3 Saturday
December 2022
2022 December 3
1444 Joumada I 9

സവര്‍ണ രാഷ്ട്രീയത്തിന്റെ ഫാസിസ്റ്റ് മുറകള്‍

ശമീം കുടുക്കന്‍

ഇന്ത്യയില്‍ വസിക്കുന്ന എല്ലാ മതവിഭാഗക്കാര്‍ക്കും ഭരണഘടന അനുധാവനം ചെയ്യുന്ന രീതിയിലുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് സ്വാതന്ത്ര്യമുണ്ട്. രാജ്യത്തെ സര്‍വ മതങ്ങളിലെയും പൗരന്മാര്‍ തെരഞ്ഞെടുക്കുന്നവരാണ് ഭരണകര്‍ത്താക്കളാകുന്നത്. ഖേദകരമെന്നു പറയട്ടെ, മോദി സര്‍ക്കാര്‍ ഭരണത്തിലേറിയതു മുതല്‍ അന്നു വരെ നിലനിന്ന നിയമങ്ങള്‍ക്കും നീതിക്കും സൗഹൃദങ്ങള്‍ക്കും വിപരീതമായാണ് രാജ്യത്തിന്റെ യാത്ര.
ഹിറ്റ്‌ലറും മുസോളിനിയും കഴിഞ്ഞ നൂറ്റാണ്ടില്‍ അരങ്ങു നിറഞ്ഞാടിയ നാസിസത്തിനും ഫാസിസത്തിനും സമാനമായ പ്രവര്‍ത്തനങ്ങളിലൂടെയാണ് ഇന്ത്യ ഇന്നു സഞ്ചരിക്കുന്നത്. നൂറ്റാണ്ടുകള്‍ പഴക്കമുള്ള മസ്ജിദുകളെല്ലാം ഖനനം നടത്തി ശിവലിംഗം കണ്ടെത്തി തകര്‍ക്കാനുള്ള തിരക്കിലാണ് ഇന്ത്യന്‍ ഫാസിസ്റ്റുകള്‍. അതിലൂടെ മുസ്‌ലിം വംശഹത്യക്ക് കളമൊരുക്കാനുള്ള കുതന്ത്രങ്ങള്‍ മെനഞ്ഞുകൊണ്ടിരുന്നു.
മുസ്ലിംകളെ ഏതുവിധേനയും രാജ്യത്തുനിന്ന് പുറംതള്ളാനുള്ള കരുക്കള്‍ കേന്ദ്രത്തില്‍ ചലിപ്പിക്കുന്നു. അതിനുള്ള ശ്രമങ്ങള്‍ തന്നെയാണ് ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്നത്. ന്യൂനപക്ഷങ്ങളെ പുറംതള്ളി ഒരു വരേണ്യ വര്‍ഗത്തിനു മാത്രം ജീവിക്കാന്‍ പറ്റുന്ന രീതിയിലേക്ക് കൊണ്ടുപോവുകയാണ്.
രാജ്യത്താകെ ബീഫിന്റെ പേരിലുള്ള തല്ലിക്കൊലകള്‍ നടത്തുന്നു. അഖ്‌ലാഖ് ഉദാഹരണം. ഗോരക്ഷക ഗുണ്ടകള്‍ അഴിഞ്ഞാടുകയാണ് രാജ്യത്ത്.
ബാബരി മസ്ജിദ് പട്ടാപ്പകല്‍ വലിയൊരു കൂട്ടം കര്‍സേവകര്‍ അടിച്ചുപൊളിച്ചു. രാജ്യത്തെ നീതിന്യായ വ്യവസ്ഥയുടെയും ഭരണകൂടത്തിന്റെയും സഹായത്തോടെ ഇപ്പോള്‍ അവിടെ രാമക്ഷേത്രം ഉയര്‍ത്തിക്കൊണ്ടിരിക്കുന്നു. നിന്റെ പേര് മുഹമ്മദ് അല്ലേ എന്നു ചോദിച്ചുകൊണ്ട് സംഘികള്‍ ഒരാളെ തല്ലിക്കൊന്നത് ഈയിടെയാണ്. ശഫീഖുല്‍ ഇസ്ലാം എന്ന യുവാവ് പോലീസ് കസ്റ്റഡിയില്‍ കൊല്ലപ്പെട്ടു. താടിയും തൊപ്പിയും ധരിച്ച വ്യക്തി കെഎസ്ആര്‍ടിസി ബസ് ഓടിക്കുന്നതും ശുഭ്രവസ്ത്രധാരിയായ യുവാവ് വില്ലേജ് ഓഫീസ് കസേരയില്‍ ഇരുന്നതും വര്‍ഗീയ നിറം പൂണ്ട് സോഷ്യല്‍ മീഡിയയില്‍ വ്യാപിച്ചത് നമ്മുടെ കേരളത്തിലാണ്.
