സമ്പൂര്‍ണ സമത്വം ഒരു മിഥ്യയാണ്
ഡോ. നൗഫല്‍ പി ടി
സാമൂഹികനീതിക്കു വേണ്ടി വാദിക്കുന്നവര്‍ ധരിച്ചുവെച്ചിട്ടുള്ള ചില മിഥ്യകളെ തുറന്നുകാട്ടുന്ന പുസ്തകമാണ് അമേരിക്കന്‍ സാമ്പത്തിക ശാസ്ത്രജ്ഞനും രാഷ്ട്രീയ നിരീക്ഷകനുമായ തോമസ് സോവലിന്റെ (Thomas Sowell) ഏറ്റവും പുതിയ പുസ്തകമായ സോഷ്യല്‍ ജസ്റ്റിസ് ഫാലസീസ് (Social Justice Fallacies). സാമൂഹ്യനീതി, വിശിഷ്യാ സാമൂഹിക സമത്വം എന്നത് അപ്രാപ്യവും അസാധ്യവുമായ ഒരു ലക്ഷ്യമാണ് എന്നാണു പുസ്തകം വാദിക്കുന്നത്. അഞ്ചു അധ്യായങ്ങള്‍ ഉള്ള ഈ പുസ്തകത്തിലെ ആദ്യ നാല് അധ്യായങ്ങളും ഓരോരോ മിഥ്യകളെ തുറന്നു കാണിക്കുന്നതായും അവസാനത്തേത് എഴുത്തുകാരന്റെ ചില നിരീക്ഷണങ്ങളും എന്ന രീതിയിലാണ് വരുന്നത്.
‘അവസര സമത്വ മിഥ്യകള്‍’ എന്നാണ് ആദ്യത്തെ അധ്യായത്തിന്റെ തലക്കെട്ട്. അവസര സമത്വം (equal opportunity) നല്കിയതുകൊണ്ട് ഒരു സമൂഹത്തിലെ വിവിധ വിഭാഗങ്ങള്‍ തുല്യരായി ആ സമൂഹത്തില്‍ സമ്പൂര്‍ണ സമത്വം ഉണ്ടായിവരും എന്നത് ഒരു മിഥ്യാധാരണ മാത്രമാണെന്നാണ് ഈ അധ്യായത്തില്‍ അദ്ദേഹം വാദിക്കുന്നത്. ഇതിനു അദ്ദേഹം പല പഠനങ്ങളും തെളിവായി നിരത്തുന്നുണ്ട്. വ്യക്തികള്‍ തമ്മിലും അവരുടെ കൂട്ടങ്ങള്‍ തമ്മിലുമെല്ലാമുള്ള സഹജമായ വാസനയിലുള്ള വ്യത്യാസം കാരണം അവസര സമത്വം നല്‍കിയാലും എല്ലാ വ്യക്തികളും / ജനവിഭാഗങ്ങളും ഒരേപോലെ ആയിവരില്ല. നമ്മുടെ മുന്‍പിലുള്ള പല കാര്യങ്ങളിലും ആളുകളുടെ വിഭാഗം തിരിച്ചുള്ള പ്രാതിനിധ്യ വിവരം നല്‍കുന്ന പാഠം അതാണെന്ന് അദ്ദേഹം വാദിക്കുന്നു. ആളുകള്‍/ ജനവിഭാഗങ്ങള്‍ തമ്മില്‍ അവര്‍ ജീവിക്കുന്ന അല്ലെങ്കില്‍ ജനിക്കുന്ന പ്രദേശത്തിന്റെ ഭൂപ്രകൃതി മുതല്‍ അവരുടെ മാതാവ് കഴിക്കുന്ന ഭക്ഷണവും, അവരുടെ വംശപരമ്പരയുടെ അനുഭവചരിത്രവുമടക്കം പല കാരണങ്ങളാല്‍ സ്വാധീനിക്കപ്പെട്ട് വ്യത്യസ്ത