22 Wednesday
October 2025
2025 October 22
1447 Joumada I 0

സമൂഹ മന:സ്ഥിതി മാറണം

കെ എം അല്‍ത്താഫ്‌

സ്ത്രീധനം, മദ്യപാനം, മയക്കുമരുന്ന് -ഇതു മൂന്നിനും എതിരെ സംഘടിത പ്രവര്‍ത്തനമാണ് വേണ്ടത്. ആദ്യം കുടുംബത്തിനകത്ത് നിന്ന്. അല്ലാതെ നാട്ടുകൂട്ടങ്ങളില്‍ നിന്നല്ല. തുടര്‍ന്ന് നിയമ സംവിധാനങ്ങളിലൂടെയും. ഈ സാമൂഹിക പ്രശ്‌നത്തിന്റെ തീവ്രത അനുഭവിക്കുന്ന എറണാകുളം ജില്ലയില്‍ നടന്ന ഒരു ഞെട്ടിപ്പിക്കുന്ന സംഭവത്തിലേക്ക് ശ്രദ്ധ ക്ഷണിക്കുന്നു.
വിവാഹ ബന്ധം വേര്‍പെട്ട(?) ദമ്പതികളുടെ മകള്‍ ഏഴാം ക്ലാസ്സില്‍ തന്നെ പഠനം ഉപേക്ഷിക്കുന്നു. 12 വയസിനു മുന്‍പ് തന്നെ മദ്യത്തിനും മയക്കുമരുന്നിനും അടിമപ്പെടുന്നു. മയക്കുമരുന്ന് വിപണനശൃംഗലയില്‍ കണ്ണിയാകുന്നു. കുടുംബത്തിനകത്തും ചുറ്റും പലരും ആസ്വദിച്ച ദുരൂഹത നിറഞ്ഞ അവളുടെ കുടുംബത്തിന്റെ പൂര്‍വകാല ജീവിതത്തിലേക്ക് ചികഞ്ഞ് ഞാന്‍ പോകുന്നില്ല. എനിക്ക് അറിയുകയും ഇല്ല.
കഴിഞ്ഞ ഏപ്രിലില്‍ കേരള സര്‍ക്കാരിന്റെ സാമൂഹിക നീതി വകുപ്പിന്റെ നേതൃത്വത്തില്‍ കേരളത്തില്‍ ആദ്യമായി, കറുകുറ്റിയില്‍ ആരംഭിച്ച സ്ത്രീകള്‍ക്ക് മാത്രമുള്ള ലഹരി വിമുക്ത ചികിത്സാ കേന്ദ്രത്തില്‍ അവളെ എത്തിക്കുന്നു. മൂന്നു ആഴ്ചക്കുള്ളില്‍ വിത്ഡ്രയല്‍ ലക്ഷണങ്ങള്‍ മാറിത്തുടങ്ങി. ക്രാഫ്റ്റ് തുടങ്ങി പലതിലും വളരെ കഴിവുള്ള കുട്ടിയായി അവര്‍ കാണുന്നു. ഇതിനിടയില്‍ അവളില്‍ നിന്ന് അത്തരം 12 പേരുടെ വിവരം കിട്ടി അവരെ കണ്ടെത്തുന്നതിനിടയില്‍ മാതാവ് തിരിച്ചു അവളെ ചോദിച്ചു തുടങ്ങി. ചികിത്സ പൂര്‍ത്തിയാകുന്നതിനു മുന്‍പ് അങ്ങനെ വിട്ടുകൊടുത്താല്‍ പഴയ നിലയിലേക്ക് പോകുമെന്നതിനാല്‍ ജുവനയില്‍ ജസ്റ്റിസ് ആക്ട് പ്രകാരം ചൈല്‍ഡ് വെല്‍ഫയര്‍ കമ്മറ്റിയെ ആ കേന്ദ്രം ബന്ധപ്പെട്ടിരിക്കയാണ്. ഫാദര്‍ ജോസഫ് പാറക്കാട്ടില്‍ ഡയറക്ടര്‍ ആയ ഈ സെന്ററില്‍ മൊബൈല്‍ ഫോണ്‍ ഉള്‍പ്പെടെയുള്ള എല്ലാ അഡിക്ഷനുകള്‍ക്കും പ്രേമ നൈരാശ്യം മൂലം ഉണ്ടാകുന്ന രോഗങ്ങള്‍ക്കും ചികിത്സ ഉണ്ടെന്നു പറയുന്നു.
