24 Wednesday
July 2024
2024 July 24
1446 Mouharrem 17

സാമൂഹിക ക്ഷേമ പദ്ധതികളെ കുറിച്ചും ന്യൂനപക്ഷ പദ്ധതികളെ കുറിച്ചും വസ്തുനിഷ്ഠമായ പഠനങ്ങള്‍ നടക്കണം

അഷ്‌റഫ് കടക്കല്‍ / മുജീബ്‌റഹ്മാന്‍ കിനാലൂര്‍


കേരളത്തില്‍ ഒരിക്കല്‍ കൂടി സച്ചാര്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് ചര്‍ച്ചയായിരിക്കുകയാണ്. ഇന്ത്യയിലെ മുസ്‌ലിം ന്യൂനപക്ഷങ്ങളുടെ പിന്നാക്കാവസ്ഥയെക്കുറിച്ച് പഠിക്കാന്‍ ജസ്റ്റിസ് രജീന്ദര്‍ സച്ചാര്‍ അധ്യക്ഷനായുള്ള കമ്മീഷനാണ് സച്ചാര്‍ കമ്മീഷന്‍. സച്ചാര്‍ കമ്മീഷന്റെ ചുവടുപിടിച്ച് അതിലെ നിര്‍ദേശങ്ങള്‍ നടപ്പിലാക്കുവാന്‍ കേരളത്തില്‍ അന്നത്തെ ന്യൂനപക്ഷ വകുപ്പ് മന്ത്രിയായിരുന്ന പാലോളി മുഹമ്മദ് കുട്ടിയുടെ അധ്യക്ഷതയില്‍ രൂപീകരിച്ച കമ്മീഷനാണ് പാലോളി കമ്മീഷന്‍.
പാലോളി കമ്മീഷന്റെ നിര്‍ദേശ പ്രകാരം കേരളത്തില്‍ ഇപ്പോള്‍ നടപ്പിലാക്കി വരുന്ന ന്യൂനപക്ഷ ക്ഷേമ പദ്ധതികളാണ് കേരളത്തില്‍ വിവാദമായിരിക്കുന്നത്. പ്രസ്തുത കമ്മീഷന്‍ നിര്‍ദേശങ്ങള്‍ അനുസരിച്ച് ന്യൂനപക്ഷ ആനുകൂല്യങ്ങള്‍ 80 ശതമാനം മുസ്‌ലിം വിഭാഗങ്ങള്‍ക്കും 20 ശതമാനം ലത്തീന്‍, കത്തോലിക്ക, പരിവര്‍ത്തിത ക്രിസ്ത്യാനി വിഭാഗങ്ങള്‍ക്കും കൊടുക്കാനുള്ള ഒരു നിര്‍ദേശമാണ് മുന്നോട്ടു വെച്ചത്. ഇതിന്റെ അടിസ്ഥാനത്തിലാണ് കേരളത്തില്‍ ന്യൂനപക്ഷ മന്ത്രാലയത്തിന് കീഴില്‍ ആനുകൂല്യങ്ങള്‍ വിതരണം ചെയ്തു വരുന്നത്. എന്നാല്‍ ബഹുമാനപ്പെട്ട ഹൈക്കോടതി 80:20 എന്ന ഈ അനുപാതം റദ്ദാക്കിയിരിക്കയാണ്. ഈ സാഹചര്യത്തില്‍ പ്രശ്‌നത്തിന്റെ ഭിന്ന വശങ്ങള്‍ പരിശോധിക്കുന്ന ചര്‍ച്ച.

2005-ല്‍ അന്നത്തെ ഇന്ത്യന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗ്, രജീന്ദര്‍ സച്ചാറിന്റെ അധ്യക്ഷതയില്‍ രാജ്യത്തെ മുസ്‌ലിം ന്യൂനപക്ഷങ്ങളുടെ സാമൂഹിക പിന്നാക്കാവസ്ഥയെക്കുറിച്ച് സമഗ്രമായി പഠിക്കാന്‍ ഒരു കമ്മീഷന്‍ രൂപീകരിച്ചു. 2006-ല്‍ ആ കമ്മിറ്റി വിശദമായ ഒരു റിപ്പോര്‍ട്ട് സമര്‍പ്പിക്കുകയും ചെയ്തു. സച്ചാര്‍ കമ്മീഷന്‍ രൂപീകരിക്കാനുള്ള കാരണങ്ങള്‍, അവര്‍ കണ്ടെത്തിയ വസ്തുതകള്‍, നിര്‍ദേശങ്ങള്‍ എന്തൊക്കെയാണ്?
പ്രൈം മിനിസ്റ്റര്‍ ഹൈലെവല്‍ കമ്മിറ്റി എന്ന കമ്മിറ്റിയാണ് സച്ചാര്‍ കമ്മിറ്റി എന്ന പേരില്‍ അറിയപ്പെടുന്നത്. 2005 ല്‍ വിവിധ മുസ്‌ലിം സംഘടനകള്‍ സര്‍ക്കാറിന് ചില നിവേദനങ്ങള്‍ നല്കിയിരുന്നു. ഇന്ത്യന്‍ എക്‌സ്പ്രസ് പോലെ ഉള്ള ദേശീയ മാധ്യമങ്ങള്‍ അത് സംബന്ധിച്ച ചില വെളിപ്പെടുത്തലുകളും പ്രസിദ്ധീകരിച്ചിരുന്നു. ഇന്ത്യന്‍ മുസ്‌ലിംകളുടെ സാമൂഹ്യ – വിദ്യാഭ്യാസ – സാമ്പത്തിക അവസ്ഥ വളരെ പിന്നാക്കമാണ് എന്നും അവര്‍ ദലിത് സമൂഹത്തേക്കാളും താഴ്ന്ന അവസ്ഥയിലാണ് ജീവിക്കുന്നത് എന്നുമായിരുന്നു അതിന്റെ കാതല്‍.
മുസ്‌ലിം സംഘടനകളും എന്‍ ജി ഒ കളും ഈ ഒരു പ്രശ്‌നം സര്‍ക്കാറിന്റെ മുമ്പിലേക്ക് കൊണ്ടുവന്നപ്പോള്‍ അതിന്റെ നിജസ്ഥിതി പഠിക്കാനാണ് പ്രധാനമന്ത്രി ഒരു കമ്മീഷനെ നിയമിച്ചത്. ഇത് ഇത്തരത്തിലുള്ള ആദ്യത്തെ കമ്മിറ്റിയല്ല. ഇതിന് മുമ്പും മുസ്‌ലിംകളുടെയും ഭാഷാ ന്യൂനപക്ഷങ്ങളുടെയും പ്രശ്‌നങ്ങള്‍ പഠിക്കുന്നതിന് നിരവധി കമ്മീഷനുകള്‍ രൂപീകരിക്കപ്പെട്ടിട്ടുണ്ട്. അത്തരത്തില്‍ പെട്ട ഒന്നാണ് മണ്ഡല്‍ കമ്മീഷന്‍.
