8 Sunday
September 2024
2024 September 8
1446 Rabie Al-Awwal 4

സ്‌ക്രീനേജിലെ പൂമൊട്ടുകള്‍ക്കായി ഒരു വായനോത്സവം

മുജീബ് എടവണ്ണ


‘കുട്ടികള്‍ ഭാവിയിലെ നേതാക്കളാണ്, അവരില്‍ നിന്നാണ് സര്‍ഗപ്രക്രിയകള്‍ പ്രവഹിക്കുന്നത്. ഉത്തമ സമൂഹസൃഷ്ടിക്കുള്ള ഏറ്റവും മൂല്യവത്തായ മൂലധനമാണ് മക്കള്‍. അവരില്‍ കേന്ദ്രീകരിച്ചും ദിശാസൂചനകളില്‍ അവര്‍ക്ക് മുന്‍ഗണന നല്‍കിയുമായിരിക്കണം പുരോഗമന പ്രവര്‍ത്തനങ്ങള്‍. ഈ ഭൂമിയില്‍ നമുക്കുള്ള ഏറ്റവും വിലപ്പെട്ടത് കുഞ്ഞുങ്ങളായിരിക്കും. അവരാണ് രാജ്യത്തിന്റെ യഥാര്‍ഥ സ്വത്ത്’. യു എ ഇ സുപ്രീം കൗണ്‍സില്‍ അംഗവും ഷാര്‍ജ ഭരണാധികാരിയുമായ ശൈഖ് സുല്‍ത്താന്‍ ബ്ന്‍ മുഹമ്മദ് അല്‍ ഖാസിമി 1985 ഫെബ്രുവരി 9ന് കുട്ടികളുടെ സാംസ്‌കാരികോത്സവം ഉദ്ഘാടനം ചെയ്ത് സംഗ്രഹിച്ചതാണിത്. വായനയെയും പുസ്തകത്തെയും പ്രണയിക്കുന്ന ഒരു നേതാവിന്റെ വാക്കുകളില്‍ നിന്ന് ഷാര്‍ജ ഇതുവരെ പിന്തിരിഞ്ഞിട്ടില്ല.
1992-ലെ എട്ടാമത് കുട്ടികളുടെ സാംസ്‌കാരികോത്സവത്തോട് അനുബന്ധിച്ച്, ശൈഖ് ഇങ്ങനെ കൂടി പറഞ്ഞു: ‘ബാല്യത്തെ ഭാവിയിലേക്ക് ശരിയായ ദിശയില്‍ വളര്‍ത്തലാണ് ഞങ്ങളുടെ ലക്ഷ്യം. ഈ ദൗത്യത്തിനായി തലമുറകളെ പരിപാലിക്കാന്‍ പ്രതിജ്ഞയെടുക്കുന്ന കാര്യക്ഷമമായ സേവനസ്ഥാപനങ്ങള്‍ കെട്ടിപ്പടുക്കാന്‍ നാം ശ്രദ്ധിക്കുകയും സഹകരിക്കുകയും വേണം’.
