സത്യവിശ്വാസിയുടെ ത്വരീഖത്ത്
പി കെ മൊയ്തീന്‍ സുല്ലമി
അല്ലാഹുവിന്‍െയും പ്രവാചകന്റെയും കല്‍പനകള്‍ ലംഘിച്ചുകൊണ്ട് മുസ്‌ലിംകളില്‍ ചിലര്‍ ജീവിതപ്രമാണമാക്കുന്നത് വ്യത്യസ്ത സരണികളെയാണ്. ഈ സരണികള്‍ക്ക് ത്വരീഖത്തുകള്‍ (പാതകള്‍) എന്നു പറയാം. അതില്‍ പൂര്‍വികരുടെ ത്വരീഖത്ത് അന്ധമായി പിന്തുടര്‍ന്ന് ജീവിക്കുന്നവരുമുണ്ട്. അതില്‍ പെട്ടവരാണ് കേരളത്തിലെ ഇരുവിഭാഗം സമസ്തക്കാരും സംസ്ഥാന സുന്നികളും അവരോട് വിശ്വാസപരമായും കര്‍മപരമായും വിശ്വാസദാര്‍ഢ്യം പ്രകടിപ്പിക്കുന്നവരും. അവരില്‍ തന്നെ പലരും വ്യത്യസ്ത പേരുകളില്‍ അറിയപ്പെടുന്ന ത്വരീഖത്തുകളിലും മെമ്പര്‍മാരാണ്.
പൂര്‍വികരെ അന്ധമായി അനുകരിക്കല്‍ പ്രവാചകന്മാരെ ധിക്കരിച്ചു ജീവിച്ച സത്യനിഷേധികളുടെ സമ്പ്രദായമാണ്. അല്ലാഹു അരുളി: ”അല്ലാഹു അവതരിപ്പിച്ചതിലേക്കും റസൂലിലേക്കും വരുവിന്‍ എന്ന് അവരോട് പറയപ്പെട്ടാല്‍, ഞങ്ങളുടെ പിതാക്കളെ ഏതൊരു നിലപാടിലാണോ ഞങ്ങള്‍ കണ്ടെത്തിയത് അതുതന്നെ മതി ഞങ്ങള്‍ക്ക് എന്നായിരിക്കും അവര്‍ പറയുക. അവരുടെ പിതാക്കള്‍ യാതൊന്നുമറിയാത്തവരും സന്മാര്‍ഗം പ്രാപിക്കാത്തവരുമായിരുന്നാല്‍ പോലും” (അല്‍മാഇദ 104).
പൂര്‍വികരെ അന്ധമായി അനുകരിച്ചുകൊണ്ട് അല്ലാഹു അല്ലാത്തവരെ വിളിച്ചു തേടി ശിര്‍ക്കില്‍ അകപ്പെട്ട ഹതഭാഗ്യരോട് അന്ത്യദിനത്തില്‍ അല്ലാഹു കല്‍പിക്കുന്നത് കാണുക: ”അല്ലാഹു പറയും: ജിന്നുകളില്‍ നിന്നും മനുഷ്യരില്‍ നിന്നുമായി നിങ്ങള്‍ക്കു മുമ്പ് കഴിഞ്ഞുപോയിട്ടുള്ള സമൂഹങ്ങളുടെ കൂട്ടത്തില്‍ നരകത്തില്‍ പ്രവേശിച്ചുകൊള്ളുക. ഓരോ സമൂഹവും നരകത്തില്‍ പ്രവേശിക്കുമ്പോഴൊക്കെ അതിന്റെ സഹോദരസമൂഹത്തെ ശപിക്കും” (അഅ്‌റാഫ് 38).
