സര്‍ക്കാര്‍ വ്യക്തത വരുത്തണം
മജീഷ്യന്‍ ഗോപിനാഥ് മുതുകാടിനെതിരെ വിവിധ ആരോപണങ്ങളാണ് ഉയര്‍ന്നിരിക്കുന്നത്. തിരുവനന്തപുരത്ത് അദ്ദേഹം നടത്തുന്ന ഡിഫറന്റ് ആര്‍ട്ട് സെന്റര്‍ എന്ന സ്ഥാപനത്തിനെതിരെയാണ് ആരോപണങ്ങള്‍. ഭിന്നശേഷി കുട്ടികള്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കുന്ന സ്ഥാപനമെന്ന നിലയില്‍ ഏറെ വാര്‍ത്താ പ്രാധാന്യം നേടിയ സ്ഥാപനമാണിത്. സ്ഥാപനത്തില്‍ ഉണ്ടായിരുന്ന കുട്ടികളുടെ രക്ഷിതാക്കളും ജീവനക്കാരുമാണ് പ്രധാനമായും പരാതി പറയുന്നത്.
ഭിന്നശേഷി വിദ്യാര്‍ഥികളെ പരിപാലിക്കുന്നതില്‍ സവിശേഷ പരിശീലനം ലഭിച്ച അധ്യാപകരോ കെയര്‍ടേക്കര്‍മാരോ ഈ സ്ഥാപനത്തില്‍ ഇല്ല എന്നതാണ് ഒരു വിമര്‍ശനം. സവിശേഷ ശ്രദ്ധ അര്‍ഹിക്കുന്നവര്‍ എന്ന നിലയില്‍ ഓരോ വിദ്യാര്‍ഥികളും വ്യക്തിഗതമായി പരിപാലിക്കപ്പെടേണ്ടവരാണ്. അവര്‍ അനുഭവിക്കുന്ന പ്രയാസങ്ങളെ തുടര്‍ന്ന് അവരുടെ മുമ്പില്‍ കൊട്ടിയടക്കപ്പെട്ടിട്ടുള്ള വാതിലുകള്‍ തുറക്കാന്‍ അവരെ പ്രാപ്തരാക്കുന്നത് ഈ പരിശീലകരാണ്. ഓരോരുത്തരും അനുഭവിക്കുന്ന പ്രശ്‌നങ്ങള്‍ വ്യത്യസ്തമാണ് എന്നിരിക്കെ അവര്‍ക്ക് ലഭിക്കേണ്ട ശ്രദ്ധയും പരിഗണനയും വ്യത്യസ്തമാണ്. എന്നാല്‍, അത്തരത്തില്‍ യാതൊരു ചട്ടവും പാലിക്കാതെയാണ് ഈ സ്ഥാപനം പ്രവര്‍ത്തിക്കുന്നത് എന്ന് ആരോപിക്കപ്പെടുന്നു. മാത്രമല്ല, താരതമ്യേനെ ആരോഗ്യസ്ഥിതി മെച്ചപ്പെട്ടവരെയും സര്‍ഗാത്മക ശേഷിയുള്ളവരെയും മാത്രമാണ് ഈ സ്ഥാപനം തെരഞ്ഞെടുക്കുന്നത്. ശാസ്ത്രീയ പരിശീലനം ലഭിച്ചവര്‍ ഇല്ലാത്തതിന്റെ ന്യായീകരണമായി പറയുന്നത് ഈ സ്ഥാപനം ഒരു വിദ്യാഭ്യാസ കേന്ദ്രമല്ല, ആര്‍ട്ട് സെന്റര്‍ ആണെന്നാണ്. ഭിന്നശേഷിക്കാര്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കുന്ന ഏത് സ്ഥാപനമായാലും അതില്‍ സവിശേഷ പരിശീലനം ലഭിച്ചവര്‍ ഉണ്ടെന്ന് ഉറപ്പുവരുത്തേണ്ടത് സര്‍ക്കാറിന്റെ കൂടി ബാധ്യതയാണ്. വിദ്യാഭ്യാസ കേന്ദ്രമായാലും ആര്‍ട്ട് സെന്റര്‍ ആയാലും ഭിന്നശേഷി കുട്ടികളാണ് ഗുണഭോക്താക്കളെങ്കില്‍ അവരെ പരിചരിക്കാവുന്ന ശാസ്ത്രീയ പരിശീലനം ലഭിച്ചവര്‍ അനിവാര്യമാണ്. തെരഞ്ഞെടുക്കപ്പെട്ട വിദ്യാര്‍ഥികള്‍ വഴി വിവിധ പെര്‍ഫോമന്‍സുകളിലൂടെ പൊതുസമൂഹത്തിന്റെ മനസ്സാക്ഷി പിന്തുണ ഉറപ്പിക്കുക എന്ന തന്ത്രമാണ് സ്ഥാപനം നിര്‍വഹിക്കുന്നതെന്ന് രക്ഷിതാക്കള്‍ ആരോപിക്കുന്നു.
