26 Friday
July 2024
2024 July 26
1446 Mouharrem 19

സ്‌കൂള്‍ പരിഷ്‌കരണവും മതനിരാസവും


ഒരു ഇടവേളയ്ക്കു ശേഷം കേരളത്തിലെ പാഠപുസ്തകങ്ങള്‍ പരിഷ്‌കരണത്തിനു വിധേയമാവുകയാണ്. ദേശീയ വിദ്യാഭ്യാസ നയം 2020ല്‍ പുറത്തിറങ്ങിയതിനു ശേഷം നടക്കുന്ന പരിഷ്‌കരണമെന്ന നിലയില്‍ രാഷ്ട്രീയപരമായും വിദ്യാഭ്യാസപരമായും പ്രാധാന്യമുള്ള പ്രക്രിയയാണിത്. ദേശീയ വിദ്യാഭ്യാസനയത്തെ പൂര്‍ണമായി കേരളം പിന്തുണയ്ക്കുന്നില്ല എന്നാണ് സംസ്ഥാന ഗവണ്‍മെന്റിന്റെ രാഷ്ട്രീയ തീരുമാനം. വിദ്യാഭ്യാസം കണ്‍കറന്റ് ലിസ്റ്റില്‍ ഉള്‍പ്പെടുന്ന വിഷയമാണെന്നതുകൊണ്ടുതന്നെ സംസ്ഥാന സര്‍ക്കാരിനു സ്വതന്ത്രമായ തീരുമാനങ്ങള്‍ എടുക്കാനാവും. സൂക്ഷ്മമായ പരിഷ്‌കരണ നിര്‍ദേശങ്ങളല്ല, ചട്ടക്കൂട് നിര്‍ദേശിക്കുക മാത്രമാണ് ദേശീയ നയത്തിലൂടെ കേന്ദ്ര സര്‍ക്കാര്‍ നല്‍കിയിട്ടുള്ളത്. അതിനാല്‍ സംസ്ഥാന സര്‍ക്കാരുകള്‍ക്ക് തനത് മാതൃകയില്‍ പ്രായോഗിക നടപടികള്‍ സ്വീകരിക്കാനാവും.
സംസ്ഥാന സര്‍ക്കാരിന്റെ അധികാരപരിധിയില്‍ വരുന്ന ഒരു വിഷയമാണ് സ്‌കൂള്‍ വിദ്യാഭ്യാസം എന്നത് എടുത്തുപറയേണ്ടിവരുന്നത്, പല കാര്യങ്ങളിലും ഫെഡറല്‍ അധികാരങ്ങള്‍ നിലനില്‍ക്കെത്തന്നെ, കേന്ദ്രസര്‍ക്കാര്‍ പറഞ്ഞതുകൊണ്ട് ചെയ്യുകയാണെന്ന ന്യായം ഉന്നയിക്കപ്പെടാറുണ്ട് എന്നതുകൊണ്ടാണ്. ഏറ്റവും ഒടുവില്‍ ശ്രീറാം വെങ്കിട്ടരാമന്റെ കലക്ടര്‍ നിയമനത്തെ ആദ്യഘട്ടത്തില്‍ ന്യായീകരിച്ചിരുന്നത് നാം കണ്ടതാണ്.