ഇവിടെ എന്തിനാണ് സഹോദര സമുദായത്തെ (മുന്‍ഗാമികളെ) ശപിക്കുന്നത്? അതിന്റെ കാരണം മറ്റൊന്നുമല്ല. അവര്‍ വിശ്വാസപരമായും കര്‍മപരമായും പിന്തുടര്‍ന്നുപോന്നത് മുന്‍ഗാമികളെയാണ്. അതിനാല്‍ അവരെ ശപിക്കുകയല്ലാതെ യാതൊരു നിര്‍വാഹവുമില്ലാത്ത അവസ്ഥയിലാണ് അവര്‍ ചെന്നുപെട്ടിരിക്കുന്നത്. അഥവാ പരലോകത്ത് വഴിപിഴപ്പിച്ചവര്‍ക്കും വഴിപിഴച്ചവര്‍ക്കും രക്ഷയില്ലാത്ത അവസ്ഥയാണ്. അല്ലാഹു അരുളി: ”തങ്ങളുടെ പാപഭാരങ്ങളും സ്വന്തം പാപഭാരങ്ങളോടൊപ്പം വേറെയും പാപഭാരങ്ങളും അവര്‍ വഹിക്കേണ്ടിവരും. അവര്‍ കെട്ടിച്ചമച്ചിരുന്നതിനെപ്പറ്റി അന്ത്യദിനത്തില്‍ അവര്‍ ചോദ്യം ചെയ്യപ്പെടുന്നതുമാണ്” (അന്‍കബൂത്ത് 13).
അന്ത്യദിനത്തില്‍ തുടരപ്പെട്ട നേതാക്കള്‍ (ശൈഖന്മാര്‍) തുടര്‍ന്ന് അനുയായികളെ (മുരീദന്മാരെ) കാണുമ്പോള്‍ ഒഴിഞ്ഞുമാറുകയും പരസ്പരം ശത്രുക്കളായി മാറുന്നതുമാണ്. അല്ലാഹു അരുളി: ”പിന്തുടരപ്പെട്ടവര്‍ (നേതാക്കള്‍) പിന്തുടര്‍ന്നവരെ (അനുയായികളെ) വിട്ട് ഒഴിഞ്ഞുമാറുകയും, ശിക്ഷ നേരില്‍ കാണുകയും അവര്‍ (രണ്ടു വിഭാഗവും) തമ്മിലുള്ള ബന്ധങ്ങള്‍ മുറിഞ്ഞുപോവുകയും ചെയ്യുന്ന സന്ദര്‍ഭമത്രേ അത്. പിന്തുടര്‍ന്നവര്‍ (അനുയായികള്‍) അന്നു പറയും: (ദുന്‍യാവിലേക്ക്) ഞങ്ങള്‍ക്ക് തിരിച്ചുപോക്കിന് ഒരവസരം ലഭിച്ചിരുന്നുവെങ്കില്‍ ഇവര്‍ (നേതാക്കള്‍) ഞങ്ങളെ വിട്ടൊഴിഞ്ഞുമാറിയതുപോലെ ഞങ്ങള്‍ ഇവരെ വിട്ടും ഒഴിഞ്ഞുമാറുമായിരുന്നു. അപ്രകാരം അവരുടെ കര്‍മങ്ങളെല്ലാം അവര്‍ക്ക് ഖേദത്തിന് കാരണമായി ഭവിച്ചത് അല്ലാഹു അവര്‍ക്ക് കാണിച്ചുകൊടുക്കുന്നതാണ്. നരകശിക്ഷയില്‍ നിന്ന് അവര്‍ക്ക് രക്ഷപ്പെടാന്‍ സാധിക്കുകയുമില്ല” (അല്‍ബഖറ 166, 167).
മാത്രവുമല്ല, തങ്ങളെ ആരാണ് വഴിപിഴപ്പിച്ചത് എന്നറിയാതെ അവരെ അന്വേഷിച്ചു നടക്കുന്നവരുമുണ്ടാകും. അവസാനം ഒരു പിടിത്തവും കിട്ടാതെ അവര്‍ അല്ലാഹുവോട് അപേക്ഷിക്കുന്നത് ശ്രദ്ധിക്കുക: ”സത്യനിഷേധികള്‍ പറയും: ഞങ്ങളുടെ രക്ഷിതാവേ, ഞങ്ങളെ വഴിപിഴപ്പിച്ചവരായ ജിന്നുകളില്‍ നിന്നും മനുഷ്യരില്‍ നിന്നുമുള്ള രണ്ടു വിഭാഗത്തെ നീ ഞങ്ങള്‍ക്ക് കാണിച്ചുതരേണമേ. അവര്‍ അധമന്മാരുടെ കൂട്ടത്തിലാകത്തക്കവണ്ണം ഞങ്ങള്‍ അവരെ ഞങ്ങളുടെ പാദങ്ങള്‍ക്ക് ചുവട്ടിലിട്ട് ചവിട്ടട്ടെ” (ഹാമീം സജദ 28).
