സൗര്‍ മലയും ഹിജ്റയിലെ ആസൂത്രണ പാഠങ്ങളും
ഡോ. പി അബ്ദു സലഫി
പ്രവാചക ജീവിതത്തിലെ എക്കാലത്തെയും തിളക്കമാര്‍ന്ന അധ്യായങ്ങളിലൊന്നാണ് ഹിജ്റ. മക്കയിലെ ജബലുന്നൂറിലെ ഹിറാ ഗുഹയില്‍ നിന്ന് പുറപ്പെട്ട സത്യപ്രകാശം ഉള്‍ക്കൊള്ളാന്‍ ഖുറൈശി പ്രമാണിമാര്ക്കായിരുന്നുവല്ലോ ഏറെ പ്രയാസം. പ്രവാചകനെ അംഗീകരിക്കാന്‍ സന്നദ്ധരായവരെ ഭീഷണിപ്പെടുത്തുകയും മര്ദിക്കുകയുമായിരുന്നുവല്ലോ അവരുടെ വിനോദം. സഹിച്ചും ക്ഷമിച്ചും വിശ്വാസത്തില്‍ ഉറച്ചുനിന്ന പാവങ്ങള്‍ അവരുടെ മുന്നില്‍ അത്ഭുതമായിരുന്നു.
കടുത്ത പീഡനങ്ങള്‍ക്കിടയിലും നബി(സ) പ്രബോധന പ്രവര്‍ത്തനങ്ങള്‍ തുടര്‍ന്നുകൊണ്ടിരുന്നു. ഹജ്ജ് വേളയില്‍ മിനായിലെത്തി അവിടെ കാണുന്നവരോടെല്ലാം തങ്ങളുടെ റബ്ബിനെ നബി(സ) പരിചയപ്പെടുത്തിയിരുന്നു. മദീനയില്‍ നിന്നെത്തിയ ആറു ചെറുപ്പക്കാര്‍ ആദ്യ വര്‍ഷം തന്നെ നബി(സ)യില്‍ നിന്ന് ദീനിന്റെ വെളിച്ചവുമായാണ് മടങ്ങിപ്പോയത്. പിറ്റേ വര്‍ഷം അതില്‍ അഞ്ചു പേരടക്കം 12 പേര് ഹജ്ജിനെത്തി പ്രവാചകന്റെ അനുയായികളായി മാറുകയായിരുന്നു. മിസ്അബി(റ)നെ നബി(സ) അവര്‍ക്ക് കൂടുതല്‍ കാര്യങ്ങള്‍ പഠിപ്പിക്കാനായി മദീനയിലേക്ക് അയച്ചു. അടുത്ത വര്‍ഷം 70 പേര് മുസ്ലിമായി മദീനയില്‍ നിന്ന് ഹജ്ജിനെത്തി എന്നാണ് ചരിത്രം. ഇവര്‍ മിനായിലെ അഖബ ചെരിവില്‍ വെച്ച് നബി(സ)യെ മദീനയിലേക്ക് ക്ഷണിക്കുകയും പരിപൂര്‍ണ സംരക്ഷണം ഉറപ്പു നല്‍കുകയും ചെയ്യുകയായിരുന്നു.