മുഗള്‍ ഭരണകാലത്തെ റോഡുകളുടെയും തെരുവുകളുടെയും പേര് തിരക്കിട്ട് മാറ്റുന്നതും ശ്രദ്ധേയമാണ്. കുത്തബ് മിനാറിന്റെ നാമം മാറ്റി വിഷ്ണു സ്തംഭമാക്കണമെന്നു മുറവിളി കൂട്ടുന്നു. താജ്മഹല്‍ തേജോമഹാലയ ആണെന്ന വാദവും ഉയര്‍ന്നുവരുന്നു. ഇതെല്ലാം രാജ്യത്തെ മുസ്ലിംകള്‍ക്കെതിരെയുള്ള ആര്‍ എസ് എസിന്റെ ആക്രമണത്തിനുള്ള തെളിവുകളാണ്.
‘നിസ്‌കരിക്കാന്‍ നാളെ പള്ളികള്‍ കാണില്ല’ പോലുള്ള കലാപ മുദ്രാവാക്യങ്ങള്‍ ഉയര്‍ത്തി വര്‍ഗീയതയുടെ കനലുകള്‍ മുസ്ലിംകള്‍ക്കിടയില്‍ പടര്‍ത്താന്‍ ശ്രമിക്കുന്നു. രാജ്യത്തെ ഒരു ആഭ്യന്തരയുദ്ധത്തിലേക്കും അതുവഴി മുസ്‌ലിം വംശഹത്യയിലേക്കും നയിക്കാനാണ് ശ്രമം.
ഇത്തരത്തില്‍ മേല്‍ജാതി ഹിന്ദുക്കളെ മാത്രം രാജ്യത്ത് അവശേഷിപ്പിക്കാനായി ആര്‍ എസ് എസ് ഒരു ഭാഗത്ത് ആസൂത്രണങ്ങളും നടപടികളും നടത്തുമ്പോള്‍, മറുവശത്ത് മുസ്ലിം സംഘടനയാണെന്ന് സ്വയം വിശേഷിപ്പിച്ചുകൊണ്ട് ഇസ്ലാമിക രീതിയില്‍ നിന്ന് തികച്ചും വ്യതിചലിച്ച് ചില രാഷ്ട്രീയ പാര്‍ട്ടികള്‍ പ്രവര്‍ത്തിക്കുകയാണ്.
രാഷ്ട്രീയവും മതവും ഒന്നാണെന്നും മതമാണ് രാഷ്ട്രത്തിന്റെ സത്തയെന്നും അവര്‍ പ്രചരിപ്പിക്കുന്നു. മൗദൂദിയുടെ സിദ്ധാന്തമായ ‘ഒരാള്‍ക്കു മുസ്ലിമാകാന്‍ അയാളുടെ മതനിയമങ്ങളെ ഒക്കെ രാഷ്ട്രനിയമമാക്കണം’ എന്ന ആശയം നടപ്പില്‍ വരുത്താന്‍ ശ്രമിക്കുന്നു. ഇത്തരത്തില്‍ രാജ്യത്തിന്റെ സമത്വത്തെ തകര്‍ക്കും വിധത്തിലുള്ള ആശയങ്ങളും ആദര്‍ശങ്ങളും സമൂഹത്തില്‍ ഉയര്‍ത്തുന്നത് കൊണ്ടാണ് മുലപ്പാലിന്റെ രുചിമാറാത്ത കുട്ടികളുടെ ചുണ്ടുകള്‍ പോലും കൊലവിളി മുദ്രാവാക്യങ്ങള്‍ ഉരുവിടുന്നത്. മേല്‍ പാര്‍ട്ടികളെ കുറിച്ചു പഠനം നടത്തിയാല്‍ നമുക്കു മനസ്സിലാക്കാന്‍ സാധിക്കും ഒരു നാണയത്തിന്റെ രണ്ട് വശങ്ങളാണ് ഇവയെല്ലാം.

0 0 vote
Article Rating
Back to Top
0
Would love your thoughts, please comment.x
()
x