മറ്റു ചിലര്‍ തങ്ങളെ വഴിപിഴപ്പിച്ച നേതാക്കളെ കണ്ടുപിടിച്ച് അവര്‍ക്ക് (അനുയായികള്‍ക്ക്) ലഭിക്കുന്ന ശിക്ഷയില്‍ വല്ല ഇളവും നേടിത്തരാന്‍ കഴിയുമോ എന്ന അപേക്ഷയും വിശുദ്ധ ഖുര്‍ആനില്‍ കാണാം. അതിപ്രകാരമാണ്: ”അവരെല്ലാവരും അല്ലാഹുവിങ്കലേക്ക് പുറപ്പെട്ടുവന്നിരിക്കുകയാണ്. അപ്പോഴതാ ദുര്‍ബലര്‍ (അനുയായികള്‍) അഹങ്കാരികളോട് (നേതാക്കള്‍) പറയുന്നു: തീര്‍ച്ചയായും ഞങ്ങള്‍ നിങ്ങളുടെ അനുയായികളായിരുന്നല്ലോ. അതിനാല്‍ അല്ലാഹുവിന്റെ ശിക്ഷയില്‍ നിന്ന് അല്‍പമെങ്കിലും നിങ്ങള്‍ ഞങ്ങളില്‍ നിന്ന് ഒഴിവാക്കിത്തരുമോ? അവര്‍ (നേതാക്കള്‍) പറയും: അല്ലാഹു ഞങ്ങളെ നേര്‍വഴിയിലാക്കിയിരുന്നെങ്കില്‍ ഞങ്ങള്‍ നിങ്ങളെയും നേര്‍വഴിയിലാക്കുമായിരുന്നു. നമ്മെ സംബന്ധിച്ചിടത്തോളം നാം ക്ഷമകേട് കാണിച്ചാലും ക്ഷമിച്ചാലും ഒരുപോലെയാകുന്നു. നമുക്ക് യാതൊരു രക്ഷാമാര്‍ഗവുമില്ല” (ഇബ്‌റാഹീം 21).
വിശുദ്ധ ഖുര്‍ആനും തിരുസുന്നത്തും കൈവെടിഞ്ഞുകൊണ്ട് വിവിധ പ്രസ്ഥാനങ്ങളെയും ത്വരീഖത്ത് ശൈഖന്മാരെയും അന്ധമായി അനുകരിച്ചുകൊണ്ട് വഴിപിഴച്ചവര്‍ നരകത്തില്‍ വെച്ചും അവരെ വഴിപിഴപ്പിച്ച നേതാക്കളെ ശപിക്കുന്നതാണ്. അല്ലാഹു അരുളി: ”അവരുടെ മുഖങ്ങള്‍ നരകത്തിനു കീഴ്‌മേല്‍ മറിക്കപ്പെടുന്ന ദിവസം അവര്‍ പറയും: ഞങ്ങള്‍ അല്ലാഹുവിനെയും റസൂലിനെയും അനുസരിച്ചിരുന്നുവെങ്കില്‍ എത്ര നന്നായിരുന്നേനെ. ഞങ്ങളുടെ രക്ഷിതാവേ, ഞങ്ങള്‍ ഞങ്ങളുടെ നേതാക്കന്മാരെയും പ്രമുഖന്മാരെയും അനുസരിക്കുകയും അങ്ങനെ അവര്‍ ഞങ്ങളെ വഴിപിഴപ്പിക്കുകയുമാണ് ഉണ്ടായത്. ഞങ്ങളുടെ രക്ഷിതാവേ, അവര്‍ക്ക് നീ രണ്ടിരട്ടി ശിക്ഷ നല്‍കുകയും അവര്‍ക്ക് നീ വമ്പിച്ച ശാപം ഏല്‍പിക്കുകയും ചെയ്യേണമേ എന്നും അവര്‍ പറയും” (അഹ്‌സാബ് 66-68).