സച്ചാര്‍ കമ്മിറ്റിയില്‍ വിവിധ മേഖലയിലുള്ള വിദഗ്ധരെ ഉള്‍പ്പെടുത്തിയിരുന്നു. മലയാളിയായ ടി കെ ഉമ്മന്‍, സിവില്‍ സര്‍വീസ് ഉദ്യോഗസ്ഥനായിരുന്ന സൈദ് സഫര്‍ മഹ്മൂദ്, രാകേഷ് ബസന്ത് തുടങ്ങി വിവിധ മേഖലയില്‍ പ്രാവീണ്യം തെളിയിച്ചവരായിരുന്നു ഈ കമ്മിറ്റിയില്‍ ഉണ്ടായിരുന്നത്. വസ്തുനിഷ്ഠവും ശാസ്ത്രീയവുമായ പഠനം ആണ് നടക്കേണ്ടത് എന്ന നിഷ്‌കര്‍ഷത പ്രധാനമന്ത്രിക്ക് ഉള്ളതുകൊണ്ട് രാഷ്ട്രീയ പ്രതിനിധികളെ ഈ കമ്മിറ്റിയില്‍ ഉള്‍പ്പെടുത്തിയിരുന്നില്ല. 2005-ല്‍ നിലവില്‍ വന്ന കമ്മിറ്റി 2006-ല്‍ വളരെ സമഗ്രമായ ഒരു റിപ്പോര്‍ട്ടാണ് അവതരിപ്പിച്ചത്.
1947-ല്‍ സ്വതന്ത്രമായ ഇന്ത്യയില്‍, ജനസംഖ്യയുടെ 15 ശതമാനം വരുന്ന മുസ്‌ലിംകള്‍ ഉദ്യോഗപ്രാതിനിധ്യത്തിന്റെ കാര്യത്തില്‍ ദയനീയമാം വിധം പിന്നാക്കമാണ്. അവരില്‍ നിന്നുള്ള ക്ലാസ്‌വണ്‍ ഉദ്യോഗസ്ഥന്മാര്‍ പോലും രണ്ടു ശതമാനത്തിനപ്പുറം പോകുന്നില്ല. ഉദാഹരണത്തിന് മുസ്‌ലിംകള്‍ക്ക് 4.5 ശതമാനം പ്രാതിനിധ്യമുള്ള ഇന്ത്യന്‍ റെയില്‍വെയില്‍ 92 ശതമാനവും ഫോര്‍ത്ത് ഗ്രേഡ് ജീവനക്കാരായിരുന്നു. ചില മേഖലയില്‍ ഒരാള്‍ പോലും ഇല്ലായിരുന്നു. സൈന്യത്തിലെ കണക്കുകള്‍ ചോദിച്ചപ്പോള്‍ അത് കമ്മീഷന് നല്‍കുക പോലുമുണ്ടായില്ല.
വിദ്യാഭ്യാസ രംഗത്ത് 6-നും 14-നും ഇടയില്‍ സ്‌കൂളില്‍ പോകുന്ന കുട്ടികള്‍ ഇന്ത്യയിലെ ശരാശരി നിരക്കിനേക്കാള്‍ വളരെ കുറവായിരുന്നു. വിദ്യാഭ്യാസം പൂര്‍ത്തീകരിച്ചവരോ ജോലി നേടിയവരോ 6 ശതമാനത്തിനപ്പുറം കടന്നിരുന്നില്ല. പട്ടിക ജാതി പട്ടിക വര്‍ഗ വിഭാഗങ്ങള്‍ക്ക്, ജനസംഖ്യാനുപാതികമായ സംവരണം പൂര്‍ത്തീകരിക്കേണ്ടതു കൊണ്ട് അവരുടെ സാമൂഹികാവസ്ഥ മുസ്‌ലിം സമുദായത്തേക്കാള്‍ ഉയര്‍ച്ചയിലായിരുന്നു. മുസ്‌ലിംകള്‍ തിങ്ങിപ്പാര്‍ക്കുന്ന പ്രദേശങ്ങള്‍ വളരെ പിന്നാക്കമാണ്. ബംഗാളിലെ മുസ്‌ലിംകളുടെ സ്ഥിതി ഞെട്ടിക്കുന്നതായിരുന്നു. ബീഹാറിലെ കിഷന്‍ഗഞ്ച്, ഉത്തര്‍പ്രദേശിന്റെ കിഴക്കുഭാഗത്തെ നൂറോളം വരുന്ന മണ്ഡലങ്ങള്‍, ഇവയൊക്കെ ഏറ്റവും പിന്നാക്കമായിരുന്നുവെന്ന് കമ്മറ്റി കൃത്യമായ കണക്കുകള്‍ നിരത്തി വിശദീകരിക്കുന്നു.
പിന്നാക്ക മേഖലകളില്‍ 4 ശതമാനം ആളുകള്‍ മദ്‌റസയെ ആശ്രയിക്കുന്നവരാണ്. ഭക്ഷണം ലഭിക്കും എന്നതു കൊണ്ട് മാത്രം മദ്‌റസകളില്‍ പോകുകയും തത്ഫലമായി വിദ്യാഭ്യാസം ലഭിക്കുകയും ചെയ്തവര്‍. ചില മദ്‌റസയില്‍ മതവിദ്യാഭ്യാസത്തിനു പുറമെ ഉറുദുഭാഷയും അടിസ്ഥാന വിഷയങ്ങളും പഠിപ്പിക്കുന്ന പദ്ധതി ഉണ്ടായിരുന്നു.
രാഷ്ട്രീയ മേഖല, പൊതു മേഖല, വിദ്യാഭ്യാസ മേഖല തുടങ്ങി സര്‍വ മേഖലയിലും പിന്നാക്കം നില്ക്കുന്ന മുസ്‌ലിം സമുദായം വളരെ പരിതാപകരമായ ഒരവസ്ഥയിലാണ് എന്ന് വ്യക്തമായ സാഹചര്യത്തില്‍ ഈ പിന്നാക്കാവസ്ഥയെ ഒരു മുസ്‌ലിം പ്രശ്‌നം എന്ന നിലയിലല്ല സമീപിക്കേണ്ടത് മറിച്ച് ഒരു രാജ്യത്തിന്റെ ബഹുമുഖ വളര്‍ച്ചയ്ക്ക് തടസ്സമാണ് പ്രത്യേക വിഭാഗത്തിന്റെ ഭയാനകമായ പിന്നോക്കാവസ്ഥ എന്ന് സമിതി നിരീക്ഷിച്ചു. അതുകൊണ്ട് ആ സമൂഹത്തെ കൂടി മുഖ്യധാരയിലേക്ക് കൊണ്ടുവന്നാലേ രാജ്യത്തിന്റെ ബഹുമുഖ വളര്‍ച്ച സാധ്യമാകൂ എന്ന തിരിച്ചറിവില്‍ നിന്നാണ് സച്ചാര്‍ കമ്മിറ്റി റിപ്പോര്‍ട്ടിന്റെ ശുപാര്‍ശക്കനുസരിച്ച് പദ്ധതികള്‍ ആവിഷ്‌ക്കരിച്ച് നടപ്പിലാക്കണം എന്ന തീരുമാനത്തിലേക്ക് അന്നത്തെ യു പി എ സര്‍ക്കാര്‍ എത്തിച്ചേര്‍ന്നത്.

