6 Wednesday
November 2024
2024 November 6
1446 Joumada I 4

മഹാമാരിയുടെ ഇടവേള പിന്നിട്ട് കലാലയങ്ങള്‍ ഉണരുന്നു

കെ പി ആഷിക്ക്‌


വളരെ വൈകിയാണെങ്കിലും നമ്മുടെ സ്‌കൂളുകളും കലാലയങ്ങളും മെല്ലെ മെല്ലെ തുറക്കുകയാണ്. നീണ്ട ഒന്നര വര്‍ഷത്തെ ഓണ്‍ലൈന്‍ വിദ്യാഭ്യാസത്തില്‍ നിന്നു വീണ്ടും സജീവവും ജൈവികവുമായ ഒരു സാമൂഹ്യ പ്രക്രിയയിലേക്കു പ്രവേശിക്കാനുള്ള തയ്യാറെടുപ്പ് എല്ലായിടത്തും കണ്ടുവരുന്നു. രക്ഷിതാക്കളും രാഷ്ട്രീയ സാമൂഹ്യ സംഘടനകളും സ്‌കൂള്‍ അധികാരികളും സര്‍ക്കാര്‍ സംവിധാനങ്ങളും കുട്ടികളെ വരവേല്‍ക്കാനുള്ള തയ്യാറെടുപ്പിലാണ്.
മഹാമാരി ഇപ്പോഴും വിട്ടകന്നിട്ടില്ലെങ്കിലും കോവിഡിനോടൊപ്പം ജീവിക്കുക എന്ന തലത്തില്‍ സകല മേഖലകളും താദാത്മ്യം പ്രാപിച്ചു വരികയാണ്. എന്തൊക്കെ മുന്‍കരുതലുകളും അതിജീവനത്തിന്റെ ശ്രമങ്ങളും നടത്തിയിട്ടും മഹാമാരി സൃഷ്ടിച്ച ആഘാതം അപരിഹാര്യമായി തന്നെ നില്‍ക്കുകയാണ്. കേവലം തൊഴില്‍, സാമ്പത്തികം എന്നീ മേഖലകളില്‍ മാത്രമല്ല,സാമൂഹ്യ സാംസ്‌കാരിക മേഖലകളിലും കുടുംബ ബന്ധങ്ങളിലും അത് ഒരേപോലെ ആഘാതവും തിരിച്ചറിവിന്റെ പശ്ചാത്തലങ്ങളും ഒരുക്കിയിട്ടുണ്ട്. കുഞ്ഞുപിറന്നു മൂന്നു വര്‍ഷങ്ങള്‍ക്കുള്ളില്‍ അതിഥിയാക്കുന്ന വിദ്യാഭ്യാസ രീതി ബാല്യം മുതല്‍ മാധ്യസ്ഥം വരെ പിന്തുടരുന്ന നാടാണ് നമ്മുടേത്.
അതിരാവിലെ കുട്ടികളെ യാത്രയാക്കി വൈകുന്നേരം മാത്രം വീട്ടിലെത്തി, പിന്നെ പഠിക്കാന്‍ സ്വകാര്യത സൃഷ്ടിച്ചു കൊടുത്തു അറിവിന്റെ മാസ്മരിക ലോകത്തേക്ക് വര്‍ഷങ്ങളോളം അവരെ യാന്ത്രികമായി നയിച്ചു, ചുറ്റുപാടുകളും പ്രകൃതിയും മറ്റു മനുഷ്യരെയും തന്റേതല്ലാതാക്കി, കുത്തിനിറച്ച അറിവുകൊണ്ടു മത്സരാധിഷ്ഠിതമാക്കി, ജോലി നേടി തന്റേതായ സ്വാര്‍ഥ ലോകത്തേക്ക് നയിക്കുന്ന, ഒരു മൂഢ വിദ്യാഭ്യാസ രീതിയില്‍ നിന്ന് പെട്ടെന്നൊരു മാറ്റമായിരുന്നു കോവിഡ് മഹാമാരി സൃഷ്ടിച്ച പുത്തന്‍ രീതി. അത് കേവലമൊരു ഓണ്‍ലൈന്‍ അറിവ് പകര്‍ത്തല്‍ രീതി മാത്രമല്ലായിരുന്നു. തന്റെ കുട്ടികള്‍ ആരാണെന്നും അവരുടെ കഴിവും കഴിവുകേടുകളുമെന്തെന്നും അവരുടെ ചിന്തകളും സ്വപ്‌നങ്ങളും എന്തെന്നും തങ്ങളും കുട്ടികളും തമ്മിലുള്ള ദൈനംദിന ജീവിത വ്യത്യാസങ്ങള്‍ എന്തൊക്കെയെന്നും ഓരോരുത്തരെയും അറിയിപ്പിച്ച, പഠിപ്പിച്ചു തന്ന,നീണ്ട കാലം. ഡാറ്റയും ഗാഡ്ജറ്റ്സും ജിബി യും ആപ്പുകളുമായി മാറി വിദ്യാഭ്യാസം അറിവു നിര്‍മിക്കുക എന്നതില്‍ മാത്രം ഒതുങ്ങിപ്പോയ കാലം.