2019-ല്‍ സോഷ്യല്‍ ജസ്റ്റിസ് വകുപ്പ് നടത്തിയ ഒരു പഠനത്തില്‍ ലഹരിയുടെ കാര്യത്തില്‍ എറണാകുളം, 272 ജില്ലകളുടെ കൂട്ടത്തില്‍ വലിയ വ്യത്യാസം കാണിക്കുകയും, ഇവിടെ 100 പുരുഷന്മാരില്‍ 29 പേര്‍ മദ്യത്തിന് അടിമപ്പെട്ടവരാണെന്നു കണ്ടെത്തുകയും ഉണ്ടായി. ഇത് ദേശീയ ശരാശരിയായ 27 % നു മുകളിലാണ്. തുടര്‍ന്ന് തിരുവനന്തപുരം, കൊല്ലം, ഇടുക്കി, മലപ്പുറം, കോഴിക്കോട് (കടപ്പാട്: ദി ഹിന്ദു 24-6-2021)
നമ്മുടെ കുട്ടികളെ പ്രത്യേകിച്ച് പെണ്‍കുട്ടികളെ ചെറുപ്രായത്തില്‍ തന്നെ ചേര്‍ത്തു നിര്‍ത്തി മദ്യത്തിനും മയക്കുമരുന്നിനും എതിരായ ചിന്തകള്‍ മനസ്സിലേക്ക് സന്നിവേശിപ്പിക്കണം. സിനിമയിലെ നായകന്മാരുടെ മദ്യപാനം ആദ്യം നിര്‍ത്തണം. അത് കുട്ടികളോടൊപ്പം ഇരുന്നു ആസ്വദിക്കുന്ന അച്ഛനമ്മമാര്‍ക്ക് വീണ്ടുവിചാരം വേണം. മദ്യപാനം ഹാനികരം എന്ന് എഴുതി വെച്ചാല്‍ തീരുന്ന ദോഷമേ ഉള്ളൂ എന്ന നിലയില്‍ നിയമം നോക്കുകുത്തികള്‍ ആകുന്നു. ട്രോളുകളില്‍ ഉള്‍പ്പടെ കാണുന്ന അത്തരം നായക പരിവേഷം അവസാനിപ്പിക്കണം. ലഹരിക്ക് എതിരായ സന്ദേശം നല്‍കുന്ന കലകളെ സര്‍ക്കാര്‍ പ്രോത്സാഹിപ്പിക്കണം.
ഇത് പറയുമ്പോള്‍ ചിലര്‍ക്ക് എന്നോട് അസ്വാരസ്യം തോന്നാം. പക്ഷെ ഒരു മാറ്റം സമൂലം വന്നില്ലെങ്കില്‍ സ്ത്രീധന നിരോധനം കൊണ്ട് മാത്രം തീരുന്ന സ്ത്രീ പീഡനം അല്ലിത്. ഇന്നല്ലെങ്കില്‍ നാളെ നമുക്കുണ്ടായില്ലെങ്കില്‍ നമ്മുടെ അടുത്ത തലമുറ ഇന്ന് നാം സഹതപിക്കുന്ന അതേ സംഭവങ്ങള്‍ക്ക് ഇരയാകും. എനിക്ക് ഏറെ എഴുതണമെന്നുണ്ട്. ഇന്ന് ഇക്കാര്യങ്ങളില്‍ പ്രതികരിക്കുന്ന പലര്‍ക്കും അതിനുള്ള യോഗ്യത ഉണ്ടോ എന്ന് സ്വയം ചിന്തിക്കണം.
നാം കണ്ടുകൊണ്ടിരിക്കുന്ന ഇത്തരം പല ആത്മഹത്യകളും കൊലപാതകങ്ങളും കേസുകള്‍ ആകുന്നത് അവര്‍ക്ക് കുട്ടികള്‍ ആകുന്നതിന് മുന്‍പാണ്. കുട്ടികള്‍ ആയിക്കഴിഞ്ഞാല്‍ പിന്നെ രണ്ടുകൂട്ടരും പീഡനം ഒളിച്ചുവെക്കുന്നതിനു ന്യായീകരണം കണ്ടെത്തുക കുട്ടികളുടെ ഭാവിയെ ഓര്‍ത്തെന്നുമാവും. ഓര്‍ക്കുക മുകളില്‍ പ്രതിപാദിച്ച കുട്ടിയും അതിനിരയായതാണ്.
ഒരു തുറന്നെഴുത്ത് പലരെയും വേദനിപ്പിക്കും. അവരവര്‍ സ്വന്തം കുടുംബത്തിലേക്കും ചുറ്റുമുള്ള സമൂഹത്തിലേക്കും ഒന്നു നോക്കൂ. നിങ്ങള്‍ കാണുന്നത് മൂടി വെക്കാതെ അത്തരക്കാരെ ചികിത്സക്കും നിയമത്തിനും വിധേയരാക്കുക. പോലീസ് സ്റ്റേഷനില്‍ കാര്യം മനസ്സിലാക്കാതെ ഒത്തുതീര്‍പ്പ് നടത്താന്‍ ഇറങ്ങി പുറപ്പെടാതിരിക്കുക.

Back to Top