സര്‍ക്കാറിനെ വിമര്‍ശിക്കുന്നത് രാജ്യദ്രോഹമാക്കുന്ന ശിക്ഷാ നിയമം റദ്ദാക്കണം – കെ എന്‍ എം മര്‍കസുദ്ദഅ്‌വ
കോഴിക്കോട്: സര്‍ക്കാര്‍ നയങ്ങളെ വിമര്‍ശിച്ചാല്‍ ജയില്‍ വിധിക്കുന്ന രാജ്യദ്രോഹ ശിക്ഷാ നിയമം റദ്ദ് ചെയ്യണമെന്ന് കെ എന്‍ എം മര്‍കസുദ്ദഅ്‌വ സംസ്ഥാന സമ്പൂര്‍ണ കൗണ്‍സില്‍ സമ്മേളനം ആവശ്യപ്പെട്ടു. സര്‍ക്കാറിനെ വിമര്‍ശിച്ചാല്‍ ജീവപര്യന്തം ശിക്ഷ വിധിക്കുന്ന നിയമം ജനാധിപത്യ റിപബ്ലിക്കിന്റെ അടിസ്ഥാന തത്വങ്ങള്‍ക്ക് തന്നെ എതിരാണ്. ഭരണഘടനാ പരമായ അഭിപ്രായ സ്വാതന്ത്ര്യങ്ങളും മൗലികാവകാശങ്ങളും നിഷേധിക്കുന്ന രാജ്യദ്രോഹ ശിക്ഷാ നിയമത്തിന് ഭരണഘടനാപരമായി നിലനില്‍ക്കാന്‍ അവകാശമില്ലെന്ന് സമ്മേളനം വ്യക്തമാക്കി.
രാജ്യത്തിന്റെ സ്വാതന്ത്ര്യ സമര പോരാട്ടങ്ങളെ തകര്‍ക്കുവാന്‍ വെള്ളക്കാരന്‍ എഴുതിയുണ്ടാക്കിയ കരി നിയമം സ്വതന്ത്ര ഇന്ത്യയിലെ സ്വതന്ത്രരായ പൗരന്മാരുടെ സ്വാതന്ത്ര്യം കവര്‍ന്നെടുക്കുന്നത് ചെറുത്തു തോല്‍പ്പിക്കുക തന്നെ വേണം. രാജ്യദ്രോഹക്കുറ്റം ചുമത്തി രാജ്യത്തെ ജയിലുകളില്‍ വിചാരണത്തടവുകാരായി കഴിയുന്ന മുഴുവന്‍ നിരപരാധികളെയും വിട്ടയക്കണം. യു എ പി എ കുറ്റം ചുമത്തി സംസ്ഥാനത്ത് ജയിലിലടക്കപ്പെട്ട തടവുകാരെ മോചിപ്പിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ തയ്യാറാവണം.
സ്ത്രീധന നിരോധന നിയമം നടപ്പിലാക്കുന്നതില്‍ കേന്ദ്ര- സംസ്ഥാന സര്‍ക്കാറുകള്‍ കാണിച്ച ഉദാസീനത പൊറുപ്പിക്കാവതല്ല. സംസ്ഥാനത്ത് സ്ത്രീധന മരണങ്ങളും അക്രമങ്ങളും വര്‍ധിച്ചുവരുന്ന സാഹചര്യത്തില്‍ നിയമം കര്‍ശനമായി നടപ്പിലാക്കാന്‍ സര്‍ക്കാര്‍ നടപടി സ്വീകരിക്കണം. സ്ത്രീധന വിവാഹങ്ങള്‍ക്ക് തയ്യാറല്ലെന്ന് യുവതീ, യുവാക്കളും സ്ത്രീധന വിവാഹങ്ങള്‍ക്ക് കാര്‍മികത്വം വഹിക്കില്ലെന്ന് മതനേതൃത്വങ്ങളും തീരുമാനിച്ചാല്‍ സ്ത്രീധനമെന്ന ജീര്‍ണത പാടെ വിപാടനം ചെയ്യാമെന്ന് യോഗം വിലയിരുത്തി.
സംസ്ഥാന പ്രസിഡന്റ് ഡോ. ഇ കെ അഹ്മദ് കുട്ടി അധ്യക്ഷത വഹിച്ചു. ജന. സെക്രട്ടറി സി പി ഉമര്‍ സുല്ലമി ഉദ്ഘാടനം ചെയ്തു. എന്‍ എം അബ്ദുല്‍ജലീല്‍ വാര്‍ഷിക റിപ്പോര്‍ട്ടും ബി പി എ ഗഫൂര്‍ സാമ്പത്തിക റിപ്പോര്‍ട്ടും അവതരിപ്പിച്ചു. അബ്ദുല്ലത്തീഫ് കരുമ്പുലാക്കല്‍, പ്രൊഫ. കെ പി സകരിയ്യ, കെ അബൂബക്കര്‍ മൗലവി, ഡോ. ഐ പി അബ്ദുസ്സലാം, കെ എല്‍ പി ഹാരിസ്, ഇസ്മാഈല്‍ കരിയാട്, ഡോ. ജാബിര്‍ അമാനി, അബ്ദുസ്സലാം മുട്ടില്‍, ഫൈസല്‍ നന്മണ്ട, അബ്ദുസ്സലാം പുത്തൂര്‍, ഡോ. അന്‍വര്‍ സാദത്ത്, ഫാസില്‍ ആലുക്കല്‍, സല്‍മ അന്‍വാരിയ്യ, വി സി മറിയക്കുട്ടി സുല്ലമിയ്യ എന്നിവര്‍ പ്രസംഗിച്ചു. ബഷീര്‍ പട്‌ല, സി സി ശക്കീര്‍ ഫാറൂഖി, സലീം അസ്ഹരി, കെ എം കുഞ്ഞമ്മദ് മദനി, എം അബ്ദുറഷീദ്, ആബിദ് മദനി, മൂസ സുല്ലമി ആമയൂര്‍, കെ പി അബ്ദുറഹ്മാന്‍ സുല്ലമി, സിറാജ് മദനി കൊടുങ്ങല്ലൂര്‍, എസ് എം സലീം, എം കെ ഷാക്കിര്‍, ഷഫീഖ് ഫാറൂഖി കോട്ടയം എന്നിവര്‍ ജില്ലാ റിപ്പോര്‍ട്ടുകള്‍ അവതരിപ്പിച്ചു. മൂസക്കുട്ടി മദനി കുഴിപ്പുറം, ശാക്കിര്‍ബാബു കുനിയില്‍, അബ്ദുല്‍ ജബ്ബാര്‍ കുന്ദംകുളം, ജാഫര്‍ ഒതായി, നൂറുദ്ദീന്‍ ഫറോക്ക്, ഹുസൈന്‍ കുറ്റൂര്‍, ശുക്കൂര്‍ കോണിക്കല്‍, പി അബ്ദുല്‍മജീദ് മദനി, എം കെ പോക്കര്‍ സുല്ലമി ചര്‍ച്ചയില്‍ പങ്കെടുത്തു.