2 Monday
December 2024
2024 December 2
1446 Joumada II 0

സമൂഹനിര്‍മിതിയിലെ സ്ത്രീപുരുഷ പങ്കാളിത്തം

എ കെ അബ്ദുല്‍ഹമീദ്‌


ശൈഖ് റശീദ് രിദ സ്ത്രീയുടെ വില മനസ്സിലാക്കാന്‍ ജനങ്ങളെ പ്രേരിപ്പിച്ചുകൊണ്ട് ഒരു പ്രത്യേക അധ്യായം തന്നെ രചിച്ചതായി കാണാം. ‘സ്ത്രീപുരുഷ സമത്വവും പുരുഷന്മാര്‍ക്ക് സ്ത്രീകളെക്കാള്‍ ഉള്ള പ്രത്യേക പദവിയും’ എന്ന തലക്കെട്ടിലാണ് അദ്ദേഹം അത് എഴുതിയത്. ഇസ്ലാമിക ശരീഅത്ത് പഠിപ്പിക്കുന്ന ആദര്‍ശങ്ങളും ആശയങ്ങളും വലിയൊരു ഗ്രന്ഥത്തില്‍ തന്നെ ഉള്‍ക്കൊള്ളാന്‍ മാത്രം ഉണ്ടെന്നും എല്ലാ അവകാശങ്ങളിലും സ്ത്രീക്ക് പുരുഷന്മാരെ പോലെ അവകാശമുണ്ടെന്നും പുരുഷന് അവരുടെ മേല്‍ ഒരു പ്രത്യേക പദവിയുണ്ടെന്ന് മാത്രമേയുള്ളൂ എന്നും അദ്ദേഹം സമര്‍ഥിക്കുന്നുണ്ട്. അതുകൊണ്ടുതന്നെ സ്ത്രീ ഏതൊരു പ്രവര്‍ത്തനം ചെയ്യുമ്പോഴും അതിനു സമാനമായ പ്രവര്‍ത്തനങ്ങള്‍ ചെയ്യാന്‍ പുരുഷനും ബാധ്യസ്ഥനാണ്.
മാനുഷിക മൂല്യങ്ങളുടെ കാര്യത്തില്‍ അവരിരുവരും സമന്മാരാണ്. ‘പുരുഷന് അവരുടെ മേല്‍ ഒരു പദവിയുണ്ട്’ എന്നു പറഞ്ഞത് പുരുഷന്റെ മേല്‍ ചില ഉത്തരവാദിത്തങ്ങള്‍ കൂടുതലുണ്ടെന്നും സ്ത്രീക്കും അതേപോലെ ചില ബാധ്യതകളുണ്ടെന്നും പഠിപ്പിക്കുകയാണ്. ആ പദവി യഥാര്‍ഥത്തില്‍ കുടുംബ നേതൃത്വമാണ്. പുരുഷന്മാര്‍ക്ക് സ്ത്രീകളേക്കാള്‍ ചില പ്രത്യേകതകള്‍ നല്‍കിയിട്ടുണ്ടെന്നും സമ്പത്ത് ചെലവഴിക്കേണ്ട ഉത്തരവാദിത്തം അവനെ ഏല്‍പ്പിച്ചിട്ടുണ്ടെന്നും ഖുര്‍ആനില്‍ സൂചനയുണ്ട്.
