12 Thursday
December 2024
2024 December 12
1446 Joumada II 10

ശാസ്ത്രം ദൈവത്തെ നിഷേധിക്കുന്നുവോ?

ഹംസ സോര്‍സിസ് / വിവ. റാഫിദ് ചെറവന്നൂര്‍


നിങ്ങള്‍ ഒരു അത്ഭുതകരമായ കൊട്ടാരത്തില്‍ പ്രവേശിച്ചുവെന്ന് സങ്കല്‍പ്പിക്കുക. നിങ്ങള്‍ ഇടനാഴിയിലൂടെ നടക്കുമ്പോള്‍, കെട്ടിടത്തിന്റെ വലുപ്പം നിങ്ങളെ ആശ്ചര്യപ്പെടുത്തുകയും അടുത്തുള്ള വാതില്‍ തുറന്ന് ആദ്യത്തെ മുറി പരിശോധിക്കാന്‍ തീരുമാനിക്കുകയും ചെയ്യുന്നു. മുറിയില്‍ പ്രവേശിക്കുമ്പോള്‍ തന്നെ നൂറുകണക്കിന് കസേരകളും മേശകളും ഒരു ക്ലാസ് റൂം പോലെ ക്രമീകരിച്ചിരിക്കുന്നത് കാണാം.
പെട്ടെന്ന് മറ്റ് മുറികള്‍ പരിശോധിക്കാനുള്ള പ്രചോദനം നിങ്ങള്‍ക്ക് നഷ്ടപ്പെടുന്നു. കൊട്ടാരം വിട്ട് നിങ്ങളുടെ സുഹൃത്തിനെ കാണാന്‍ നിങ്ങള്‍ തീരുമാനിക്കുന്നു. നിങ്ങളുടെ സുഹൃത്തിനൊപ്പം കാപ്പി കുടിക്കുമ്പോള്‍ അവന്‍ നിങ്ങളോട് ചോദിക്കുന്നു: നിങ്ങള്‍ കൊട്ടാരത്തില്‍ എന്താണ് കണ്ടത്? നിങ്ങള്‍ മറുപടി പറയും: ഒരു മുറി നിറയെ മേശകളും കസേരകളും ഒരു ക്ലാസ് റൂം പോലെ ക്രമീകരിച്ചിരിക്കുന്നു. സുഹൃത്ത് ചോദിക്കുന്നു: എന്തുകൊണ്ടാണ് നിങ്ങള്‍ മറ്റ് മുറികള്‍ കാണാത്തത്? നിങ്ങള്‍ പറയുന്നു: ഒരു കാര്യവുമില്ല, കാണാന്‍ ഒന്നുമില്ല. ഈ മുറിയില്‍ നിറയെ കസേരകളും മേശകളും ആണെങ്കില്‍, മറ്റ് മുറികളില്‍ കാണാന്‍ ഒന്നുമുണ്ടാവില്ലല്ലോ.
നിങ്ങളുടെ മറുപടി യുക്തിസഹമാണോ? ഒരു മുറിയില്‍ എന്തെങ്കിലുമുണ്ടെങ്കില്‍, മറ്റ് മുറികളില്‍ ഒന്നും ഉണ്ടാകില്ല എന്നത് യുക്തിപരമായ വാദമാണോ? തീര്‍ച്ചയായും അല്ല. ശാസ്ത്രം ദൈവത്തെ നിരാകരിച്ചു എന്ന് വാദിക്കുന്ന നിരീശ്വരവാദികളും സമാനമായ ഒരു യുക്തിയാണ് പിന്തുടരുന്നത്.