തീര്‍ച്ചയായും ഈ കാലഘട്ടം ഒട്ടേറെ തിരിച്ചറിവുകള്‍വിദ്യാര്‍ഥികള്‍ക്കുംരക്ഷിതാകള്‍ക്കുംഅധ്യാപകര്‍ക്കുംനല്‍കിയിട്ടുണ്ട് എന്ന കാര്യത്തില്‍ സംശയമില്ല. വളരെയേറെ ആശങ്കകളുടെയും അനശ്ചിതത്വത്തിന്റെയുമിടയിലൂടെയാണ്രണ്ട് അധ്യയന വര്‍ഷങ്ങള്‍ കടന്നു പോയത്.ഗുണപരമായും ദോഷകരമായും ഒട്ടേറെ കാര്യങ്ങള്‍ അനുഭവിച്ചിട്ടുണ്ട് ഈ കാലയളവില്‍.
യഥാര്‍ഥത്തില്‍ വിദ്യാഭ്യാസമെന്നത് ഒരു അറിവ് നിര്‍മാണ പ്രക്രിയ അല്ലെന്നുള്ള കാര്യം യുനെസ്‌കോ അതിന്റെ പ്രഥമ വിദ്യാഭ്യാസ പ്രമേയത്തില്‍ എടുത്തു പറയുന്നുണ്ട്. വിദ്യാഭ്യാസത്തിന്റെ കാതല്‍ സമൂഹത്തില്‍ ഒരുമിച്ചു സന്തോഷത്തോടെ ജീവിക്കാന്‍ പ്രേരിപ്പിക്കുക എന്നതാണ്. അത്തരം ഒരു ബോധം ഉണ്ടാവണമെങ്കില്‍ വിദ്യാഭ്യാസം എന്നത്ക്ലാസ് മുറികളില്‍ മറ്റുള്ളവരോടൊപ്പം സഹവസിച്ചും സഹവര്‍ത്തിച്ചും സഹകരിച്ചും നേടുന്നതായിരിക്കണം. അപ്പോഴേ അറിവ് തിരിച്ചറിവായും തിരിച്ചറിവ് ജീവിത ഗന്ധിയായി നിലനിര്‍ത്താനും കഴിയൂ. കരുത്തുള്ളവരായി മാറണം നമ്മുടെ കുട്ടികള്‍. ഓണ്‍ലൈന്‍ ക്ലാസ്സുകള്‍ക്കും വീട്ടിലെ അടച്ചിട്ട മുറികള്‍ക്കും അതു കഴിയില്ലെന്ന് ഇതിനകം നാം തിരിച്ചറിഞ്ഞു.വിമര്‍ശനാത്മകമായും സര്‍ഗാത്മകമായും ചിന്തിക്കാനും സൃഷ്ടിക്കാനും അവര്‍ക്ക് കഴിയണം. അതിന് അവരുടെ സജീവമായ ക്ലാസ് മുറികള്‍ കൂടിയേ തീരൂ. സാമൂഹ്യമായ അകലം വൈറസില്‍ നിന്ന് രക്ഷ നേടാനുള്ളതാണ്, മാനസികമായ അകലം ഉണ്ടാവരുത്. അതില്ലാതിരിക്കുമ്പോഴാണ് നമ്മുടെ നാടിന്റെ വൈവിധ്യവും ബഹുസ്വരതയും നമുക്ക് നിലനിര്‍ത്താന്‍ കഴിയൂ. സജീവമായ പൊതു വിദ്യാഭ്യാസത്തിലൂടെ മാത്രമേ നമുക്കത് കിട്ടുകയുള്ളൂ. കേരളം വ്യത്യസ്തമാവുന്നതും ശക്തവും സജീവവുമായ ക്ലാസ് മുറികളിലൂടെയാണ്.
