26 Friday
July 2024
2024 July 26
1446 Mouharrem 19

ശാസ്ത്രവും തത്വചിന്തയും ഉയര്‍ത്തുന്ന ചോദ്യങ്ങള്‍

ഡോ. സമീര്‍ ഒകാഷ


എന്താണ് ശാസ്ത്രം? ഈ ചോദ്യത്തിന് ഉത്തരം എളുപ്പമാണെന്ന് തോന്നാം. ഊര്‍ജതന്ത്രം, രസതന്ത്രം, ജീവശാസ്ത്രം തുടങ്ങിയ വിഷയങ്ങള്‍ അടങ്ങിയതാണ് ശാസ്ത്രമെന്ന് എല്ലാവര്‍ക്കുമറിയാം. കല, സംഗീതം, ദൈവശാസ്ത്രം എന്നിവ പോലുള്ള വിഷയങ്ങള്‍ അതില്‍ ഉള്‍പ്പെടുന്നില്ല. എന്നാല്‍ എന്താണ് ശാസ്ത്രമെന്ന് തത്ത്വജ്ഞാനികളെ പോലെ നാം ചോദിക്കുമ്പോള്‍ മേല്പറഞ്ഞവ നമുക്കാവശ്യമായ ഉത്തരമാകുന്നില്ല.
പതിവായി ശാസ്ത്രമെന്ന് വിളിക്കുന്ന പ്രവര്‍ത്തനങ്ങളുടെ വെറും പട്ടികയല്ല നാം ആവശ്യപ്പെടുന്നത്. ആ പട്ടിക പങ്കിടുന്ന വസ്തുക്കളുടെ പൊതുരൂപമാണ് നാം ആവശ്യപ്പെടുന്നത്. എന്തിനെയാണ് ശാസ്ത്രമാക്കുന്നതെന്ന് ഇതുവഴി മനസ്സിലാക്കിയാല്‍ നമ്മുടെ ചോദ്യം വല്ലാതെ ബാലിശമാവില്ല. എന്നാല്‍ ചോദ്യം താരതമ്യേന നേരെചൊവ്വേയാണെന്ന് നിങ്ങള്‍ കരുതുന്നുണ്ടാവാം. തീര്‍ച്ചയായും ശാസ്ത്രം നാം ജീവിക്കുന്ന ലോകത്തെ മനസ്സിലാക്കാനും വിശദീകരിക്കാനും പ്രവചിക്കാനുമുള്ള ശ്രമം തന്നെയാണ്. ഇതു തീര്‍ച്ചയായും ന്യായമായ ഉത്തരം തന്നെ. പക്ഷെ അതു മുഴുവന്‍ കഥയാകുമോ?
വിവിധ മതങ്ങളും പ്രപഞ്ചത്തെ മനസ്സിലാക്കാനും വിശദീകരിക്കാനും ശ്രമിക്കുന്നുണ്ട്. എന്നാല്‍ മതം പൊതുവെ ശാസ്ത്രശാഖയായി പരിഗണിക്കപ്പെടാറില്ല. അതുപോലെ ജ്യോതിഷം, കൈനീട്ടം എന്നിവയും ഭാവി പ്രവചിക്കാന്‍ ശ്രമിക്കുന്നുണ്ട്. എന്നാല്‍ ഭൂരിപക്ഷം പേരും ഇത്തരം പ്രവര്‍ത്തനങ്ങളെ ശാസ്ത്രമെന്ന നിലയില്‍ കണക്കിലെടുക്കുന്നില്ല. ശാസ്ത്രത്തെ ചരിത്രമായും പരിഗണിക്കുന്നില്ല.
