സാങ്കേതിക പദങ്ങളുടെ പ്രാമാണിക അര്‍ഥം
കെ എം ജാബിര്‍
ഏതാനും ദിവസങ്ങള്‍ക്കു മുമ്പ് ഒരു സുഹൃത്ത് ഹഖ്ഖ്, ഹഖീഖത്ത്, ബാത്വില്‍, ളലാല്‍, ഖുറാഫത്ത് എന്നതെല്ലാം എന്താണെന്ന് ആ വാക്കുകളുടെ അര്‍ഥവും ഉദ്ദേശ്യവും വ്യക്തമാകുന്ന വിധം, പ്രമാണങ്ങളില്‍ നിന്നുള്ള ഉദാഹരണങ്ങള്‍ സഹിതം വിശദീകരിക്കാമോ എന്ന് ചോദിച്ചു.
സമകാലിക ചര്‍ച്ചകളില്‍, പ്രസക്തമായ അന്വേഷണം തന്നെയാണ് സുഹൃത്തില്‍ നിന്നുണ്ടായത്. ഈ പദങ്ങളില്‍, ഓരോന്നിന്റെയും അര്‍ഥവും അവ ഖുര്‍ആനിലും ഹദീസുകളിലും പ്രയോഗിച്ച സന്ദര്‍ഭങ്ങളും ഉദ്ദേശ്യങ്ങളും വിശദീകരിക്കുകയാണെങ്കില്‍, അത് വളരെ ദീര്‍ഘിച്ചു പോകും. എന്നാല്‍, ബന്ധപ്പെട്ട വാക്കുകളുടെ പൊതുവായ ആശയം മനസ്സിലാക്കാന്‍ ചില കാര്യങ്ങള്‍ മാത്രം ഖുര്‍ആനില്‍ നിന്നുള്ള ഉദാഹരണങ്ങളിലൂടെ വിശദീകരിക്കാം.
ഈ വാക്കുകള്‍ക്ക് ഭാഷയിലുള്ള അര്‍ഥങ്ങളും ഖുര്‍ആനിലോ ഹദീസിലോ അവ പ്രയോഗിച്ച സന്ദര്‍ഭങ്ങളും ഉദ്ദേശിച്ച അര്‍ഥങ്ങളും പരിശോധിക്കാം.
ഹഖ്ഖ്:
ഭാഷാര്‍ഥങ്ങള്‍
നിഷേധിക്കാനാവാത്ത യാഥാര്‍ഥ്യം എന്നാണ് ‘ഹഖ്ഖ്’ എന്നതിന്റെ അര്‍ഥം. സത്യം, വാസ്തവം, യാഥാര്‍ഥ്യം, ശരി, സുബദ്ധം, അവകാശം, ന്യായം, മരണം, നീതി, ഉറപ്പ്, ഓഹരി, തീരുമാനിച്ച കാര്യം, ബഹുമതി, നിയമാവകാശം, ഇസ്ലാം, ഖുര്‍ആന്‍, അര്‍ഹത, മൂല്യം, വില, നിയമം എന്നീ അര്‍ഥങ്ങളൊക്കെ ഭാഷാപരമായി ഹഖ്ഖ് എന്ന വാക്കിനുണ്ട്. (അല്‍ഖാമൂസ്, അറബി മലയാളം നിഘണ്ടു; അല്‍മആനീ അറബി- അറബി, അല്‍മന്‍ഹല്‍; ഐ പി എച്ച് അറബി മലയാള ശബ്ദകോശം; അ ഉശരശേീിമൃ്യ ീള ങീറലൃി ണൃശേേലി അൃമയശര. അൃമയശര ഋിഴഹശവെ തുടങ്ങിയ നിഘണ്ടുക്കളില്‍ നല്‍കിയ അര്‍ഥങ്ങള്‍). ഇവയില്‍ ഒട്ടുമിക്ക അര്‍ഥങ്ങളിലും ഈ വാക്ക് ഖുര്‍ആനിലും ഹദീസിലും പ്രയോഗിച്ചിട്ടുണ്ട്.
ഹഖീഖത്തിന്റെ ഭാഷാര്‍ഥം
അടിസ്ഥാനം എന്നാണ് ഹഖീഖത്ത് എന്നതിന്റെ അര്‍ഥം. യാഥാര്‍ഥ്യം, സത്യം, നിശ്ചയം, ഉറപ്പ്, സത്ത, അടിത്തറ, നിലനില്‍പ്പ്, പതാക, പ്രഭാവം, സാരാംശം, ചുമതല എന്നീ അര്‍ഥങ്ങളൊക്കെ ഭാഷാപരമായി ഹഖീഖത്ത് എന്ന വാക്കിനുണ്ട്. ഈ വാക്ക് ഖുര്‍ആനില്‍ പ്രയോഗിച്ചിട്ടില്ല. ഹദീസുകളില്‍ പ്രയോഗിച്ചിട്ടുണ്ട്.