ഷാര്‍ജ ഭരണാധികാരിയുടെ ശബ്ദം ശ്രവിച്ച അക്കാലത്തെ കുഞ്ഞുങ്ങളെല്ലാം ഇന്ന് യുവതികളോ യുവാക്കളോ ആയിട്ടുണ്ടാകും. ചിലര്‍ക്ക് കുടുംബങ്ങളുമായി. ഭരണാധികാരിയുടെ കരുതലിന്റെ തണലും തലോടലും അനുഭവിച്ച ഈ ജനത വാക്കിന്റെ വെളിച്ചത്തിലാണ് വളര്‍ന്നത്. ഓരോ വാക്കിനും അര്‍ഥം നല്‍കുന്നത് വാഗ്ദാനങ്ങള്‍ പ്രവര്‍ത്തിപഥത്തിലെത്തിച്ചു കൊണ്ടാണ്. മെയ് ഒന്നിനു തുടങ്ങി പന്ത്രണ്ടിനു കൊടിയിറങ്ങിയ ഷാര്‍ജയിലെ കുട്ടികളുടെ വായനോത്സവം ഉപരിസൂചിത ഉറപ്പുകളുടെ തെളിനീര്‍ തടാകമായിരുന്നു. പുസ്തകങ്ങളോട് കൂട്ടുകൂടാന്‍ കുട്ടികള്‍ക്ക് അവസരം നല്‍കുന്നതായിരുന്നു ചില്‍ഡ്രന്‍സ് റീഡിങ് ഫെസ്റ്റിവല്‍. മലയാളി സമൂഹത്തിനിടയില്‍ സ്വതസിദ്ധമായുണ്ടാകുന്ന ആരവം സൃഷ്ടിക്കാതെയാണ് പുസ്തകോത്സവത്തിന് തിരശീല താഴ്ന്നത്. പുതുതലമുറയ്ക്ക് പുസ്തകങ്ങളോടും വായനയോടും അഭിനിവേശമുണ്ടാക്കുന്ന വൈവിധ്യമാര്‍ന്ന പരിപാടികള്‍ പുസ്തകോത്സവത്തോട് അനുബന്ധിച്ചുണ്ടായിരുന്നു. കഥകളിലൂടെയും കളികളിലൂടെയും കുരുന്നുകളുടെ ഇളം മനസ്സിലേക്ക് ഇറങ്ങിച്ചെല്ലാന്‍ അറബ് ലോകത്തെ പ്രതിഭാധനര്‍ ഷാര്‍ജയിലെ എക്‌സ്‌പോ സെന്ററില്‍ അതിഥികളായെത്തി.

സുഡാന്‍ എഴുത്തുകാരി ഇസ്തബ്‌റഖ് അഹ്‌മദ്, ജോര്‍ജിയയിലെ ബാലസാഹിത്യകാരി ഡോ. ലിയാ ശല്‍വാശ് വിലി, ജര്‍മനിയില്‍ താമസിക്കുന്ന ലബനാന്‍ എഴുത്തുകാരി ലൈലാ അബൂ കരീം, യു എ ഇ എഴുത്തുകാരി ആയിശ അബ്ദുല്ല, നാദിയ അന്നജ്ജാര്‍ എന്നിവര്‍ ഒറ്റയ്ക്കും ഒന്നിച്ചുമിരുന്ന പരിപാടികളില്‍ വായന മാത്രമല്ല കുട്ടികളുടെ സുരക്ഷയും ചര്‍ച്ചയായി. കുട്ടികള്‍ക്കായി ശ്രദ്ധേയ കൃതികള്‍ സമ്മാനിച്ച ലോകത്തെ എഴുത്തുകാരെ ഒരു കുടക്കീഴില്‍ കൊണ്ടുവരികയായിരുന്നു ഷാര്‍ജ സര്‍ക്കാര്‍. വിശാലമായ മൂന്നും നാലും ഹാളുകള്‍ വിവിധ ഭാഷാ പുസ്തകങ്ങളുടെ കലവറയായപ്പോള്‍ അനുബന്ധ ഹാളുകള്‍ വിവിധ പരിപാടികളുടെ വര്‍ണവേദിയായി കുരുന്നുകളെ ഹരം കൊള്ളിച്ചു.
ശില്പശാലകള്‍, ചര്‍ച്ചകള്‍, കഥാകഥനം, ചിത്രരചന, സംഗീതാസ്വാദനം, നാടകം എന്നിങ്ങനെ 1500 ലേറെ പരിപാടികള്‍ കുട്ടികളെ പിടിച്ചിരുത്തുന്നതായിരുന്നു. 12 ദിവസത്തിനുള്ളില്‍ ഒന്നര ലക്ഷത്തിലധികം ആളുകള്‍ കുട്ടികളെ വായനയുടെയും ഭാവനയുടെയും വിഹായസ്സിലേക്കുയര്‍ത്തുന്ന സാംസ്‌കാരികോത്സവത്തില്‍ പങ്കുകൊണ്ടു.