ആധുനികതയും സാങ്കേതികതയും ദ്രുതഗതിയില്‍ നമ്മെതേടിയെത്തിയപ്പോള്‍ സാങ്കേതിക വിദ്യകള്‍ എല്ലാറ്റിനും പരിഹാരമാണെന്നും ഓണ്‍ലൈനായി എല്ലാം നേടാമെന്നുമുള്ള നമ്മുടെ ധാരണ ശരിയല്ലെന്ന് നിര്‍ജീവമായ ഓണ്‍ലൈന്‍ പഠനപ്രക്രിയയിലൂടെ ഇതിനോടകം മനസ്സിലായി. സ്‌കൂളുകള്‍ എന്തിനെന്ന ചോദ്യത്തിനുത്തരം ആയിരുന്നു അത്. കലാലയങ്ങള്‍ അറിവുല്പാദന കേന്ദ്രമല്ലെന്ന തിരിച്ചറിവ് നമുക്ക് കോവിഡ് കാലം കാണിച്ചു തന്നു. കുട്ടികളുടെ സ്വഭാവ രൂപീകരണത്തിലും ശരിയായ മനോഭാവം കിട്ടുന്നതിലും സാമൂഹ്യമായകൂടിച്ചേരലുകള്‍ക്കു പ്രസക്തിയുണ്ടെന്നു നമുക്ക് മനസ്സിലായി. അടച്ചിട്ട മുറികളില്‍ അത് സാധ്യമല്ലെന്നും നാം തിരിച്ചറിഞ്ഞു.
ഓരോ കുട്ടിയിലും ഉള്ള സവിശേഷമായ കഴിവുകളെ തിരിച്ചറിയാനും ഉണര്‍ത്താനും പ്രയോഗവല്‍ക്കരിക്കാനും കഴിയണമെങ്കില്‍ അവര്‍ ക്ലാസ് മുറികളിലിരിക്കേണ്ടതുണ്ട്. പഴകി ദ്രവിച്ച പാഠഭാഗങ്ങള്‍ക്കപ്പുറം അതിനെ അനുഭവ യോഗ്യമാക്കി മാറ്റാനുള്ള കരുത്തു നേടാന്‍, സ്വജീവിതത്തില്‍ നിര്‍ഭയരാകാന്‍,അവര്‍ക്ക് കഴിയണമെങ്കില്‍ ഇത്തരം സഹവര്‍ത്തിത്തം അവര്‍ക്ക് കിട്ടേണ്ടതുണ്ട്.
അനുഭവങ്ങളാണ് വിദ്യാഭ്യാസം. നിരീക്ഷണത്തിലൂടെ, കണ്ടും അറിഞ്ഞും കൊണ്ടും കൊടുത്തും നേടുന്ന അറിവേ നിലനില്‍ക്കുകയുള്ളൂ. കൗമാര പ്രായത്തില്‍ കുട്ടികളില്‍ ആര്‍ജിക്കേണ്ട നൈപുണികള്‍ പലതും ടെക്സ്റ്റ് ബുക്കുകളില്‍ നിന്നല്ല ലഭിക്കുക. സഹവര്‍ത്തിത്തം, സഹകരണം, സൗഹൃദം, നൈതികത, സാമൂഹ്യബോധം ഇതൊക്കെ ഉള്‍ച്ചേര്‍ന്നു നില്‍ക്കുമ്പോഴേ ഒരു സാമൂഹ്യജീവിയായി മനുഷ്യന് മാറാന്‍ കഴിയൂ. അതിന് കുട്ടികള്‍ സ്‌കൂളില്‍ തന്നെ വരണം ഇടപഴകണം.
