സ്ത്രീധന സമ്പ്രദായം സാക്ഷര കേരളത്തിന് അപമാനകരം: സുഊദി ഇസ്‌ലാഹീ സെന്റര്‍
റിയാദ്: സ്ത്രീകളുടെ ആത്മാഭിമാനത്തെയും വ്യക്തിത്വത്തെയും ചോദ്യം ചെയ്യുന്ന സ്ത്രീധന സമ്പ്രദായം സാക്ഷര കേരളത്തിന് അപമാനകരമാണെന്ന് സുഊദി ഇന്ത്യന്‍ ഇസ്‌ലാഹി സെന്റര്‍ ദേശീയ പ്രവര്‍ത്തക സംഗമം അഭിപ്രായപ്പെട്ടു. സ്ത്രീയെ സമൂഹത്തിന്റെ പാതിയായി കാണുന്നതിന് പകരം ഉപഭോഗവസ്തുവായി കാണുന്ന പ്രാകൃത സംസ്‌കാരം മാറ്റണം. സ്ത്രീധന സമ്പ്രദായം വിദ്യാസമ്പന്നതയില്‍ അഭിമാനം കൊള്ളുന്ന മലയാളി സമൂഹത്തിന് ലജ്ജാവഹമാണ്. സ്ത്രീധനത്തെ മതപരമായ തെളിവുകള്‍ മുന്‍നിര്‍ത്തി എതിര്‍ത്ത ഇസ്‌ലാഹി പ്രസ്ഥാനത്തിന്റെ പോരാട്ടം അവസാനിപ്പിക്കാന്‍ സമയമായിട്ടില്ല. സ്ത്രീധന രഹിതമായ വിവാഹത്തിന് സന്നദ്ധരാകുന്ന യുവജനങ്ങളെ പ്രോത്സാഹിപ്പിക്കുന്ന പ്രവര്‍ത്തനങ്ങളുമായി സര്‍ക്കാരും സന്നദ്ധ സംഘടനകളും മുന്നോട്ടു വരണമെന്നും ഇസ്‌ലാഹി സെന്റര്‍ ആവശ്യപ്പെട്ടു.
ദേശീയ സമിതി പ്രസിഡന്റ് ഫാറൂഖ് സ്വലാഹി അധ്യക്ഷത വഹിച്ചു. എം ടി മനാഫ്, കെ എല്‍ പി ഹാരിസ്, എം അഹ്മദ് കുട്ടി മദനി എടവണ്ണ, ജി സി സി ഇസ്‌ലാഹി കോര്‍ഡിനേഷന്‍ കമ്മിറ്റി ചെയര്‍മാന്‍ സലാഹ് കാരാടന്‍, യൂസുഫ് തോട്ടശ്ശേരി, അസ്‌കര്‍ ഒതായി, സലിം കടലുണ്ടി പ്രസംഗിച്ചു. ഫോക്കസ് മെമ്പര്‍ഷിപ്പ് കാമ്പയിനെ കുറിച്ച് ജരീര്‍ വേങ്ങരയും വെളിച്ചം സുഊദി ഓണ്‍ലൈന്‍ പ്രവര്‍ത്തനങ്ങള്‍ ഷാജഹാന്‍ ചളവറയും വിശദീകരിച്ചു.