ബാത്വില്‍
മിഥ്യ എന്നാണ് ബാത്വില്‍ എന്നതിന്റെ അര്‍ഥം. അസത്യം, നിഷ്ഫലം, നിരര്‍ഥകം, പാഴായിപ്പോയ, വൃഥാവിലായ, കള്ളം, നിസ്സാരം, നിഷ്പ്രയോജകം, കൃത്രിമം, അസാധു, നഷ്ടപ്പെട്ട, മുടങ്ങിയ, നിഷ്‌ക്രിയം എന്നീ അര്‍ഥങ്ങളൊക്കെ ഭാഷാപരമായി ബാത്വില്‍ എന്ന വാക്കിനുണ്ട്.
ളലാല്‍
ദുര്‍മാര്‍ഗം എന്നാണ് ളലാല്‍ എന്നതിന്റെ അര്‍ഥം. സന്മാര്‍ഗ ഭ്രംശം, വഴികേട്, തെറ്റ്, നാശം, നിഷ്ഫലത, നിരര്‍ഥകം, വ്യതിയാനം, അബദ്ധയാനം, മിഥ്യാധാരണ, മതിഭ്രമം എന്നീ അര്‍ഥങ്ങളൊക്കെ ഭാഷാപരമായി ളലാല്‍ എന്ന വാക്കിനുണ്ട്. ഖുര്‍ആനില്‍ പ്രയോഗിച്ചത് വഴിയേ പറയാം.
ഖുറാഫത്ത്
അന്ധവിശ്വാസം എന്നാണ് ഖുറാഫത്ത് എന്നതിന്റെ അര്‍ഥം. കള്ള പ്രസ്താവന, കെട്ടുകഥ, നുണക്കഥ, കള്ളക്കഥ, അടിസ്ഥാനരഹിതമായ വാര്‍ത്ത, അന്ധവിശ്വാസം എന്നീ അര്‍ഥങ്ങളൊക്കെ ഭാഷാപരമായി ഖുറാഫത്ത് എന്ന വാക്കിനുണ്ട്. ‘ഖുറാഫത്ത്’ ഖുര്‍ആനില്‍ പ്രയോഗിച്ചിട്ടില്ല; എന്നാല്‍, അടിസ്ഥാന രഹിതങ്ങളായ വിശ്വാസങ്ങളും കര്‍മങ്ങളും മറ്റു രീതിയില്‍ മറ്റു വാക്കുകളിലൂടെ വിമര്‍ശിച്ചിട്ടുണ്ട്.
ശാസ്ത്ര സത്യങ്ങളുടെ അടിസ്ഥാനത്തിലോ, കാര്യകാരണ ബന്ധങ്ങളുടെ അടിസ്ഥാനത്തിലോ വിശദീകരിക്കാന്‍ കഴിയാത്ത കാര്യങ്ങളില്‍ വിശ്വസിക്കുന്നതിനാണ് ഭൗതികവാദികള്‍ അന്ധവിശ്വാസം എന്ന് പറയുന്നത്. ഇതുപ്രകാരം ദൈവം, പരലോകം, സ്വര്‍ഗം, നരകം, അദൃശ്യ സൃഷ്ടികളായ മലക്കുകള്‍, ജിന്നുകള്‍, പ്രവാചകത്വം, മുഅ്ജിസത്ത് തുടങ്ങിയവയെല്ലാം ഭൗതികവാദികളെ സംബന്ധിച്ചിടത്തോളം അന്ധവിശ്വാസങ്ങളാണ്.
ഇസ്ലാമിക
കാഴ്ചപ്പാട്
വിശുദ്ധ ഖുര്‍ആനിന്റെയോ പ്രവാചകനില്‍(സ) നിന്നുള്ളതെന്ന് തെളിഞ്ഞ പ്രബലമായ തിരുചര്യകളുടെയോ അടിസ്ഥാനത്തിലുള്ളതല്ലാത്ത (ഗൈബിയായ) അതിഭൗതിക കാര്യങ്ങളില്‍ ഉള്ള വിശ്വാസത്തെയാണ് മുസ്ലിംകള്‍ അന്ധവിശ്വാസമായിക്കാണുന്നത്.