ഇസ്ലാമിക ശരീഅത്ത് മാനുഷിക മൂല്യങ്ങളില്‍ യാതൊരു വിവേചനവും ഇല്ലാതെ സ്ത്രീപുരുഷന്മാരുടെ ഇടയില്‍ സമത്വം പ്രഖ്യാപിക്കുന്നത കാണാം. വിശുദ്ധ ഖുര്‍ആന്‍ സൂറത്ത് ഹുജുറാത്ത് പതിമൂന്നാം വചനത്തില്‍ അത് വ്യക്തമാക്കുന്നുണ്ട്: ഹേ, മനുഷ്യരേ, നിശ്ചയമായും നിങ്ങളെ നാം ഒരു ആണില്‍ നിന്നും ഒരു പെണ്ണില്‍ നിന്നുമായി സൃഷ്ടിച്ചിരിക്കുന്നു. നിങ്ങള്‍ പരസ്പരം തിരിച്ചറിയാന്‍ വേണ്ടി നിങ്ങളെ നാം ജനപഥങ്ങളും ഗോത്രങ്ങളും ആക്കുകയും ചെയ്തിരിക്കുന്നു. നിശ്ചയമായും അല്ലാഹുവിന്റെ അടുക്കല്‍ നിങ്ങളില്‍ ഏറ്റവും ആദരണീയന്‍, നിങ്ങളില്‍ ഏറ്റവും സൂക്ഷ്മതയുള്ള ഭയഭക്തനാകുന്നു. നിശ്ചയമായും അല്ലാഹു, സര്‍വജ്ഞനും സൂക്ഷ്മജ്ഞാനിയുമാണ്. തീര്‍ച്ചയായും, ആദമിന്റെ സന്തതികളെ (മനുഷ്യരെ) നാം ആദരിച്ചിട്ടുണ്ട്; കരയിലും കടലിലും അവരെ നാം സഞ്ചരിപ്പിച്ചിരിക്കുന്നു. വിശിഷ്ട വസ്തുക്കളില്‍ നിന്നും അവര്‍ക്കു നാം ആഹാരം നല്‍കുകയും ചെയ്തിരിക്കുന്നു; നാം സൃഷ്ടിച്ചിട്ടുള്ളവരില്‍ മിക്കവരെക്കാളും ഒരു വലിയ ശ്രേഷ്ഠത അവര്‍ക്ക് നാം നല്‍കുകയും ചെയ്തിരിക്കുന്നു. (ഇസ്‌റാഅ് 70)
ഇസ്ലാം സ്ത്രീയുടെ പ്രശ്നം പ്രത്യേകം പരിഗണിച്ചു എന്നതിന് തെളിവാണ് കുടുംബപരമായ ഏതു വിഷയങ്ങളും കൃത്യതയോടെ കൈകാര്യം ചെയ്തു എന്നത്. വിവാഹാലോചന, വിവാഹം, മുലയൂട്ടല്‍, സംരക്ഷണം, വിവാഹമോചനം, ഖുല്‍അ് എന്നിങ്ങനെ സ്ത്രീയുമായി ബന്ധപ്പെട്ട എല്ലാ വിഷയങ്ങളിലും കൃത്യമായി നിയമനിര്‍ദേശങ്ങള്‍ ഖുര്‍ആന്‍ വെച്ചതായി കാണാം. പക്ഷേ മുസ്ലിം സമൂഹം ഇസ്ലാമിക നിയമങ്ങള്‍ കൃത്യമായി നടപ്പിലാക്കാത്തതിന്റെ ദുരന്തഫലം സ്ത്രീ അനുഭവിക്കുന്നുണ്ട്. അവളുടെ ഔന്നത്യം കാണാതിരിക്കാനും ഒരു നല്ല സമൂഹത്തിന്റെ സൃഷ്ടിപ്പില്‍ അവളുടെ പങ്ക് മറക്കാനും അത് കാരണമായിരിക്കുന്നു. ശൈഖ് റശീദ് രിദ സൂറത്തുല്‍ ബഖറ 228ാം വചനം വിശദീകരിക്കുന്നിടത്ത് അത് എടുത്തു കാണിക്കുന്നുണ്ട്. ”അവരുടെ (ഭാര്യമാരുടെ) മേലുള്ളതുപോലെ, (സദാചാര) മര്യാദയനുസരിച്ച് അവരോടും (ബാധ്യത) ഉണ്ട്. പുരുഷന്‍മാര്‍ക്ക് അവരെക്കാള്‍ ഒരു പദവി ഉണ്ട് താനും. അല്ലാഹു പ്രതാപശാലിയും, അഗാധജ്ഞനുമാകുന്നു. (അല്‍ബഖറ 228)
