12 Friday
June 2026
2026 June 12
1447 Dhoul-Hijja 26

ബന്ധങ്ങള്‍ പുനഃസ്ഥാപിക്കാന്‍ സുഊദിയും ഇറാനും


ഏഴ് വര്‍ഷം നീണ്ട പൂര്‍ണ ബന്ധവിഛേദത്തിനു ശേഷം ബന്ധങ്ങള്‍ പുനഃസ്ഥാപിക്കാന്‍ സുഊദി അറേബ്യയും ഇറാനും തീരുമാനിച്ചത് ഇക്കഴിഞ്ഞ വെള്ളിയാഴ്ചയാണ്. ചൈനയാണ് മധ്യസ്ഥന്റെ റോളിലുള്ളത്. ഇരു രാഷ്ട്രങ്ങളും പരസ്പരം മറ്റേ രാഷ്ട്രത്തിന്റെ പരമാധികാരത്തെ മാനിക്കും എന്നതാണ് സംയുക്ത പ്രസ്താവനയിലെ പ്രധാന വശം. ആഭ്യന്തര കാര്യങ്ങളില്‍ പരസ്പരം ഇടപെടില്ല. ഇനി മുതല്‍ ഇരു രാജ്യങ്ങളും നല്ല അയല്‍ക്കാരായിരിക്കും. രണ്ട് മാസത്തിനകം ഇരു രാഷ്ട്രങ്ങളും തങ്ങള്‍ അടച്ചുപൂട്ടിയിരുന്ന എംബസികള്‍ തുറക്കും. ഇതൊക്കെയാണ് പ്രസ്താവനയിലുള്ളത്. ചര്‍ച്ചയിലൂടെ രാഷ്ടീയ പരിഹാരം എന്ന തങ്ങളുടെ പോളിസിയുടെ സാക്ഷാല്‍ക്കാരമാണ് ബന്ധം പുനഃസ്ഥാപിക്കലെന്ന് സുഊദി വിദേശകാര്യ മന്ത്രി അമീര്‍ ഫൈസല്‍ ബ്‌നു ഫര്‍ഹാന്‍ പ്രതികരിച്ചു. മേഖലയിലെ എല്ലാ രാഷ്ട്രങ്ങളും പങ്ക് വെക്കുന്നത് ഒരേ ഭാഗധേയമാണെന്നും അതിനാല്‍ മേഖലയിലെ മുഴുവന്‍ ജനങ്ങളുടെയും ക്ഷേമവും സുസ്ഥിതിയും ഉറപ്പ് വരുത്തുന്ന നയങ്ങളാണ് പിന്തുടരേണ്ടതെന്നും അദ്ദേഹം പറഞ്ഞു. വെടിനിര്‍ത്തലിനെ പ്രശംസിച്ചു കൊണ്ട് വിവിധ കോണുകളില്‍ നിന്ന് അഭിനന്ദനങ്ങള്‍ വന്നുകൊണ്ടിരിക്കുന്നു. അമേരിക്ക, യൂറോപ്യന്‍ രാഷ്ട്രങ്ങള്‍, അറബ്- ഗള്‍ഫ് രാഷ്ട്രങ്ങള്‍, ലബ്‌നാനിലെ ഹിസ്ബുല്ല, യമനിലെ ഹൂഥികള്‍ ഇങ്ങനെ പലരില്‍ നിന്നും. ഇറാഖ്, ഒമാന്‍, ചൈന തുടങ്ങിയ രാജ്യങ്ങള്‍ നയിച്ച വളരെയേറെ ചര്‍ച്ചകള്‍ക്ക് ശേഷമാണ് ഈ ഒത്തുതീര്‍പ്പ് ഉണ്ടായിരിക്കുന്നത്.

Back to Top