ലോകത്ത്, അല്ലാഹുവുമായി ബന്ധപ്പെട്ട അന്ധവിശ്വാസങ്ങളുണ്ട്. മലക്കുകളുമായും ജിന്നുകളുമായും മനുഷ്യരുമായും മനുഷ്യശരീരത്തിലെ ചില അവയവങ്ങളുമായും ജനനമരണങ്ങളുമായും ബന്ധപ്പെട്ടു അന്ധവിശ്വാസങ്ങളുണ്ട്. പലതരം മൃഗങ്ങളുമായും പക്ഷികളുമായും ചെടികളുമായും മരങ്ങളുമായും ഭൂപ്രദേശങ്ങളുമായും മനുഷ്യന്‍ നിര്‍മിച്ചുണ്ടാക്കിയ എടുപ്പുകളുമായും ഗ്രഹങ്ങളും നക്ഷത്രങ്ങളുമായും പ്രകൃതിയിലെ പല പ്രതിഭാസങ്ങളുമായി ബന്ധപ്പെട്ടുമെല്ലാം അന്ധവിശ്വാസങ്ങളുണ്ട്.
ശിര്‍ക്ക് ഗുരുതര
അന്ധവിശ്വാസം
അല്ലാഹുവുമായി ബന്ധപ്പെട്ടു വെച്ചു പുലര്‍ത്തുന്ന ഏറ്റവും ഗൗരവമേറിയ അന്ധവിശ്വാസമാണ് ശിര്‍ക്ക് (ബഹുദൈവ വിശ്വാസം). അല്ലാഹുവിന്റെ സൃഷ്ടികളുമായി ചേര്‍ത്തു കൊണ്ട് ഈ അന്ധവിശ്വാസം വ്യാഖ്യാനിക്കപ്പെടുമ്പോള്‍ അത് അല്ലാഹുവുമായി ബന്ധപ്പെട്ടത്, എന്നതോടുകൂടിത്തന്നെ ആ സൃഷ്ടികളോടുകൂടി ബന്ധപ്പെട്ട അന്ധവിശ്വാസമായി പരിഗണിക്കപ്പെടുന്നു.
ഖുര്‍ആനില്‍ നിന്നുള്ള ഉദാഹരണങ്ങള്‍
പരസ്പര വിരുദ്ധാശയങ്ങളുള്ള ഹഖ്ഖും ബാത്വിലും പ്രയോഗിക്കപ്പെട്ടത് നോക്കാം: ‘സത്യം വന്നിരിക്കുന്നു. അസത്യം (മിഥ്യ) മാഞ്ഞു പോയിരിക്കുന്നു. തീര്‍ച്ചയായും അസത്യം മാഞ്ഞു പോകുന്നതാകുന്നു എന്നും നീ പറയുക.’ (17:81). ഇവിടെ ‘സത്യം വന്നു’ എന്നു പറഞ്ഞിരിക്കുന്നത് തൗഹീദും, തൗഹീദില്‍ അധിഷ്ഠിതമായ സത്യമാര്‍ഗവും ഇതാ പുലര്‍ന്നു കഴിഞ്ഞു എന്നും, ‘ബാത്വില്‍’ തകര്‍ന്നു എന്നു പറഞ്ഞത്, ശിര്‍ക്കും അതിന്റെ അടിസ്ഥാനത്തിലുള്ള ദുര്‍മാര്‍ഗവും ഇതാ നശിച്ചു കഴിഞ്ഞു എന്നുമാണ്.
”അല്ലാഹുവാകട്ടെ, തന്റെ കല്‍പനകള്‍ മുഖേന സത്യം പുലര്‍ത്തിക്കാണിക്കാനും സത്യനിഷേധികളുടെ മുരടു മുറിച്ചുകളയുവാനുമാണ് ഉദ്ദേശിച്ചിരുന്നത്. സത്യത്തെ സത്യമായി പുലര്‍ത്തേണ്ടതിനും അസത്യത്തെ ഫലശൂന്യമാക്കിത്തീര്‍ക്കേണ്ടതിനുമാണത്. ദുഷ്ടന്മാര്‍ക്ക് അതെത്ര അനിഷ്ടകരമായാലും ശരി”(8:7,8)
സത്യത്തെ നിലനിര്‍ത്താനും ബാത്വിലിനെ ഫലശൂന്യമാക്കാനുമാണ് സ്രഷ്ടാവിന്റെ ഉദ്ദേശ്യം എന്നത് ഏറ്റവും ശ്രദ്ധേയമായ പരാമര്‍ശമാണ്.