കമ്മീഷന്‍ മുന്നോട്ടു വെച്ച ശുപാര്‍ശകള്‍ എന്തൊക്കെയായിരുന്നു?
തൊഴില്‍ മേഖലയില്‍ സംവരണം നല്‍കുക എന്നത് അപ്രായോഗികമാണ് എന്നതു കൊണ്ടുതന്നെ തൊഴില്‍ നേടാന്‍ അവരെ പ്രാപ്തരാക്കുന്ന രീതിയില്‍ വിദ്യാഭ്യാസം നല്‍കുക എന്നതിനായിരുന്നു പ്രാധാന്യം നല്‍കിയത്. സ്‌കോളര്‍ഷിപ്പുകള്‍ ഏര്‍പ്പെടുത്തുക, വിശിഷ്യാ, പിന്നാക്കാവസ്ഥയില്‍ നില്ക്കുന്ന സമുദായത്തിലെ പെണ്‍കുട്ടികള്‍ കൂടുതല്‍ പരിതാപകരമായ അവസ്ഥയിലാണ് എന്നതിനാല്‍ മുസ്‌ലിം പെണ്‍കുട്ടികള്‍ക്കു വേണ്ടി പ്രത്യേകം പദ്ധതികള്‍ ആവിഷ്‌ക്കരിക്കുക, ഇന്ദിരാഗാന്ധിയുടെ കാലത്ത് ആരംഭിച്ച പ്രധാനമന്ത്രിയുടെ പതിനഞ്ചിന പരിപാടികള്‍ പുനരാവിഷ്‌ക്കരിച്ച് നടപ്പിലാക്കുക, രാജ്യത്ത് വളരെ കുറവ് മാത്രം ബാങ്ക് ലോണ്‍ ലഭിക്കുന്ന മുസ്‌ലിം സമുദായത്തിന് ലോണ്‍ ലഭിക്കാനുള്ള പദ്ധതികള്‍ കൊണ്ടുവരിക, പ്രൈമറി തലം മുതല്‍ പി എച്ച് ഡി തലം വരെ ഉള്ളവര്‍ക്ക് ഉപകാരപ്പെടുന്ന സ്‌കോളര്‍ഷിപ്പ് പദ്ധതികള്‍ ആവിഷ്‌ക്കരിക്കുക, ന്യൂനപക്ഷ കേന്ദ്രീകൃത പിന്നോക്ക ജില്ലകള്‍ക്ക് പ്രത്യേകം പദ്ധതികള്‍ ആവിഷ്‌കരിക്കുക തുടങ്ങിയ നിര്‍ദേശങ്ങളാണ് സച്ചാര്‍ കമ്മിറ്റി ഗവണ്‍മെന്റിന്റെ മുന്നില്‍ വെച്ചത്. ഈ ശുപാര്‍ശകള്‍ നടപ്പിലാക്കാനുള്ള ഒരു സംവിധാനം എന്ന നിലക്കാണ് ന്യൂനപക്ഷ ക്ഷേമ വകുപ്പ് തുടങ്ങിയതും അതിന്റെ പ്രവര്‍ത്തനങ്ങള്‍ മുന്നോട്ടു പോകുന്നതും.

ഏതൊക്കെ സംസ്ഥാനങ്ങളിലാണ് സച്ചാര്‍ കമ്മിറ്റി ശുപാര്‍ശകളുടെ തുടര്‍ നടപടികള്‍ ഉണ്ടായത്? എന്തൊക്കെ പദ്ധതികളാണ് ആവിഷ്‌കരിക്കപ്പെട്ടത്?
സച്ചാര്‍ കമ്മിറ്റി റിപ്പോര്‍ട്ട് നടപ്പിലാക്കാന്‍ കേന്ദ്രസര്‍ക്കാര്‍ ഉദ്ദേശിച്ചപ്പോള്‍ തന്നെ കേന്ദ്ര പദ്ധതികള്‍ക്കുപരിയായി സംസ്ഥാന സര്‍ക്കാറുകള്‍ പദ്ധതികള്‍ ആവിഷ്‌ക്കരിക്കണം എന്ന് അഭ്യര്‍ഥിച്ചു കൊണ്ട് പ്രധാനമന്ത്രി എല്ലാ സംസ്ഥാന സര്‍ക്കാറുകള്‍ക്കും കത്തയച്ചിരുന്നു. അതിന്റെ അടിസ്ഥാനത്തില്‍ ചില സംസ്ഥാനങ്ങള്‍ കമ്മിറ്റികള്‍ രൂപീകരിച്ചു. മഹാരാഷ്ട്ര, കര്‍ണാടക തുടങ്ങിയ സംസ്ഥാനങ്ങള്‍ കമ്മിറ്റികള്‍ രൂപീകരിച്ചിരുന്നു. എല്ലാവരും ഒരേ രീതിയില്‍ അല്ല ഇതിനോട് പ്രതികരിച്ചത്.
സിവില്‍ സര്‍വീസ് ഉദ്യോഗസ്ഥന്മാരെ നിമയിച്ചുകൊണ്ടും, മന്ത്രിമാര്‍ക്ക് ഈ വകുപ്പിന്റെ അധിക ചുമതല നല്‍കിക്കൊണ്ടും ഒക്കെയാണ് ആ കത്തിനോട് സംസ്ഥാനങ്ങള്‍ പ്രതികരിച്ചത്. സച്ചാര്‍ കമ്മിറ്റി ശുപാര്‍ശകള്‍ പ്രായോഗികമായി നടപ്പിലാക്കാനും അതിന്റെ ഏകോപനത്തിനും, ക്രിയാത്മകമായ പദ്ധതികള്‍ ആവിഷ്‌കരിക്കുന്നതിനുമായി കേരളത്തില്‍ അന്നത്തെ മന്ത്രി ആയിരുന്ന പാലോളി മുഹമ്മദ് കുട്ടിയുടെ നേതൃത്വത്തില്‍ ഒരു സമിതിയെ നിയോഗിക്കുക ആയിരുന്നു.

ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ നിന്ന് വിഭിന്നമാണ് കേരളീയ സാഹചര്യം. കേരളത്തിലെ സവിശേഷ സാഹചര്യങ്ങള്‍ മുന്‍നിര്‍ത്തി പാലോളി കമ്മിറ്റി സ്വീകരിച്ച സമീപനങ്ങളും പദ്ധതികളും എന്തൊക്കെ ആയിരുന്നു?