ദരിദ്രമായ ഒരു നാട്ടില്‍ വെര്‍ച്വല്‍ മാധ്യമത്തിലൂടെ വിദ്യ നല്‍കാനുള്ള സംവിധാനങ്ങള്‍ എളുപ്പമല്ല. ഉണ്ടായാല്‍ തന്നെ അത് ദുര്‍ബലമായിരിക്കും. മധ്യവര്‍ഗത്തിനു മുകളിലുള്ളവര്‍ക്ക് മാത്രമേ അത് പ്രാപ്യമാവൂ. ഇപ്പോഴും ഒരു വലിയ വിഭാഗം ഡിജിറ്റല്‍ വിദ്യാഭ്യാസത്തിന് പുറത്തു തന്നെയായിരിക്കും. ഓണ്‍ലൈന്‍ വിദ്യാഭ്യാസം ഇന്നുള്ള അടിമത്ത മനോഭാവത്തെ വര്‍ധിപ്പിക്കും. വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ഫാക്ടറികളല്ല. കുട്ടികള്‍ ഉത്പന്നങ്ങളുമല്ല. അധ്യാപകര്‍ തൊഴിലാളികളുമല്ല. അത്തരം കോര്‍പറേറ്റ് ചിന്തകള്‍ ഓണ്‍ലൈന്‍ വിദ്യാഭ്യാസം പ്രോത്സാഹിപ്പിച്ചേക്കാം. എന്നാല്‍ അതിനുമപ്പുറം വ്യക്തിയെ സമൂഹവുമായി ബന്ധിപ്പിക്കുന്ന സര്‍ഗാത്മകത പ്രോത്സാഹിപ്പിക്കുന്ന കേന്ദ്രങ്ങളാണ്കലാലയങ്ങള്‍. സര്‍വ സ്വതന്ത്രനായി ഈ ലോകത്തു ജീവിക്കാന്‍ പ്രാപ്തരായി നമ്മുടെ കുട്ടികള്‍മാറേണ്ടതുണ്ട്. എന്തു പഠിക്കുന്നു എന്നതിനേക്കാള്‍ എങ്ങിനെ അത് ജീവിത വിജയത്തിന് പ്രയോഗവല്‍ക്കരിക്കാം എന്നതാണ് കലാലയങ്ങള്‍ നല്‍കുന്ന ഏറ്റവും വലിയ സമ്പത്ത്. അതുകൊണ്ടു കൂടിയാവാം എന്തൊക്കെ പ്രതിസന്ധിയുണ്ടായാലും സ്‌കൂളുകളും കോളേജുകളും തുറന്ന് കുട്ടികള്‍ക്ക് നേരിട്ട് പഠിക്കാന്‍ അവസരം ഉണ്ടാകണമെന്ന് പറയുന്നതിന്റെ പൊരുള്‍. വിദ്യാഭ്യാസ മേഖല ഓരോ ദിവസവും സ്വകാര്യവല്‍ക്കരിക്കപ്പെടുന്ന, ഈ നവ ലിബറല്‍ കാലഘട്ടത്തില്‍ സമൂഹത്തിലെ അരികുവല്‍ക്കരിക്കപ്പെട്ട വിദ്യാര്‍ഥികളെ മറന്നു കളയാതിരിക്കാനും സാങ്കേതിക വിദ്യകളും കമ്പോളങ്ങളും സൃഷ്ടിച്ചെടുക്കുന്ന അഭ്യാസങ്ങള്‍ക്കപ്പുറം മനവികതയുടെയും ധാര്‍മികതയുടെയും സ്പര്‍ശങ്ങള്‍ നിറയാനുംഓണ്‍ലൈന്‍ ക്ലാസ്സുകളില്‍നിന്ന് ഓഫ് ലൈന്‍ ക്ലാസ്സുകളിലേക്ക് എത്രയും വേഗം മാറേണ്ടതുണ്ട്.