ചരിത്രകാരന്മാര്‍ ഭൂതകാലത്ത് എന്താണ് സംഭവിച്ചതെന്ന് വിശദീകരിക്കാനാണ് ശ്രമിക്കുന്നത്. എന്നാല്‍ ചരിത്രത്തെ പതിവായി ഹ്യൂമാനിറ്റീസ് വിഷയത്തിലാണ് ഉള്‍പ്പെടുത്തുന്നത്. ശാസ്ത്രവിഷയമായി ചരിത്രത്തെ കാണുന്നില്ല. അനവധി ദാര്‍ശനികരുടെ ചോദ്യം പോലെ എന്താണ് ശാസ്ത്രം എന്ന ചോദ്യം ഒറ്റ നോട്ടത്തില്‍ കാണുന്നതിനേക്കാള്‍ സങ്കീര്‍ണമാണ്. പ്രപഞ്ചത്തെ അന്വേഷിച്ചറിയുന്നതിന് ശാസ്ത്രജ്ഞര്‍ സ്വീകരിക്കുന്ന പ്രത്യേക രീതികളിലാണ് ശാസ്ത്രത്തിന്റെ ലക്ഷണങ്ങള്‍ വേര്‍തിരിച്ചറിയുന്നത് കുടിയിരിക്കുന്നതെന്നാണ് നിരവധി പേര്‍ കരുതുന്നത്. ശാസ്‌ത്രേതര പരിശ്രമങ്ങളില്‍ സ്വീകരിക്കാത്ത സവിശേഷരീതികള്‍ നിരവധി ശാസ്ത്രവിജ്ഞാനശാഖകള്‍ ഉപയോഗിക്കുന്നുണ്ട്. ഉദാഹരണമായി ആധുനികശാസ്ത്രത്തിന്റെ വികസനത്തില്‍ ചരിത്രപരമായ വഴിത്തിരിവ് അടയാളപ്പെടുത്തിയ പരീക്ഷണങ്ങളുടെ ഉപയോഗം.
എന്നിരിക്കിലും എല്ലാ ശാസ്ത്രങ്ങളും പരീക്ഷണാത്മകമല്ല. ദൈവീകകാര്യങ്ങളില്‍ പരീക്ഷണങ്ങള്‍ നടത്താന്‍ ജ്യോതിശാസ്ത്രജ്ഞര്‍ക്ക് സാധിക്കില്ല. മറിച്ച് അവര്‍ക്ക് സൂക്ഷ്മമായ നിരീക്ഷണങ്ങളോടെ സ്വയം സംതൃപ്തിയടയേണ്ടിവരും. സാമൂഹികശാസ്ത്രങ്ങളുടെ കാര്യത്തിലും ഇതുതന്നെയാണ് സത്യം. ശാസ്ത്രത്തിന്റെ മറ്റൊരു പ്രധാന രൂപം സിദ്ധാന്തങ്ങളുടെ നിര്‍മാണമാണ്. പരീക്ഷണ-നിരീക്ഷണ ഫലങ്ങള്‍ ലോഗ്ബുക്കില്‍ വെറുതെ എഴുതിവെക്കുകയല്ല ശാസ്ത്രജ്ഞര്‍ ചെയ്യുന്നത്. പൊതുസിദ്ധാന്തത്തിന്റെ വ്യവസ്ഥകള്‍ക്കൊത്തവിധം ആ ഫലങ്ങള്‍ വിശദീകരിക്കാനാണ് അവര്‍ പതിവായി ആഗ്രഹിക്കുന്നത്. അതു എപ്പോഴും എളുപ്പമല്ല.
എന്നാല്‍ ചില ശ്രദ്ധേയവും അപൂര്‍വവുമായ വിജയങ്ങളുണ്ട്. പ്രകൃതിയുടെ നിരവധി രഹസ്യങ്ങള്‍ ചുരുളഴിക്കുന്നതില്‍ സിദ്ധാന്തനിര്‍മാണം പോലുള്ള രീതികള്‍ സാധ്യമാക്കുന്നതിന് അത്തരം ശ്രമങ്ങളും നിരീക്ഷണങ്ങളും എത്രമാത്രം സഹായകമായെന്ന് മനസ്സിലാക്കുകയാണ് ശാസ്ത്രദര്‍ശനത്തിന്റെ പ്രധാനദൗത്യങ്ങളിലൊന്ന്.
