16 Friday
January 2026
2026 January 16
1447 Rajab 27

സീല്‍ഡ് കവറിലെ നീതിനിഷേധം


മീഡിയ വണ്‍ ചാനലിന്റെ ലൈസന്‍സ് പുതുക്കി നല്‍കണമെന്ന് സുപ്രീംകോടതി ഉത്തരവായിരിക്കുന്നു. രാജ്യസുരക്ഷയുടെ പേരില്‍ ഏതാനും മാസങ്ങള്‍ക്ക് മുമ്പാണ് മീഡിയ വണ്‍ ചാനലിന്റെ ലൈസന്‍സ് റദ്ദാക്കിയത്. പിന്നീട് താത്കാലിക ഉത്തരവിന്റെ ബലത്തില്‍ ചാനലിന് പ്രവര്‍ത്തിക്കാന്‍ സാധിച്ചെങ്കിലും അന്തിമ വിധി ഇപ്പോഴാണ് ഉണ്ടാവുന്നത്. ഒരു ചാനലിന് പ്രവര്‍ത്തന സ്വാതന്ത്ര്യം അനുവദിച്ചു നല്‍കി എന്നതോടൊപ്പം തന്നെ സുപ്രധാനമായ ചില കാര്യങ്ങളിലേക്ക് കൂടി ഈ വിധിപ്രസ്താവം വിരല്‍ ചൂണ്ടുന്നുണ്ട്.
ഈ കേസിലും സമാനമായ മറ്റ് പല കാര്യങ്ങളിലും ഇപ്പോള്‍ ഭരണകൂടം സ്വീകരിക്കുന്ന ഒരു സമീപനമുണ്ട്. കോടതിയില്‍ വിചാരണ നടക്കുമ്പോള്‍, പ്രതിഭാഗത്തിനെതിരായ രേഖകളും ഭരണകൂടവാദങ്ങളും മുദ്രവെച്ച കവറിലാണ് സമര്‍പ്പിക്കുക. ഇങ്ങനെ സമര്‍പ്പിക്കപ്പെടുന്ന രേഖകള്‍ ജഡ്ജിക്ക് മാത്രമേ ലഭ്യമാവൂ. അതിന്റെ ഉള്ളടക്കം അറിയാന്‍ എതിര്‍കക്ഷികള്‍ക്ക് സാധിക്കില്ല. അതുകൊണ്ട് തന്നെ, മറുവാദം ഉന്നയിക്കാനോ പ്രസ്തുത ആരോപണങ്ങളില്‍ എതിര്‍കക്ഷിക്കുള്ള മറുപടി നല്‍കാനോ സാധിക്കാതെ വരുന്നു. ചെയ്ത കുറ്റം എന്താണെന്ന് അറിയുക എന്നതും അതില്‍ പറയാനുള്ളത് കേള്‍ക്കുക എന്നതും സ്വാഭാവിക നീതിയുടെ ഭാഗമായി അംഗീകരിക്കപ്പെട്ടതാണ്. മറുവാദം സമര്‍പ്പിക്കാനുള്ള അവസരം ഉണ്ടാവുക എന്നതാണ് സ്വാഭാവിക നീതി. ഇത് ലോകത്ത് എല്ലായിടത്തും പാലിക്കപ്പെടുന്ന നിയമനടപടിക്രമങ്ങളുടെ ഭാഗമാണ്.
എന്നാല്‍, ഈ സ്വാഭാവിക നീതിയെ റദ്ദ് ചെയ്യുന്നതാണ് ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്ന സീല്‍ഡ് കവറിലെ നടപടിക്രമങ്ങള്‍. മീഡിയ വണ്‍ കേസിലും ഇതേ പോലെ തന്നെയാണ് കേന്ദ്രസര്‍ക്കാര്‍ പ്രവര്‍ത്തിച്ചത്. രാജ്യസുരക്ഷയെ ബാധിക്കുമെന്നതിനാല്‍ മുദ്രവെച്ച കവറിലാണ് വിവരങ്ങള്‍ സമര്‍പ്പിച്ചത്. അതോടെ, ചാനല്‍ ചെയ്ത കുറ്റം എന്താണെന്ന് അവര്‍ക്കറിയാന്‍ സാധിക്കുന്നില്ല. അതുകൊണ്ട് തന്നെ, മറുവാദവും ചാനലിന്റെ നിലപാടും രേഖപ്പെടുത്താന്‍ സാധിക്കാതെ പോകുന്നു. ഈ നിസ്സഹായാവസ്ഥയിലാണ് പല വിധിപ്രസ്താവങ്ങളും ഉണ്ടാവുന്നത്. എന്നാല്‍, ഈ അസ്വാഭാവിക നടപടി അനാവശ്യമായി കൊണ്ടുവരരുത് എന്നാണ് ഇപ്പോള്‍ സുപ്രീംകോടതി താക്കീത് നല്‍കിയിരിക്കുന്നത്. വാദങ്ങളെല്ലാം മുദ്രവെച്ച് എതിര്‍കക്ഷികളെ നിശ്ശബ്ദരാക്കുന്ന അനീതി ജനാധിപത്യത്തെയാണ് തുരങ്കം വെക്കുന്നത്.