അതോടൊപ്പം വളരെ ശ്രദ്ധിക്കേണ്ട മറ്റൊരു കാര്യം ഒരു വലിയ ഇടവേളക്കു ശേഷം സ്‌കൂളുകളിലേക്ക്വരുന്ന നമ്മുടെ കുഞ്ഞുങ്ങളും കൗമാരങ്ങളും ഒട്ടേറെ അസ്വസ്ഥകളും ആകുലതകളും നേരിട്ട് അനുഭവിച്ചവരാണെന്നും അവര്‍ക്ക് വേണ്ടത് അറിവ് പകര്‍ന്നു നല്‍കി പരീക്ഷ എഴുതാന്‍ പാകപ്പെടുത്തുന്നതിനെക്കാള്‍ സ്‌നേഹസ്പര്‍ശവും സൗഹൃദവും സാംസ്‌കാരിക ഇടവുമാണെന്ന തിരിച്ചറിവ് അധ്യാപകര്‍ക്കും രക്ഷിതാക്കള്‍ക്കും ഉണ്ടായിരിക്കണം എന്നതാണ്. മാറുന്ന ലോകത്തില്‍ഇത്തരം പ്രതിസന്ധികള്‍ മഹാമാരിയുടെ രൂപത്തിലും പ്രകൃതി ദുരന്തങ്ങളുടെ ഭാവത്തിലും ഇനിയും തുടര്‍ന്ന്പ്രതീക്ഷിക്കാം. അതിനിടയില്‍ വീണു കിട്ടുന്ന ഇടവേളകള്‍ ആയിരിക്കാം ഇപ്പോഴുള്ള ഈ തുറക്കല്‍ പ്രക്രിയ എന്ന ചിന്ത നമുക്കുണ്ടാവണം.
സാങ്കേതികതയും നൈസര്‍ഗികതയും സമന്വയം ചെയ്തു കൊണ്ട് മാറുന്ന കാലത്തെ സ്വീകരിക്കാനുള്ള ആത്മധൈര്യം പകരാന്‍ നമ്മുടെ കലാലയങ്ങള്‍ക്ക്കഴിയണം. ഓരോ കുട്ടിയെയും തിരിച്ചറിയുവാനും അവരുടെ ആശങ്കകളെയും ആകുലതകളെയും ഇല്ലാതാക്കുവാനും അവരുടെ പ്രതീക്ഷകള്‍ക്ക് ചിറകു വിരിച്ചു കൊടുക്കുവാനും മങ്ങിപ്പോയ അവരുടെ സ്വപ്‌നങ്ങളെ മെല്ലെ മെല്ലെ ഉണര്‍ത്താനും കഴിയുന്ന തരത്തില്‍, ഒപ്പംഅവര്‍ക്ക് ധൈര്യം പകരാന്‍ കഴിയുന്ന രീതിയില്‍, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ മാറി ചിന്തിക്കുമെന്ന് നമുക്ക് പ്രത്യാശിക്കാം.

രക്ഷിതാക്കള്‍ അറിയാന്‍
ഒന്നര വര്‍ഷത്തോളം കുട്ടികളെ മുഴുവന്‍ സമയവും കണ്ടവരാണ് ഓരോ രക്ഷിതാക്കളും. അവരുടെ സ്വഭാവ സവിശേഷതകള്‍, പ്രശ്‌നങ്ങള്‍, രോഗങ്ങള്‍, മാനസിക പ്രശ്‌നങ്ങള്‍ എന്നിവയൊക്കെ ഇതിനോടകം മനസ്സിലാക്കിക്കഴിഞ്ഞിട്ടുണ്ടാകാം. ഇത്തരം കാര്യങ്ങള്‍ രഹസ്യമാക്കി വയ്ക്കരുത്. അധ്യാപകരുമായി പങ്കുവയ്ക്കണം. പരിഹാരം തേടണം.
കുട്ടികള്‍ കൃത്യമായി കോവിഡ് പ്രോട്ടോകോള്‍ പാലിക്കുന്നു എന്നുറപ്പ് വരുത്തുക. സ്‌കൂളില്‍ നിന്ന് തിരിച്ചു വന്നാല്‍ വസ്ത്രം മാറി ശരീര ശുദ്ധി വരുത്തുന്നു എന്നുറപ്പ് വരുത്തുക. സ്‌കൂളില്‍ എങ്ങിനെയെങ്കിലും അയച്ചാല്‍ മാത്രമേ കുട്ടി പരീക്ഷ ജയിക്കൂ എന്ന നിര്‍ബന്ധ ബുദ്ധി വേണ്ട. ശാരീരിക മാനസിക ആരോഗ്യ പ്രശ്‌നങ്ങള്‍ ഉള്ള കുട്ടികള്‍ക്ക് വീടാണ് സുരക്ഷിത ഇടമെങ്കില്‍ വീട്ടില്‍ നിര്‍ത്തുക. അധ്യാപകരുമായി സംവദിക്കാനുള്ള അവസരം ഉണ്ടാക്കിയാല്‍ മതി.
