സങ്കടം കൊണ്ട് കരയാത്തയാള്‍
അഫ്‌സല്‍മിഖ്ദാദ്
”ഏറ്റവും സങ്കടമുള്ള ആളാണോ കൂടുതല്‍ കരയുക?”
ഷാഫി ഒന്നര മാസത്തെ ലീവ് കഴിഞ്ഞുള്ള മടക്കത്തിന് ഒരുങ്ങി. പാസ്‌പോര്‍ട്ടും ടിക്കറ്റും കൈയിലെടുത്ത് മുറിയില്‍ നിന്ന് വീടിന്റെ കോലായിലേക്കിറങ്ങി. കുടുംബാംഗങ്ങളുടെ നെറുകയില്‍ ഗാഢമായൊരു ചുംബനം, വര്‍ഷങ്ങളായുള്ള ശീലമാണത്. ഒടുവിലെ ഊഴം എപ്പോഴും ബാപ്പയുടേതായിരിക്കും. മറ്റുള്ളവരില്‍ നിന്ന് കിട്ടാത്ത എന്തോ ഒന്ന് അവിടെ നിന്ന് വലിച്ചെടുക്കുന്നപോലെ അത് അല്‍പനേരം നീളും. അനുഭവങ്ങളുടെ കടല്‍ പേറിയ ഹൃദയത്തോട് ചേര്‍ന്നുനില്‍ക്കുമ്പോള്‍ ശാന്തമായൊരു തിരമാല കാലില്‍ തൊടുന്നപോലെ തോന്നും അയാള്‍ക്ക്. ആ ചൂടും ചൂരും വലിച്ചെടുത്തിട്ടായിരിക്കും കാറിലേക്ക് കയറുക.
കാര്‍ പച്ചപ്പുകളെ പിറകിലാക്കി നീങ്ങിത്തുടങ്ങി. ഷാഫി പിറകോട്ട് ചാരിയിരുന്നു.
ഏറ്റവും സങ്കടമുള്ള ആളാണോ കൂടുതല്‍ കരയുക? ആണോ? അല്ലല്ലോ? എങ്കില്‍ എന്റെ ബാപ്പ പൊട്ടിക്കരഞ്ഞേനെ.
പറയാനുള്ള പലതും അടക്കിവെച്ച് പുറമെ പ്രകടിപ്പിക്കാതെ സ്‌നേഹം പ്രാര്‍ഥനയായി കൊണ്ടുനടക്കുന്നവരാണ് ബാപ്പമാര്‍. തണല്‍മരമായി പടര്‍ന്നു പന്തലിച്ചുനില്‍ക്കുന്ന ജന്മങ്ങള്‍!
എങ്ങനെയാണീ മനുഷ്യന്‍ മറ്റുള്ളവര്‍ക്ക് ഇത്രയും പ്രിയപ്പെട്ടവനായിത്തീര്‍ന്നത്? ഇല്ലായ്മയിലും വല്ലായ്മയിലും കുടുംബബന്ധങ്ങളെ ചേര്‍ത്തുപിടിച്ചതുകൊണ്ടോ? പ്രവാസിയായിരുന്നപ്പോള്‍ അന്നം തേടിയെത്തിയവര്‍ക്ക് ആശ്വാസമേകിയതുകൊണ്ടോ? ജീവിതത്തിലൊരിക്കലും പുഞ്ചിരിയോടെയല്ലാതെ സംസാരിക്കാത്തതുകൊണ്ടോ? അതോ ക്ഷമയാല്‍ സ്വയം ചെറുതായതുകൊണ്ടോ? കുഞ്ഞുമക്കള്‍ക്ക് മിഠായിക്കാരനായ വല്യുപ്പയായതിനാലോ…?
എയര്‍ അറേബ്യ വിമാനം ഷാര്‍ജ ലക്ഷ്യമാക്കി പറന്നു.
കൊറോണയുടെ അതിപ്രസരമാണ്. കൂടെയുള്ള പലരും അസുഖബാധിതരാണ്. പലയിടങ്ങളും നിശ്ചലം. ചിലത് നിയന്ത്രണവിധേയമായി നടക്കുന്നു. സൂക്ഷ്മതയോടെയുള്ള നീക്കങ്ങളാണ് അകവും പുറവും.
ഒടുവില്‍ ഷാഫിയെയും പോസിറ്റീവാക്കി കോവിഡെത്തി. താമസം മറ്റൊരിടത്തേക്ക് മാറ്റി. അസഹനീയമായ ശരീരവേദന, ഹൃദയമിടിപ്പിന്റെ താളവും ശരീരതളര്‍ച്ചയും കൂടി. ചിന്തകള്‍ പരിധി വിടുന്നത് ഷാഫിയില്‍ മനസ്സിനും ക്ഷീണമുണ്ടാക്കി. മരണത്തെ കുറിച്ചാണ് ചിന്തയെപ്പോഴും.
മുമ്പൊരിക്കല്‍ തനിക്ക് ഒരു ഓപറേഷന്‍ വേണ്ടിവന്നപ്പോള്‍ ആശ്വാസമഴയായി ബാപ്പ തന്നിലേക്ക് പെയ്തത് ഷാഫി ഓര്‍ത്തു.