പാഠ്യപദ്ധതി പരിഷ്‌കരിക്കാന്‍ വേണ്ടി പുറത്തിറക്കിയ കരട് നിര്‍ദേശങ്ങള്‍ ഇപ്പോള്‍ തന്നെ ചര്‍ച്ചയായിട്ടുണ്ട്. സംസ്ഥാന സര്‍ക്കാരിനെ നയിക്കുന്ന പാര്‍ട്ടിയുടെ മത-വിശ്വാസസംബന്ധിയായ ക്ലാസിക് ആശയങ്ങള്‍ പ്രതിഫലിക്കുന്നതാണ് കരട് നിര്‍ദേശങ്ങള്‍. സമൂഹ ചര്‍ച്ചക്കായി കരട് നിര്‍ദേശങ്ങളുടെ പുസ്തകം കേരള സര്‍ക്കാര്‍ പുറത്തിറക്കിയിട്ടുണ്ട്. പ്രീ സ്‌കൂള്‍, സ്‌കൂള്‍ വിദ്യാഭ്യാസം, അധ്യാപക വിദ്യാഭ്യാസം, മുതിര്‍ന്നവരുടെ വിദ്യാഭ്യാസം എന്നിങ്ങനെ നാലു മേഖലകളിലായാണ് ചട്ടക്കൂട് വികസിപ്പിക്കുന്നത്. പുരോഗമന വിദ്യാഭ്യാസ കാഴ്ചപ്പാടുകള്‍ അനുസരിച്ചായിരിക്കണം പരിഷ്‌കരണമെന്ന് ആഗ്രഹിക്കുന്ന സര്‍ക്കാര്‍ ഏതെങ്കിലും നിര്‍ദിഷ്ട രീതിശാസ്ത്രമോ പരിഷ്‌കരണ മാനദണ്ഡമോ എടുത്തുപറയുന്നില്ല. എന്നാല്‍ ജെന്‍ഡര്‍ സ്‌പെക്ട്രത്തെക്കുറിച്ചും (പേജ് 16), ജെന്‍ഡര്‍ ന്യൂട്രാലിറ്റിയെക്കുറിച്ചും (പേജ് 71) പറയാന്‍ സര്‍ക്കാര്‍ തയ്യാറായിട്ടുമുണ്ട്. ദേശീയ വിദ്യാഭ്യാസ നയത്തിന്റെ മറവില്‍ കൃത്യമായ മതനിരാസ പ്രവണതകള്‍ ഉള്‍ക്കൊള്ളിക്കാനുള്ള ശ്രമങ്ങളാണ് ഉണ്ടാവുന്നത്.
ജെന്‍ഡര്‍ ന്യൂട്രാലിറ്റി ഏതെങ്കിലും തരത്തില്‍ ലിംഗസമത്വത്തിലേക്ക് നയിക്കുമെന്നു തെളിയിക്കുന്ന ഗവേഷണ പഠനമോ ആധികാരിക രേഖയോ ഇല്ല. എന്നിരിക്കെ, ലിബറല്‍ ഭാവനകള്‍ മാത്രം അടിസ്ഥാനപ്പെടുത്തിയുള്ള പരിഷ്‌കരണ ശ്രമങ്ങള്‍ കേരളീയ സമൂഹത്തില്‍ കടുത്ത ആഘാതങ്ങളാണ് സൃഷ്ടിക്കുക. ലിംഗഭേദം പരിഗണിക്കാതെ ഇരിപ്പിടങ്ങള്‍ സജ്ജമാക്കുക വഴി സമത്വം ഉണ്ടാകുമെന്നാണ് കരടുരേഖ പ്രതീക്ഷിക്കുന്നത്. ജെന്‍ഡര്‍ ന്യൂട്രാലിറ്റി കേവലം യൂനിഫോമിലോ ഒരുമിച്ചിരുത്തലിലോ ഒതുങ്ങുന്നതല്ല എന്നും അത് വ്യക്തമായ സാമൂഹിക പ്രതിഫലനങ്ങള്‍ സൃഷ്ടിക്കുന്ന രാഷ്ട്രീയ പദ്ധതിയാണെന്നും തെളിയിക്കപ്പെട്ടതാണ്. അത് നടപ്പില്‍ വരുത്തിയ പാശ്ചാത്യ രാജ്യങ്ങളില്‍ നിന്നുള്ള ഫീല്‍ഡ് സര്‍വേകളും അപഗ്രഥനങ്ങളും വിവിധ സര്‍വകലാശാലകളുടെ സാമൂഹിക പഠനവിഭാഗങ്ങളില്‍ നിന്ന് നമുക്ക് ലഭ്യമാണ്.