സച്ചാര്‍ കമ്മിറ്റി രൂപീകരിക്കപ്പെട്ട രീതിയില്‍ നിന്ന് വ്യത്യസ്തമായാണ് കേരളത്തില്‍ പാലോളി കമ്മിറ്റി രൂപീകരിക്കപ്പെട്ടത്. വിദഗ്ധരെ ഉള്‍പ്പെടുത്തിയാണ് സച്ചാര്‍ കമ്മിറ്റി രൂപീകരിച്ചതെങ്കില്‍ വിവിധ സംഘടനാ നേതാക്കളെ ഉള്‍പ്പെടുത്തിയാണ് പാലോളി കമ്മിറ്റിക്ക് രൂപം നല്കിയത്. ഈ നിലപാടിനോട് എനിക്ക് വിയോജിപ്പുണ്ട്. ഡോ. ഫസല്‍ ഗഫൂര്‍, ഒ അബ്ദുറഹ്മാന്‍ തുടങ്ങി വിവിധ സംഘടനാ നേതാക്കള്‍ അടങ്ങിയ കമ്മിറ്റി, ജില്ലാ ആസ്ഥാനങ്ങളില്‍ വന്ന് തെളിവെടുപ്പ് നടത്തി അതിലൂടെ അവര്‍ കണ്ടെത്തിയ പ്രശ്‌നങ്ങള്‍ കമ്മിറ്റിക്ക് മുമ്പില്‍ അവതരിപ്പിച്ചു. അന്വേഷണത്തിന്റെ അടിസ്ഥാനത്തില്‍ എത്തിച്ചേര്‍ന്ന നിഗമനങ്ങളും ശുപാര്‍ശകളും അവര്‍ ഗവണ്‍മെന്റിന് നല്‍കുകയാണ് ചെയ്തത്. ഈ റിപ്പോര്‍ട്ടില്‍ പറയുന്ന പ്രധാനപ്പെട്ട കാര്യം ഇന്ത്യയിലെ മറ്റു സംസ്ഥാനങ്ങളിലെ മുസ്‌ലിം ജനതയേക്കാള്‍ താരതമ്യേന ഉയര്‍ന്ന നിലയിലാണ് കേരളത്തിലെ മുസ്‌ലിംകള്‍ എങ്കിലും മറ്റു പിന്നാക്ക സമുദായങ്ങളുമായി താരതമ്യം ചെയ്യുമ്പോള്‍ മുസ്‌ലിം ജനത പിറകില്‍ തന്നെയാണ് എന്നതാണ്.
മുസ്‌ലിം പെണ്‍കുട്ടികള്‍ക്കുവേണ്ടി പ്രത്യേകം സ്‌കോളര്‍ഷിപ്പുകള്‍ ഏര്‍പ്പെടുത്തണം; തുച്ഛമായ ശമ്പളത്തില്‍ ജോലി ചെയ്യുന്ന മദ്‌റസാ അധ്യാപകര്‍ക്ക് ഭവന പദ്ധതികള്‍ ഉള്‍പ്പെടെ ക്ഷേമ പദ്ധതികള്‍ ആവിഷ്‌ക്കരിക്കണം; വിധവകളുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കണം; തൊഴില്‍ മേഖലയിലെ പ്രാതിനിധ്യക്കുറവ് പരിഹരിക്കണം; 27 ശതമാനം ജനസംഖ്യയുള്ള മുസ്‌ലിം സമുദായത്തില്‍ പത്തോ പതിനഞ്ചോ ശതമാനമാണ് സര്‍ക്കാര്‍ ജോലികളില്‍ ഉള്ളത്, ഉന്നത ജോലികളില്‍ അത് വളരെ കുറവാണ്, അതിനാല്‍ മത്സര പരീക്ഷകളില്‍ വിജയിക്കാന്‍ സാധിക്കുന്ന രീതിയില്‍ പരിശീലന സ്ഥാപനങ്ങള്‍ ആരംഭിക്കണം തുടങ്ങിയവയാണ് പാലോളി കമ്മീഷന്റെ നിര്‍ദേശങ്ങള്‍.
പാലോളി കമ്മിറ്റി നിര്‍ദേശങ്ങള്‍ നടപ്പിലാക്കുമ്പോള്‍ അതിലെ ക്ഷേമ പദ്ധതികളില്‍ 20 ശതമാനം മറ്റ് ന്യൂനപക്ഷങ്ങളിലെ പിന്നോക്ക വിഭാഗങ്ങള്‍ക്ക് കൂടി നല്‍കാന്‍ സര്‍ക്കാര്‍ തീരുമാനിക്കുകയായിരുന്നു. അങ്ങനെയാണ് 80:20 അനുപാതം വരുന്നത്. ഈ അനുപാതത്തെ ഇന്ന് കോടതി ചോദ്യം ചെയ്തിരിക്കുകയാണ്. ന്യൂനപക്ഷ ക്ഷേമ പദ്ധതികള്‍ എല്ലാ ന്യൂനപക്ഷ വിഭാഗങ്ങള്‍ക്കും ഒരേ പോലെ നല്‍കണം എന്നാണു പുതിയ വിധിയില്‍ പറയുന്നത്. ഫലത്തില്‍ ഇത് പാലോളി കമ്മിറ്റിയുടെ നിര്‍ദേശങ്ങളെ തന്നെ അപ്രസക്തമാക്കിയിരിക്കുകയല്ലേ?
കേന്ദ്രഗവണ്‍മെന്റ് സച്ചാര്‍ കമ്മിറ്റി റിപ്പോര്‍ട്ടിന്റെ തുടര്‍ച്ചയെന്ന നിലയില്‍ പദ്ധതികള്‍ ആവിഷ്‌ക്കരിച്ചു നടപ്പിലാക്കിത്തുടങ്ങിയപ്പോള്‍ അതിനെ മുസ്‌ലിം ക്ഷേമപദ്ധതി എന്ന നിലയില്‍ അവതരിപ്പിച്ചാല്‍ രാഷ്ട്രീയമായി അതിനെ ദുര്‍വ്യാഖ്യാനം ചെയ്യാന്‍ സാധ്യതയുണ്ട്; അതിനെ മുസ്‌ലിം പ്രീണനമായി ചിത്രീകരിച്ച് രാഷ്ട്രീയ മുതലെടുപ്പിന് കാരണമാകും എന്ന തിരിച്ചറിവില്‍ നിന്നും അതിനെ ഒരു ന്യൂനപക്ഷ പദ്ധതി ആയാണ് നടപ്പിലാക്കിയത്. വരുമാന പരിധി നിശ്ചയിച്ച് നടപ്പാക്കിയ പദ്ധതിയില്‍ മുസ്‌ലിം, ക്രിസ്ത്യന്‍, ജൈന മതവിഭാഗങ്ങള്‍ ഗുണഭോക്താക്കളാണ്. സ്വാഭാവികമായും ഇന്ത്യയിലെ ന്യൂനപക്ഷങ്ങളിലെ ഭൂരിപക്ഷമായ മുസ്‌ലിം സമുദായത്തിന് കൂടുതല്‍ ഗുണമേ അതുമൂലം ഉണ്ടാകൂ എന്ന ചിന്തയില്‍ നിന്നാണ് ആ നിലപാടിലേക്ക് പോയത്.