വാക്കുകളിലെ
സംഗീതാത്മകത

സംഗീതസംവിധായകന്‍ എയ്‌ലീ നഖ്‌ലയുടെ മ്യൂസിക്കല്‍ കോമ്പോസിഷനായിരുന്നു പുതുമ പകര്‍ന്ന ഒരിനം. ഒരു ഗാനവരികളിലെ വാക്കുകളുമായി സംഗീതത്തെ എങ്ങനെ ലിങ്ക് ചെയ്യാം എന്നതായിരുന്നു വിഷയം. ഒരു വലിയ ബോര്‍ഡില്‍ കാവ്യാത്മക വാചകം പ്രദര്‍ശിപ്പിച്ചാണ് ശില്‍പശാല ആരംഭിച്ചത്. അവതാരകന്‍ മന്ദഗതിയില്‍ ഒരു സംഗീത ശകലം വായിച്ചു. ഓരോ ഭാഗത്തിലെയും സംഗീതത്തിനും വാക്കുകള്‍ക്കും ഇടയില്‍ സമന്വയം എങ്ങനെ കൈവരിക്കാമെന്നും വിശദീകരിച്ചു. കുട്ടികള്‍ സംഗീതത്തിന് അനുസൃതമായി പാട്ടിന്റെ വാക്കുകള്‍ അവതാരകനാപ്പം ആവര്‍ത്തിച്ചുരുവിട്ടപ്പോള്‍ എക്‌സ്‌പോ സെന്റര്‍ സംഗീത ക്ലാസായി പരിണമിച്ചു. മന്ദഗതിയിലുള്ള പാട്ടിനു ശേഷം സംഗീതവുമായി വാക്കുകള്‍ സംയോജിപ്പിച്ച് ഗാനമവതരിപ്പിക്കാന്‍ കുട്ടികള്‍ക്കും അവസരം നല്‍കി. പാട്ട്, താള ലയത്തില്‍ തുടര്‍ന്നപ്പോള്‍ മുതിര്‍ന്നവരും അറിയാതെ അതില്‍ പങ്കുചേര്‍ന്നു.
വിവിധ രാജ്യക്കാരായ കുട്ടികള്‍ തമ്മിലുള്ള ആശയവിനിമയത്തിനും ഐക്യത്തിനും സാക്ഷ്യം വഹിച്ച പരിപാടി, ‘കെട്ടിക്കുടുക്കി’ല്ലാതെ വാക്കുകള്‍ ഉച്ചരിക്കുന്ന കൗതുക ക്ലാസായി. വാക്കുകള്‍ക്ക് സംഗീതം മാറ്റ് കൂട്ടുമ്പോള്‍ ആശയം പ്രേക്ഷകരിലേക്ക് ആനന്ദത്തോടെ പ്രവേശിക്കും. സംഗീതത്തിന്റെ മനോഹാരിത ലളിതമായ രീതിയില്‍ വ്യക്തമാക്കുന്നതായിരുന്നു ഈ വേറിട്ട ശില്പശാല. പുറത്തിറങ്ങുമ്പോള്‍ കുട്ടികള്‍ ഭാഷയെയും വാക്കുകളെയും ഇമ്പമാര്‍ന്ന ഇശലാക്കിയാകും സ്‌നേഹിക്കുക.
ഫാഷനിലൂടെ
ആശയാവിഷ്‌കാരം

എട്ട് വയസ്സും അതില്‍ കൂടുതലുമുള്ള പെണ്‍കുട്ടികള്‍ക്ക് ഫാഷനിലും നൂതനമായ ഡിസൈനുകളിലും പുതിയ കഴിവുകള്‍ നേടാന്‍ കഴിയുന്ന ശില്പശാലയും സംഘാടകര്‍ ഒരുക്കി. ആധുനിക ലോകത്തെ തങ്ങളുടേതായ വൃത്തത്തില്‍ പുതുക്കിപ്പണിയാന്‍ പെണ്‍കുട്ടികളെ പ്രാപ്തമാക്കുന്നതായിരുന്നു പരിപാടി.