അല്ലാഹുവിനും റസൂലിനും വിരുദ്ധമായി മാതാപിതാക്കളെ പോലും അനുസരിക്കാന്‍ ആരും ബാധ്യസ്ഥരല്ല. അല്ലാഹു അരുളി: ”നിനക്ക് യാതൊരു അറിവുമില്ലാത്ത വല്ലതിനെയും എന്നോട് നീ പങ്കുചേര്‍ക്കുന്ന കാര്യത്തില്‍ അവര്‍ ഇരുവരും (മാതാപിതാക്കള്‍) നിന്റെ മേല്‍ നിര്‍ബന്ധം ചെലുത്തുന്നപക്ഷം അവരെ നീ അനുസരിക്കരുത്” (ലുഖ്മാന്‍ 15). നബി(സ) പറയുകയുണ്ടായി: ”സ്രഷ്ടാവിനു വിരുദ്ധമായി ഒരു സൃഷ്ടിക്കും അനുസരണമില്ല” (ഇബ്‌നു അബീശൈബ 12:546). മറ്റൊരു റിപ്പോര്‍ട്ടില്‍ ഇങ്ങനെ കാണാം: ”വല്ലവരും അല്ലാഹുവിന്റെ കല്‍പനയ്ക്ക് വിരുദ്ധമായി പ്രവര്‍ത്തിക്കാന്‍ നിങ്ങളോട് കല്‍പിക്കുന്നപക്ഷം അത്തരം കല്‍പനകള്‍ കേള്‍ക്കുകയോ അുസരിക്കുകയോ ചെയ്യേണ്ടതില്ല” (ഇബ്‌നുമാജ 2863).
ഇസ്‌ലാമിന്റെ പ്രധാനപ്പെട്ട അടിസ്ഥാന പ്രമാണങ്ങള്‍ ഖുര്‍ആനും സുന്നത്തുമാണ്. നാട്ടാചാരങ്ങളോ ത്വരീഖത്തുകളോ മദ്ഹബുകളോ സൂഫിസമോ അല്ല. അവ രണ്ടും മുറുകെപ്പിടിച്ച് ജീവിച്ചവര്‍ക്ക് മാത്രമേ രക്ഷയുള്ളൂ. അല്ലാഹു അരുളി: ”ഇതത്രേ എന്റെ നേരായ വഴി. നിങ്ങള്‍ അത് പിന്തുടരുക. മറ്റു മാര്‍ഗങ്ങള്‍ പിന്‍പറ്റരുത്. അവയൊക്കെ അല്ലാഹുവിന്റെ മാര്‍ഗത്തില്‍ നിന്ന് നിങ്ങളെ ചിതറിച്ചുകളയും. നിങ്ങള്‍ സൂക്ഷ്മത പാലിക്കാന്‍ വേണ്ടി അവന്‍ നിങ്ങള്‍ക്ക് നല്‍കിയ ഉപദേശമാണത്” (അല്‍അന്‍ആം 153). മേല്‍ വചനത്തിന്റെ അവതരണ സന്ദര്‍ഭം എന്ന നിലയില്‍ ജാബിര്‍(റ) നബി(സ)യില്‍ നിന്ന് ഉദ്ധരിക്കുന്ന ഒരു ഹദീസ് നോക്കുക: ”നബി(സ) മുന്നില്‍ ഒരു വര വരച്ചു. എന്നിട്ട് പറഞ്ഞു: ഇതാണ് അല്ലാഹുവിന്റെ വഴി. അതിന്റെ വലതുഭാഗത്ത് രണ്ടു വരകളും ഇടതുഭാഗത്ത് രണ്ട് വരകളും വരച്ചു. എന്നിട്ട് ഇപ്രകാരം പറഞ്ഞു: ഇത് പിശാചിന്റെ വഴിയാണ്. അനന്തരം നേര്‍രേഖമേല്‍ കൈവെച്ചുകൊണ്ട് നബി(സ) മേല്‍ വചനം പാരായണം ചെയ്തു” (അഹ്മദ്, ഇബ്‌നു കസീര്‍ 2:190).