സുപ്രീംകോടതി വ്യക്തമാക്കിയ മറ്റൊരു കാര്യം ഭരണകൂട വിമര്‍ശത്തെക്കുറിച്ചാണ്. മുഴുവന്‍ മാധ്യമങ്ങള്‍ക്കും മാധ്യമപ്രവര്‍ത്തകര്‍ക്കും ആത്മവിശ്വാസം നല്‍കുന്നതാണ് സുപ്രീം കോടതിയുടെ നിരീക്ഷണം. ഭരണകൂടത്തെ വിമര്‍ശിക്കുക എന്നത് രാജ്യദ്രോഹമല്ല, മാധ്യമങ്ങള്‍ എപ്പോഴും ഭരണകൂടത്തെ പിന്തുണക്കുന്നവരാവണം എന്നുവന്നാല്‍ ജനാധിപത്യ സംവാദങ്ങള്‍ ഉണ്ടാവില്ല. ന്യൂനപക്ഷങ്ങളുടെയും പിന്നാക്ക വിഭാഗങ്ങളുടെയും പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്യുന്നത് ഭരണകൂടത്തെ അട്ടിമറിക്കുക എന്ന ലക്ഷ്യത്തിനല്ല.
അധികാരത്തിലിരിക്കുന്നവരെ വിമര്‍ശിക്കുക എന്നത് ജനാധിപത്യ സംസ്‌കാരത്തിന്റെ ഭാഗമാണ്. ഇങ്ങനെ തുടങ്ങിയ ഒട്ടേറെ നിരീക്ഷണങ്ങളാണ് ഈ വിധിപ്രസ്താവത്തിലൂടെ സുപ്രീംകോടതി മുന്നോട്ടു വെച്ചിട്ടുള്ളത്. അതില്‍ ഏറ്റവും പ്രധാനം സീല്‍ഡ് കവറും ഭരണകൂട വിമര്‍ശനവും സംബന്ധിച്ചുള്ള വിലയിരുത്തലുകളാണ്.
മാധ്യമങ്ങളെ ജനാധിപത്യത്തിന്റെ നാലാം സ്തംഭം എന്നു വിളിക്കുന്നത് തന്നെ ഭരണത്തിലിരിക്കുമ്പോള്‍ അത് സഹജമായി കാണിക്കുന്ന പ്രതിപക്ഷ സ്വഭാവം കൊണ്ടാണ്. എന്നാല്‍ കഴിഞ്ഞ കുറെ വര്‍ഷങ്ങളായി മാധ്യമങ്ങളുടെ വായ മൂടികെട്ടിയിരിക്കുകയാണ്. അന്വേഷണ ഏജന്‍സികളെ ഉപയോഗിച്ചുകൊണ്ടും അനാവശ്യ നിയമപ്രയോഗം മൂലവും മാധ്യമങ്ങളുടെ സ്വതന്ത്രപ്രവര്‍ത്തനം ഒരു മരീചികയായി മാറിയ സ്ഥിതി ഉണ്ടായിട്ടുണ്ട്. വിമര്‍ശിക്കുന്ന മാധ്യമങ്ങളെയെല്ലാം പല വിധത്തില്‍ വിലക്കെടുക്കുന്ന സമീപനവും കോര്‍പ്പറേറ്റ് ലോകത്തുണ്ടായത് നാം കണ്ടതാണ്. എന്‍ ഡി ടി വി അദാനിയുടെ കൈകളിലെത്തിയത് ഇത്തരം കുറുക്കുവഴികളിലൂടെയാണ്. ഇങ്ങനെ പല രൂപത്തില്‍ തുടരുന്ന മാധ്യമ നിയന്ത്രണങ്ങളോടുള്ള പ്രതികരണമായി ഈ സുപ്രീംകോടതി വിധിയെ കണക്കാക്കാം.
ഭരണകൂട വിമര്‍ശനം എന്നത് രാജ്യസുരക്ഷയെ ബാധിക്കുന്ന കാര്യമല്ല എന്നതും സീല്‍ഡ് കവറിലാക്കി സ്വാഭാവിക നീതി നിഷേധിക്കപ്പെടുന്ന സാഹചര്യം ഉണ്ടാവരുത് എന്നുമുള്ള നിരീക്ഷണം വരുംകാലത്തേക്കുള്ള റഫറന്‍സ് കൂടിയാണ്. സമാന സാഹചര്യത്തിലൂടെ കടന്നുപോകുന്ന നിരവധി കേസുകള്‍ക്ക് നീതി ലഭിക്കുവാന്‍ ഈ വിധി പ്രചോദനമാകുമെന്ന് പ്രത്യാശിക്കാം.

Back to Top