മുസ്‌ലിം കേന്ദ്രീകൃത പ്രദേശങ്ങള്‍ അടങ്ങിയ 90 ജില്ലകള്‍ കണ്ടെത്തി ആ ജില്ലകള്‍ക്ക് ആവശ്യമായ ക്ഷേമപദ്ധതികള്‍ ആവിഷ്‌ക്കരിച്ച് നടപ്പിലാക്കി. സ്‌കൂളുകള്‍, ആശുപത്രികള്‍, മറ്റു സൗകര്യങ്ങള്‍ എല്ലാം അതില്‍ ഉള്‍പ്പെടുന്നു. സര്‍ക്കാര്‍ ആവിഷ്‌ക്കരിച്ച പദ്ധതികള്‍ എല്ലാം ന്യൂനപക്ഷ പദ്ധതികള്‍ എന്ന പേരിലാണ് നടപ്പിലാക്കിയത്.
കേരളത്തിലെ പാലോളി കമ്മിറ്റിയും ഈ ചിന്തയില്‍ നിന്നാണ് പ്രവര്‍ത്തിച്ചത്. മുസ്‌ലിം ക്ഷേമപദ്ധതി എന്ന പേരില്‍ ക്ഷേമ പദ്ധതികള്‍ അവതരിപ്പിച്ചാല്‍ അത് സാമൂഹികമായ ദോഷം ചെയ്യും. പദ്ധതികളുടെ ഗുണഫലം അര്‍ഹരായ ന്യൂനപക്ഷങ്ങള്‍ക്ക് ലഭിക്കണം എന്ന തരത്തില്‍ സ്‌കോളര്‍ഷിപ്പുകള്‍, മറ്റു പരിശീലന പരിപാടികള്‍ എന്നിവ ആവിഷ്‌ക്കരിച്ചപ്പോള്‍ അപേക്ഷകരായി മുസ്‌ലിംകള്‍ക്കൊപ്പം ക്രൈസ്തവ സമുദായത്തെയും പരിഗണിച്ചു. അന്ന് ക്രൈസ്തവ സമുദായത്തില്‍ നിന്ന് മതിയായ അപേക്ഷകരില്ലായിരുന്നു. അന്ന് അപേക്ഷകരായി വന്നത് ലാറ്റിന്‍ ക്രൈസ്തവരില്‍ നിന്നും, പരിവര്‍ത്തിത ക്രൈസ്തവരില്‍ നിന്നുമുള്ളവരായിരുന്നു.
പിന്നീടാണ് 80:20 എന്ന അനുപാതം കൊണ്ടുവന്നത്. ഈ അനുപാതം നിശ്ചയിച്ചത് പാലോളി കമ്മിറ്റിയുടെ ശുപാര്‍ശയുടെ അടിസ്ഥാനത്തിലല്ല. ന്യൂനപക്ഷങ്ങളില്‍ പ്രയാസങ്ങള്‍ അനുഭവിക്കുന്ന ക്രൈസ്തവര്‍ 20 ശതമാനമാണ് എന്നത് ഏതെങ്കിലും ശാസ്ത്രീയ പഠനത്തിന്റെ അടിസ്ഥാനത്തിലും അല്ല. അങ്ങനെ ഒരു പഠനം നടന്നിട്ടുമില്ല. പിന്നെ ന്യായമായും സംശയിക്കാവുന്നത് ഉദ്യോഗസ്ഥ തലത്തില്‍ നടന്ന ചെറിയ ഗവേഷണങ്ങളുടെയും, അന്വേഷണങ്ങളുടെയും അടിസ്ഥാനത്തിലാണ് അത്തരത്തില്‍ ഒരു അനുപാതമുണ്ടായത് എന്നാണ്. അങ്ങനെ ഒരു അനുപാതത്തിന്റെ അടിസ്ഥാനത്തിലാണ് ന്യൂനപക്ഷ ക്ഷേമ വകുപ്പിന്റെ പദ്ധതികള്‍ സര്‍ക്കാര്‍ നടപ്പിലാക്കിയത്. യു ഡി എഫിന്റെ കാലത്ത് 100 കോടിയിലധികമായിരുന്നു ന്യൂനപക്ഷ ക്ഷേമ പദ്ധതികള്‍ക്ക് നീക്കി വെച്ചത്. എന്നാല്‍ 2021-ല്‍ അത് 42 കോടി രൂപയാണ്.

പാലോളി കമ്മിറ്റിയുടെ ശുപാര്‍ശകളില്‍ പ്രധാനപ്പെട്ട ഒന്ന് മലബാര്‍ മേഖലയിലെ മുസ്‌ലിംകളുടെ ഉന്നമനത്തിന് വേണ്ട നടപടികള്‍ സ്വീകരിക്കണം എന്നതാണ്. മലബാര്‍ ജില്ലകളില്‍ വേണ്ടത്ര വിദ്യാഭ്യാസ സൗകര്യം ഇല്ല എന്ന് കമ്മറ്റി വിലയിരുത്തിയിരുന്നു. ആ നിര്‍ദേശങ്ങള്‍ പാലിക്കപ്പെട്ടിട്ടുണ്ടോ?
പാലോളി കമ്മിറ്റി പരിഗണിച്ച ഒന്ന് മലബാര്‍ മേഖലയിലെ വിദ്യാഭ്യാസ പിന്നാക്കാവസ്ഥയായിരുന്നു. മലബാര്‍ ജില്ലകളില്‍ എസ് എസ് എല്‍ സി കഴിഞ്ഞാല്‍ തുടര്‍പഠനത്തിന് പ്രയാസം അനുഭവിക്കുന്ന അനുഭവം ഇന്നുമുണ്ട്. പത്തനംതിട്ട ജില്ലയില്‍ പ്ലസ്ടുവിന് 1000 സീറ്റുകള്‍ ഉണ്ടെങ്കില്‍ എസ് എസ് എല്‍ സി പാസ്സായി വരുന്ന കുട്ടികളുടെ എണ്ണം 650 ആണ്. 350 സീറ്റുകള്‍ ഒഴിവാണ്. ഇത്തരത്തില്‍ വിവിധ ജില്ലകളിലും അവസ്ഥയുണ്ട്. മലപ്പുറം ജില്ലയില്‍ 1000 കുട്ടികള്‍ എസ് എസ് എല്‍ സി പാസ്സായാല്‍ 400 കുട്ടികള്‍ക്ക് തുടര്‍പഠന സാധ്യത ഇല്ലായിരുന്നു. ഈ വിഷയങ്ങളിലൊക്കെ നടപടികള്‍ ഉണ്ടാകണം എന്ന് പാലോളി കമ്മിറ്റി നിര്‍ദേശമുണ്ടായിരുന്നു. സര്‍ക്കാര്‍, എയ്ഡഡ്, അണ്‍ എയ്ഡഡ് മേഖലകളില്‍ ഒന്നും ഈ നിര്‍ദേശങ്ങള്‍ വേണ്ടത്ര നടപ്പാക്കിയിട്ടില്ല.
