabân 28

വക്കീലിന്റെ രണ്ടാം വിവാഹവും പ്രവാസിയുടെ ഇന്‍ഷുറന്‍സ് പോളിസിയും

ജലീല്‍ കുഴിപ്പുറം

ഈയിടെ സോഷ്യല്‍മീഡിയകളില്‍ പ്രാധാന്യപൂര്‍വം ചര്‍ച്ചയായ വിഷയമാണ് ഒരു വക്കീലിന്റെ രണ്ടാം വിവാഹം! ഒരു പ്രത്യേക കമ്മ്യൂണിറ്റിയില്‍ ജനിച്ചതിന്റെ പേരില്‍ തന്റെ മൂന്ന് പെണ്‍മക്കള്‍ക്ക് തന്റെ കാലശേഷം നഷ്ടപ്പെടുമോയെന്ന് ആശങ്കപ്പെടുത്തിയ അനന്തരാവകാശ നിയമമാണിവിടെ മര്‍മഭാഗം. ഇസ്‌ലാമിനെ ഒരു മതമായി വിശ്വസിക്കുകയും, കര്‍മങ്ങളെ ജീവിതനിര്‍ബന്ധമായി കണക്കാക്കുകയും ചെയ്യുന്നവരെ സംബന്ധിച്ചിടത്തോളം ദൈവമെന്ന സ്രഷ്ടാവിന്റെ ആജ്ഞകളും പ്രവാചകന്‍മാരുടെ ഉപദേശങ്ങളും ശിരസ്സാവഹിക്കുക എന്നത് പാരത്രിക മോക്ഷത്തിന്റെ കൂടി മാര്‍ഗമാണ്. ഇസ്‌ലാമില്‍ ശരീഅത്ത് നിയമങ്ങള്‍ ഏതെങ്കിലും ഖബീലകള്‍ കൂടിയിരുന്ന് മുശാവറകളില്‍ ഉരുത്തിരിഞ്ഞുവരുന്ന ഒന്നല്ല. പഞ്ചകര്‍മങ്ങളില്‍ നിര്‍ബന്ധമാക്കപ്പെട്ട നമസ്‌കാരം, നോമ്പ്, സകാത്ത്, ഹജ്ജ് തുടങ്ങിയ കര്‍മങ്ങളുടെ ലാഭനഷ്ടക്കണക്കുകള്‍ പടച്ചവനില്‍ മാത്രം നിക്ഷിപ്തമാണ്.
പ്രവാസജീവിതത്തിനിടയിലെ മറക്കാനാവാത്ത ഒരനുഭവമാണ് വക്കീലിന്റെ വിവാഹവുമായി താരതമ്യം തോന്നുന്നത്. അബൂദബി മുസഫയില്‍ ജോലി ചെയ്തുകൊണ്ടിരിക്കെ ഹാര്‍ഡ്‌വെയര്‍ഷോപ്പ് നടത്തിക്കൊണ്ടിരിക്കുന്ന അമ്പതിനു മുകളില്‍ പ്രായമുള്ള ഒരു അച്ചായന്‍. ഗള്‍ഫിലെ പ്രമുഖ ഇംഗ്ലീഷ് പത്രത്തിന്റെ കൂടെ ഒരു മലയാള പത്രം കൂടി അദ്ദേഹം വരുത്തുന്നുണ്ടായിരുന്നു. പത്രങ്ങള്‍ വായിക്കുന്നതിനേക്കാളപ്പുറം രണ്ടും കൂടി ഒരു വര്‍ഷത്തേക്കെടുക്കുമ്പോള്‍ ജീവന്‍രക്ഷാ ഇന്‍ഷുറന്‍സ് പോളിസിയുടെ ലാഭക്കൊതിയായിരുന്നു ഈ കച്ചവടത്തിന്റെ മുഖ്യ ആഗ്രഹം. പ്രായപരിധി വിട്ടാല്‍ ആനുകൂല്യത്തിന് അനര്‍ഹനാകുമോ, നാട്ടിലുള്ള മക്കളുടെ പേരിലേക്ക് അടുത്ത പീരീഡ് പുതുക്കാമോ എന്നിങ്ങനെ ഒരുപാട് ആശങ്കകള്‍ അദ്ദേഹം പങ്കുവെക്കുമായിരുന്നു.
ഭീമമായ ആനുകൂല്യം നഷ്ടപ്പെടുത്തരുതെന്ന ജിജ്ഞാസ റെന്യൂവല്‍ കാലയളവ് കരുതലോടെ അച്ചായന്‍ ഓര്‍ത്തിരുന്നു. ഒരവധിക്ക് അയാള്‍ നാട്ടില്‍ പോകുമ്പോഴും ഓര്‍മിപ്പിച്ചു, ‘അടുത്ത മാസം പത്രം പുതുക്കാനായിട്ടുണ്ട്. ഞാന്‍ വന്നിട്ട് പുതുക്കാം’ എന്ന്. അയാള്‍ നാട്ടില്‍ പോയി ഒരു മാസം കഴിഞ്ഞ് പത്രങ്ങള്‍ എക്‌സ്‌പെയറായി. എന്തായാലും അയാള്‍ വന്നിട്ട് പുതുക്കിയാല്‍ മതി എന്നു പറഞ്ഞതാണല്ലോ. ഒന്നുരണ്ടു മാസത്തിനു ശേഷം കടയില്‍ ചെന്നപ്പോള്‍ കടയിലെ ജീവനക്കാരന്‍ പറഞ്ഞു: ”മുതലാളി നാട്ടില്‍ പോയപ്പോള്‍ മരിച്ചുപോയി. വയറിങ് ജോലി അറിയാമായിരുന്നതിനാല്‍ മഴയത്ത് കറന്റ് പോയപ്പോള്‍ നന്നാക്കാന്‍ പോയതാ. അബദ്ധത്തില്‍ ഷോക്കേറ്റു. രക്ഷിക്കാന്‍ കഴിഞ്ഞില്ല.” കേട്ടുകഴിഞ്ഞപ്പോള്‍ സങ്കടത്തോടെ മനസ്സില്‍ തോന്നിയത് ‘പാഴായ ലക്ഷങ്ങളുടെ ഇന്‍ഷൂറന്‍സേ, നിനക്ക് മാപ്പ്’ എന്നാണ്. വക്കീലിന്റെ ബുദ്ധിപരമായ അനന്തരാവകാശ ലാഭവുമായി അച്ചായന്റെ ഇന്‍ഷൂറന്‍സിന് സാമ്യമുള്ളതുപോലെ.

0 0 vote
Article Rating
Back to Top
0
Would love your thoughts, please comment.x
()
x