10 Monday
March 2025
2025 March 10
1446 Ramadân 10

മതം പരിചയപ്പെടുത്തുന്ന സംവാദത്തിന്റെ സംസ്‌കാരം

സഈദ് പൂനൂര്‍


വീക്ഷണ വൈജാത്യങ്ങളും വൈവിധ്യങ്ങളും ഇസ്‌ലാമിന്റെ സൗന്ദര്യവും സൗരഭ്യവുമാണ്. ഭിന്നവും വിരുദ്ധവുമായ ആശയങ്ങളുള്ളവര്‍ ഒരുമിച്ചു വസിക്കാന്‍ ആരോഗ്യകരമായ സംവാദാത്മക അന്തരീക്ഷം ഒരുക്കുകയും അതുവഴി വിശാലത ആര്‍ജിച്ചെടുക്കലുമാണ് പ്രധാനം. അതിലേക്കുള്ള ബൃഹത്തായ ചൂണ്ടുപലകയാണ് സദ്‌റുദ്ദീന്‍ വാഴക്കാട് രചിച്ച ‘സംവാദത്തിന്റെ സംസ്‌കാരം’ എന്ന കൃതി. മുസ്‌ലിം ഉമ്മത്തിന്റെ ചരിത്രവും വര്‍ത്തമാനവും മുന്‍നിര്‍ത്തി ആശയസംവാദങ്ങളുടെയും ബൗദ്ധിക സംവേദനങ്ങളുടെയും ഉന്നതമായ തലങ്ങളെ വിശാലാര്‍ഥത്തില്‍ ചര്‍ച്ചയ്‌ക്കെടുക്കുകയാണ് ഗ്രന്ഥത്തില്‍.
മനുഷ്യന്റെ ചിന്താചരിത്രത്തോളം തന്നെ പഴക്കമുണ്ട് സംവാദങ്ങളുടെയും സംഭാഷണങ്ങളുടെയും ചരിത്രത്തിന്. പ്രാചീനകാലം മുതലേ തത്വചിന്തയുടെ പ്രധാനപ്പെട്ട ശാഖയായി പരിഗണിക്കപ്പെട്ടുപോരുന്ന തര്‍ക്കശാസ്ത്രം മുസ്‌ലിം പണ്ഡിതര്‍ക്കിടയില്‍ വ്യാപകമായിരുന്നു. ലോജിക് എന്നും അറബിയില്‍ മന്‍ത്വിഖ് എന്നും അറിയപ്പെടുന്ന ഈ ജ്ഞാനശാഖയെ ആരോഗ്യകരമായും ഫലപ്രദമായും വികസിപ്പിച്ചെടുക്കുന്നതില്‍ മധ്യകാല മുസ്‌ലിം പണ്ഡിതര്‍ക്ക് ഗണ്യമായ പങ്കുണ്ട്. പുതിയ കാലത്ത് പക്ഷേ നവ അക്കാദമിക സംവാദങ്ങളുടെ രീതിശാസ്ത്രത്തില്‍ പോലും സംവാദനിയമങ്ങളും നൈതികബോധനങ്ങളും സവിശേഷമായി രൂപകല്‍പന ചെയ്യേണ്ടിവരുന്നത് ഒരുതരം നിവൃത്തികേടാണ്. എന്നാല്‍ അത്തരം എത്തിക്‌സ് കൂടി രൂഢമൂലമായ സംവാദ സംസ്‌കാരമാണ് ദീന്‍ പരിചയപ്പെടുത്തുന്നത്.
ഖുര്‍ആനും സുന്നത്തും ഇസ്‌ലാമിക ചരിത്രവും സൂക്ഷ്മ പരിശോധനകള്‍ക്ക് വിധേയമാക്കിയാല്‍ ആരോഗ്യകരമായ സംവാദ സംസ്‌കാരവും സംസ്‌കൃതിയും മുസ്‌ലിം സമൂഹം പ്രയോഗവത്കരിച്ചതായി കാണാം. പുസ്തകത്തിലെ ആദ്യ രണ്ട് അധ്യായങ്ങളില്‍ സംവാദ മൂല്യബോധങ്ങളെയാണ് ഗ്രന്ഥകാരന്‍ വരച്ചുകാട്ടുന്നത്. ‘മതാന്തര സംവാദങ്ങളിലെ മുസ്‌ലിം’ എന്ന അധ്യായത്തില്‍ ഗവേഷണത്വര, വൈവിധ്യം, ബഹുസ്വരത തുടങ്ങിയവയെ ഇസ്‌ലാം സമീപിക്കുന്ന രീതിയും, പ്രസ്തുത സമീപനം മുന്‍നിര്‍ത്തി വിശാലാര്‍ഥത്തില്‍ എങ്ങനെ മതത്തിനു പുറത്തും സഹിഷ്ണുതാപരമായ സംവാദ സംസ്‌കാരവും സംസ്‌കൃതിയും വളര്‍ത്തിയെടുക്കാമെന്ന അന്വേഷണവുമാണ് അവതരിപ്പിക്കുന്നത്.
അടിസ്ഥാനങ്ങളുടെ വിശദീകരണങ്ങളിലും വ്യാഖ്യാനങ്ങളിലുമുള്ള വൈവിധ്യങ്ങളില്‍ സച്ചരിതരായ പൂര്‍വസൂരികള്‍ വെട്ടിത്തെളിച്ച വിശാലതയിലേക്ക് വെളിച്ചം വീശുന്നതാണ് ‘വീക്ഷണ വൈജാത്യങ്ങളുടെ സൗന്ദര്യം’ എന്ന ഭാഗം. പുസ്തകത്തിലെ സുപ്രധാനമായ കാര്യങ്ങള്‍ ചര്‍ച്ച ചെയ്യുന്നത് ഈ അധ്യായത്തിലാണ്. അഖീദയും ഫിഖ്ഹും അടക്കം അഭിപ്രായാന്തരങ്ങളുള്ള തലങ്ങളിലെ മസ്അലകളും ഫത്‌വകളും മുന്‍നിര്‍ത്തി വിശാലമായിത്തന്നെ അവതരിപ്പിക്കുന്നുണ്ട്. പ്രവാചകനു ശേഷം നിയമങ്ങളെ എങ്ങനെ വ്യാഖ്യാനിക്കണം, പുതിയ സാഹചര്യങ്ങളെ എങ്ങനെ അഭിമുഖീകരിക്കണം തുടങ്ങിയ വിഷയങ്ങളില്‍ മുസ്‌ലിം സമുദായത്തിനകത്ത് ശക്തമായ അഭിപ്രായ വ്യത്യാസങ്ങള്‍ രൂപപ്പെട്ടിരുന്നു. ഉന്നതമായ സംവാദ സംസ്‌കാരമാണ് ഭിന്നാഭിപ്രായങ്ങള്‍ക്കിടയിലും സലഫുസ്സാലിഹുകള്‍ സ്വീകരിച്ചത്. ഇഖ്തിലാഫിന്റെ അടിസ്ഥാനവും മസ്അലകളിലും ഫത്‌വകളിലുമുള്ള സൂക്ഷ്മമായ വൈവിധ്യങ്ങളും ചരിത്രസംഭവങ്ങള്‍ സഹിതം ഗ്രന്ഥകാരന്‍ വിശദീകരിക്കുന്നുണ്ട്. യഥേഷ്ടം കുഫ്ര്‍-ശിര്‍ക്ക് ഫത്‌വകള്‍ പുറപ്പെടുവിക്കുകയും ദീനിന്റെ പേരില്‍ അസഭ്യതക്ക് കൂട്ടുനില്‍ക്കുകയും ചെയ്യുന്ന അല്‍പജ്ഞാനികള്‍ക്ക് ഒരു ഗൈഡും താക്കീതുമാണ് ‘സംവാദത്തിന്റെ സംസ്‌കാരം’ എന്ന ഈ പുസ്തകം. അക്കാദമിക സ്വഭാവം നിലനിര്‍ത്തിക്കൊണ്ടുതന്നെ വിഷയത്തെ ഗൗരവത്തോടെ സമീപിച്ച് ലളിതമായി അവതരിപ്പിച്ചിട്ടുണ്ട്. ഓരോ അധ്യായങ്ങളിലും റഫറന്‍സുകള്‍ കൃത്യമായി ഉള്‍പെടുത്തിയത് കൃതിയുടെ ആധികാരികത വര്‍ധിപ്പിക്കുന്നുണ്ട്.

Back to Top