26 Monday
January 2026
2026 January 26
1447 Chabân 7

സാമുദായിക പ്രാതിനിധ്യം എത്രയാണ്?

സുഫ്‌യാന്‍

രണ്ടാം പിണറായി സര്‍ക്കാറിലെ സാമുദായിക പ്രാതിനിധ്യം വീണ്ടും വാര്‍ത്തകളില്‍ ഇടം പിടിക്കുന്നുണ്ട്. ഇടത് മുന്നണിയിലെ രണ്ട് ഘടക കക്ഷികളുടെ മന്ത്രിമാര്‍ രാജിവെച്ച് മറ്റ് കക്ഷികള്‍ക്ക് വേണ്ടി ഒഴിഞ്ഞുകൊടുത്തു. ഘടക കക്ഷിയില്‍ നിന്നു ആരൊക്കെ മന്ത്രിയാകണമെന്നത് അതത് മുന്നണികളുടെ തീരുമാനമാണ്. പക്ഷെ, കേരളത്തില്‍ മന്ത്രി സ്ഥാനം വെച്ച് മാറുമ്പോള്‍ സാമുദായിക പ്രാതിനിധ്യം ചര്‍ച്ചയാവുക സ്വാഭാവികമാണ്. ഇടതുപക്ഷം പ്രതിപക്ഷത്തിരുന്ന ഒരു ഘട്ടത്തിലാണ് മുസ്‌ലിംലീഗിന്റെ അഞ്ചാം മന്ത്രി സ്ഥാനം സാമുദായിക സന്തുലനം തെറ്റിച്ചുവെന്ന വിവാദമുണ്ടാകുന്നത്. യഥാര്‍ഥത്തില്‍ ഇപ്പോഴത്തെ സാമുദായിക പ്രാതിനിധ്യം കണക്കിലെടുത്താല്‍ അത് ഒട്ടേറെ ആലോചനകള്‍ക്ക് വളമേകുന്നുണ്ട്. കേരളത്തില്‍ സവര്‍ണ സമുദായങ്ങളുടെ ഒലിഗാര്‍ക്കി ഭരണമാണ് നടക്കുന്നത് എന്നതാണ് ഉയരുന്ന വിമര്‍ശം.