ശാസ്ത്രത്തിന് എല്ലാം
വിശദീകരിക്കാനാവുമോ?


നാം ജീവിക്കുന്ന പ്രപഞ്ചത്തെക്കുറിച്ച് ആധുനികശാസ്ത്രത്തിന് ധാരാളം വിശദീകരിക്കാനാവും. എന്നാല്‍ ശാസ്ത്രം വിശദീകരിക്കാത്ത നിരവധി വസ്തുതകളുണ്ട്. ചുരുങ്ങിയത് പൂര്‍ണമായി വിശദീകരിക്കാത്തതെങ്കിലുമുണ്ട്. ജീവന്റെ ഉത്ഭവം അത്തരം ഉദാഹരണങ്ങളിലൊന്നാണ്. ഏതാണ്ട് നാനൂറ്‌കോടി വര്‍ഷങ്ങള്‍ക്കു മുമ്പ് പ്രപഞ്ചത്തിലെ ജൈവസംയുക്തങ്ങളുടെ ദ്രാവകമിശ്രിതത്തില്‍ പ്രത്യക്ഷമായ പകര്‍പ്പെടുക്കാന്‍ ശേഷിയുള്ള തന്മാത്രകളെക്കുറിച്ച് നമുക്കറിയാം. ജീവന്‍ രൂപം കൊണ്ടത് അവിടെ നിന്നാണ്. എന്നാല്‍ അവിടെ സ്വയം പകര്‍പ്പുണ്ടാക്കുന്ന തന്മാത്രകള്‍ രൂപം കൊണ്ടതെങ്ങനെയെന്ന് നമുക്ക് മനസ്സിലാക്കാനാവുന്നില്ല(സാധ്യമായ ദൃശ്യരൂപം വരഞ്ഞിട്ടുണ്ടെങ്കിലും).
ഓട്ടിസം (Asperger’s Syndrome) ബാധിച്ച കുട്ടികള്‍ക്ക് നല്ല ഓര്‍മ്മശക്തിയുണ്ട് എന്നതാണ് മറ്റൊരു ഉദാഹരണം. നിരവധി പഠനങ്ങള്‍ ഈ വസ്തുത സ്ഥിരീകരിച്ചിട്ടുണ്ട്. എന്നാല്‍ അക്കാര്യം വിശദീകരിക്കാന്‍ ആര്‍ക്കും കഴിഞ്ഞിട്ടില്ല. ശാസ്ത്രത്തിന് ഇതിലെ വസ്തുതകള്‍ വിശദീകരിക്കാനാവുമെന്ന് പലരും വിശ്വസിക്കുന്നുണ്ട്. തികച്ചും ശരിയെന്ന് തോന്നുന്ന കാഴ്ചപ്പാടാണിത്. തന്മാത്ര ജീവശാസ്ത്രജ്ഞര്‍, ജീവന്റെ ഉത്ഭവമെന്ന പ്രതിഭാസത്തെ കുറിച്ചറിയാന്‍ നന്നായി പണിയെടുക്കുന്നുണ്ട്. ആ വിഷയം എളുപ്പം പരിഹരിക്കാനാവില്ലെന്ന് സമ്മതിക്കുന്നു. നാനൂറ് കോടി വര്‍ഷം മുമ്പ് ഭൂമിയിലെ അവസ്ഥകള്‍ (Conditions) എന്തായിരുന്നുവെന്നറിയാന്‍ പ്രയാസമാണ് എന്നതാണ് കാരണം. എന്നിരുന്നാലും ജീവന്റെ ഉത്ഭവം ഒരിക്കലും വിശദീകരിക്കാനാവില്ലെന്ന് ചിന്തിക്കുന്നതിന് കാരണമൊന്നും കാണുന്നില്ല. അതു പോലെ തന്നെയാണ് ഓട്ടിസം ബാധിച്ച കുട്ടികളുടെ അപൂര്‍വമായ ഓര്‍മകളുടെ കാര്യവും.
