സംസാരങ്ങള്‍ മാന്യമാവട്ടെ
മുഹ്‌സിന നജ്മുദ്ദീന്‍ കായംകുളം
ഒരു പരിധിവരെ മനുഷ്യന്റെ സ്വഭാവ രൂപീകരണത്തിലും മറ്റുള്ളവരോടുള്ള പെരുമാറ്റ രീതികളിലുമെല്ലാം സമൂഹ മാധ്യമങ്ങള്‍ സ്വാധീനം ചെലുത്തുന്നുണ്ട്. അങ്ങനെയുള്ള കാലഘട്ടത്തില്‍ സോഷ്യല്‍ മീഡിയയില്‍ നടക്കുന്ന ചില സംവാദങ്ങളും വാഗ്വാദങ്ങളും ചാനല്‍ ചര്‍ച്ചകളും വളരെ ലജ്ജാവഹമാണ്. നാടിനും ജനങ്ങള്‍ക്കും ഗുണമുള്ള എത്രയോ കാര്യങ്ങള്‍ ചര്‍ച്ച ചെയ്യാനും സംവദിക്കാനുമിരിക്കേ പലര്‍ക്കുമാവേശം മതസ്പര്‍ധയുണ്ടാക്കുന്ന വിഷയങ്ങളിലേക്കാണ്. തന്റെ മതത്തിന്റെ ഔന്നത്യവും നന്മയും എടുത്തുകാട്ടാന്‍, അല്ലെങ്കില്‍ സ്വന്തം മതത്തെ സംരക്ഷിക്കാന്‍ പരസ്പരം പ്രയോഗിക്കുന്ന വാക്കുകള്‍ കേട്ടാല്‍ അറക്കുന്നതും സംസ്്കാര ശൂന്യമായതുമാണ്. എല്ലാവരുമങ്ങനെയാണെന്നല്ല, നൂറിലൊരാള്‍ മതിയാകും ആ വ്യക്തി പ്രതിനിധാനം ചെയ്യുന്ന മതത്തെയും ആദര്‍ശത്തെയും ഒന്നടങ്കം പ്രതിക്കൂട്ടിലാക്കാന്‍. പ്രതികരണം മാന്യവും വസ്തുനിഷ്ഠവുമായ ഭാഷയില്‍ ആകണം. എത്ര പറഞ്ഞിട്ടും പ്രയോജനമില്ലെന്ന് തോന്നുന്നവരുടെ പ്രകോപനങ്ങള്‍ മുഖവിലക്കെടുക്കേെണ്ടന്ന് സാരം. ഇന്ന് ഇന്ത്യ മുഴുക്കെ വര്‍ഗീയതയുടെയും ഭൂരിപക്ഷ വിഭാഗീയതയുടെയും അനൈക്യത്തിന്റെയും വിഷക്കാറ്റ് അടിച്ചു കൊണ്ടിരിക്കുകയാണ്. ഇതിനൊരറുതി വരുത്തണമെങ്കില്‍ സംസാരങ്ങളില്‍ മാന്യമായ ഭാഷ കൊണ്ടുവരികയാണ് ആദ്യം വേണ്ടത്.