മദീന സത്യവിശ്വാസത്തിനു വളക്കൂറുള്ള മണ്ണാണെന്നു തിരിച്ചറിഞ്ഞ നബി(സ) സാധുക്കളായ സഹചരെ അങ്ങോട്ട് പലായനം ചെയ്യാന്‍ അനുവദിച്ചു. നബി(സ), അബൂബക്കര്‍(റ), അലി(റ) തുടങ്ങിയവരും ഏതാനും പാവങ്ങളും ഒഴികെയുള്ളവരെല്ലാം മദീനയിലേക്ക് കൂടുമാറിയത് ഖുറൈശി പ്രമുഖരെ അലോസരപ്പെടുത്തി. അവര്‍ മദീനയില്‍ നിന്ന് കരുത്താര്‍ജിച്ചു തങ്ങളെ കീഴടക്കുമോ എന്ന സംശയം അവരില്‍ വളര്‍ന്നുവന്നു. അതിനാല്‍ നേതാവായ നബിയെത്തന്നെ ഇല്ലായ്മ ചെയ്യാനുള്ള ഗൂഢപദ്ധതിയാണ് അവരുടെ ‘ദാറുന്നദ്വ’യില്‍ നിന്ന് അവസാനം പുറത്തുവന്നത്. ഖുര്‍ആന്‍ പറയുന്നു: ”നിന്നെ ബന്ധനസ്ഥനാക്കുകയോ കൊല്ലുകയോ നാട്ടില്‍ നിന്ന് പുറത്താക്കുകയോ ചെയ്യാന്‍ വേണ്ടി നിനക്കെതിരായി സത്യനിഷേധികള്‍ തന്ത്രം മെനഞ്ഞിരുന്ന സന്ദര്‍ഭം ഓര്‍ക്കുക. അവര്‍ തന്ത്രം പ്രയോഗിക്കുന്നു. അല്ലാഹുവും തന്ത്രം പ്രയോഗിക്കുന്നു. എന്നാല്‍ അല്ലാഹുവാണ് മികച്ച തന്ത്രജ്ഞന്‍” (ഖുര്‍ആന്‍ 8:30).
മദീനയിലേക്ക് ഹിജ്റ പോകാനൊരുങ്ങിയ നബി(സ) അതിനു വേണ്ടി നടത്തിയ ആസൂത്രണങ്ങള്‍ എക്കാലത്തും പ്ലാനിങ് എക്സ്പെര്‍ട്ടുകള്‍ക്കും മാനേജ്മെന്റ് വിദഗ്ധര്‍ക്കും മാതൃകയാണ്. മദീനയിലേക്ക് പോകും മുമ്പേ തനിക്കും അനുയായികള്‍ക്കും മദീനക്കാരില്‍ നിന്ന് ലഭിക്കേണ്ട സുരക്ഷയും സംരക്ഷണവും നബി(സ) ഉറപ്പുവരുത്തിയിരുന്നു. വ്യക്തമായ കരാര്‍ അഖബ ഉടമ്പടിയിലൂടെ നബി(സ) രേഖയാക്കിവെച്ചു. യാത്രയില്‍ വിശ്വസ്തനായ ഒരു സഹായി ഉണ്ടാവുന്നത് ഏറെ ഗുണം ചെയ്യുമെന്നതിനാല്‍, അബൂബക്കര്‍(റ) ഹിജ്റ പോവാന്‍ അനുവാദം ചോദിച്ചപ്പോഴെല്ലാം അല്പം കാത്തിരിക്കാന്‍ നബി(സ) നിര്‍ദേശിക്കുകയായിരുന്നു. തന്റെ തലയെടുക്കാനുള്ള ശത്രുക്കളുടെ രഹസ്യനീക്കം മനസ്സിലാക്കിയ നബി(സ) തികഞ്ഞ ജാഗ്രതയോടെയാണ് യാത്രയ്ക്കുള്ള ഒരുക്കങ്ങള്‍ നടത്തിയത്. ആത്മസുഹൃത്ത് അബൂബക്കറി(റ)നെ മാത്രം വിവരം അറിയിക്കുകയും യാത്രയ്ക്കായി രണ്ട് ഒട്ടകങ്ങളെ സംഘടിപ്പിച്ചു നിര്‍ത്തുകയും ചെയ്തു. വെള്ളം, ഭക്ഷണം എന്നിവ ഒരുക്കിവെക്കാന്‍ അബൂബക്കറി(റ)ന്റെ മകള്‍ അസ്മയെ ചുമതലപ്പെടുത്തി. തന്നെ കൊല്ലാനായി വീട് വളഞ്ഞ വിവിധ ഗോത്രപ്രതിനിധികളെ നേരം പുലരുവോളം അവിടെത്തന്നെ പിടിച്ചുനിര്‍ത്താനായി, പിതൃവ്യപുത്രന്‍ അലി(റ)യെ തന്റെ വിരിപ്പില്‍ തന്നെ കിടത്തിയുറക്കി. അര്‍ധരാത്രി ശത്രുക്കളുടെ കണ്ണുവെട്ടിച്ച് വീട്ടില്‍ നിന്നിറങ്ങി അബൂബക്കറി(റ)ന്റെ വീട്ടിലെത്തി, അദ്ദേഹത്തെയും കൂട്ടി, മദീനയുടെ നേരെ എതിര്‍ദിശയിലുള്ള സൗര്‍ മലയില്‍ കയറി സുരക്ഷിതമായ ഗുഹയിലൊളിച്ചു. മക്കയുടെ വടക്കുഭാഗത്താണ് മദീനയെങ്കില്‍ നബി(സ) തെക്കോട്ട് അറഫയിലേക്കുള്ള വഴിയില്‍ അഞ്ചര കിലോമീറ്റര്‍ ദൂരെ 759 മീറ്റര്‍ ഉയരമുള്ള സൗര്‍ മല തെരഞ്ഞെടുത്തത് ശത്രുക്കളുടെ പെട്ടെന്നുള്ള അന്വേഷണത്തില്‍ പെടാതിരിക്കാനായിരുന്നു. മക്കയില്‍ നിന്ന് നോക്കുമ്പോള്‍ കാളയുടെ ആകൃതി തോന്നുന്ന മലയായതിനാലാണത്രേ ഈ മലയ്ക്ക് കാള എന്നര്‍ഥം വരുന്ന ‘സൗര്‍’ എന്ന പേര് കിട്ടിയത്.
ശത്രുക്കളുടെ തിരച്ചില്‍ അവസാനിക്കും വരെ മൂന്നു ദിവസം ഗുഹയില്‍ ഒളിച്ചുകഴിയാന്‍ ആവശ്യമായ ആസൂത്രണങ്ങളും നബി ചെയ്തുവെച്ചിരുന്നു. വെള്ളവും ഭക്ഷണവും രഹസ്യമായി എത്തിക്കാന്‍ അസ്മ(റ)യും പകല്‍ ശത്രുപാളയങ്ങളില്‍ നടക്കുന്ന സംസാരങ്ങളും നീക്കങ്ങളും രഹസ്യമായി മനസ്സിലാക്കി, രാത്രിയില്‍ ഗുഹയിലെത്തി റിപ്പോര്‍ട്ട് ചെയ്യാന്‍ അബൂബക്കറി(റ)ന്റെ മകന് അബ്ദുല്ലയെയും ചുമതലപ്പെടുത്തിയിരുന്നു. ഭൃത്യന് ആമിറുബ്നു ഫുഹൈറയോട് തന്റെ ആട്ടിന്‍പറ്റത്തെ പ്രസ്തുത ദിവസങ്ങളില്‍ സൗര്‍ മലയില്‍ മേയാന്‍ കൊണ്ടുവരാനും അതു മുഖേന യഥേഷ്ടം ചുടുപാല് ലഭ്യമാക്കാനുമുള്ള മുന്‍ നടപടികളും നബി(സ) കൈക്കൊണ്ടു. അസ്മയും അബ്ദുല്ലയും നടന്നുവന്ന കാല്‍പ്പാടുകള്‍ മായ്ക്കാന്‍ ഈ ആട്ടിന്‍പറ്റത്തിന്റെ മേയല്‍ ആവശ്യമാണെന്നുകൂടി നബി(സ) മുന്‍കൂട്ടി കണ്ടു. നബി(സ)യും അബൂബക്കറും(റ) നടന്നുപോയപ്പോള്‍ പോലും കാല്‍പ്പാദം മുഴുവന്‍ പതിയാതിരിക്കാന്‍ മുന്‍വിരലുകള്‍ ഊന്നി നടന്നിരുന്നു എന്നും പറയപ്പെടുന്നു.
