സ്‌കൂള്‍പഠന സമയമാറ്റം ക്രിയാത്മക ചര്‍ച്ചകള്‍ നടക്കണം
അക്ബര്‍ കാരപ്പറമ്പ്
സ്‌കൂള്‍പഠന സമയമാറ്റത്തെപ്പറ്റി സജീവമായ ചര്‍ച്ച നടന്നുകൊണ്ടിരിക്കുകയാണല്ലോ. ഖാദര്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് അനുസരിച്ച് സ്‌കൂള്‍ പഠനസമയം രാവിലെ 8 മുതല്‍ ഒരു മണി വരെയാക്കി മാറ്റാനുള്ള ഒരു നിര്‍ദേശമാണ് സമര്‍പ്പിക്കപ്പെട്ടത്. ഇതു സംബന്ധമായി പല ചര്‍ച്ചകളും വിവിധ സമുദായ സംഘടനകളില്‍ നിന്നും പൊതുജനങ്ങളില്‍ നിന്നും ഉയര്‍ന്നുവന്നിരിക്കുകയാണ്. മദ്‌റസാ പഠനത്തെ ബാധിക്കും എന്നതിനാല്‍ സമയമാറ്റത്തെ എതിര്‍ക്കുന്നവരുമുണ്ട്.
എന്നാല്‍ മദ്‌റസാ പഠനത്തെ ദോഷകരമായി ബാധിക്കുകയില്ല എന്നു മാത്രമല്ല, മദ്‌റസാ പഠനത്തിന് കൂടുതല്‍ സമയം ലഭിക്കാനും കുട്ടികള്‍ക്ക് കുറച്ചുകൂടി പഠനത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കാനും സാധിക്കുമോ എന്നത് കൂടി ചര്‍ച്ച ചെയ്യേണ്ടതാണ്. നിലവില്‍ രാവിലെ 6/7 മണി മുതല്‍ 8.30 വരെയാണ് പരമാവധി സമയം ലഭിക്കുന്നത്. ഇതുതന്നെ കുട്ടികള്‍ രാവിലെ മദ്‌റസയില്‍ എത്തുന്നത് അരമണിക്കൂറോളം വൈകിയാണ്. സ്‌കൂള്‍ എന്ന പ്രധാന അജണ്ട മുന്നി ല്‍കണ്ടുകൊണ്ട് അതിനു മുമ്പായി അല്‍പസമയം ചെലവഴിക്കാനുള്ള ഒരു ഇടത്താവളമായാണ് മദ്‌റസയെ കുട്ടികളും രക്ഷിതാക്കളും കാണുന്നത് എന്നത് യാഥാര്‍ഥ്യമാണ്.
മദ്‌റസയി ല്‍ പോകുന്ന കുട്ടികളുടെ മാനസികാവസ്ഥയും മനഃശാസ്ത്രവും കൂടി നാം പരിഗണിക്കേണ്ടിയിരിക്കുന്നു. മദ്‌റസയില്‍ ഇരിക്കുമ്പോള്‍ തന്നെ സ്‌കൂള്‍ ബസിന്റെ സമയം മനസ്സില്‍ കരുതി വേവലാതിയോടു കൂടിയാണ് വീട്ടിലേക്ക് ഓടിയെത്തുന്നതുതന്നെ. വീണ്ടും ധൃതിയില്‍ സ്‌കൂളില്‍ പോകാന്‍ കുട്ടികള്‍ എടുക്കുന്ന തത്രപ്പാടും ബുദ്ധിമുട്ടും നാം ദിനേനയെന്നോണം കാണുന്നതാണ്.
എന്നാല്‍ 8 മുതല്‍ ഉച്ചയ്ക്ക് ഒരു മണി വരെ സ്‌കൂള്‍ പഠനം പരിമിതപ്പെടുത്തുമ്പോള്‍ ഒരുപാട് നേട്ടങ്ങള്‍ ഉണ്ടാകുമെന്ന കാര്യം നാം കാണാതിരുന്നുകൂടാ. ഒരു മണിക്ക് വീട്ടിലെത്തി വേണമെങ്കില്‍ വീട്ടില്‍ നിന്ന് ഭക്ഷണം കഴിച്ച് വൈകുന്നേരങ്ങളില്‍ അല്‍പം കളിക്കാന്‍ സമയം ലഭിക്കും. കൂടാതെ ഗൃഹപാഠങ്ങള്‍ സ്വായത്തമാക്കാനും മറ്റും കുറച്ചുകൂടി സമയം ലഭിക്കും. അതുവഴി പഠനം കഴിഞ്ഞ് നേരത്തേ ഉറങ്ങാന്‍ കുട്ടികള്‍ക്ക് അവസരം ലഭിക്കും.
ഇനി മദ്‌റസയില്‍ പഠിക്കുന്ന കുട്ടികള്‍ക്ക് 2 മുതല്‍ 6 മണി വരെ ദിവസം പരമാവധി നാലു മണിക്കൂര്‍ എങ്കിലും പഠനസമയം ലഭിക്കും. ഉച്ചയ്ക്കു ശേഷം മാതാപിതാക്കളോടൊപ്പം ഡോക്ടറെ കാണാനോ ബന്ധുമിത്രാദികളുടെ വീട് സന്ദര്‍ശിക്കാനോ അവസരം ലഭിക്കുമെന്നതും ചെറിയ കാര്യമല്ല. അധ്യാപകരെ സംബന്ധിച്ചിടത്തോളം സ്‌കൂള്‍ പാഠ്യപദ്ധതിയിലെ ഗൃഹാന്തര പാഠങ്ങള്‍ റഫര്‍ ചെയ്യാന്‍ കൂടുതല്‍ അവസരവും ലഭിക്കും എന്നുകൂടി നാം കാണണം. മതപഠനം രാവിലെ മാത്രമേ പറ്റൂ എന്ന നിലപാട് പുനഃപരിശോധിക്കപ്പെടേണ്ടതു തന്നെയാണ്.
കേരളം ഒഴികെയുള്ള മിക്ക സംസ്ഥാനങ്ങളിലും രാവിലെ 8 മണിക്കാണ് സ്‌കൂള്‍ പഠനം ആരംഭിക്കുന്നത്. ഗള്‍ഫ് നാടുകളിലും മറിച്ചല്ല സ്ഥിതി. സ്‌കൂള്‍ സമയമാറ്റത്തോടുകൂടി നിലവില്‍ വാഹനങ്ങളിലെ തിക്കും തിരക്കും കുറയ്ക്കാനും സാധിക്കും. സമുദായ നേതൃത്വങ്ങള്‍ ഇക്കാര്യത്തില്‍ ക്രിയാത്മകമായ ഒരു സമീപനം കൈക്കൊള്ളണം.