”അവന്‍ ആകാശത്തുനിന്ന് വെള്ളം ചൊരിഞ്ഞു. എന്നിട്ട് താഴ്‌വരകളിലൂടെ അവയുടെ തോതനുസരിച്ച് ആ വെള്ളമൊഴുകി. അപ്പോള്‍ ആ ഒഴുക്ക് പൊങ്ങിനില്‍ക്കുന്ന നുരയെ വഹിച്ചു കൊണ്ടാണ് വന്നത്. വല്ല ആഭരണമോ ഉപകരണമോ ഉണ്ടാക്കാനാഗ്രഹിച്ചുകൊണ്ട് അവര്‍ തീയിലിട്ട് കത്തിക്കുന്ന ലോഹത്തില്‍ നിന്നു അതുപോലുള്ള നുരയുണ്ടാകും. അല്ലാഹു സത്യത്തെയും(ഹഖ്ഖിനെയും) അസത്യത്തെയും(ബാത്വിലിനെയും) ഇങ്ങനെ ഉപമിക്കുന്നു. നുരകള്‍ ഫലശൂന്യമായിത്തീരും. മനുഷ്യര്‍ക്ക് ഉപകാരമുള്ളതാകട്ടെ ഭൂമിയില്‍ തങ്ങിനില്‍ക്കും. അപ്രകാരം അല്ലാഹു ഉപമകള്‍ വിവരിക്കുന്നു.” (13:17).
”എന്നാല്‍ നാം സത്യത്തെ എടുത്ത് അസത്യത്തിന് നേര്‍ക്ക് എറിയുന്നു. അങ്ങനെ അസത്യത്തെ അത് തകര്‍ത്തു കളയുന്നു. അതോടെ അസത്യം നാശമടയുകയായി. നിങ്ങള്‍ (അല്ലാഹുവെപ്പറ്റി) പറഞ്ഞുണ്ടാക്കുന്നത് നിമിത്തം നിങ്ങള്‍ക്ക് നാശം.” (21:18)
അല്ലാഹുവുമായി ബന്ധപ്പെട്ട്, മനുഷ്യര്‍ യാതൊരടിസ്ഥാനവുമില്ലാതെ വിശ്വസിക്കുകയും പറഞ്ഞു പ്രചരിപ്പിക്കുകയും ചെയ്തു കൊണ്ടിരിക്കുന്ന അന്ധവിശ്വാസങ്ങളെയാണ് ബാത്വില്‍ എന്നു ഇവിടെ വിശേഷിപ്പിച്ചത്. ”അവിശ്വാസികള്‍ എക്കാലത്തും സത്യത്തെ തകര്‍ക്കാന്‍ വേണ്ടി (ബാത്വില്‍) മിഥ്യാവാദവും കൊണ്ട് തര്‍ക്കിച്ചു കൊണ്ടിരിക്കുന്നു.” (18:56)
ബുദ്ധി കൊടുക്കാത്തവര്‍ ബാത്വിലില്‍ വിശ്വസിക്കുന്നതിനെ ഖുര്‍ആന്‍ വിമര്‍ശിക്കുന്ന സ്ഥലങ്ങള്‍ പരിശോധിച്ചാല്‍, അവിടെയെല്ലാം ശിര്‍ക്കാക്കുന്ന മിഥ്യയില്‍ വിശ്വസിക്കുന്നതിനെതിരിലുള്ള താക്കീതായിരിക്കും ആശയം. ചില ഉദാഹരണങ്ങള്‍ നോക്കുക: ”അതെന്തുകൊണ്ടെന്നാല്‍ അല്ലാഹുവാണ് സത്യമായിട്ടുള്ളത് (ഹഖ്ഖ്). അവനു പുറമേ അവര്‍ വിളിച്ചു പ്രാര്‍ഥിക്കുന്നതെല്ലാം വ്യര്‍ഥമാകുന്നു (ബാത്വില്‍). അല്ലാഹു തന്നെയാകുന്നു ഉന്നതനും വലിയവനും.” (31:30) ”……എന്നിട്ടും അവര്‍ ബാത്വിലില്‍ വിശ്വസിക്കുകയും അല്ലാഹുവിന്റെ അനുഗ്രഹത്തോട് അവര്‍ നന്ദികേട് കാണിക്കുകയുമാണോ?”(29:52, 67, 16:72). ചുരുക്കത്തില്‍, ബാത്വില്‍ അവിശ്വസിക്കേണ്ട അസത്യമാണ്; അവഗണിച്ചു തള്ളേണ്ട മിഥ്യയാണ്; കെണിയില്‍ പെടാതെ ജാഗ്രത കൈക്കൊള്ളേണ്ട പാഴ്വേലയാണ്.