പുരുഷന്മാര്‍ സ്ത്രീകളുടെ മേല്‍ (കാര്യം) നടത്തിപ്പുകാരാണ്; അവരില്‍ ധമനുഷ്യരില്‍പ ചിലരെ ചിലരെക്കാള്‍ അല്ലാഹു ശ്രേഷ്ഠരാക്കിയിരിക്കുന്നതുകൊണ്ടും, അവര്‍ (പുരുഷന്മാര്‍) തങ്ങളുടെ സ്വത്തുക്കളില്‍ നിന്ന് ചിലവഴിക്കുന്നതു കൊണ്ടും. (നിസാഅ് 34)
എല്ലാ സാമൂഹികമായ ജീവിതത്തിനും ഒരു നേതൃത്വം അനിവാര്യം ആണല്ലോ. അതിന്റെ ചെറിയ യൂനിറ്റായ കുടുംബത്തിനും നേതൃത്വം അനിവാര്യമാണ്. അത് പുരുഷനെ ഏല്‍പ്പിച്ചിരിക്കുകയാണ്. അഭിപ്രായവ്യത്യാസങ്ങള്‍ ഉണ്ടാകുമ്പോള്‍ താല്‍പര്യങ്ങളില്‍ വ്യത്യാസങ്ങള്‍ ഉണ്ടാകുമ്പോള്‍ ഒരു അന്തിമ തീരുമാനം എടുക്കേണ്ട നേതാവ് അനിവാര്യമാണെന്നതാണ് അത് സൂചിപ്പിക്കുന്നത്. മാനുഷികമൂല്യങ്ങളുടെ കാര്യത്തില്‍ സ്ത്രീ പുരുഷന്‍മാര്‍ തുല്യരാണ് എന്ന കാര്യം ശൈഖ് പ്രത്യേകം എടുത്തു കാണിക്കുന്നതായി കാണാം. വിശുദ്ധ ഖുര്‍ആനിന്റെ ആ വിഷയത്തിലുള്ള സൂചനകള്‍ അദ്ദേഹം എടുത്തു കാണിക്കുന്നു. സൂറത്തു ആലുഇംറാന്‍ 61-ാം വചനം വിശദീകരിച്ചപ്പോള്‍ അത് തെളിവായി ചൂണ്ടിക്കാണിക്കുന്നതായി കാണാന്‍ സാധിക്കും
” ഇനി നിനക്കു അറിവു വന്നുകിട്ടിയശേഷം, അതില്‍ (അദ്ദേഹത്തിന്റെ കാര്യത്തില്‍) നിന്നോട് വല്ലവരും (തര്‍ക്കിച്ച്) ന്യായവാദം നടത്തുന്നതായാല്‍, നീ പറയുക: ‘വരുവിന്‍, ഞങ്ങളുടെ പുത്രന്മാരെയും, നിങ്ങളുടെ പുത്രന്മാരെയും, ഞങ്ങളുടെ സ്ത്രീകളെയും, നിങ്ങളുടെ സ്ത്രീകളെയും, ഞങ്ങളെത്തന്നെയും നിങ്ങളെത്തന്നെയും നാം വിളിക്കുക: പിന്നെ നാം ഉള്ളഴിഞ്ഞു പ്രാര്‍ഥിക്കുക; അങ്ങനെ, അല്ലാഹുവിന്റെ ശാപത്തെ നാം വ്യാജം പറയുന്നവരുടെ മേല്‍ ആ(ക്കുവാന്‍ പ്രാര്‍ഥി)ക്കുക.” (ആലു ഇംറാന്‍ 61)
ശൈഖ് റശീദ് രിദ പറയുന്നു: ഈ ആയത്തിലെ വിധി ഒരു സാമൂഹികമായ മുബാഹലക്ക് പുരുഷനെപ്പോലെ തന്നെ സ്ത്രീകളെയും ഉള്‍പ്പെടുത്താന്‍ ആവശ്യപ്പെട്ടത് ശരിക്കും അതിലെ വിധി പുരുഷനെ പോലെ സ്ത്രീയെയും പരിഗണിച്ചു. യഥാര്‍ഥത്തില്‍ വിശ്വാസകാര്യങ്ങളില്‍ പുരുഷനെപ്പോലെ തന്നെ സ്ത്രീക്കും കൃത്യമായ വിശ്വാസവും ഉറച്ച ആദര്‍ശനിഷ്ടയും ഉണ്ട് എന്ന് അല്ലാഹുവിന് ബോധ്യമായത് കൊണ്ടാണല്ലോ ഇത്തരമൊരു പങ്കാളിത്തത്തിന് അവരെ കൂടി ഉള്‍പ്പെടുത്താന്‍ അല്ലാഹു ശ്രദ്ധിച്ചത് സ്ത്രീകള്‍ വിശ്വാസത്തിലും പുരുഷന്മാരെ പോലെ അല്ല എന്ന് അല്ലാഹുവിന് തോന്നിയിരുന്നെങ്കില്‍ അല്ലാഹു ഇത്തരം ഒരു പങ്കാളിത്തത്തില്‍ അവരെ ഉള്‍പ്പെടുത്തുമായിരുന്നില്ല.