സ്ഥിരമായി ആശയ വിനിമയം നടത്തുക. സൗഹൃദ രൂപത്തില്‍ അവരെ സമീപിക്കുക. ഉപദേശം, ആജ്ഞ, കുറ്റപ്പെടുത്തല്‍, താരതമ്യം ചെയ്യല്‍ എന്നിവ കുട്ടികളെ നമ്മോട് ഇടപഴകുന്നതില്‍ നിന്ന് അകറ്റാന്‍ കാരണമാക്കും.
കുട്ടികളെ അവരറിയാതെ നിരീക്ഷിക്കുക. ഒന്നും ഒളിച്ചു വയ്ക്കാതെ പ്രധാന അധ്യാപകനോടോ ക്ലാസ് ടീച്ചറുമായോ വിവരങ്ങള്‍ കൈമാറുക.

അധ്യാപകരോട്
ഒന്നര വര്‍ഷമായി വീട്ടില്‍ ഒറ്റപ്പെട്ട് നില്‍ക്കുന്ന കുട്ടികളാണ് ക്ലാസ് മുറികളില്‍ എത്തുന്നത്. അവരെ അറിയാന്‍ ശ്രമിക്കുക. ഓരോ കുട്ടികളും ഓരോ സ്വഭാവ സവിശേഷതക്കുടമകളാണെന്ന കാര്യം ഓര്‍മിക്കുക. എല്ലാവരെയും ഒരേപോലെ കാണരുത്.
കുട്ടികളെ പഠിപ്പിക്കുന്നതിനെക്കാള്‍ അവരുടെ പഠനത്തിനാവശ്യമായ പ്രോത്സാഹനം നല്‍കാന്‍ ശ്രമിക്കുക.
അവര്‍ക്ക് നഷ്ടപ്പെട്ട ആത്മ ധൈര്യം, പ്രതീക്ഷ വീണ്ടെടുക്കാന്‍ സഹായിക്കുക
എല്ലാം തുറന്നുപറയാനുള്ള സൗഹൃദം ഉണ്ടാക്കിയെടുക്കുക.
മെന്റര്‍ സംവിധാനം ശക്തിപ്പെടുത്തുക. അവരുടെ സുരക്ഷ, ആരോഗ്യം എന്നിവ ഉറപ്പു വരുത്തുക
മോറല്‍ പൊലീസിങ് എന്ന രീതിയില്‍ അവരുടെ ബാഹ്യമായ കാര്യങ്ങളില്‍ ഇടപെടുകയും വ്യക്തിഹത്യ നടത്തി മാനസിക ക്ഷതമേല്പിക്കാതിരിക്കുകയും ചെയ്യുക
കുട്ടികളെ ശുഭാപ്തി വിശ്വാസമുള്ളവരാക്കുക. സര്‍ഗാത്മക ചിന്തകള്‍, വിമര്‍ശനാത്മക ചിന്തകള്‍, മതേതര മൂല്യങ്ങള്‍ എന്നിവ കുട്ടികള്‍ക്ക് പകര്‍ന്നു കൊടുക്കാന്‍ സഹായിക്കുക.
കുട്ടികളെ സൂക്ഷ്മമായി നിരീക്ഷിച്ചു, അരുതാത്തതു ശ്രദ്ധയില്‍ പെട്ടാല്‍ കൂടിയാലോചിച്ചു രക്ഷിതാക്കളുമായി ചര്‍ച്ച ചെയ്ത് ഉചിത നടപടികള്‍ കൈക്കൊള്ളുക.
പ്രശ്‌നം കണ്ടെത്തുന്നതിനെക്കാള്‍ പരിഹാരത്തിന്റെ ഭാഗമാകുക.
(ലേഖകന്‍ മുന്‍ സംസ്ഥാന കരിക്കുലം കമ്മിറ്റി അംഗവും എഴുത്തുകാരനുമാണ്)

Back to Top