ഇസ്‌ലാമിന്റെ ഒന്നാം പ്രമാണം വിശുദ്ധ ഖുര്‍ആനും രണ്ടാം പ്രമാണം അതിന്റെ വിശദീകരണമായ ഹദീസുകളുമാണ്. അപ്രകാരം നിരവധി തവണ വിശുദ്ധ ഖുര്‍ആനില്‍ തന്നെ വന്നിട്ടുണ്ട്. ഒന്ന്: ”നബിയേ, പറയുക: നിങ്ങള്‍ അല്ലാഹുവെയും റസൂലിനെയും അനുസരിക്കുവിന്‍. ഇനി അവര്‍ പിന്തിരിഞ്ഞുകളയുന്നപക്ഷം അല്ലാഹു സത്യനിഷേധികളെ സ്‌നേഹിക്കുന്നതല്ല, തീര്‍ച്ച” (ആലുഇംറാന്‍ 32). അല്ലാഹുവെയും റസൂലിനെയും (ഖുര്‍ആനും സുന്നത്തും) കൈവെടിഞ്ഞു ജീവിക്കല്‍ കുഫ്‌റാണ് എന്നാണ് മേല്‍ വചനം സൂചിപ്പിക്കുന്നത്. രണ്ട്: സത്യവിശ്വാസികളേ, നിങ്ങള്‍ അല്ലാഹുവെ അനുസരിക്കുക. റസൂലിനെയും നിങ്ങള്‍ അനുസരിക്കുക. നിങ്ങളുടെ കര്‍മങ്ങളെ നിങ്ങള്‍ നിഷ്ഫലമാക്കാതിരിക്കുകയും ചെയ്യുക” (മുഹമ്മദ് 33).
പ്രസ്തുത വചനം സൂചിപ്പിക്കുന്നത് നമ്മുടെ വിശ്വാസവും കര്‍മവും ഖുര്‍ആനിനും സുന്നത്തിനും അനുസരിച്ചല്ലായെങ്കില്‍ അത് നിഷ്ഫലമാണ് എന്നതാണ്. മൂന്ന്: ”ഇനി വല്ല കാര്യത്തിലും നിങ്ങള്‍ക്കിടയില്‍ ഭിന്നിപ്പുണ്ടാകുന്നപക്ഷം നിങ്ങളത് അല്ലാഹുവിലേക്കും റസൂലിലേക്കും മടക്കുക. നിങ്ങള്‍ അല്ലാഹുവിലും അന്ത്യദിനത്തിലും വിശ്വസിക്കുന്നവരാണെങ്കില്‍” (നിസാഅ് 59). തര്‍ക്കമുള്ള കാര്യങ്ങളില്‍ ഖുര്‍ആനും സുന്നത്തും പ്രമാണമാക്കണം എന്നാണ് മേല്‍ വചനം സൂചിപ്പിക്കുന്നത്.
