നീതി പുലരും വരെ ഫലസ്തീനൊപ്പം: നിലപാട് പ്രഖ്യാപിച്ച് സുഊദി
ഫലസ്തീനികളുടെ അവകാശങ്ങളും നീതിയും പുലരും വരെ ഫലസ്തീനൊപ്പമാണെന്ന് പ്രഖ്യാപിച്ച് സുഊദി അറേബ്യ. സംഘര്‍ഷം വ്യാപിക്കുന്നത് തടയാന്‍ പ്രവര്‍ത്തിക്കുകയാണെന്നും സു ഊദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ പറഞ്ഞു.
ഫലസ്തീന്‍ പ്രസിഡന്റ് മഹ്മൂദ് അബ്ബാസിനെ ടെലിഫോണില്‍ ബന്ധപ്പെട്ടാണ് സുഊദി പിന്തുണ അറിയിച്ചത്. ‘ഫലസ്തീന്‍ ജനതയുടെ മാന്യമായ ജീവിതത്തിനുള്ള ന്യായമായ അവകാശങ്ങള്‍ നേടിയെടുക്കാന്‍ ഞങ്ങള്‍ അവര്‍ക്കൊപ്പം നില്‍ക്കുമെന്നും അവരുടെ പ്രതീക്ഷകളും അഭിലാഷങ്ങളും നേടിയെടുക്കാനും ന്യായവും ശാശ്വതവുമായ സമാധാനം നിലനിര്‍ത്താനും സുഊദി പ്രതിജ്ഞാബദ്ധമാണെന്നും’ ബിന്‍ സല്‍മാന്‍ പറഞ്ഞു. സുഊദിയുടെ ഔദ്യോഗിക വാര്‍ത്ത ഏജന്‍സിയായ സുഊദി പ്രസ് ഏജന്‍സിയാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്. സംഘര്‍ഷം രൂക്ഷമാകാതിരിക്കാനും കൂട്ടക്കുരുതി ഒഴിവാക്കാനും പ്രശ്നപരിഹാരത്തിനുള്ള ശ്രമങ്ങള്‍ തുടരുന്നുണ്ടെന്നും ബിന്‍ സല്‍മാന്‍ കൂട്ടിച്ചേര്‍ത്തു. സുഊദിയുടെ പിന്തുണക്ക് അബ്ബാസ് നന്ദി അറിയിച്ചു.