എന്നാല്‍ ഇന്നത്തെ നമ്മുടെ സ്ത്രീകളുടെ അവസ്ഥ എന്താണ്? നമ്മളില്‍ ബഹുഭൂരിഭാഗവും അവര്‍ക്ക് വിശ്വാസ കാര്യത്തിലും അനുഷ്ഠാനങ്ങളിലും വേണ്ട പരിഗണന നല്‍കുന്നില്ല. അവര്‍ക്ക് ദീനിന്റെ യാഥാര്‍ഥ്യങ്ങളെ കുറിച്ച് വിജ്ഞാനമില്ല. അത് കാരണം അവര്‍ സ്ത്രീകള്‍ക്ക് പുരുഷന്മാരോടൊപ്പം ദീനിയായ കാര്യങ്ങളില്‍ പങ്കാളികളാകാന്‍ പാടില്ലന്നും സാമൂഹിക കാര്യങ്ങളിലും സ്ത്രീപങ്കാളിത്തം ശരിയല്ലെന്നും വാദിക്കുകയും അവളെ അങ്ങനെയുള്ള രംഗങ്ങളില്‍ നിന്നും വിലക്കുകയും ചെയ്യുന്നു.
അങ്ങനെ സ്ത്രീകള്‍ക്ക് ഭൗതികവും മതപരവുമായ വിജ്ഞാനങ്ങളില്‍ പങ്കാളിത്തം നല്‍കുന്നതില്‍ നിന്നും അവളെ വിലക്കുന്നതിലാണ് ഈ ചിന്ത എത്തുന്നത്. എത്ര മോശമാണ് ഈ നിലപാട് പെണ്‍കുട്ടികളെ വളര്‍ത്തുന്നതിലുള്ള ഈ നിലപാട് മൂലം സാമൂഹികമായ ഒരുപാട് കുഴപ്പങ്ങളിലേക്ക് അത് ചെന്നെത്തിയിരിക്കുന്നു. അത് കുടുംബവ്യവസ്ഥയിലും സാമൂഹിക പുരോഗതിയിലും വിള്ളല്‍ സൃഷ്ടിച്ചിരിക്കുന്നു. ഈ അജ്ഞത നിമിത്തം കുറേക്കാലമായി മുസ്ലിംകള്‍ പിന്നാക്കാവസ്ഥ നേരിടുന്നു.
അതില്‍ നിന്നു അവരെ മോചിപ്പിക്കാന്‍ ഇസ്ലാമിക വിജ്ഞാനത്തിലും സാഹിത്യത്തിലും ഒക്കെ അവരെ പങ്കാളികളാക്കാനും അവര്‍ക്ക് അര്‍ഹമായ സ്ഥാനം നേടി കൊടുക്കാനും ആവശ്യപ്പെട്ടു. ചിലര്‍ ഇസ്ലാമിന്റെ മാര്‍ഗം പിന്‍പറ്റിക്കൊണ്ട് ഈ ആവശ്യം അംഗീകരിക്കുകയും മറ്റു ചിലര്‍ യൂറോപ്യന്‍ സംസ്‌കാരം പിന്‍പറ്റിക്കൊണ്ട് സ്ത്രീ സ്വാതന്ത്ര്യത്തിനു വേണ്ടി വാദിക്കുന്നു. അങ്ങനെ മുസ്ലിംകള്‍ തങ്ങളുടെ പെണ്‍മക്കളെ വായനയും എഴുതും ചില യൂറോപ്യന്‍ ഭാഷകളും ഒക്കെ പഠിപ്പിക്കാന്‍ തല്പരരായതായി കാണാം. അപ്രകാരം തന്നെ വിനോദ ഉപകരണങ്ങള്‍ ഉപയോഗിക്കാനും തുന്നല്‍ എംബ്രോയ്ഡറി പോലെയുള്ള കൈത്തൊഴിലുകള്‍ പഠിക്കാനും അവര്‍ മുന്നോട്ട് വന്നു.