നിരീക്ഷണ വിധേയമാക്കാന്‍ കഴിയുന്ന കാര്യങ്ങളില്‍ മാത്രമാണ് ശാസ്ത്രം ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. എന്നാല്‍ ദൈവമാവട്ടെ ഭൗതിക പ്രപഞ്ചത്തിന് പുറത്തുള്ള ഒരു സത്തയാണ്. അതിനാല്‍, ദൈവത്തെ നേരിട്ട് നിരീക്ഷിക്കുന്നത് അസാധ്യമാണ്. നമുക്ക് നിരീക്ഷിച്ച് മനസ്സിലാക്കാന്‍ കഴിയുന്ന പദാര്‍ഥ ലോകത്ത് ദൈവത്തെ കാണാന്‍ കഴിഞ്ഞില്ല എന്നത് കൊണ്ട് ദൈവമേ ഇല്ല എന്ന് പറയുന്ന വാദം എത്ര യുക്തിരഹിതമാണ്? ശാസ്ത്രം നിരീശ്വരവാദത്തിലേക്ക് നയിക്കില്ല എന്നത് ശാസ്ത്ര ലോകത്തെ ഭൂരിഭാഗം ചിന്തകരും സാക്ഷ്യപ്പെടുത്തിയതാണ്. ഉദാഹരണത്തിന് ശാസ്ത്രം നിരീശ്വരവാദത്തെ പിന്തുണയ്ക്കുന്നു എന്നത് യുക്തിപരമായി സാധുതയുള്ള വാദമല്ല എന്ന് ഹഗ് ഗൗച്ച് പറയുന്നുണ്ട്. നിരീക്ഷണത്തെ ആശ്രയിക്കുന്ന ശാസ്ത്രത്തിന് നിരീക്ഷിക്കാന്‍ കഴിയാത്തതിനെ നിഷേധിക്കാനാവില്ല. എന്നിരുന്നാലും, ദൈവത്തിന്റെ അസ്തിത്വത്തിന് സാധ്യതയില്ലെന്ന് പറയുന്ന ശാസ്ത്ര വാദങ്ങളുണ്ട്. ഇവ എവിഡന്‍ഷ്യല്‍ ആര്‍ഗ്യുമെന്റുകള്‍ എന്നറിയപ്പെടുന്നു; അവ ഫിലോസഫിക്കലായ വാദങ്ങളാണ് ശാസ്ത്രീയമായ രീതികള്‍ അവലംബിക്കുന്ന മാര്‍ഗങ്ങളല്ല.
ശാസ്ത്രത്തിന് ദൈവത്തെ നിഷേധിക്കാന്‍ കഴിയുമെന്ന് ചില നിരീശ്വരവാദികള്‍ വിശ്വസിക്കുന്നത് എന്തുകൊണ്ട്? ശാസ്ത്രം ലോകത്തെ മാറ്റിമറിച്ചു. വൈദ്യശാസ്ത്രം മുതല്‍ ടെലികമ്മ്യൂണിക്കേഷന്‍ വരെ, മറ്റൊരു പഠനമേഖലയിലും ഇല്ലാത്ത രീതിയില്‍ ശാസ്ത്രം നമ്മുടെ ജീവിതവും മെച്ചപ്പെടുത്തി. ശാസ്ത്രം നമ്മുടെ ജീവിതത്തെ നിരന്തരം മെച്ചപ്പെടുത്തുകയും ലോകത്തെയും പ്രപഞ്ചത്തെയും കുറിച്ചുള്ള നമ്മുടെ അറിവ് വര്‍ധിപ്പിക്കുകയും ചെയ്യുന്നു. എന്നിരുന്നാലും, ശാസ്ത്ര ലോകം കൈവരിച്ച പുരോഗതി പല നിരീശ്വരവാദികളെയും പൊരുത്തമില്ലാത്തതും തെറ്റായതുമായ അനുമാനങ്ങള്‍ സ്വീകരിക്കുന്നതിലേക്ക് നയിച്ചു. ഈ അനുമാനങ്ങളുടെ ഒരു സംഗ്രഹം ആണ് താഴെ നല്‍കുന്നത്. ചില നിരീശ്വരവാദികള്‍ സത്യത്തിന്റെ ഏക അളവുകോല്‍ ശാസ്ത്രമാണെന്നും നമ്മുടെ എല്ലാ ചോദ്യങ്ങള്‍ക്കും ശാസ്ത്രത്തിന് ഉത്തരമുണ്ടെന്നും മനസ്സിലാക്കുന്നു.
ഇത് നിരീശ്വരവാദിയെ ദൈവം ഇല്ലെന്ന് നിഗമനം ചെയ്യാന്‍ പ്രേരിപ്പിക്കുന്നു, കാരണം ശാസ്ത്രത്തിന് ഒരാള്‍ക്ക് നിരീക്ഷിക്കാന്‍ കഴിയുന്നതിനെ മാത്രമേ അഭിസംബോധന ചെയ്യാന്‍ കഴിയൂ. ദൈവത്തെ നിരീക്ഷിക്കാന്‍ കഴിയില്ല എന്നതും ശാസ്ത്രം മാത്രമാണ് സത്യത്തിന്റെ അളവുകോല്‍ എന്നതും ചേര്‍ത്തു വച്ച് ദൈവം ഇല്ല എന്ന നിഗമനത്തില്‍ നിരീശ്വര വാദി എത്തുന്നു. എന്നാല്‍ ശാസ്ത്രത്തിന് നിരവധി പരിമിതികള്‍ ഉള്ളതിനാലും അതിന് ഉത്തരം നല്‍കാന്‍ കഴിയാത്ത പല കാര്യങ്ങളും ഉള്ളതിനാലും സത്യത്തിന്റെ അളവുകോലായി ശാസ്ത്രത്തെ നിശ്ചയിക്കാനാവില്ല.