ഓര്‍മശാസ്ത്രം ഇപ്പോഴും താരതമ്യേന പുതിയതാണ്. ഓട്ടിസം പോലുള്ള അവസ്ഥകളുടെ നാഡീസംബന്ധമായ ഒട്ടേറെ കാര്യങ്ങള്‍ കണ്ടുപിടിക്കേണ്ടതായിട്ടുണ്ട്. അവ കണ്ടെത്തുമെന്ന് നമുക്ക് യാതൊരു ഉറപ്പുമില്ല. എന്നാല്‍ ആധുനികശാസ്ത്രം അടയാളപ്പെടുത്തിയ ഒട്ടേറെ വിശദീകരണ വിജയങ്ങള്‍ ഉണ്ട്. ഇവിടെ രണ്ടുചോദ്യങ്ങള്‍ ഉയരുന്നു. എല്ലാം തത്ത്വത്തില്‍ വിശദീകരിക്കാന്‍ ശാസ്ത്രത്തിനാവുമോ? അല്ലെങ്കില്‍ ചില പ്രതിഭാസങ്ങള്‍ ശാസ്ത്രീയ വിശദീകരണത്തില്‍ നിന്ന് എക്കാലവും ഒഴിഞ്ഞുമാറുകയാണോ? ഇവയ്ക്ക് ഉത്തരം കിട്ടുക എളുപ്പമല്ല.
ഒരു വശത്ത് ശാസ്ത്രത്തിന് എല്ലാം വിശദീകരിക്കാനാവുമെന്ന് ശാഠ്യമുണ്ടെന്ന തോന്നല്‍. മറുവശത്ത് ഏതെങ്കിലും പ്രത്യേക പ്രതിഭാസത്തെ ഒരിക്കലും ശാസ്ത്രീയമായി വിശദീകരിക്കാനാവില്ലെന്ന ഹ്രസ്വദൃഷ്ടിയുണ്ടെന്ന തോന്നല്‍. ശാസ്ത്രം മാറുകയും വേഗത്തില്‍ വികസിക്കുകയും ചെയ്യുന്നു. ഇന്നത്തെ ശാസ്ത്രത്തിന്റെ ശുഭാപ്തി വിശ്വാസത്തില്‍ നിന്ന് തീര്‍ത്തും വിശദീകരിക്കാനാവാത്ത ഒരു പ്രതിഭാസത്തില്‍ നാളെ വിജയം കൈവരിച്ചേക്കാം.
എന്തുകൊണ്ട് എല്ലാ കാര്യവും വിശദീകരിക്കാന്‍ ശാസ്ത്രത്തിന് ഒരിക്കലും കഴിയില്ല എന്നതിന് യുക്തിപരമായ കാരണമുണ്ടെന്ന് പല തത്ത്വജ്ഞാനികളും പറയുന്നു. വിശദീകരിക്കാനുള്ളത് എന്തായാലും നമുക്ക് പ്രചോദനം ആവശ്യമാണ്. ഭിന്നമായ ഒരു പ്രതിഭാസം തെളിയിക്കാന്‍ ന്യൂട്ടന്‍ തന്റെ ഗുരുത്വാകര്‍ഷണ നിയമം ഉപയോഗിച്ചത് ഓര്‍മിക്കുക! എന്നാല്‍ ഗുരുത്വാകര്‍ഷണ നിയമം സ്വയം എന്നാണ് വിശദീകരിക്കുന്നത്. എല്ലാ വസ്തുക്കളും പരസ്പരം ഭൂമധ്യാകര്‍ഷണത്തിന് വേണ്ടി പ്രവര്‍ത്തിക്കുന്നത് എന്തുകൊണ്ടെന്ന് ചോദിച്ചാല്‍ ന്യൂട്ടന് ഉത്തരമുണ്ടാവില്ല. ന്യൂട്ടോണിയന്‍ ശാസ്ത്രത്തിന് ഗുരുത്വാകര്‍ഷണം അടിസ്ഥാന തത്ത്വമാണ്. അതു മറ്റുകാര്യങ്ങള്‍ വിശദീകരിക്കുന്നു. എന്നാല്‍ സ്വയം വിശദീകരിക്കുന്നില്ല.