തന്നാല്‍ കഴിയുന്ന എല്ലാ മുന്നൊരുക്കങ്ങളും നടത്തി, ബാക്കി അല്ലാഹുവില്‍ തവക്കുല്‍ ചെയ്തപ്പോള്‍ അല്ലാഹുവിന്റെ സഹായവും കൂടെയെത്തി. നബിയുടെ തലയ്ക്ക് ശത്രുക്കള്‍ പ്രഖ്യാപിച്ച 100 ഒട്ടകം സ്വന്തമാക്കാനുള്ള പരക്കംപാച്ചിലില്‍ സൗര്‍ മലയിലെ ഗുഹകളും അവര്‍ പരിശോധിക്കാതിരുന്നില്ല. എന്നാല്‍ നബി ഒളിച്ചിരിക്കുന്ന ഗുഹാമുഖത്തെത്തിയ ഉമയ്യതുബ്നു ഖലഫ്, ഗുഹാമുഖത്ത് എട്ടുകാലി വലയും അടയിരിക്കുന്ന പക്ഷികളെയും കണ്ടപ്പോള്‍ പറഞ്ഞത്രേ, ‘ഇതിനകത്തേക്ക് മുഹമ്മദ് ജനിക്കുന്നതിനു മുമ്പേ ആരെങ്കിലും പ്രവേശിച്ചിരിക്കാനേ സാധ്യതയുള്ളൂ’ എന്ന്.
അല്ലാഹു പറയുന്നു: ”സത്യനിഷേധികള്‍ അദ്ദേഹത്തെ പുറത്താക്കുകയും അദ്ദേഹം രണ്ടു പേരില്‍ ഒരാളായിരിക്കുകയും ചെയ്ത സന്ദര്‍ഭത്തില്‍ അഥവാ അവര്‍ രണ്ടു പേരും ആ ഗുഹയിലായിരുന്നപ്പോള്‍ അല്ലാഹു അദ്ദേഹത്തെ സഹായിച്ചിട്ടുണ്ട്. അദ്ദേഹം തന്റെ കൂട്ടുകാരനോട്, ദുഃഖിക്കേണ്ട, തീര്‍ച്ചയായും അല്ലാഹു നമ്മുടെ കൂടെയുണ്ട് എന്നു പറയുന്ന സന്ദര്‍ഭം” (ഖുര്‍ആന്‍ 9:40).
ശത്രുക്കളുടെ അന്വേഷണം നിലച്ചാല്‍, നാലാം ദിവസം മദീനാ യാത്ര തുടരാനാണ് നബി പ്ലാന്‍ ചെയ്തത്. അന്നേ ദിവസം നേരത്തേ യാത്രയ്ക്ക് വേണ്ട ഒട്ടകങ്ങളെ മലയില്‍ എത്തിക്കാനും അബ്ദുല്ലാഹുബ്നു അരീഖത്ത് എന്ന ഒരു മുസ്ലിമല്ലാത്ത വ്യക്തിയെ വഴികാട്ടിയായി കൊണ്ടുപോകാനും വേണ്ട കാര്യങ്ങളും നബി(സ) ചെയ്തുവെച്ചു. സാധാരണ വഴിയും എളുപ്പവഴിയും ഒഴിവാക്കി അസ്ഫാനി കടല്‍ത്തീരത്തിലൂടെ ഖുദൈദ് വഴിയാണ് നബി യാത്ര ചെയ്തത്. ശത്രുക്കള്‍ പ്രതീക്ഷിക്കാത്ത വഴി തെരഞ്ഞെടുത്തതും നബി(സ)യുടെ ആസൂത്രണപാടവത്തിന്റെ ഉദാഹരണമാണ്.
എന്നാല്‍ ഈ വഴിയിലും ശത്രുവായ സുറാഖതുബ്നു മാലിക് നബിയെ പിന്തുടര്ന്നുവന്ന് ഏകദേശം അടുത്തെത്തിയിരുന്നു. പക്ഷേ, തന്റെ ഒട്ടകം നടക്കാന്‍ വയ്യാതെ നിന്നുപോയപ്പോള്‍ നബിയുടെ സഹായം തേടാന്‍ അയാള്‍ നിര്‍ബന്ധിതനായി. നബിയെ കണ്ട വിവരം ആരെയും അറിയിക്കില്ല എന്ന കരാറിലായിരുന്നു നബി അദ്ദേഹത്തെ രക്ഷിച്ചത്. ഹുനൈന്‍ യുദ്ധത്തിനു ശേഷമാണ് സുറാഖ ഇസ്ലാം സ്വീകരിക്കുന്നത്.