വാസനയും കഴിവും ഉള്ളവരായാണ് വളര്‍ന്നു വരുന്നത്. അതുകൊണ്ടു തന്നെ തുല്യ അവസരം നല്‍കിയാലും അവരില്‍ നിന്ന് തുല്യ അനന്തരഫലം (equal outcome) ഉണ്ടാക്കി അവര്‍ക്കിടയില്‍ തുല്യത കൊണ്ടുവരാന്‍ നമുക്ക് കഴിയുകയില്ല. തുല്യത എന്നത് ഒരു മിഥ്യയാവുന്നതിലെ മറ്റൊരു കാരണം നമ്മള്‍ ജനവിഭാഗങ്ങള്‍ തമ്മിലുള്ള പരസ്പര അസമത്വത്തെ പരിഗണിക്കാത്തതുകൊണ്ടു കൂടിയാണ്. ഒരു വിഭാഗം ഒരു മേഖലയില്‍ ഉയര്‍ന്ന കഴിവ് തെളിയിക്കുമ്പോള്‍ മറ്റൊരു മേഖലയില്‍ അവര്‍ കഴിവില്ലാത്തവരാവുന്നു, അവിടെ ആദ്യത്തെ മേഖലയില്‍ കഴിവില്ലാതിരുന്ന മറ്റൊരു വിഭാഗമായിരിക്കും കഴിവ് കാണിക്കുന്നത് എന്ന സാഹചര്യമാണ് അദ്ദേഹം പരസ്പര അസമത്വം (reciprocal inequalities) എന്ന ആശയം ആയി അവതരിപ്പിക്കുന്നത്. ഉദാഹരണത്തിന് എഞ്ചിനീയറിംഗ് എന്ന മേഖലയില്‍ പുരുഷന്‍ മികവ് കാണിക്കുമ്പോള്‍ അധ്യാപനം എന്ന മേഖലയിലാണ് സ്ത്രീ മികവ് തെളിയിക്കുന്നത്. ഇത് എഞ്ചിനീയറിംഗ് മേഖലയിലും അധ്യാപന മേഖലയിലും സ്ത്രീപുരുഷ അസമത്വത്തിനു കാരണമാവുന്നു. ഇതിനെ ഒരു പ്രശ്‌നമായി കണക്കാക്കേണ്ടതില്ല. ഒരു മേഖലയില്‍ ഒരു വിഭാഗമാണെങ്കില്‍ വേറൊന്നില്‍ മറുവിഭാഗമാണ് മികവില്‍ ഉള്ളത്. ഈ സാഹചര്യത്തിനെയാണ് അദ്ദേഹം പരസ്പര അസമത്വം എന്ന് വിശേഷിപ്പിച്ചത്.
‘വംശ മിഥ്യകള്‍’ എന്ന രണ്ടാമത്തെ അധ്യായം രണ്ട് വംശങ്ങള്‍ തമ്മിലുള്ള വ്യത്യാസം വംശം എന്ന ഘടകം കൊണ്ട് മാത്രമാവണമെന്നില്ല, ആ വംശങ്ങളില്‍ വ്യക്തികള്‍ അനുഭവിക്കുന്ന വിവേചനങ്ങളും അവരുടെ വംശ വ്യക്തിത്വം കൊണ്ട് മാത്രമാവണമെന്നുമില്ല എന്നാണു വാദിക്കുന്നത്. മേല്‍പറഞ്ഞ തരത്തിലുള്ള ചില മിഥ്യകളെ അടിസ്ഥാനപ്പെടുത്തിയാണ് ലിംഗവിവേചനം, വെളുത്ത വര്‍ഗക്കാരുടെ വൈശിഷ്ട്യം (white privilege) എന്നിങ്ങനെയുള്ള പല വാദങ്ങളും നിലനില്‍ക്കുന്നത് എന്നും അദ്ദേഹം വാദിക്കുന്നു.