ഒലിഗാര്‍ക്കി
ഇപ്പോഴത്തെ കണക്കനുസരിച്ച് കേരള മന്ത്രിസഭയില്‍ 57 ശതമാനം സവര്‍ണ വിഭാഗങ്ങളില്‍ നിന്നുള്ളവരാണ്. ഏത് മുന്നണി ഭരിച്ചാലും വലിയൊരു അധികാര മേഖലയും കയ്യടക്കി വെച്ചിരിക്കുക ഈ സവര്‍ണ്ണ വിഭാഗമാണ്. നായര്‍ – സുറിയാനി വിഭാഗങ്ങളുടെ ഒലിഗാര്‍ക്കി ഭരണമാണ് കേരളത്തില്‍ നടക്കുന്നത് എന്ന വിമര്‍ശനത്തില്‍ സാംഗത്യമുണ്ട്. എന്താണ് ഒലിഗാര്‍ക്കി? ഏതൊക്കെ തരത്തിലുള്ള ഭരണസംവിധാനവും ഭരണകര്‍ത്താക്കളും അധികാരത്തിലിരുന്നാലും പരോക്ഷമായി ഭരണം നടത്തുന്നത് ഒരു ചെറുവിഭാഗം ആയിരിക്കും. ഒലിഗാര്‍ക്കി എന്നത് ഒരു സംസ്ഥാനത്തിനോ ഒരു സ്ഥാപനത്തിനോ ഉള്ളിലെ അധികാരത്തിന്റെ ഭൂരിഭാഗവും കൈവശം വച്ചിരിക്കുന്ന ഒരു ചെറിയ കൂട്ടം വ്യക്തികളുടെ ഭരണരീതിയെ സൂചിപ്പിക്കുന്നതാണ്. കേരളം ഉദാഹരണമായെടുത്താല്‍, ഏതൊക്കെ മുന്നണികള്‍ മാറി മാറി ഭരിച്ചാലും ജനസംഖ്യയില്‍ ന്യൂനപക്ഷമായ സവര്‍ണ വിഭാഗമാവും കുഞ്ചിക സ്ഥാനങ്ങള്‍ കയ്യടക്കിവെച്ചിരിക്കുക.
ചരിത്രത്തിലുടനീളം, വിവിധ സന്ദര്‍ഭങ്ങളില്‍ പ്രഭുക്കന്മാരും ഉപജാപക സംഘങ്ങളും ഇത്തരത്തില്‍ അധികാരം കയ്യടക്കിയിരുന്നതായി കാണാം. പുരാതന ഗ്രീക്കില്‍ രാഷ്ട്രീയം, സൈനികം, സാമൂഹിക പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയവ നിയന്ത്രിച്ചിരുന്നത് ഒരു പ്രഭുവര്‍ഗമായ സ്പാര്‍ട്ട നഗര സംസ്ഥാനമായിരുന്നു. റഷ്യയില്‍ സമ്പന്ന വര്‍ഗമായിരുന്നു രാഷ്ട്രീയ അധികാരം കൈയ്യാളിയിരുന്നത്. നവോത്ഥാന കാലത്ത് ഇറ്റാലിയന്‍ നഗരങ്ങളെ നിയന്ത്രിച്ചിരുന്നത് ഫ്‌ലോറെന്‍സയിലെയും വെനീസിലെയും സമ്പന്നവിഭാഗങ്ങളായിരുന്നു. ഫ്രഞ്ച് വിപ്ലവത്തിന്റെ ചരിത്രം പരിശോധിച്ചാലും ഇതേപോലെയുള്ള വിഭാഗങ്ങളെ കാണാന്‍ സാധിക്കും. പല രാജ്യങ്ങളിലും, പൊതുജനാഭിപ്രായത്തെയും രാഷ്ട്രീയ വ്യവഹാരങ്ങളെയും സ്വാധീനിക്കാന്‍ കഴിയുന്ന ഭൂരിഭാഗം വാര്‍ത്തകളും വിവരങ്ങളുടെ ഒഴുക്കും നിയന്ത്രിക്കുന്നത് കുറച്ച് മാധ്യമ സ്ഥാപനങ്ങളായിരിക്കും. മീഡിയ ഒലിഗാര്‍ക്കി എന്നാണതിനെ പറയാറുള്ളത്.
ജനാധിപത്യവും ഭരണഘടനയും അടിസ്ഥാന ശിലകളായി വര്‍ത്തിക്കുന്ന ഭരണസംവിധാനം രൂപപ്പെടുത്തിയത് തന്നെ അധികാരത്തിന്റെ ഈ കുത്തക അവസാനിപ്പിക്കാനാണ്. എന്നാല്‍, ആധുനിക കാലത്ത് പോലും ഫ്യൂഡല്‍ സംസ്‌കാരത്തെ ഓര്‍മിപ്പിക്കുന്ന വിധം അധികാരം ഏതാനും ചെറു സംഘങ്ങളില്‍ കേന്ദ്രീകരിച്ചിരിക്കുകയാണ്. ഇതിനെ എതിരിടാനുള്ള സുപ്രധാനമായ വഴിയാണ് പ്രാതിനിധ്യത്തെക്കുറിച്ചുള്ള അവബോധം. പ്രാതിനിധ്യമില്ലാതെ നികുതിയില്ല എന്ന അമേരിക്കന്‍ വിപ്ലവത്തിന്റെ മുദ്രാവാക്യം ഉണ്ടാകുന്നത് ഈ പശ്ചാതലത്തിലാണ്. കേരളത്തിലും ഇന്ത്യയിലും നിലനില്‍ക്കുന്ന സവര്‍ണ ഒലിഗാര്‍ക്കി ഭരണത്തെ ഇല്ലാതാക്കാന്‍ ജനംസംഖ്യാനുപാതികമായ സാമുദായിക പ്രാതിനിധ്യം എല്ലാ മേഖലകളിലും ഉണ്ടാവണം. സാമുദായിക സന്തുലനത്തെക്കുറിച്ച് ഏറെ ചര്‍ച്ചകള്‍ നടന്നിട്ടുള്ള കേരളത്തിന്റെ രാഷ്ട്രീയ ഭൂമികയില്‍ ഇപ്പോഴുള്ള മന്ത്രിസഭയുടെ സവര്‍ണ ഒലിഗാര്‍ക്കിയെക്കുറിച്ച് വേണ്ടത്ര ചര്‍ച്ച പോലും ഉണ്ടാവാത്തത് എന്തുകൊണ്ടായിരിക്കും?.

Back to Top