13 Saturday
April 2024
2024 April 13
1445 Chawwâl 4

സംഘടിത സകാത്ത്‌: ഇസ്‌ലാം വിഭാവനം ചെയ്യുന്ന സാമ്പത്തിക വിതരണം

സി മമ്മു കോട്ടക്കല്‍


എന്താണ് സകാത്ത്, എന്തിനു വേണ്ടിയാണ് സകാത്ത്, എന്തിനൊക്കെയാണ് സകാത്ത്, എത്രയാണ് സകാത്ത്, ആരാണ് സകാത്ത് കൊടുക്കേണ്ടത്, എപ്പോഴാണ് സകാത്ത് കൊടുക്കേണ്ടത് എന്നതിനൊക്കെ ഖുര്‍ആനിലും നബിചര്യയിലും കൃത്യമായ നിര്‍ദേശങ്ങളും ഉത്തരങ്ങളും ഉള്ളതുപോലെത്തന്നെ എങ്ങനെയാണ് സകാത്ത് നല്‍കേണ്ടത് എന്നതിനും കൃത്യമായ നിര്‍ദേശങ്ങളും ഉത്തരവുമുണ്ട്. എന്നു മാത്രമല്ല, സകാത്ത് എന്ന ആരാധന യഥാവിധി ആയിത്തീരുന്നത് സകാത്തിന്റെ നിര്‍വഹണം ഖുര്‍ആനും നബിചര്യയും നിര്‍ദേശിക്കുന്ന വിധത്തിലാകുമ്പോഴാണുതാനും.
സൂറത്തു തൗബ 60ാം വചനത്തില്‍ ആരൊക്കെയാണ് സകാത്ത് സ്വീകരിക്കാന്‍ അര്‍ഹതയുള്ളവര്‍ എന്ന് അല്ലാഹു കൃത്യമായി വ്യക്തമാക്കിയിട്ടുണ്ട്. അതില്‍ ഒന്ന് സകാത്ത് സംഭരണ-വിതരണ ജോലികളില്‍ ഏര്‍പ്പെട്ടവരാണ്. ഈ ആയത്തില്‍ അല്ലാഹു നിര്‍ദേശിച്ച എട്ട് വിഭാഗങ്ങളാണ് സകാത്തിന്റെ അവകാശികള്‍ എന്നതില്‍ ആര്‍ക്കും തര്‍ക്കവുമില്ല. അപ്പോള്‍ ഈ എട്ടു വിഭാഗത്തില്‍ ഒന്ന് സകാത്ത് സംബന്ധമായ ജോലി ചെയ്യുന്നവരാണ് എന്ന് അല്ലാഹു നിശ്ചയിച്ചതില്‍ നിന്നു രണ്ടു കാര്യങ്ങള്‍ നമുക്ക് മനസ്സിലാക്കാം:
സകാത്ത് ഒരാള്‍ നല്‍കേണ്ടത് സ്വന്തമായിട്ടല്ല, സംഘടിതമായിട്ടായിരിക്കണം. സകാത്തിന്റെ ജോലിയില്‍ ഏര്‍പ്പെട്ടിട്ടുള്ളവര്‍ സമ്പന്നരോ ദരിദ്രരോ എന്ന വ്യത്യാസം കൂടാതെ സകാത്തിന്റെ വിഹിതം സ്വീകരിക്കാന്‍ അര്‍ഹതയുള്ളവരാണ്. സകാത്തിന്റെ അവകാശികളില്‍ ഏറെ അര്‍ഹതയുള്ള ഫഖീറിനെയും മിസ്‌കീനിനെയും എണ്ണിയതിനു ശേഷം മൂന്നാമത്തെ അവകാശിയായി ഖുര്‍ആന്‍ എണ്ണിയത് സകാത്തിന്റെ ജോലിയില്‍ ഏര്‍പ്പെട്ടവരെയാണ് എന്നത് ഈ വിഭാഗത്തിന്റെ അനിവാര്യതയെയും അര്‍ഹതയെയുമാണ് സൂചിപ്പിക്കുന്നത്.

എന്തുകൊണ്ട്
സംഘടിത സകാത്ത്?

പണക്കാരനായാലും പാവപ്പെട്ടവനായാലും മനുഷ്യന്റെ അഭിമാനത്തിന് ഇസ്‌ലാം കല്‍പിക്കുന്ന വില ഏറെ വലുതാണ്. റസൂലുല്ലായുടെ ചരിത്രപ്രസിദ്ധമായ ഹജ്ജത്തുല്‍ വിദാഇലെ പ്രസംഗത്തില്‍ ഊന്നിപ്പറഞ്ഞ കാര്യങ്ങളില്‍ ഒന്ന് ഒരാളുടെ അഭിമാനത്തെ ഹനിക്കരുത് എന്നായിരുന്നല്ലോ. ഉള്ളവരും ഇല്ലാത്തവരും എന്ന രണ്ടു വിഭാഗം ഏത് സമ്പന്ന രാജ്യങ്ങളിലും നിലനില്‍ക്കുക തന്നെ ചെയ്യും. വിശുദ്ധ ഖുര്‍ആനിലെ സൂറഃ അശ്ശൂറ 27-ാം വചനത്തില്‍, എന്തുകൊണ്ടാണ് ഈ രണ്ട് വിഭാഗങ്ങളെ അല്ലാഹു ബോധപൂര്‍വം നിലനിര്‍ത്തുന്നതെന്നു വിവരിക്കുന്നുണ്ട്. ഉള്ളവരും ഇല്ലാത്തവരും എന്ന രണ്ടു വിഭാഗം ഇല്ലായിരുന്നുവെങ്കില്‍ മനുഷ്യജീവിതം ഈ ഭൂമിയില്‍ അസാധ്യമാകുമായിരുന്നു എന്നര്‍ഥം.
എന്നാല്‍, ജീവിതാവശ്യങ്ങള്‍ക്കു വേണ്ടി ഉള്ളവന്റെ മുന്നില്‍ കൈനീട്ടേണ്ടിവരുന്നത് അഭിമാനിയായ ഒരാള്‍ക്കുണ്ടാക്കുന്ന മനോവ്യഥ എത്രയായിരിക്കും? ഇതൊഴിവാക്കാന്‍ ഇസ്‌ലാം കണ്ടെത്തിയ സംവിധാനമാണ് സകാത്ത്.
സകാത്ത് എന്ന ആരാധന ഉള്ളവനു മുന്നില്‍ ഇല്ലാത്തവന്‍ കൈ നീട്ടുന്നതിന് അവസരം ഉണ്ടാക്കുകയല്ല, മറിച്ച്, യാചനയുടെ കവാടം തന്നെ കൊട്ടിയടക്കാന്‍ ഇസ്‌ലാം നിശ്ചയിച്ച യഥാര്‍ഥ പ്രതിവിധിയാണ് എന്ന് എത്ര പേര്‍ മനസ്സിലാക്കുകയും ഉള്‍ക്കൊള്ളുകയും ചെയ്യുന്നുണ്ട്?
അഭിമാനം
സംരക്ഷിക്കുന്നു