2018-ഓടുകൂടിയാണ് ഇത് ഒരു വിവാദമായി വന്നത്. ക്രൈസ്തവ സംഘനകളുടെ പേരിലാണ് ആദ്യമായി വിവാദങ്ങള്‍ ഉണ്ടാകുന്നത്. ന്യൂനപക്ഷ ക്ഷേമ പദ്ധതികള്‍ മുസ്‌ലിംകള്‍ തട്ടിയെടുക്കുകയാണ് എന്നതാണ് വിവാദം. ഈ ആക്ഷേപങ്ങള്‍ ഉന്നയിക്കുമ്പോള്‍ സര്‍ക്കാറിന്റെ ഭാഗത്തു നിന്ന് അതിന്റെ നിജസ്ഥിതി എന്താണ് എന്ന് ബോധ്യപ്പെടുത്തുന്നതിനുള്ള ഒരു നടപടിയും ഉണ്ടായിരുന്നില്ല. അതിനുപുറമെ ക്രിസ്ത്യന്‍ ജനവിഭാഗങ്ങള്‍ക്കിടയില്‍ ലൗജിഹാദ് പോലെയുള്ള ചില പേടിപ്പെടുത്തുന്ന വാര്‍ത്തകളും പ്രചരിച്ചു.
അതോടൊപ്പം കേരളത്തില്‍ മുസ്‌ലിംകള്‍ മതപഠനം നടത്തുന്നത് ഗവണ്‍മെന്റ് ചെലവിലാണ്; മദ്‌റസാ അധ്യാപകര്‍ക്ക് ശമ്പളം നല്‍കുന്നത് സര്‍ക്കാര്‍ ഫണ്ടില്‍ നിന്നാണ്; മദ്‌റസാ അധ്യാപകരുടെ ക്ഷേമനിധിക്ക് കോടിക്കണക്കിന് രൂപ അവര്‍ക്ക് മാത്രമായി വീതിച്ചുനല്‍കുകയാണ്; ഭവന നിര്‍മാണ പദ്ധതികള്‍ അവര്‍ക്ക് മാത്രമായി നടപ്പിലാക്കിക്കൊണ്ടിരിക്കുകയാണ് തുടങ്ങി അനവധി ആരോപണങ്ങളും വിമര്‍ശനങ്ങളും സാമൂഹ്യ മാധ്യമങ്ങള്‍ ഉപയോഗിച്ചുകൊണ്ട് പ്രചരിപ്പിച്ചിരുന്നു. അതിന്റെ തുടര്‍ച്ചയായി ദീപിക പത്രത്തില്‍ ചങ്ങനാശ്ശേരി ബിഷപ്പിന്റെ ലേഖനം വരുന്നു. തദ്‌വിഷയത്തില്‍ ഉത്തരവാദിത്തപ്പെട്ടവര്‍ ക്രൈസ്തവരും പിന്നാക്കമാണ് എന്നും അവര്‍ക്ക് അര്‍ഹമായ ആനുകൂല്യങ്ങള്‍ ലഭിക്കുന്നില്ല എന്നും അറിയിച്ചു കൊണ്ട് സര്‍ക്കാറിന് നിവേദനം നല്‍കി. സര്‍ക്കാര്‍ അതിനനുകൂലമായ നിലപാട് സ്വീകരിച്ചു. ക്രൈസ്തവരുടെ പിന്നാക്കാവസ്ഥ പഠിക്കുന്നതിനായി ഒരു കമ്മിറ്റിക്ക് രൂപം നല്‍കി.

സര്‍ക്കാരിന്റെ വിവിധ ആനുകൂല്യങ്ങളെയും ക്ഷേമ പദ്ധതികളെയും കുറിച്ചും അതിന്റെ ഗുണഭോക്താക്കളെ കുറിച്ചും പദ്ധതികളുടെ സാമൂഹിക ഫലങ്ങളെ കുറിച്ചും എന്തെങ്കിലും പഠനങ്ങള്‍ കേരളത്തില്‍ നടന്നിട്ടുണ്ടോ?
കഴിഞ്ഞ 20 വര്‍ഷങ്ങളില്‍ കേരളത്തില്‍ നടപ്പാക്കിയ ന്യൂനപക്ഷ പദ്ധതികളുടെ ഗുണഭോക്താക്കള്‍ ആരൊക്കെയാണ് എന്ന് സര്‍ക്കാര്‍ ജനങ്ങളെ ബോധ്യപ്പെടുത്തണം. ദേവസ്വം ബോര്‍ഡിന്റെ മുഴുവന്‍ വരുമാനവും സര്‍ക്കാര്‍ ഖജനാവിലേക്കാണ് പോകുന്നത്; മുസ്‌ലിം- ക്രൈസ്തവ ദേവാലയങ്ങളില്‍ നിന്നും ഒരു ചില്ലിക്കാശുപോലും സര്‍ക്കാര്‍ ഖജനാവിലേക്ക് പോകുന്നില്ല എന്ന തരത്തിലുള്ള ആരോപണങ്ങള്‍ വന്നപ്പോഴാണ് തദ്‌വിഷയത്തെ സമഗ്രമായി പഠിച്ച് ഇന്നത്തെ പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ അതു സംബന്ധിച്ച് പ്രസ്താവന നടത്തിയത്. അപ്പോഴാണ് ജനങ്ങള്‍ക്ക് നിജസ്ഥിതി മനസ്സിലായത്. ഇത്തരത്തിലുള്ള ആരോപണങ്ങളില്‍ ക്രിയാത്മകമായി ഇടപെടാന്‍ സാധിക്കുന്നത് സര്‍ക്കാറിനാണ്.
ഒരു വര്‍ഷം 42 കോടി രൂപ ബഡ്ജറ്റില്‍ വകയിരുത്തിയാല്‍ മുഴുവന്‍ തുകയും ചെലവഴിക്കുന്നില്ല. അതിന് ചില മാനദണ്ഡങ്ങളും വെക്കുന്നുണ്ട്. പക്ഷെ എത്ര ശതമാനം ചെലവഴിച്ചു എന്ന് വ്യക്തമാക്കപ്പെടുന്നില്ല.