കൂടാതെ, ശാസ്ത്രത്തിന് വിശദീകരിക്കാന്‍ കഴിയാത്ത മറ്റ് വിജ്ഞാന സ്രോതസ്സുകളുണ്ട്. എന്നിരുന്നാലും അവ ഒഴിച്ചുകൂടാനാവാത്തതും അറിവിന്റെ അടിസ്ഥാന സ്രോതസ്സുകളുമാണ്. ലോകത്തെയും യാഥാര്‍ത്ഥ്യത്തെയും കുറിച്ചുള്ള സത്യങ്ങള്‍ സ്ഥാപിക്കാനുള്ള ഒരേയൊരു മാര്‍ഗം ശാസ്ത്രമല്ലെന്ന് ഇത് സൂചിപ്പിക്കുന്നു. ശാസ്ത്രം എല്ലാത്തിനെയും വിശദീകരിക്കുന്നതില്‍ വിജയിച്ചതിനാല്‍ ശാസ്ത്രീയ നിഗമനങ്ങള്‍ സത്യമായിരിക്കണം എന്നതാണ് രണ്ടാമത്തെ അനുമാനം. മനുഷ്യകുലത്തിന് വന്‍ പുരോഗതി സമ്മാനിച്ച ശാസ്ത്രത്തിന്റെ മാപിനികള്‍ക്ക് വഴങ്ങാത്ത ഒരു സങ്കല്‍പ്പമായതിനാല്‍ ദൈവ വിശ്വാസം പ്രാചീനമായ ഒരു അബദ്ധമാണെന്ന് ഇവര്‍ വിലയിരുത്തുന്നു. ഈ അനുമാനത്തിന് പിന്നിലെ യുക്തി അവ്യക്തമാണ്, ഇത് ശാസ്ത്രത്തിന്റെ തത്ത്വചിന്തയെക്കുറിച്ചുള്ള പൊതുവായ അജ്ഞതയെ തുറന്നുകാട്ടുന്നു. ലളിതമായി പറഞ്ഞാല്‍, എന്തെങ്കിലും പ്രവര്‍ത്തിക്കുന്നു എന്നതുകൊണ്ട് അത് സത്യമാണെന്ന് അര്‍ത്ഥമാക്കുന്നില്ല. മനുഷ്യപുരോഗതിക്ക് വലിയ സംഭവനകളര്‍പ്പിച്ചു എന്നത് കൊണ്ട് മാത്രം ശാസ്ത്രം സത്യത്തിന്റെ ഏക മാനദണ്ഡമാവുന്നില്ല.
ദൗര്‍ഭാഗ്യവശാല്‍, വളരെ പ്രശസ്തരായ ചില നിരീശ്വരവാദികള്‍ പോലും ഈ അബദ്ധ വാദം പ്രചരിപ്പിക്കുന്നത് കാണാം. 2010ല്‍ അയര്‍ലണ്ടിലെ ഡബ്ലിനില്‍ നടന്ന ലോക നിരീശ്വരവാദി കണ്‍വെന്‍ഷനില്‍ വെച്ച് ഒരിക്കല്‍ ഞാന്‍ റിച്ചാര്‍ഡ് ഡോക്കിന്‍സിനെ കണ്ടു. ഞാന്‍ അദ്ദേഹത്തോട് സംസാരിച്ചു, എന്തിനാണ് ഒരു ചോദ്യകര്‍ത്താവിനോട് അദ്ദേഹം സയന്‍സുമായി ബന്ധപ്പെട്ട ഫിലോസഫി പഠിക്കരുതെന്നും ‘ശാസ്ത്രം മാത്രം പഠിച്ചാല്‍ മതി’ എന്നും പറഞ്ഞത് എന്ന് ഞാന്‍ അദ്ദേഹത്തോട് ചോദിച്ചു. അദ്ദേഹത്തിന് മറുപടി ഉണ്ടായിരുന്നില്ല. നമുക്ക് ശാസ്ത്രം മാത്രം മതി കാരണം അത് അജയ്യമാണ് എന്ന ഈ കാഴ്ചപ്പാട് തീര്‍ത്തും യുക്തിരഹിതമാണ്.