ഭാവിയുടെ ശാസ്ത്രം വിശദീകരിക്കാനാവുമെങ്കിലും അതിന് ചില അടിസ്ഥാന നിയമങ്ങളും തത്ത്വങ്ങളും ഉപയോഗിക്കേണ്ടിവരും. ചില നിയമങ്ങളും തത്ത്വങ്ങളും സ്വയം വിശദീകരിക്കാതെ അവശേഷിക്കുന്നുണ്ട്. ചില കാര്യങ്ങള്‍ ഒരിക്കലും വിശദീകരിക്കാനാവില്ലെന്നാണ് അതു കാണിക്കുന്നത്.
ശാസ്ത്രത്തിന് ഒരിക്കലും വിശദീകരിക്കാനാവാത്തതെന്ന് കരുതുന്ന പ്രതിഭാസങ്ങളെക്കുറിച്ച് കരുത്തുറ്റ നിര്‍ദ്ദേശങ്ങള്‍ ചില തത്ത്വജ്ഞാനികള്‍ മുന്നോട്ട് വെച്ചിട്ടുണ്ട്. മനുഷ്യനും മറ്റുമൃഗങ്ങളുമടങ്ങുന്ന ജീവികളുടെ ചിന്തയുടെയും വികാരത്തിന്റെയും സ്വഭാവം തിരിച്ചറിയണം. ബോധത്തിന്റെ സ്വഭാവത്തില്‍ നാഡിരോഗവിദഗ്ധര്‍, മന:ശാസ്ത്രജ്ഞര്‍ തുടങ്ങിയവര്‍ ധാരാളം ഗവേഷണങ്ങള്‍ നടത്തുന്നുണ്ട്. എന്നാല്‍ എന്തു ഗവേഷണങ്ങള്‍ നടന്നാലും ബോധത്തിന്റെ സ്വഭാവത്തെ പൂര്‍ണമായും വിശദീകരിക്കാനാവില്ലെന്നാണ് ചില തത്ത്വജ്ഞാനികളുടെ മതം. ബോധപ്രതിഭാസത്തില്‍ പാരമ്പര്യസിദ്ധമായി നിഗൂഢതയുണ്ടെന്നും ശാസ്ത്രീയാന്വേഷണത്തിന് അവ ദൂരീകരിക്കാനാവില്ലെന്നുമാണ് അവര്‍ പറയുന്നത്. ഈ കാഴ്ചപ്പാടിന് എന്താണടിസ്ഥാനം?
പേടിപ്പെടുത്തുന്ന ഒരു ഹൊറര്‍ച്ചിത്രം കാണുന്നത് ഉദാഹരണമായി നമുക്ക് പരിഗണിക്കാം. ഹൊറര്‍ച്ചിത്രാസ്വദനം ഒരു സവിശേഷാനുഭവമാണ്. ഭീതി സൃഷ്ടിക്കുന്ന തലച്ചോറിലെ സങ്കീര്‍ണാവസ്ഥയെക്കുറിച്ച് നാഡിരോഗ വിദഗ്ധന് ഒരു നാള്‍ വിശദീകരിക്കാനായേക്കും. എന്നാല്‍ ഭീകരസിനിമ കാണുമ്പോള്‍ ഭീതിയുണ്ടാകുന്നത് എന്തുകൊണ്ടെന്ന് അയാള്‍ക്ക് വിശദീകരിക്കാനാവുമോ? ഇല്ലെന്നാണ് ചില തത്ത്വചിന്തകര്‍ പറയുന്നത്. തലച്ചോറിലെ പ്രക്രിയകളും ബോധാനുഭവങ്ങളും പരസ്പരബന്ധിതമാണെന്നാണ് അവരുടെ അഭിപ്രായം. ഇതു കൗതുകമുണര്‍ത്തുന്നതും വിലപ്പെട്ടതുമായ വിവരങ്ങളാണ്.
