സന്മാര്‍ഗത്തെ പുല്‍കാനുള്ള പ്രേരണ
ഷെഫീഖ് രായംമരക്കാര്‍
മത്സരപ്പരീക്ഷ കഴിഞ്ഞു ലഭിച്ചേക്കാവുന്ന ജോലിയുടെ പദവിയും അന്തസ്സും വിവരിക്കുന്ന കാറ്റലോഗ് എന്നും ഒരു വിദ്യാര്‍ഥിയെ സംബന്ധിച്ചിടത്തോളം ഊര്‍ജദായകമായ ഒരാത്മപ്രചോദനമാണ്. അതേ അര്‍ഥത്തില്‍ അവാച്യാനുഭൂതികളുടെ കേദാരമായ പറുദീസയെ കുറിച്ചുള്ള ഓരോ വിവരണങ്ങളും വിശ്വാസികള്‍ക്ക് സത്യമാര്‍ഗത്തിന്റെ ക്ഷണിക പ്രയാസങ്ങള്‍ മറന്ന് നന്മയുടെ ദിക്കിലേക്ക് ആഞ്ഞുനടക്കാനുള്ള പ്രേരകങ്ങളാകുന്നുണ്ട്.
ജമാല്‍ അത്തോളി എഴുതി യുവത ബുക് ഹൗസ് പ്രസിദ്ധീകരിച്ച ‘സ്വര്‍ഗം ഖുര്‍ആനില്‍’ എന്ന ഗ്രന്ഥം ഉള്ളടക്കത്തിലും വിവരണത്തിലും ആ സാധ്യതകളെ പ്രോജ്ജ്വലിപ്പിച്ചു നിര്‍ത്തുന്നവയാണ്. നരകശിക്ഷകള്‍ ഓര്‍മിപ്പിച്ച് അനവഹിത മനസ്സുകളെ (ണമിറലൃശിഴ ടീൗഹ)െ സത്യസരണിയിലേക്ക് ക്ഷണിക്കുന്ന ഒരു ഭയാവേഗ ശൈലി എങ്ങനെയോ തിരുവെഴുത്തുകാരില്‍ കാലാകാലങ്ങളായി രൂപപ്പെട്ടുവന്നിട്ടുണ്ട്. ‘സ്വര്‍ഗം ഖുര്‍ആനില്‍’ എന്ന ഈ ഗ്രന്ഥരചനയിലൂടെ അത്തരം അനവധാന ശൈലികളില്‍നിന്ന് വേറിട്ട്, അനശ്വര വിജയത്തിന്റെ സുവിശേഷങ്ങള്‍ ഭയവിഹ്വലതകളുടെ മേമ്പൊടികളില്ലാതെ സത്യാന്വേഷകരിലേക്ക് നേരിട്ട് പ്രസരിപ്പിക്കുന്ന ഗ്രന്ഥകാരന്റെ അനുരോധ മനോഗതം (ജീശെശേ്‌ല ങലിമേഹശ്യേ) എടുത്തു പറയേണ്ടതാണ്.
ഭാവനാതീതം, സ്വര്‍ഗത്തിന്റെ സൃഷ്ടിപ്പ്, സ്വര്‍ഗം കൊണ്ട് സന്തോഷവാര്‍ത്ത അറിയിക്കപ്പെട്ടവര്‍, ചില സ്വര്‍ഗീയാനുഭവങ്ങള്‍ എന്നീ തലക്കെട്ടുകളുടെ (അധ്യായങ്ങളുടെ) തിരഞ്ഞെടുപ്പില്‍ പോലും ഖുര്‍ആന്‍ മുന്നോട്ടുവെക്കുന്ന ഗുണകാംക്ഷാ സമീപനത്തെ അതിന്റെ ഉറവകള്‍ ചോരാതെ വിശ്വാസികളിലേക്ക് എത്തിക്കാനുള്ള ഗ്രന്ഥകര്‍ത്താവിന്റെ ശ്രമങ്ങളായി വ്യാഖ്യാനിക്കാം. ”സംസാരിക്കാനുള്ള കഴിവ് മനുഷ്യന്‍ ഉപയോഗപ്പെടുത്തുംപോലെ നിശ്ശബ്ദത പാലിക്കാനുള്ള അവസരവും ഉപയോഗപ്പെടുത്തിയാല്‍ ലോകം എത്ര കണ്ട് സുന്ദരമാകും” എന്ന സ്പിനോസിയന്‍ ചിന്തകള്‍ ഗ്രന്ഥത്തില്‍ ഒരിടത്ത് ഉദ്ധരിച്ചുവെച്ചത് ബഹളങ്ങളില്ലാതെ സത്യാന്വേഷികളെ ചിന്തകള്‍ക്കു പ്രേരിപ്പിക്കുന്നതായി.
അതേസമയം, ‘സ്വര്‍ഗത്തിന്റെ കവാടങ്ങള്‍ തുറക്കാന്‍ ഒരു താക്കോല്‍ വേണമല്ലോ, അത് ലാഇലാഹ ഇല്ലല്ലാഹ് ആണോ’ എന്ന സഹാബികളുടെ ചോദ്യത്തിന് ‘പല്ലുകളില്ലാത്ത വെറും താക്കോല്‍ കൊണ്ട് കവാടങ്ങള്‍ തുറക്കാന്‍ കഴിയില്ല’ എന്ന പ്രവാചകന്റെ മറുപടിയെ ‘ചിന്തയും വിശ്വാസവും മാത്രം പോരാ, കര്‍മങ്ങള്‍ കൂടി വേണ’മെന്ന് വ്യാഖ്യാനിച്ചതില്‍ നിന്ന്, സ്വര്‍ഗപ്രാപ്തിക്ക് കേവലം സത്യാന്വേഷണം മാത്രം പോരാ, ദൈവിക വീക്ഷണങ്ങളിലൂന്നിയ ജീവിതചര്യ കൂടി വേണമെന്ന മുന്നറിയിപ്പുകൂടി തെളിച്ചു പറയുന്നുണ്ട് ഇതില്‍ ഗ്രന്ഥകാരന്‍.
സ്വര്‍ഗത്തെ കുറിച്ചുള്ള ഖുര്‍ആന്‍ പ്രതിപാദ്യങ്ങളുടെ സൂചക സമാഹരണമാണ് ഈ ചെറു ഗ്രന്ഥം. ഒരു പഠിതാവിനോ ഗവേഷകനോ റഫറന്‍സായി ഉപയോഗപ്പെടുത്താവുന്നവ. 20 അധ്യായങ്ങളിലായി സൂചകങ്ങളെ ശ്രദ്ധയോടെ അടുക്കിവെച്ചിരിക്കുന്നു. ആവശ്യാനുസരണം ഹദീസ് വ്യാഖ്യാനങ്ങള്‍ ചേര്‍ത്തുപറയുന്നതിനാല്‍ ആശയങ്ങള്‍ക്ക് കൂടുതല്‍ വ്യക്തത കൈവരുന്നുമുണ്ട്. സ്വര്‍ഗം ഖുര്‍ആനില്‍ എന്ന ഈ ഗ്രന്ഥത്തിന്റെ കര്‍ത്താവ് ജമാല്‍ അത്തോളി വൈജ്ഞാനിക-എഴുത്തു മണ്ഡലങ്ങളില്‍ കൂടുതല്‍ കരുത്തുറ്റ രചനകളുമായി നിറയട്ടെ എന്ന് ആശംസിക്കുന്നു.