മൂന്നാമത്തെ അനുമാനം ശാസ്ത്രം ഉറപ്പിലേക്ക് നയിക്കുന്നു എന്നതാണ്. ദൈവത്തിന്റെ അസ്തിത്വത്തെ നേരിട്ട് തെളിയിക്കാന്‍ ശാസ്ത്രത്തിന് കഴിയുന്നില്ലെങ്കില്‍, ശാസ്ത്രം മാത്രമാണ് ഉറപ്പിലേക്കുള്ള വഴിയെങ്കില്‍, നമുക്ക് ദൈവത്തിന്റെ അസ്തിത്വത്തെക്കുറിച്ച് ഉറപ്പിക്കാന്‍ കഴിയില്ല. എന്നാല്‍ വിശ്വാസികളെ സംബന്ധിച്ച് നന്നായി സ്ഥിരീകരിക്കപ്പെട്ട ഒരു ശാസ്ത്രീയ സിദ്ധാന്തം ദൈവിക ഗ്രന്ഥങ്ങള്‍ക്കെതിരാണെങ്കില്‍ ആ സിദ്ധാന്തം ദുര്‍ബലമാണ്. കാരണം ശാസ്ത്രത്തിന്റെ കാഴ്ചപ്പാടില്‍ എപ്പോഴും മാറാവുന്ന ഒന്നാണ് ശാസ്ത്രീയ സിദ്ധാന്തങ്ങള്‍.

എന്നാല്‍ ദൈവിക വചനങ്ങളാവട്ടെ സ്ഥായിയായ സത്യങ്ങളുമാണ്. നമ്മുടെ പരിമിതമായ നിരീക്ഷണങ്ങളെ അടിസ്ഥാനമാക്കി, പ്രത്യേക പ്രതിഭാസങ്ങളുടെ ഏറ്റവും മികച്ച വിശദീകരണമാണ് ശാസ്ത്രം. ഇതാണ് ശാസ്ത്രത്തിന്റെ സൗന്ദര്യം. അതിനാല്‍, മതഗ്രന്ഥങ്ങളും ശാസ്ത്രവും തമ്മില്‍ വൈരുദ്ധ്യമുണ്ടെന്ന് തോന്നിയാല്‍, നിരന്തരം മാറിക്കൊണ്ടിരിക്കുന്ന ശാസ്ത്ര സിദ്ധാന്തങ്ങളുപയോഗിച്ച് നമുക്ക് മതത്തെ എതിര്‍ക്കാനാവില്ല. നമ്മുടെ പരിമിതമായ നിരീക്ഷണങ്ങളെ അടിസ്ഥാനമാക്കി നിരീക്ഷിച്ച പ്രതിഭാസങ്ങളെക്കുറിച്ചുള്ള നമ്മുടെ നിലവിലെ ധാരണ മാത്രമാണ് ശാസ്ത്രത്തിലൂടെ നമുക്ക് പറയാന്‍ കഴിയുന്നത്. സ്ഥായിയായ സത്യങ്ങള്‍ ശാസ്ത്രത്തിന് പറയാനാവില്ല.
അപ്പോള്‍ വലിയ മാറ്റത്തിന് സാധ്യതയില്ലാത്ത ശാസ്ത്രീയ വസ്തുതകളില്ലേ? നേരിട്ടുള്ള നിരീക്ഷണത്തെ അടിസ്ഥാനമാക്കിയുള്ള ചില ശാസ്ത്രീയ വസ്തുതകള്‍ മാറാന്‍ സാധ്യതയില്ല, എന്നാല്‍ മതപരമായ വ്യവഹാരങ്ങളെ തകര്‍ക്കാന്‍ ഉപയോഗിക്കുന്ന മിക്ക വാദങ്ങളും ഡാര്‍വിനിയന്‍ പരിണാമം പോലുള്ള കൂടുതല്‍ സങ്കീര്‍ണമായ ശാസ്ത്രീയ വിശദീകരണങ്ങളെയും സിദ്ധാന്തങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്.