ഭിന്നശേഷി വിദ്യാര്‍ഥികളോട് യാതൊരു കരുണയുമില്ലാത്ത ഇടപെടലാണ് സ്ഥാപന മേധാവിയും മറ്റുള്ളവരും നിര്‍വഹിക്കുന്നതെന്ന് പരാതിക്കാര്‍ പറയുന്നു. പൊതു സമൂഹത്തിന്റെ ഫണ്ടിംഗ് ഉറപ്പാക്കാന്‍ സന്ദര്‍ശകര്‍ക്ക് മുമ്പില്‍ അഭിനയിക്കുകയാണ് ഇവരെന്നും ആരോപിക്കപ്പെടുന്നു. സ്ഥാപനത്തിലെ മുന്‍ജീവനക്കാരനായ മോട്ടിവേഷണല്‍ സ്പീക്കര്‍ സി പി ശിഹാബ് ഇത് സംബന്ധിച്ച് നടത്തിയ പത്ര സമ്മേളനത്തിലെ തുറന്നുപറച്ചിലുകള്‍ ഏറെ ഗൗരവമുള്ളതാണ്. മുതുകാടിനെ പുകഴ്ത്തി സംസാരിക്കണമെന്നും സ്റ്റേജിലേക്ക് വീല്‍ചെയറില്ലാതെ കടന്നുവരണമെന്നും അദ്ദേഹത്തോട് ആവശ്യപ്പെടുമായിരുന്നു. പെര്‍ഫോം ചെയ്യുന്ന കുട്ടികള്‍ക്ക് യാതൊരു വിധ ശ്രദ്ധ നല്‍കാതെയും അവരെ അശാസ്ത്രീയമായി ഗ്രീന്റൂമില്‍ തളച്ചിടുകയും ചെയ്യുന്നതിന്റെ പ്രശ്‌നങ്ങളും ശിഹാബ് ചൂണ്ടിക്കാണിക്കുന്നുണ്ട്. ഏതാനും ചില കുട്ടികളെ മുന്നില്‍ വെച്ച് ആയിരക്കണക്കിന് വരുന്ന ഭിന്നശേഷി വിദ്യാര്‍ഥികള്‍ക്ക് വേണ്ടി തങ്ങള്‍ പ്രവര്‍ത്തിക്കുന്നു എന്ന പ്രതീതിയാണ് ഈ സ്ഥാപനം ഉണ്ടാക്കുന്നത്. എന്നാല്‍, അത്തരമൊരു പ്രതീക്ഷയില്‍ ഈ സ്ഥാപനത്തിലേക്ക് പ്രവേശനത്തിന് ചെല്ലുമ്പോഴാണ് തനിരൂപം വെളിച്ചത്താകുന്നതെന്ന് അനുഭവസ്ഥരായ രക്ഷിതാക്കള്‍ പറയുന്നു.
സാമൂഹിക സുരക്ഷാ മിഷന്റെയും സാംസ്‌കാരിക വകുപ്പിന്റെയും ഫണ്ട് ഈ സ്ഥാപനത്തിലേക്ക് ലഭിക്കുന്നുണ്ട്. ഒരു സ്വകാര്യ സ്ഥാപനമെന്ന നിലയില്‍ സര്‍ക്കാര്‍ ഫണ്ട് ലഭിക്കുമ്പോള്‍ കൃത്യമായ ഓഡിറ്റിംഗിന് വിധേയമാകേണ്ടതുണ്ട്. എന്നാല്‍ യാതൊരു പരിശോധനയും അവിടെയില്ല. നിരവധി ബിസിനസ് സംരംഭങ്ങളുടെ സി എസ് ആര്‍ ഫണ്ടുകളും ഇവിടേക്ക് വരുന്നുണ്ട്. സ്വാഭാവികമായും ചാരിറ്റി രംഗത്ത് നാം കാണുന്ന തട്ടിപ്പിന്റെ മറ്റൊരു രൂപമായി ഇത് മാറുന്നുണ്ടോ എന്ന സംശയം ദൂരീകരിക്കപ്പെടണം. പൊതുഖജനാവില്‍ നിന്ന് ഫണ്ടുകള്‍ സ്വീകരിക്കുന്നത് കൊണ്ടും സ്‌റ്റേറ്റിന്റെ പ്രാഥമിക ഉത്തരവാദിത്തത്തിലുള്ള ഭിന്നശേഷി വിദ്യാര്‍ഥികളാണ് ടാര്‍ഗറ്റ് എന്നതുകൊണ്ടും ഈ ആരോപണങ്ങളില്‍ വ്യക്തത വരുത്തേണ്ട ഉത്തരവാദിത്തം സര്‍ക്കാറിനുണ്ട്.