ഇവിടെയൊക്കെ ഒന്നാം പ്രമാണം വിശുദ്ധ ഖുര്‍ആനും രണ്ടാം പ്രമാണം നബി(സ)യുടെ ചര്യയുമാണ്. പക്ഷേ, വളരെ ഖേദകരമെന്നു പറയട്ടെ, അധികമാളുകളും ഖുര്‍ആന്‍ നിഷേധിക്കുന്ന അവസ്ഥയാണുള്ളത്. പൊതുവേ പാരമ്പര്യമായി ഖുര്‍ആന്‍ വചനങ്ങളെ നിഷേധിക്കുന്നവരാണ് സൂഫികളും ത്വരീഖത്തുകാരും സമസ്തക്കാരും അവരോട് ഐക്യദാര്‍ഢ്യം പുലര്‍ത്തുന്നവരും. അവരൊക്കെ ഖുര്‍ആനിനു വിരുദ്ധമായ ഏതു വാറോലകളും പ്രമാണമാക്കുന്നവരാണ്. ഒരു ഖുര്‍ആന്‍ വചനം തള്ളിക്കളയുന്നതില്‍ അവര്‍ക്കൊന്നും യാതൊരുവിധ മനഃപ്രയാസവും നേരിടാറില്ല. പക്ഷേ, മേല്‍പ്പറഞ്ഞവര്‍ മാത്രമല്ല ഇപ്പോള്‍ രംഗത്തുള്ളത്. ഖുര്‍ആന്‍ വചനങ്ങള്‍ തള്ളിക്കളയുന്നതില്‍ മേല്‍പ്പറഞ്ഞവരെക്കാള്‍ മിടുക്ക് കാണിക്കുന്നവരാണ് നവയാഥാസ്ഥിതികര്‍. അത്തരക്കാര്‍ക്ക് അല്ലാഹു മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
”അക്രമി തന്റെ കൈകള്‍ കടിക്കുന്ന ദിവസം. റസൂലിന്റെ കൂടെ ഞാനൊരു മാര്‍ഗം സ്വീകരിച്ചിരുന്നുവെങ്കില്‍ എത്ര നന്നായിരുന്നേനെ, എന്റെ കഷ്ടമേ! ഇന്ന വ്യക്തിയെ ഞാന്‍ സുഹൃത്തായി സ്വീകരിച്ചിട്ടില്ലായിരുന്നുവെങ്കില്‍ എത്ര നന്നായിരുന്നേനെ, എനിക്ക് ബോധനം വന്നുകിട്ടിയതിനു ശേഷം അതില്‍ നിന്നവന്‍ എന്ന തെറ്റിച്ചുകളഞ്ഞുവല്ലോ (എന്നിങ്ങനെ അവന്‍ പറയും). പിശാച് മനുഷ്യനെ കൈവിട്ടുകളയുന്നവനാകുന്നു. അന്ന് റസൂല്‍ (സ) പറയും: എന്റെ രക്ഷിതാവേ, തീര്‍ച്ചയായും എന്റെ ജനത ഈ ഖുര്‍ആനിനെ കൈയൊഴിഞ്ഞുകളഞ്ഞിരിക്കുന്നു” (ഫുര്‍ഖാന്‍ 27-30).
വിശുദ്ധ ഖുര്‍ആനിനെ അവഗണിച്ചു ജീവിച്ചാല്‍ അന്ത്യദിനത്തില്‍ പ്രവാചകന്‍ വിചാരണവേളയില്‍ നമുക്കെതിരില്‍ അല്ലാഹുവോട് സാക്ഷി പറയും എന്നാണ് മേല്‍ ആയത്തില്‍ അല്ലാഹു നമ്മെ അറിയിക്കുന്നത്. ഹദീസുകള്‍ ഖുര്‍ആനിനെ സഹായിക്കാനുള്ളതാണ്. അത് ഖുര്‍ആനിനു വിരുദ്ധമാണെങ്കില്‍ അത് നബി(സ) പറഞ്ഞതാകാന്‍ സാധ്യതയില്ല. ഇബ്‌നു ഹജര്‍(റ) പ്രസ്താവിച്ചു: ‘ഖുര്‍ആനിനോട് യോജിച്ചുവരുന്ന ഹദീസുകളല്ലാതെ സ്വീകരിക്കപ്പെടുന്നതല്ല” (ഫത്ഹുല്‍ബാരി 17:39). എന്നാല്‍ ഖുര്‍ആന്‍ കൊണ്ട് മാത്രം ഇസ്‌ലാം പൂര്‍ണമാകുന്നതല്ല. നബി(സ) പ്രസ്താവിച്ചു: ”രണ്ട് കാര്യങ്ങള്‍ ഞാന്‍ നിങ്ങളില്‍ അവശേഷിപ്പിച്ചിരിക്കുന്നു. അവ രണ്ടും മുറുകെപ്പിടിക്കുന്നപക്ഷം നിങ്ങള്‍ (ഒരിക്കലും) വഴിപിഴച്ചുപോകുന്നതല്ല. അല്ലാഹുവിന്റെ ഗ്രന്ഥവും റസൂലി(സ)ന്റെ ചര്യയുമാണവ” (മാലിക്, മുവത്വ 2:899).