പുതുതലമുറയില്‍ നിന്നുള്ളവര്‍, താന്‍ ജനിച്ച ശാരീരിക ലിംഗവിഭാഗത്തെക്കുറിച്ച് ആശയക്കുഴപ്പത്തിലാവുകയും സ്വന്തം തോന്നലുകളുടെ അടിസ്ഥാനത്തില്‍ ലിംഗവിഭാഗം മാറ്റിക്കൊണ്ടിരിക്കുകയും ചെയ്യുന്ന സ്ഥിതിവിശേഷം പാശ്ചാത്യനാടുകളില്‍ വ്യാപകമാവുകയാണ്. ജെന്‍ഡര്‍ ഡിസ്‌ഫോറിയ എന്നു വിളിക്കുന്ന ഈ അവസ്ഥയ്ക്ക് കാരണമാകുന്നത് ചെറുപ്പത്തില്‍ ലഭിക്കുന്ന ജെന്‍ഡര്‍ ന്യൂട്രാലിറ്റി പോലെയുള്ള യാഥാര്‍ഥ്യബോധമില്ലാത്ത പാതി വെന്ത സിദ്ധാന്തങ്ങളാണ്. അതായത്, വിദ്യാഭ്യാസ പരിഷ്‌കരണത്തിന്റെ മറവില്‍ നടക്കുന്ന ജെന്‍ഡര്‍ ന്യൂട്രാലിറ്റി എന്ന ആശയം വ്യക്തിയെ മാത്രമല്ല, കുടുംബമെന്ന സംവിധാനത്തെയും അതുവഴി സമൂഹത്തെ ഒന്നാകെയും പ്രതിരോധത്തിലാക്കുന്ന ആശയധാരയാണ്. വ്യക്തിവാദവും തോന്നലുകളെ അടിസ്ഥാനപ്പെടുത്തിയുള്ള രാഷ്ട്രീയപദ്ധതിയും എല്ലാ തരം സാമൂഹിക കെട്ടുറപ്പിനെയും സാമൂഹിക മൂല്യങ്ങളെയും ബലികഴിക്കും.
ജെന്‍ഡര്‍ ന്യൂട്രാലിറ്റി എങ്ങനെ മതനിരാസത്തിനു കാരണമാകുന്നു എന്ന നിഷ്‌കളങ്ക ചോദ്യങ്ങള്‍ ചില ഭാഗങ്ങളില്‍ നിന്നുയരുന്നുണ്ട്. മതം എന്നാല്‍ പള്ളിക്കുള്ളില്‍ മാത്രമൊതുങ്ങുന്ന ആചാരരീതികളാണെന്ന കാഴ്ചപ്പാടില്‍ നിന്നാണ് ആ ചോദ്യം ഉണ്ടാകുന്നത്. ഒരാളുടെ ജീവിതത്തിന്റെ എല്ലാ മേഖലകളിലും മാര്‍ഗനിര്‍ദേശങ്ങള്‍ നല്‍കുന്ന ജീവിതസംഹിതയാണ് ഇസ്‌ലാം. സ്വന്തം ലിംഗവിഭാഗം ഏതെന്നു തിരിച്ചറിയാന്‍ കഴിയാതെ മുന്നോട്ടുപോവുന്ന ഒരു വ്യക്തിയെ സംബന്ധിച്ചിടത്തോളം മതധാര്‍മികതയുടെ പരിധികള്‍ പരിഗണനാ വിഷയമേ ആയിരിക്കില്ല. മതധാര്‍മികതയ്ക്കു പകരം ചൂഷണത്തില്‍ അധിഷ്ഠിതമായ ലിബറല്‍ ധാര്‍മികത മതിയെന്നു ചിന്തിക്കുന്നവര്‍ പുരോഗമനത്തിന്റെ ലേബലൊട്ടിച്ച വ്യക്തിവാദ കാഴ്ചപ്പാടുകളെ പിന്തുണയ്ക്കുക സ്വാഭാവികമാണ്. എന്നാല്‍ അത്തരം ആശയധാരകളും ജെന്‍ഡര്‍ ന്യൂട്രല്‍ പരീക്ഷണങ്ങളും മതമില്ലാത്ത ജീവനുകളെ സൃഷ്ടിക്കുക കൂടിയാണ് ചെയ്യുന്നത്.

0 0 vote
Article Rating
Back to Top
0
Would love your thoughts, please comment.x
()
x