നബിയുടെ വരവ് പ്രതീക്ഷിച്ച്, ഓരോ ദിവസവും നബിയെ സ്വീകരിക്കാന്‍ കാത്തുനില്ക്കുകയായിരുന്നു മദീനയിലെ വിശ്വാസികള്‍. ഖുബാഇലെത്തിയ നബി(സ) നാലു ദിവസം ബനൂ അംറുബ്നു ഔഫിന്റെ വീട്ടിലാണ് താമസിച്ചത്. വെള്ളിയാഴ്ച യാത്ര തുടര്‍ന്ന നബി(സ) ബനൂസാലിം ഗോത്രക്കാരുടെ താമസസ്ഥലത്താണ് ജുമുഅഃ നമസ്കരിച്ചത്. തുടര്‍ന്നും യാത്ര ചെയ്ത നബിയെ തങ്ങളുടെ വീട്ടില്‍ ഇറക്കാനും സ്വീകരിക്കാനും വഴിവക്കില്‍ കാത്തുനിന്നവരോട് നബി പറഞ്ഞത് ‘ഒട്ടകത്തെ നിങ്ങള്‍ വിടുക, അത് കല്പിക്കപ്പെട്ടിടത്ത് നിന്നുകൊള്ളും’ എന്നായിരുന്നു. അവസാനം ബനൂനജ്ജാര്‍ ഗോത്രക്കാര്‍ ഈത്തപ്പഴം ഉണക്കുന്ന സ്ഥലത്താണ് അത് മുട്ടുകുത്തിയത്. നബി അവിടെയിറങ്ങി അബൂഅയ്യൂബില്‍ അന്‍സാരിയുടെ വീട്ടില്‍ താമസമാക്കുകയും മസ്ജിദുന്നബവിയുടെ നിര്‍മാണത്തിന് നേതൃത്വം നല്‍കുകയും ചെയ്യുകയായിരുന്നു. നബി(സ) വന്നതോടെ ‘യസ്രിബ്’ എന്ന സ്ഥലം ‘മദീനത്തു റസൂലുല്ല’ എന്ന പേരില്‍ അറിയപ്പെട്ടു. പിന്നീട് അത് ‘മദീന’ മാത്രമായി.
വാല്‍ക്കഷ്ണം: സൗര്‍ മലയ്ക്ക് ചരിത്രപ്രാധാന്യമാണുള്ളത്. മല കയറുക എന്നത് ഇസ്ലാമില്‍ ഒരു പുണ്യകര്‍മമല്ല. നബിയോ സഹാബിമാരോ പിന്നെ അവിടെ കയറുകയോ പ്രത്യേകത കല്പിക്കുകയോ ചെയ്തിട്ടില്ലെന്നാണ് ചരിത്രം. ഗുഹാമുഖത്തും ഉള്ളിലും ചിലര്‍ നമസ്കരിക്കുന്നതും പ്രാര്‍ഥിക്കുന്നതും കാണാനിടയായി. മലയ്ക്ക് താഴെ ഔഖാഫിന്റെ പ്രതിനിധികള്‍ ഇതിനെതിരെ ബോര്‍ഡ് വെച്ചും വീഡിയോ പ്രദര്‍ശനം, പുസ്തക വിതരണം എന്നിവ നടത്തിയും ബോധവത്കരണം നടത്തുന്നുണ്ട്. എന്നാലും ചിലര്‍ ഗുഹയില്‍ തൊട്ടുമുത്തുന്നതും കരയുന്നതും കാണാം. മക്കയിലെ പണ്ഡിതമാര്‍ പറയുന്നത്, ഏഴോളം വലിയ ഗുഹകള്‍ സൗര്‍ മലയിലുണ്ട് എന്നും ഏതിലാണ് നബി(സ) അഭയം തേടിയത് എന്ന് കൃത്യമായി പറയാന്‍ കഴിയില്ല എന്നുമാണ്. മല ഇതുതന്നെയെന്നു മാത്രമാണ് ഉറപ്പുള്ളതെന്നും അവര്‍ പറയുന്നത് കേള്‍ക്കാന്‍ കഴിഞ്ഞു.