‘ചതുരംഗക്കരു മിഥ്യ’ എന്ന തലക്കെട്ട് നല്‍കിയിട്ടുള്ള മൂന്നാമത്തെ അധ്യായം മനുഷ്യരെ തനതായി ചലനാത്മകതയൊന്നുമില്ലാത്ത, മറ്റുള്ളവര്‍ക്ക് നീക്കികളിക്കാവുന്നതും നീക്കി വെച്ചാല്‍ അവിടെ അങ്ങനെ നിലനില്‍ക്കുന്നവയുമായ കേവലം നിര്‍ജീവരായ കരുക്കളായി കാണുന്ന മിഥ്യ എങ്ങനെയാണ് സമൂഹത്തില്‍ പ്രവര്‍ത്തിക്കുന്നത് എന്നാണ് വിശകലനം ചെയ്യുന്നത്. സ്വത്ത്, സമ്പത്ത് എന്നിവ പോലുള്ള കാര്യങ്ങളില്‍ ഏതെങ്കിലും ഒരു കാലത്തിലെയോ ദേശത്തിലെയോ ജനവിഭാഗങ്ങളെ കുറിച്ചുള്ള കണക്കുകള്‍ പറയുമ്പോള്‍ അത് എല്ലാകാലത്തും എല്ലാ ദേശത്തും അങ്ങനെ അനങ്ങാതെ ഇരിക്കുകയാണ് എന്നാണ് ഗണിക്കപ്പെടുന്നത്. ഇതൊരു മിഥ്യയാണ്. സമ്പന്നര്‍ ദരിദ്രര്‍ എന്നിങ്ങനെയുള്ള വിഭാഗങ്ങളില്‍ ആര് ഉള്‍പ്പെടുന്നു എന്നത് മുതല്‍ അടിമുടി ഇത്തരം വാദങ്ങളില്‍ പ്രശ്‌നങ്ങള്‍ ഉണ്ട്.
‘ജ്ഞാന മിഥ്യ’ എന്ന നാലാമത്തെ അധ്യായത്തില്‍ അറിവിന്റെ ആധികാരികതയാണ് ചര്‍ച്ച ചെയ്യുന്നത്. അറിവുള്ളവരാണ് പൊതുജനത്തിന് വേണ്ടി തീരുമാനങ്ങളും നയങ്ങളും രൂപപ്പെടുത്തേണ്ടത് എന്നതില്‍ എല്ലാവരും യോജിക്കുമെങ്കിലും എന്താണ് അറിവ് എന്നതിലുള്ള വിയോജിപ്പ് ഗുരുതരമായ പ്രയാസമാണ് സമൂഹത്തിന്റെ പ്രവര്‍ത്തനത്തിന് സൃഷ്ടിക്കുന്നത്. പുരോഗമനപരമാണ് എന്ന് കരുതുന്നതും അതേപോലെ സമൂഹത്തിന് ദോഷകരമാണ് എന്ന് കരുതുന്നതുമായ പല കാര്യങ്ങളും സൂക്ഷ്മ വിശകലനത്തില്‍ അതിന്റെ വിപരീത ഫലത്തിലാണ് സമൂഹത്തില്‍ തുടര്‍ന്നുകൊണ്ടിരിക്കുന്നത് എന്ന് തെളിവുകളുടെ അടിസ്ഥാനത്തില്‍ വിശദീകരിക്കുകയാണ് സോവല്‍ ചെയ്യുന്നത്. ചൂഷണം എന്ന് സാമൂഹികനീതി വാദക്കാര്‍ പ്രചരിപ്പിച്ച പലതും യഥാര്‍ഥത്തില്‍ ക്ഷേമ പദ്ധതികളായിരുന്നുവെന്ന് ചില പലിശയധിഷ്ഠിത കടവ്യവസ്ഥകളെയും, പുനരധിവാസ, ശിശുക്ഷേമ പദ്ധതികളെയും, മുന്‍നിര്‍ത്തി അദ്ദേഹം വാദിക്കുന്നുണ്ട്.
‘വാക്കുകള്‍ പ്രവൃത്തികള്‍ അപകടങ്ങള്‍’ എന്ന അഞ്ചാമത്തെ അധ്യായത്തില്‍ എങ്ങനെയാണ് ഒരു കാര്യത്തെ കുറിച്ചുള്ള വാങ്മയ വ്യവഹാരങ്ങള്‍ അതിനെ അപകടത്തിലാക്കുന്നത് എന്ന് സൂചിപ്പിക്കുന്നുണ്ട്. സാമൂഹിക നീതിയുമായി ബന്ധപ്പെട്ട ചില പദങ്ങളെയും അവയുടെ പ്രയോഗങ്ങളെയും എങ്ങനെയാണ് സമൂഹത്തില്‍ വിഭാഗങ്ങള്‍ തമ്മിലുള്ള തെറ്റിധാരണയിലേക്കും തുടര്‍ന്ന് പ്രശ്‌നങ്ങളിലേക്കും നയിക്കുന്നത് എന്ന് വിശദീകരിക്കുന്നുണ്ട്. മെറിറ്റ്, സംവരണം തുടങ്ങിയ വിഷയങ്ങളെ ഇത് സ്പര്‍ശിക്കുന്നുണ്ട്.