സവര്‍ക്കറെ സ്‌നേഹിക്കുന്ന ഫ്‌ളെക്‌സുകള്‍
അഹമ്മദ് കബീര്‍
സ്വാതന്ത്ര്യസമര സേനാനികളുടെ പേരും ചിത്രവും ഇന്റര്‍നെറ്റില്‍ തപ്പുന്നതിനിടയില്‍ അതുമായി ഒരു ബന്ധവുമില്ലാത്ത ആര്‍ എസ് എസുകാരുടെ പേര് വരുന്ന കാഴ്ച പതിവായിരിക്കുകയാണ്. നേരത്തേ പിഴച്ചത് സി പി എമ്മിനായിരുന്നെങ്കില്‍ ഇപ്പോഴത് കോണ്‍ഗ്രസിനാണ്. നേരത്തേ സ്വാതന്ത്ര്യസമര സേനാനികളുടെ ലിസ്റ്റിട്ട നേരത്ത് സി പി എം സൈബര്‍ സഖാക്കള്‍ക്ക് സവര്‍ക്കറിനെ ഓര്‍മ വന്നിരുന്നു. ഇപ്പോള്‍ ഭാരത് ജോഡോ യാത്രയില്‍ കോണ്‍ഗ്രസുകാര്‍ മൂപ്പരുടെ ചിത്രമെടുത്ത് സ്വാതന്ത്ര്യസമര നേതാക്കളുടെ ചിത്രമായി അവതരിപ്പിച്ചിരിക്കുന്നു.
അബുല്‍ കലാം ആസാദിനും ടാഗോറിനും ചന്ദ്രശേഖര്‍ ആസാദിനുമൊപ്പം സവര്‍ക്കര്‍. അതും കോണ്‍ഗ്രസ് യാത്രയെ വരവേല്‍ക്കുന്ന ബാനറില്‍. ഒരു ഫ്‌െളക്സ് അടിച്ചുകൊണ്ടുവന്നാല്‍ അത് തെരുവില്‍ തൂക്കുന്നതിനു മുമ്പ് പലരും കണ്ടിരിക്കുമല്ലോ. ഗാന്ധിജിയെ കൊന്ന കേസിലെ പ്രതിയും സൂത്രധാരനും മാത്രമല്ല, തീവ്രഹിന്ദുത്വ ഐഡിയോളജിയുടെ ഇന്ത്യയിലെ ഏറ്റവും വലിയ പ്രതീകമാണ് സവര്‍ക്കര്‍. അയാളെ തിരിച്ചറിയാന്‍ പറ്റാത്ത കോണ്‍ഗ്രസുകാരന്‍ ഉണ്ടാകുമോ? ചരിത്രബോധമില്ലാത്തവരാണ് നേതൃസ്ഥാനങ്ങളിലെങ്കില്‍ ഇനിയും ഇതൊക്കെ ആവര്‍ത്തിക്കും. ഇതൊക്കെ പുതിയ ചരിത്രമെഴുത്തിന് ബലമേകുകയും ചെയ്യും. ഇനിയെങ്കിലും ഒരല്‍പം ബോധം കാണിച്ചാല്‍ നന്ന്.