പക്ഷേ ഈ പഠനം ഒരിക്കലും മത വിദ്യാഭ്യാസത്തിന് ഒപ്പം അല്ലാത്തതിനാല്‍ അവരുടെ സ്വഭാവ സംസ്‌കരണമോ അവരുടെ ദിനചര്യകളിലോ ഒന്നും തന്നെ അത് സ്വാധീനിക്കുന്നില്ല. എന്ന് മാത്രവുമല്ല അത് സാമൂഹികമായ ഒരു വിപ്ലവത്തിന് ഉള്ള തുടക്കമായി കാണുന്നു. അതിന്റെ പരിണിത ഫലം മനസ്സിലാക്കാന്‍ കഴിയില്ല. ഇവിടെ ശൈഖിന്റെ സംസാരത്തില്‍ നമ്മുടെ സമൂഹത്തില്‍ ഇന്ന് സ്വഭാവപരമായി സ്ത്രീകളില്‍ ഉള്ള പ്രശ്നങ്ങള്‍ എടുത്തു കാണിക്കുകയാണ്. ഒന്നുമില്ലാതെ വളര്‍ത്തപ്പെടുന്നതിന്റെ പരിണിത ഫലം നാം കണ്ടുതുടങ്ങിയിരിക്കുന്നു. ഇസ്ലാം സ്ത്രീകളെയും പുരുഷന്മാരെയും സമമായി കാണുന്നു എങ്കിലും മേല്‍ പറഞ്ഞതുപോലെ ചില കാര്യങ്ങളില്‍ പുരുഷന്‍ വ്യത്യസ്തനാണ്. ഉദാഹരണത്തിന് ചെലവഴിക്കുക എന്നത് പുരുഷന്റെ ബാധ്യതയാണ്. ഇപ്രകാരം തന്നെ നിയന്ത്രണാധികാരം പുരുഷന്റെ കയ്യിലാണ്. പുരുഷന്റെയും സ്ത്രീയുടെയും കാര്യത്തില്‍ നീതിപൂര്‍വമായ നിലപാടാണ് ഇസ്ലാം സ്വീകരിക്കുന്നത്. ചില കാര്യങ്ങളില്‍ സ്ത്രീകള്‍ക്ക് ഇളവ് അനുവദിക്കപ്പെട്ടിട്ടുണ്ടെങ്കിലും യുദ്ധം പോലെയുള്ള അവസരങ്ങളില്‍ നേര്‍ക്കുനേരെ യുദ്ധത്തിന് ഇറങ്ങിയില്ലെങ്കിലും യോദ്ധാക്കള്‍ സേവനം ചെയ്യാന്‍ അവരെ ഏല്‍പിച്ചതും അവള്‍ക്ക് നല്‍കിയ പ്രോല്‍സാഹനമാണ്.
പാശ്ചാത്യര്‍ സ്ത്രീ – പുരുഷസമത്വത്തിന് വാദിക്കുമ്പോള്‍ മുസ്ലിം സമൂഹം സ്ത്രീയെ അവഗണിക്കുന്ന ഒരു അവസ്ഥ സംജാതമായിരുന്നു. അപ്പോഴാണ് സ്ത്രീയുടെ ഇസ്ലാമിലെ യഥാര്‍ഥ സ്ഥാനം വ്യക്തമാക്കിക്കൊണ്ട് അവര്‍ രംഗത്തെത്തുന്നത്. സ്ത്രീക്ക് അവളുടെതായ പങ്കാളിത്തം സാമൂഹിക പുരോഗതിയില്‍ ഉണ്ടെന്നും അവളുടെ ജൈവികമായ പ്രത്യേകതകള്‍ക്ക് അനുസരിച്ചുള്ള ചില ഒഴിവുകള്‍ അവള്‍ക്ക് വിശുദ്ധ ഖുര്‍ആന്‍ അനുവദിച്ചതായും അദ്ദേഹം വ്യക്തമാക്കി. സൂറത്ത് ആലു ഇംറാനിലെ 61 മത്തെ വചനം വിശദീകരിക്കുമ്പോള്‍, ‘ഈ ആയത്തിലെ വിധി സ്ത്രീയും പുരുഷനും സാമൂഹികപരമായ കാര്യങ്ങളില്‍ പങ്കാളികളാകേണ്ടതിന്റെ ആവശ്യകത അദ്ദേഹം ചൂണ്ടിക്കാട്ടി. അതോടൊപ്പം തന്നെ യുദ്ധം അതുപോലുള്ള മറ്റു ഭാരിച്ച ജോലികള്‍ അതില്‍ നിന്ന് അവള്‍ക്ക് ഒഴിവു നല്‍കപ്പെടുകയും യോദ്ധാക്കളെ ചികിത്സിക്കാനും പരിചരിക്കാനും ഉള്ള ഉത്തരവാദിത്തം അവള്‍ക്കു നല്‍കുകയും ചെയ്തത് അദ്ദേഹം എടുത്തു കാണിച്ചു.

Back to Top