സുഊദി-സിറിയ ബന്ധം പുനഃസ്ഥാപിക്കാന്‍ നീക്കം
ഇറാന്‍-സുഊദി ബന്ധം പുനഃസ്ഥാപിക്കാന്‍ തീരുമാനമായതിനു പിറകെ പശ്ചിമേഷ്യയില്‍ നിന്ന് മറ്റൊരു ശുഭവാര്‍ത്ത. ദശകത്തിലേറെ നീണ്ട പിണക്കം തീര്‍ത്ത് സുഊദി-സിറിയ നയതന്ത്രബന്ധം പുനഃസ്ഥാപിക്കാന്‍ നീക്കം നടക്കുന്നതായി സുഊദി ദേശീയ ടെലിവിഷന്‍ സൂചന നല്‍കി. സമാധാനമുള്ള പശ്ചിമേഷ്യ സാധ്യമാക്കാന്‍ രാജ്യങ്ങള്‍ ഐക്യപ്പെടണമെന്ന കാഴ്ചപ്പാട് മുന്നോട്ടുവെക്കുന്ന സുഊദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ ഐക്യത്തിന് മുന്‍കൈയെടുത്തെന്നാണ് റിപ്പോര്‍ട്ട്. സിറിയയുമായി ബന്ധം പുനഃസ്ഥാപിക്കുമെന്ന് സുഊദി വിദേശകാര്യമന്ത്രി കഴിഞ്ഞ മാസം സൂചിപ്പിച്ചിരുന്നു. പത്തു വര്‍ഷത്തിലധികമായി സുഊദി ഉള്‍പ്പെടെയുള്ള അറബ് രാജ്യങ്ങളുമായി സിറിയക്ക് നയതന്ത്രബന്ധമുണ്ടായിരുന്നില്ല. കഴിഞ്ഞ മാസം സിറിയന്‍ പ്രസിഡന്റ് ബശ്ശാറുല്‍ അസദ് ഒമാന്‍ സന്ദര്‍ശിച്ചിരുന്നു. കഴിഞ്ഞയാഴ്ച അദ്ദേഹം യു എ ഇയിലുമെത്തി. അറബ് രാജ്യങ്ങളുമായി ചേര്‍ന്ന് നിലകൊള്ളണമെന്ന് യു എ ഇ പ്രസിഡന്റ് ബശ്ശാറിനോട് ആവശ്യപ്പെട്ടിരുന്നു.
ബശ്ശാര്‍ ഭരണകൂടത്തിനെതിരെ ജനാധിപത്യ ആവശ്യവുമായി തെരുവിലിറങ്ങിയ സുന്നി വിമതരുടെ പക്ഷത്തായിരുന്നു സഊദി. 2012ലാണ് സുഊദിയിലെ സിറിയന്‍ അംബാസഡറെ പുറത്താക്കിയത്. കഴിഞ്ഞ മാസം സിറിയയില്‍ ഭൂകമ്പമുണ്ടായപ്പോള്‍ സുഊദി ഉള്‍പ്പെടെ ഗള്‍ഫ് രാജ്യങ്ങളില്‍ നിന്ന് സഹായം ഒഴുകി. വിമതര്‍ക്ക് സ്വാധീനമുള്ള ഭാഗങ്ങളിലും സര്‍ക്കാര്‍ നിയന്ത്രിത പ്രദേശങ്ങളിലും സഹായവസ്തുക്കള്‍ എത്തി. ഇത് നല്‍കിയ സൂചനകള്‍ ശരിവെക്കുന്ന റിപ്പോര്‍ട്ടുകളാണ് ഇപ്പോള്‍ പുറത്തുവരുന്നത്.