വിവരങ്ങള്‍ നാട്ടില്‍ അറിയുന്നുണ്ട്. വേദന പങ്കുവെക്കാനല്ലാതെ എന്തിനു കഴിയും? അവര്‍ സുരക്ഷിതരാണ്. പുറത്തിറങ്ങാതെ ബാപ്പ ചെറിയൊരു ചുമയോടെ വീട്ടില്‍ ഇരിപ്പുണ്ട്. കൂട്ടുകാരില്‍ പലരെയും അസുഖം കീഴടക്കിയിരിക്കുന്നു.
ബാപ്പയെയൊന്നു കാണാന്‍ ഷാഫിക്ക് പൂതിയായി.
രാത്രി വീഡിയോകോളില്‍ വിളിച്ചു:
”നല്ല ചുമയുണ്ടല്ലോ ബാപ്പാ?”
”ഉം…”
”വല്ലാതെ ശ്വാസം മുട്ടുന്നുണ്ടല്ലോ? ഡോക്ടറെ കാണിക്കാമായിരുന്നില്ലേ?”
”നാളെ രാവിലെ പോകണം… ന്നാ ശരി, നീ വെച്ചോ, പിന്നെ സംസാരിക്കാം.”
”ഓകെ, ഇന്‍ശാഅല്ലാഹ്.”
ഷാഫി അനുജനെ വിളിച്ച് ബാപ്പയെ രാവിലെത്തന്നെ ഡോക്ടറെ കാണിക്കാന്‍ പറഞ്ഞു.
”ഓക്‌സിജന്റെ അളവ് വളരെ കുറവാണല്ലോ. അഡ്മിറ്റാക്കണം”- ഡോക്ടര്‍.
പിന്നെ ഒന്നുരണ്ടു ടെസ്റ്റുകള്‍.
”ന്യൂമോണിയയാണ്, സംഗതി അല്‍പം സീരിയസാണ്. കൊറോണ വന്നു പോയിട്ടുണ്ട്…” വാട്‌സാപ്പിലൂടെ അനുജന്‍ വിവരങ്ങള്‍ ഷാഫിയെ അറിയിച്ചു.
അഡ്മിറ്റാക്കി മൂന്നാം ദിവസം ഷാഫിയുടെ പ്രിയപ്പെട്ട പിതാവ് മരണപ്പെട്ടു.
വിവരമറിഞ്ഞ ഉടനെ ഷാഫിയുടെ രക്തസമ്മര്‍ദം കൂടി. തലയുടെ പിറകില്‍ ശക്തമായ വേദന കൂടി. എങ്കിലും പുറപ്പെടണം, ബാപ്പയെ ഖബറടക്കും മുമ്പ് അവസാനമായി ഒന്ന് കാണണം.
വെളുക്കും മുമ്പ് എയര്‍പോര്‍ട്ടിലെത്തി. വീട്ടിലേക്കുള്ള വഴിയിലെ ചിന്തകളില്‍ മുഴുവന്‍ ചലനമറ്റ ബാപ്പയെ കാണുന്ന രംഗമോര്‍ത്തു. കണ്ണീര്‍ ചാലിട്ടൊഴുകി, തലയ്ക്കു പിറകിലെ വേദന കഠിനമായി പിന്തുടരുന്നുണ്ട്.
യാ അല്ലാഹ്… ബാപ്പയില്ലാത്ത വീട്ടുമുറ്റം…
ഷാഫി കണ്ടു, തണുത്തു വിറങ്ങലിച്ച ബാപ്പയെ. ആ നെറ്റിത്തടത്തില്‍ പല വട്ടം ഉമ്മ കൊടുത്തു. യാത്ര പറഞ്ഞിറങ്ങുമ്പോള്‍ തനിക്കു പകരാറുള്ള ആ ചൂടാണ് വിറങ്ങലിച്ച തണുപ്പായിട്ടിപ്പോള്‍ ചുണ്ടിലൂടെ തിരിച്ചുകയറുന്നത്…
ഏറ്റവും സ്‌നേഹം കൊണ്ട് സങ്കടം ഉള്ളിലൊതുക്കി, കരയാത്തയാള്‍ യാത്രയായി…
ഖബറിനരികെ പിപിഇ കിറ്റിനുള്ളില്‍ നിന്ന് കൈകളുയര്‍ത്തി ഷാഫി പ്രാര്‍ഥിച്ചു: ”അല്ലാഹുമ്മ സബ്ബിത്ഹു ഇന്‍ദ സുആല്‍…”
ആശുപത്രിയിലേക്ക് യാത്രയാകും മുമ്പേ വീട്ടിലെ ഹാംഗറില്‍ തൂക്കിയിട്ട ബാപ്പയുടെ ഗന്ധമുള്ള കുപ്പായക്കീശയില്‍ ആര്‍ക്കോ വേണ്ടി കാത്തുവെച്ച ഒരു മിഠായി കിടപ്പുണ്ടായിരുന്നു.