സര്‍ഗാത്മകത ഡിസൈനുകളില്‍ എങ്ങനെ ഉള്‍പ്പെടുത്താമെന്ന് പഠിപ്പിക്കുന്ന ക്ലാസുകള്‍ കുട്ടികള്‍ക്ക് മൂല്യമേറിയതായിരുന്നു. ടുണീഷ്യന്‍ ഫാഷന്‍ ഡിസൈനര്‍ അസ്സ അല്‍സവാബ്‌നി ശില്‍പശാലയില്‍ ഫാഷന്‍ ലോകത്തെ വിലപ്പെട്ട വിവരങ്ങള്‍ പങ്കിട്ടു. ഫാഷന്‍ ജീവിതത്തില്‍ ധൈര്യവും പുതുമയും പ്രതിഫലിപ്പിക്കുന്നതാണെന്ന് അവര്‍ പറഞ്ഞു. പരമ്പരാഗത അതിരുകള്‍ മറികടന്ന്, ഡിസൈനുകളില്‍ വിചിത്രവും നൂതനവുമായ ആശയങ്ങള്‍ ഉള്‍ക്കൊള്ളിക്കാന്‍ പ്രചോദിപ്പിക്കുന്നതായിരുന്നു ഫാഷന്‍ ഡിസൈന്‍ രംഗത്തെ പരിശീലനക്കളരി. കോമിക് കഥകളുടെ ആശാനായ കുവൈത്ത് എഴുത്തുകാരന്‍ അബ്ദുല്‍ അസീസ് ഇബ്റാഹീം കലയുടെയും കഥയുടെയും അടിസ്ഥാനകാര്യങ്ങള്‍ കുട്ടികളെ പരിശീലിപ്പിച്ചത് രസാവഹമായിരുന്നു.
വിവിധ പ്രായത്തിലുമുള്ള കുട്ടികളെ സാഹിത്യത്തിന്റെ സാഹസികതയിലേക്ക് അനായാസം കൊണ്ടുപോകുന്നതായിരുന്നു അദ്ദേഹത്തിന്റെ അവതരണം. കുട്ടികള്‍ക്ക് വായന ഉത്സവമാക്കിയതോടൊപ്പം കഥകള്‍ക്കുള്ള കഥാപാത്രങ്ങളെ തെരഞ്ഞെടുക്കുന്നതിന്റെ ശൈലിയും സൗന്ദര്യവും വിശദീകരിച്ചു.
ചിത്രരചനകളിലൂടെയും വര്‍ണങ്ങളിലൂടെയും കുഞ്ഞുങ്ങളുടെ ഭാവനകളും സര്‍ഗാത്മക കഴിവുകളും അഴിച്ചുവിട്ടപ്പോള്‍ സദസ്സും അതാസ്വദിച്ചു. ആവിഷ്‌കാര കഴിവുകള്‍ വികസിപ്പിക്കാനും കഥകള്‍ കുറിക്കുമ്പോള്‍ ഭാവന വരുത്താനും സ്വയം മെച്ചപ്പെടുത്താനും ഈ പരിപാടി അവസരമൊരുക്കി. ആത്മവിശ്വാസവും സഹകരണത്തിന്റെ സംസ്‌കാരവും കുട്ടികളില്‍ വളര്‍ത്തിയെടുക്കുന്നതോടൊപ്പം ആശയവിനിമയത്തിന്റെ ആകാശവും അവര്‍ക്കു മുന്നില്‍ സംഘാടകര്‍ തുറന്നുകൊടുത്തു.
കൂട്ടം കൂടുക എന്നതാണു മനുഷ്യന്റെ സഹജവാസന. ചരിത്രകാരനായ യുവാല്‍ നോഹ ഹരാരിയുടെ പ്രസിദ്ധ ഗ്രന്ഥം ‘സാപിയന്‍സ്: മാനവരാശിയുടെ ഒരു ലഘു ചരിത്രം’ മുന്നോട്ട് വയ്ക്കുന്ന ഒരു പ്രധാന വാദം ‘മനുഷ്യര്‍ക്ക് ലോകത്തിനു മേല്‍ ആധിപത്യം സ്ഥാപിക്കാന്‍ കഴിഞ്ഞത്, മറ്റൊരു ജീവിക്കുമില്ലാത്ത ഒരു കഴിവ് സാപിയന്‍സിന് ഉള്ളതിനാലാണ്. പല രീതിയിലും ഫലപ്രദമായി കൂട്ടം കൂടാന്‍ കഴിയുന്നതാണ് ആ കഴിവ്.’ എന്നതാണ്. ഓരോ പരിപാടികളിലും കുട്ടികള്‍ സാന്നിധ്യം അറിയിക്കുന്നതോടെ ഒറ്റപ്പെടാതിരിക്കാനുള്ള പരിശീലനം കൂടി അവര്‍ കൈവരിക്കുന്നു.