പിന്നാക്ക വിഭാഗത്തിന് സമാന്തരമായി മുന്നാക്ക വിഭാഗങ്ങള്‍ക്കിടയിലും സ്‌കോളര്‍ഷിപ്പുകള്‍ നല്‍കിവരുന്നുണ്ട്. ആ സ്‌കോളര്‍ഷിപ്പിന് ലാറ്റിന്‍, നാടാര്‍, പരിവര്‍ത്തിത ക്രൈസ്തവര്‍ ഒഴികെയുള്ള മുഴുവന്‍ ക്രൈസ്തവരും അര്‍ഹരാണ്. അത് ആര്‍ക്കൊക്കെ എത്രയാണ് വിതരണം ചെയ്യപ്പെടുന്നത് എന്നത് വിശകലന വിധേയമാക്കണം. അതോടൊപ്പം തന്നെ പരിവര്‍ത്തിത ക്രൈസ്തവര്‍ക്ക് മാത്രമായി വിവിധ പദ്ധതികള്‍ കേരളത്തില്‍ ഉണ്ട്. ക്രൈസ്തവ മതത്തിലേക്ക് പരിവര്‍ത്തനം ചെയ്യപ്പെട്ടവര്‍ക്ക് സഹായം നല്‍കുന്നു എന്നതിനര്‍ഥം കേരളത്തില്‍ മതപരിവര്‍ത്തനം പ്രോത്സാഹിപ്പിക്കുന്നു എന്നല്ല. പട്ടികജാതി പട്ടിക വര്‍ഗ വിഭാഗങ്ങളില്‍ നിന്ന് മതം മാറി വരുമ്പോള്‍, ഗസറ്റില്‍ പ്രസിദ്ധീകരിക്കുന്നതോടു കൂടി അവര്‍ ആ വിഭാഗമല്ലാതായി മാറുന്നു. എന്നാല്‍ അവരുടെ സാമൂഹിക അവശതകള്‍ നിലനില്‍ക്കുകയും ചെയ്യുന്നു. അത്തരം അവശതകള്‍ പരിഹരിക്കുക എന്ന മാനുഷിക പരിഗണനയാണ് ഈ പദ്ധതികള്‍ ആവിഷ്‌ക്കരിക്കാന്‍ കാരണം. അത് മതപരിവര്‍ത്തനത്തെ പ്രോത്സാഹിപ്പിക്കാന്‍ ആണെന്ന് ആരെങ്കിലും പറഞ്ഞാല്‍ അതിന് മറുപടി നല്‍കേണ്ടതും സര്‍ക്കാറാണ്.

ഫിഷറീസ് വകുപ്പ് നടപ്പിലാക്കുന്ന പദ്ധതികള്‍, യുവജന ക്ഷേമ വകുപ്പ് നടപ്പിലാക്കുന്ന പദ്ധതികള്‍, വ്യവസായ വകുപ്പിലെ പദ്ധതികള്‍ ഇങ്ങനെ ഓരോ വകുപ്പും നടപ്പിലാക്കി വരുന്ന പദ്ധതികളുടെ ഇംപാക്ട് സ്റ്റഡി വളരെ അനിവാര്യമായി നടക്കേണ്ടതാണ്. വിവിധ പദ്ധതികളുടെ ഗുണഭോക്താക്കള്‍ ആരൊക്കെയാണ് എന്ന് കൃത്യമായി പഠിക്കുകയും അതിനോടനുബന്ധിച്ച് ധവളപത്രം ഇറക്കുകയും ചെയ്യേണ്ടത് അനിവാര്യമാണ്.
മറ്റൊന്ന് എയ്ഡഡ് മേഖലയിലെ തൊഴിലുകളാണ്. ഈ മേഖലയില്‍ പട്ടികജാതി, പട്ടികവര്‍ഗ വിഭാഗങ്ങള്‍ക്ക് സംവരണമില്ല. എയ്ഡഡ് മേഖലയില്‍ ശമ്പളം നല്‍കുന്നത് സര്‍ക്കാര്‍ ഖജനാവില്‍ നിന്നാണ്. ഈ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന അധ്യാപകരുടെയും അനധ്യാപകരുടെയും ശമ്പളത്തിന്റെ കണക്കെടുത്ത് അതിന്റെ ഗുണഭോക്താക്കള്‍ ആരാണ് എന്നും പരിശോധിക്കേണ്ടതുണ്ട്. ഇതില്‍ എല്ലാ ജനവിഭാഗങ്ങളും ഉണ്ടാകുന്നുണ്ടോ? അവിടെ ഒരു തുല്യമായ വിഭജനം നടക്കുന്നുണ്ടോ? അവിടെ സാമൂഹികനീതി നടപ്പിലാക്കാന്‍ സാധിക്കുന്നുണ്ടോ? എയ്ഡഡ് കോളജുകളില്‍ അധ്യാപകരെ നിയമിക്കുമ്പോള്‍ ഭീമമായ സംഖ്യ മാനേജ്‌മെന്റുകള്‍ വാങ്ങുന്നുണ്ട്. പലപ്പോഴും വിദ്യാഭ്യാസ യോഗ്യതയുടെ അടിസ്ഥാനത്തിലല്ല നിയമനം നടത്തുന്നത്. ഇതെല്ലാം നമ്മുടെ പൊതു ഖനാജവിലെ പണം ചോര്‍ന്നുപോകുന്ന കാര്യങ്ങളാണ്.
ക്ഷേമ പദ്ധതികളായാലും സ്‌കോളര്‍ഷിപ്പുകളായാലും, പുകമറ സൃഷ്ടിക്കുന്ന പ്രചരണങ്ങള്‍ക്കിടയില്‍ സത്യാവസ്ഥ എന്താണ് എന്ന് അന്വേഷണം നടത്താനും അത് ജനങ്ങളെ അറിയിക്കാനും സര്‍ക്കാറിന് ബാധ്യതയുണ്ട്. എങ്കില്‍ മാത്രമേ സാമൂഹിക ധ്രുവീകരണം ലക്ഷ്യം വെച്ചുകൊണ്ട് കൃത്യമായ അജണ്ടകള്‍ ഉള്ള ഇത്തരത്തിലെ പ്രചരണങ്ങളെ തടയിടാനാകൂ.
സാമൂഹിക ധ്രുവീകരണത്തിനും മതസ്പര്‍ധക്കുമുള്ള സാധ്യതകള്‍ ഇല്ലാതാക്കുക എന്നത് ഒരു ഭരണകൂടത്തിന്റെ ഉത്തരവാദിത്തമാണ്. ഈ പദ്ധതികള്‍ നടപ്പിലാക്കുമ്പോള്‍ കൃത്യമായ സ്ഥിതിവിവരക്കണക്കുകള്‍ ശേഖരിച്ച് ഇതാണ് സത്യാവസ്ഥ എന്ന് ജനങ്ങളെ ബോധ്യപ്പെടുത്താന്‍ സര്‍ക്കാറിന് ബാധ്യതയുണ്ട്.

