തീര്‍ഥാടക ലക്ഷ്യങ്ങള്‍ വിപുലപ്പെടുത്തി സഊദി
സഊദിയിലെത്തുന്നവര്‍ക്ക് ഹജ്ജ്, ഉംറ തീര്‍ഥാടനവും സന്ദര്‍ശനവും അത്യാകര്‍ഷകമാക്കാനുള്ള വിവിധ പദ്ധതികള്‍ രാജ്യത്ത് നടപ്പാക്കുന്നു. ഇടനിലക്കാരുടെയും സൗകര്യദാതാക്കളുടെയും സഹായമില്ലാതെതന്നെ തീര്‍ഥാടനത്തിന് ഒരുങ്ങുന്നവര്‍ക്ക് വിസ നടപടിക്രമങ്ങള്‍ മുതല്‍ മക്ക, മദീന സന്ദര്‍ശനവും വിവിധ ചരിത്ര, പൈതൃകസ്ഥലങ്ങള്‍ കാണാനും മരൂഭൂമിയുടെയും അറബകങ്ങളുടെയും സൗന്ദര്യം ആസ്വദിക്കാനുമുള്ള സൗകര്യമൊരുക്കിയിരിക്കുകയാണ് ഭരണകൂടം. പതിനായിരത്തിലേറെ പൗരാണിക ഇടങ്ങളും യുനെസ്‌കോയുടെ ആഗോള പൈതൃകപ്പട്ടികയില്‍പെട്ട ഏഴു കേന്ദ്രങ്ങളുമുണ്ട്. ഉംറ വിസയില്‍ തീര്‍ഥാടനത്തിനു പോയിരുന്നവര്‍ക്ക് ഇരു ഹറമുകളില്‍ യാത്ര പരിമിതപ്പെടുത്തിയിരുന്ന രീതി മാറ്റി രാജ്യത്തുടനീളം സന്ദര്‍ശനത്തിനു സൗകര്യമുണ്ടാവും. ഉംറയും മദീന സന്ദര്‍ശനവും ഉദ്ദേശിക്കുന്നവര്‍ക്ക് ഓണ്‍ലൈന്‍ പ്രവേശന വിസ, വിശുദ്ധ നഗരങ്ങളിലെ താമസം, ഭക്ഷണം, വിവിധയിടങ്ങളിലേക്കുള്ള വിമാനം, ടാക്‌സി, ടൂറിസ്റ്റ് യാത്രാസൗകര്യങ്ങള്‍, ഗൈഡുമാരുടെ സഹായം എന്നിവയെല്ലാം അനായാസം ലഭ്യമാക്കാനുള്ള സംവിധാനമാണ് ഒരുക്കിയിരിക്കുന്നത്.