കുട്ടികള്‍
ലോക ചലനങ്ങള്‍
ശ്രദ്ധിക്കുന്നുണ്ട്

‘സ്‌ക്രീന്‍ കുട്ടികള്‍’ എന്നു ചാപ്പകുത്തി പുതിയ തലമുറയെ കുത്തിപ്പറയുന്നത് പതിവായിട്ടുണ്ട്. എന്നാല്‍ സമൂഹമാധ്യമങ്ങള്‍ ശ്രദ്ധിക്കുന്ന അവര്‍ കുഞ്ഞുങ്ങളെ കൊന്നൊടുക്കുന്ന കിരാതന്മാരുടെ ചെയ്തികള്‍ പൊള്ളലോടെ കാണുന്നുണ്ട്. ഫലസ്തീനില്‍ പിടഞ്ഞെരിയുന്ന പൈതലുകളുടെ ദയനീയ ചിത്രം അവരില്‍ തീരാ നൊമ്പരമാകുന്നു. മുഅതസ് അസായിസയുടെ ഹൃദയഭേദമായ വീഡിയോ കണ്ടവര്‍ ഫലസ്തീന്‍ ജനതയ്ക്ക് വേണ്ടി പ്രാര്‍ഥിക്കുന്നുണ്ട്.
ഇന്ത്യയിലെ ടി വി ചാനലുകള്‍ തിരസ്‌കരിച്ച് ധ്രുവ് റാഠിയുടെ യുട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്തവര്‍ രാജ്യത്തിന്റെ ശരിയായ മാധ്യമശബ്ദമാണ് ശ്രവിക്കുന്നത്. കുഞ്ഞുങ്ങളെ കൊന്നൊടുക്കാന്‍ വെമ്പുന്ന വേട്ട രാജ്യങ്ങളുടെ ഉത്പന്നങ്ങള്‍ തെരഞ്ഞുപിടിച്ചു വേണ്ടെന്നു വയ്ക്കാന്‍ അവര്‍ ബൗദ്ധിക ശേഷി നേടിക്കഴിഞ്ഞിരിക്കുന്നു.
ലോകത്ത് ദുരന്തം വിടാതെ പിടികൂടുന്നത് ഫലസ്തീനിലെ പൈതങ്ങളെയാണ്. ലോകമഹായുദ്ധങ്ങളുടെ കെടുതിയും ദുരിതവും ഒരു നിശ്ചിത കാലം വരെ മാത്രമാണ് ഉണ്ടാകുന്നത്. എന്നാല്‍ ഫലസ്തീന്‍ ചുടലക്കളമാകാന്‍ തുടങ്ങിയിട്ട് പതിറ്റാണ്ടുകളായി. അനന്തമായി നീളുന്ന യുദ്ധം ഭാവിതലമുറയെ ഉടലോടെ പിഴുതെറിയുന്നു. പുതിയ ആയുധങ്ങള്‍ പരീക്ഷിച്ച് വില്‍ക്കുന്ന കച്ചവടക്കാരാണ് മനുഷ്യരെ ചുട്ടെരിക്കുന്നത്.
വായിക്കുന്ന കുട്ടികള്‍ ലോകത്തെയും അടുത്തറിയുന്നു. സാമൂഹികബോധത്തിലേക്കുണരുന്നവരാണവര്‍. ദുരന്തഭൂമിയിലേക്കുള്ള സഹായമെത്തിക്കുന്ന ഗള്‍ഫ് കേന്ദ്രങ്ങളില്‍ സന്നദ്ധ സേവകരായി ‘ന്യൂ ജെന്‍’ ഓടിയെത്തുന്നത് തന്നാലാവുന്ന സഹായം ചെയ്തു പിടയുന്ന മക്കള്‍ക്ക് കരുണയുടെ കാവലൊരുക്കാനാണ്. സാംസ്‌കാരികോത്സവങ്ങള്‍ അവരെ കൂടുതല്‍ ലോകവീക്ഷണമുള്ളവരാക്കി മാറ്റുന്നുണ്ട്. ഷാര്‍ജയിലെ പുസ്തക മലര്‍വാടിയില്‍ വായനയുടെ പൂക്കള്‍ വിരിയിച്ചവര്‍ നാളെ ഒരുപക്ഷേ പ്രതിരോധത്തിന്റെ പുതിയ ചരിത്രം രചിക്കുന്നവരായിരിക്കും.

0 0 vote
Article Rating
Back to Top
0
Would love your thoughts, please comment.x
()
x