കോടതി വിധി മറികടക്കുന്നതിന് വേണ്ടി സര്‍ക്കാര്‍ എന്താണ് ചെയ്യേണ്ടത്?
കോടതി വിഷയത്തില്‍ അകക്കാമ്പിലേക്ക് കടന്നിട്ടുണ്ടോ എന്ന് സംശയമുണ്ട്. ന്യൂനപക്ഷ ക്ഷേമ പദ്ധതികള്‍ ഇന്ത്യാ ഗവണ്‍മെന്റ് നടപ്പിലാക്കുന്നത് ന്യൂനപക്ഷ ജനവിഭാഗത്തിന്റെ ജനസംഖ്യാനുപാതികമായ വീതം വെപ്പാണ്. എന്നാല്‍ കേരളത്തിലേക്ക് വരുമ്പോള്‍ അങ്ങനെ ഒരു നയം സ്വീകരിച്ചില്ല. എന്തുകൊണ്ട് അങ്ങനെ ചെയ്തില്ല എന്ന യുക്തമായ ചോദ്യം അവിടെ നിലനില്ക്കുന്നുണ്ട്.
ക്ഷേമ പദ്ധതികള്‍ നടപ്പിലാക്കുന്നത് സാമൂഹികവും സാമ്പത്തികവും വിദ്യാഭ്യാസപരവുമായ പിന്നാക്കാവസ്ഥക്ക് പരിഹാരമാണ് എന്ന തത്വമുണ്ട്. സംവരണത്തിന്റെ തത്വവും അത് തന്നെയാണ്. ആ തത്വത്തിലേക്ക് കൂടി ന്യായാധിപന്മാരുടെ മനസ്സ് എത്തേണ്ടതുണ്ട്. കേവലം യുക്തിയില്‍ നിന്ന് മാത്രം ചിന്തിച്ചാല്‍ ഇങ്ങനെയുള്ള ഫലങ്ങളാണ് ഉണ്ടാവുക.
വിദ്യാഭ്യാസം, തൊഴില്‍ പ്രാതിനിധ്യം, സാമൂഹികാവസ്ഥ തുടങ്ങിയവയില്‍ കേരളത്തില്‍ ഏറ്റവും മുന്നാക്കം നില്ക്കുന്ന ജനവിഭാഗമാണ് ക്രിസ്ത്യാനികള്‍. അതില്‍ ലാറ്റിന്‍, നാടാര്‍, പരിവര്‍ത്തിത ക്രൈസ്തവര്‍ സാമൂഹികമായും മറ്റും പിന്നാക്കം നില്ക്കുന്നവരാണ്. ആ യാഥാര്‍ഥ്യത്തിലേക്ക് കോടതി എത്തിയിട്ടുണ്ടോ എന്ന് സംശയമാണ്.
ഡിവിഷന്‍ ബെഞ്ച് വിധി പ്രസ്താവിച്ച നിലക്ക് 80:20 അനുപാതം തിരിച്ചുകൊണ്ട് വരിക എന്ന വിഷയത്തില്‍ അല്ല ഇനി ശ്രദ്ധ തിരിയേണ്ടത്. കേരളത്തിലെ എല്ലാ സമുദായത്തെയും വിശ്വാസത്തിലെടുത്ത് സാമൂഹ്യ ക്ഷേമ പദ്ധതികളുടെ തത്വമുള്‍ക്കൊണ്ട് പിന്നോക്കം നില്‍ക്കുന്ന ജനതയെ മുഖ്യധാരയിലേക്ക് വരാന്‍ ലക്ഷ്യം വെച്ചുള്ള പദ്ധതികള്‍ ആ ജനതക്ക് തന്നെ ലഭിക്കണം. ക്രൈസ്തവ ജനതയുടെ പിന്നാക്കാവസ്ഥ പഠിക്കാന്‍ രൂപീകരിക്കപ്പെട്ട കമ്മിറ്റിയുടെ പഠനം മുന്നില്‍ വെച്ച്, നാളിതുവരെ നടപ്പിലാക്കിയ പദ്ധതികളുടെ ഇംപാക്ട് സ്റ്റഡി നടത്തി ഇന്ത്യയിലെ വിവിധ ജനവിഭാഗങ്ങളിലെ പിന്നാക്കാവസ്ഥയുടെ ചിത്രം മനസ്സില്‍ കണ്ട്, ഈ പദ്ധതികളെ എങ്ങനെയാണ് നടപ്പിലാക്കേണ്ടത് എന്ന ഒരു ബ്ലൂപ്രിന്റ് തയ്യാറാക്കി, അത് ചര്‍ച്ച ചെയ്ത് സ്ഥിരതയോടുകൂടി നടപ്പിലാക്കുമ്പോള്‍ മാത്രമാണ് സാമൂഹിക നീതി ഉറപ്പാകൂ. അല്ലെങ്കില്‍ വര്‍ഗീയ ചേരിതിരിവിനും മുതലെടുപ്പിനും മാത്രമേ ഇത്തരത്തിലെ പദ്ധതികള്‍ ഉപകരിക്കൂ.
കോടതിയെ തിരുത്തിക്കാന്‍ ശ്രമിക്കാതെ ദീര്‍ഘ വീക്ഷണത്തോടെയും സമഗ്രമായും ശാസ്ത്രീയമായും സമീപിക്കുന്ന രീതിയാണ് സര്‍ക്കാറിന്റെ ഭാഗത്തു നിന്നുണ്ടാകേണ്ടത്. അല്ലാതെ ഇതിനെ ഒരു താല്‍ക്കാലിക പരിഹാര മാര്‍ഗം കണ്ടെത്തി ശമിപ്പിക്കുക എന്നതല്ല.
ഈ വിഷയം ഏറ്റെടുക്കുന്ന സംഘടനകള്‍ ഈ വിഷയത്തെ വൈകാരികമായി സമീപിക്കാതെ, വസ്തുതകളെ വസ്തുതകളായി സ്വീകരിച്ച് സാമൂഹിക – സാമ്പത്തിക – വിദ്യാഭ്യാസ പിന്നാക്കാവസ്ഥ ഏതൊക്കെ ജനവിഭാഗങ്ങള്‍ക്കിടയില്‍ ഏതളവില്‍ നിലനില്ക്കുന്നു എന്ന യാഥാര്‍ഥ്യത്തെ മുന്നില്‍ വെച്ചുകൊണ്ട് ഒരു പരിഹാര മാര്‍ഗത്തിലേക്ക് നീങ്ങുന്നതായിരിക്കും നാടിനും സമൂഹത്തിനും രാജ്യത്തിനും നല്ലത്.

5 1 vote
Article Rating
Back to Top
0
Would love your thoughts, please comment.x
()
x