ശാസ്ത്ര വിഭജനം
എന്താണ് സാധ്യമായതെന്നും അല്ലാത്തതെന്നും ശാസ്ത്രജ്ഞരോട് പറയുന്ന തത്ത്വജ്ഞാനികളുടെ ദീര്‍ഘപാരമ്പര്യം നിലവിലുണ്ട്. പിന്നീട് ശാസ്ത്രീയമായി തെളിയിക്കപ്പെട്ട കാര്യങ്ങള്‍, തത്ത്വജ്ഞാനികളുടെ നിലപാട് തെറ്റാണെന്ന് തെളിയിച്ചിട്ടുമുണ്ട്. ബോധം ശാസ്ത്രീയ വിശദീകരണത്തില്‍ നിന്ന് എപ്പോഴും ഒഴിഞ്ഞുമാറുമെന്ന് വാദിക്കുന്നവരെ കാത്തിരിക്കുന്നത് ഇതേവിധിയാണോ എന്ന് കാലം പറയും. വിവിധ തരം പ്രതിഭാസങ്ങള്‍ വിശദീകരിക്കുന്നതിനു വേണ്ടിയാണ് വിവിധ ശാസ്ത്രീയശിക്ഷണം രൂപപ്പെടുത്തിയത്. റബ്ബര്‍ എന്തുകൊണ്ട് വൈദ്യുതിയെ നിയന്ത്രിക്കുന്നില്ല എന്ന് വിശദീകരിക്കേണ്ടത് ഫിസിക്‌സിന്റെ ദൗത്യമാണ്. ആമകള്‍ക്ക് ഇത്രയും ആയുസ്സ് എന്തുകൊണ്ടെന്ന് ജീവശാസ്ത്രമാണ് വിശദീകരിക്കേണ്ടത്. ഉയര്‍ന്ന പലിശനിരക്ക് എന്തുകൊണ്ടാണ് പണപ്പെരുപ്പം കുറയ്ക്കുന്നതെന്ന് സാമ്പത്തികശാസ്ത്രം വിശദീകരിക്കണം. ചുരുക്കത്തില്‍ വിവിധ ശാസ്ത്രങ്ങള്‍ക്കിടയില്‍ തൊഴില്‍ വിഭജനമുണ്ട്. അവയോരോന്നും സ്വന്തം പ്രത്യേകപ്രതിഭാസങ്ങളെ വിശദീകരിക്കാന്‍ വൈദഗ്ധ്യം നേടുന്നു. എന്തുകൊണ്ട് ശാസ്ത്രങ്ങള്‍ പരസ്പരം മല്‍സരിക്കുന്നില്ലെന്ന് അവ വിശദീകരിക്കുന്നുണ്ട്. പ്രകൃതി ശാസ്ത്രജ്ഞരും സാമ്പത്തികശാസ്ത്രജ്ഞരും തങ്ങളുടെ തട്ടകത്തില്‍ അതിക്രമിച്ചു കടക്കുമോ എന്ന് ജീവശാസ്ത്രജ്ഞര്‍ ആശങ്കപ്പെടുന്നില്ല. എന്നിരുന്നാലും ശാസ്ത്രത്തിന്റെ ശാഖകള്‍ എല്ലാം തുല്യമല്ല. ചിലത് മറ്റുള്ളവയേക്കാള്‍ കൂടുതല്‍ മൗലികമാണ്. പ്രകൃതി ശാസ്ത്രം ഏറ്റവും മൗലികമായിട്ടാണ് കണക്കാക്കുന്നത്. മറ്റു ശാസ്ത്രങ്ങള്‍ പഠിച്ച വസ്തുക്കള്‍ ഭൗതികകണങ്ങള്‍ കൂട്ടിച്ചേര്‍ത്തതാണ്. ഉദാഹരണത്തിന് ജീവജാലങ്ങള്‍. ജീവജാലങ്ങള്‍ കോശങ്ങള്‍ കൊണ്ട് നിര്‍മിതമാണ്. അവ സ്വയം ജലം, ന്യൂക്ലിക് ആസിഡ്, പ്രോട്ടീന്‍, പഞ്ചസാര, കൊഴുപ്പ് എന്നിവ ഉല്പാദിപ്പിക്കുന്നു. അവയെല്ലാം തന്മാത്രകളോ തന്മാത്രകളുടെ നീണ്ട ചങ്ങലയോ ഉള്‍ക്കൊള്ളുന്നതാണ്. തന്മാത്രകള്‍ ശരീരകണങ്ങളായ ആറ്റം കൊണ്ട് ഉണ്ടാക്കിയെടുത്തതാണ്. അതിനാല്‍ ജീവശാസ്ത്രജ്ഞര്‍ പഠിച്ച വസ്തുക്കള്‍ സങ്കീര്‍ണമായ ശാരീരിക വസ്തുക്കളാണ്.
സാമ്പത്തികശാസ്ത്രം വിപണിയിലെ കമ്പനികളുടെയും ഉപഭോക്താക്കളുടെയും സ്വഭാവം പഠിക്കുന്നു. എന്നാല്‍ ഉപഭോക്താക്കള്‍ മനുഷ്യരാണ്. കമ്പനികള്‍ മനുഷ്യര്‍ സൃഷ്ടിക്കുന്നതാണ്. മനുഷ്യര്‍ ജീവജാലങ്ങളാണ്. അതിനാല്‍ ഭൗതികപദാര്‍ഥങ്ങളുമാണ്. ഇതിനര്‍ഥം ഭൗതികശാസ്ത്രം എല്ലാ ഉന്നതതല ശാസ്ത്രങ്ങളെയും അടയ്ക്കുന്നുവെന്നാണോ? ഭൗതികകണങ്ങള്‍ കൊണ്ടാണ് എല്ലാം നിര്‍മിച്ചിരിക്കുന്നത്. തീര്‍ച്ചയായും നമുക്ക് സമഗ്രമായ ഭൗതികശാസ്ത്രമുണ്ടെങ്കില്‍ പ്രപഞ്ചത്തിലെ എല്ലാ ഭൗതികകണങ്ങളുടെയും ഫലപ്രദമായ പ്രവചനം സാധ്യമാണ്.
അപ്പോള്‍ മറ്റുശാസ്ത്രങ്ങള്‍ അധികപ്പറ്റാകുമോ? ഈ ആലോചനയെ മിക്ക തത്ത്വചിന്തകരും നിരാകരിക്കുന്നു. ജീവശാസ്ത്രവും സാമ്പത്തികശാസ്ത്രവും പറയുന്ന കാര്യങ്ങള്‍ വിശദീകരിക്കാന്‍ ഒരുനാള്‍ ഭൗതികശാസ്ത്രത്തിന് കഴിഞ്ഞേക്കുമെന്ന് കരുതുന്നത് മൗഢമാണ്. എല്ലാ തത്ത്വജ്ഞാനികളും ബഹൂലക്ഷ്യപ്രാപ്തി എന്ന സിദ്ധാന്തത്തില്‍ സന്തുഷ്ടരല്ല. പക്ഷെ അത് ഉന്നതതല ശാസ്ത്രങ്ങളുടെ സ്വയംഭരണാധികാരത്തിന്റെ ശുദ്ധമായ വിശദീകരണം വാഗ്ദാനം ചെയ്യുന്നുണ്ട്.
വിവ.
കുന്നത്തൂര്‍ രാധാകൃഷ്ണന്‍

0 0 vote
Article Rating
Back to Top
0
Would love your thoughts, please comment.x
()
x