ദൈവികമായി വെളിപ്പെടുത്തിയ വാചകത്തിന്റെ ഉള്ളടക്കം ശാസ്ത്രീയ വിശദീകരണങ്ങളോടും സിദ്ധാന്തങ്ങളോടും വിരുദ്ധമാണെന്ന് തോന്നുന്നുവെങ്കില്‍, ശാസ്ത്രത്തെ അംഗീകരിക്കാന്‍ വേണ്ടി ദൈവിക വചനങ്ങളെ തള്ളിക്കളയുന്നത് വ്യര്‍ത്ഥമാണ്. അതുപോലെ തന്നെ മതപരമായ അറിവുകൊണ്ട് തന്നെ എല്ലാം പൂര്‍ണമാവുമെന്ന് വിശ്വസിച്ച് ശാസ്ത്രത്തെ തള്ളിക്കളയുന്നതും അപകടകരമാണ്.
അവസാനമായി പല നിരീശ്വരവാദികളും നാചുറലിസത്തിന്റെ ലെന്‍സുപയോഗിച്ച് മാത്രം ലോകത്തെ വിശദീകരിക്കുന്നതിന്റെ അപകടങ്ങള്‍ പരിചയപ്പെടാം. രണ്ട് തരത്തിലുള്ള നാച്ചുറലിസം (പ്രകൃതിവാദം) ഉണ്ട്: തത്വശാസ്ത്രപരവും രീതിശാസ്ത്രപരവും. ഫിലോസഫിക്കല്‍ നാച്ചുറലിസം എന്നത് പ്രപഞ്ചത്തിലെ എല്ലാ പ്രതിഭാസങ്ങളെയും ഭൗതിക പ്രക്രിയകളിലൂടെ വിശദീകരിക്കാമെന്നും അമാനുഷികത ഇല്ലെന്നുമുള്ള തത്വശാസ്ത്രമാണ്.
എന്തെങ്കിലും ശാസ്ത്രീയമായി കണക്കാക്കിയാല്‍, അത് ഒരിക്കലും ദൈവത്തിന്റെ ദൈവിക പ്രവര്‍ത്തനത്തെയോ ശക്തിയെയോ സൂചിപ്പിക്കുന്ന തെളിവുകളായി പരിഗണിക്കാവുന്നതല്ലെന്ന കാഴ്ചപ്പാടാണ് രീതിശാസ്ത്രപരമായ പ്രകൃതിവാദം. നിരീശ്വരവാദി തത്വശാസ്ത്രപരമായ പ്രകൃതിവാദത്തെ രീതിശാസ്ത്രപരമായ പ്രകൃതിവാദവുമായി കൂട്ടിയിണക്കുന്നു. തത്വശാസ്ത്രപരമായ പ്രകൃതിവാദമാവട്ടെ (ഫിലോസഫിക്കല്‍ നാച്ചുറലിസം) തീര്‍ത്തും യുക്തിവിരുദ്ധവുമാണ്. കാരണം ശാസ്ത്രമാപിനികളുടെ പരിമിതി പൂര്‍ണമായും അംഗീകരിക്കുമ്പോള്‍ എല്ലാ പ്രാപഞ്ചിക പ്രതിഭാസങ്ങളെയും ശാസ്ത്രം ഉപയോഗിച്ച് വിശദീകരിക്കാന്‍ കഴിയില്ലെന്ന് മനസ്സിലാക്കാനാവും.
ഈ ലേഖനത്തിന്റെ ബാക്കി ഭാഗം ഈ അനുമാനങ്ങളെ വിശദമായി കീറിമുറിക്കുന്നുണ്ട്, അതിനുള്ള ഏറ്റവും നല്ല മാര്‍ഗം അടിസ്ഥാനകാര്യങ്ങളിലേക്ക് മടങ്ങുക എന്നതാണ്: ശാസ്ത്രം എന്താണെന്ന് മനസിലാക്കുക, അതിന്റെ പരിമിതികള്‍ പര്യവേക്ഷണം ചെയ്തും, ശാസ്ത്രത്തിന്റെ തത്ത്വചിന്തയില്‍ (ഫിലോസഫി ഓഫ് സയന്‍സ്) നിലനില്‍ക്കുന്ന ചില ചര്‍ച്ചകള്‍ അനാവരണം ചെയ്തും നമുക്ക് ഈ വാദങ്ങളെ നേരിടാവുന്നതാണ്. (തുടരും)

Back to Top