സംഘടിത സകാത്ത് സംവിധാനത്തില്‍ സകാത്ത് ദാതാവും സകാത്തിന്റെ ഗുണഭോക്താവും തമ്മില്‍ യാതൊരു ബന്ധവുമുണ്ടാവുന്നില്ല. ഇവര്‍ക്കിടയില്‍ ഒരു മൂന്നാമന്‍ പ്രവര്‍ത്തിക്കുന്നു. റസൂലുല്ലായുടെ കാലത്ത് ഇത് ബൈത്തുല്‍മാല്‍ എന്നാണ് അറിയപ്പെട്ടിരുന്നതെങ്കില്‍ ഇന്ന് നമ്മുടെ നാട്ടില്‍ സകാത്ത് സമിതി എന്ന പേരില്‍ അറിയപ്പെടുന്നു. പ്രാദേശിക മഹല്ലുകള്‍ കേന്ദ്രീകരിച്ചുള്ള ഇത്തരം സമിതികള്‍ക്കു പുറമെ വിപുലമായ പരിധികള്‍ നിശ്ചയിച്ചു പ്രവര്‍ത്തിക്കുന്ന സകാത്ത് സമിതികളും ഇന്ന് നിലവിലുണ്ട്.
ഇത്തരം സകാത്ത് സമിതികളിലൂടെ ഒരാള്‍ തന്റെ സകാത്ത് നല്‍കുമ്പോള്‍ അയാള്‍ നല്‍കിയ തുക ഏതു വ്യക്തിക്കാണ് എത്തുന്നത് എന്ന് അയാള്‍ക്ക് അറിയാന്‍ കഴിയില്ല. സകാത്ത് ലഭിക്കാന്‍ അര്‍ഹതയുള്ള ഒരാള്‍ക്ക് ഇത്തരം കമ്മിറ്റികളില്‍ നിന്ന് തന്റെ ന്യായമായ അവകാശം ലഭിക്കുമ്പോള്‍ ഇത് ആര് നല്‍കിയതില്‍ നിന്നാണ് എന്നു അയാള്‍ക്ക് മനസ്സിലാക്കാനുമാവില്ല. അതുകൊണ്ടുതന്നെ ഒരാളോടും വിധേയത്വം കാണിക്കേണ്ട സാഹചര്യം പാടേ ഇല്ലാതാവുന്നു.
ആവശ്യപൂര്‍ത്തീകരണം
ഓരോരുത്തരും തങ്ങളുടെ സകാത്ത് സ്വന്തമായി നല്‍കുമ്പോള്‍, സകാത്ത് വാങ്ങുന്ന വ്യക്തിക്ക് അത് അയാളുടെ ആവശ്യപൂര്‍ത്തീകരണത്തിന് മതിയാകാതെവരുന്നു. അതുകൊണ്ടുതന്നെ സമൂഹത്തില്‍ ഒരു പരിവര്‍ത്തനവും ഇത്തരം സകാത്ത് സംവിധാനത്തിലൂടെ നടക്കില്ല. മറിച്ച്, സംഘടിത സകാത്തിലൂടെ ആവശ്യക്കാരന്റെ ആവശ്യം മനസ്സിലാക്കി അത് പരിഹരിക്കാന്‍ സാധിക്കുന്നു. വീട്, തൊഴിലുപകരണങ്ങള്‍, വിദ്യാഭ്യാസ ആവശ്യങ്ങള്‍ തുടങ്ങിയവ. ഇത് സമൂഹത്തിലും മാറ്റമുണ്ടാക്കാന്‍ ഉപകരിക്കുന്നു. സകാത്ത് കാലങ്ങളായി സ്വീകരിച്ചുകൊണ്ടിരിക്കുന്ന ഒരു വ്യക്തിയെ സകാത്ത് നല്‍കാന്‍ പ്രാപ്തനാക്കുന്ന അവസ്ഥയിലേക്ക് എത്തിക്കാനും സാധിക്കുന്നു.
ഇസ്‌ലാമിക ചരിത്രം ഇതിനു സാക്ഷിയുമാണ്. രണ്ടാം ഖലീഫ ഉമറി(റ)ന്റെ കാലത്ത് സകാത്തിന്റെ സമ്പത്ത് യമനില്‍ നിന്നു മദീനയിലേക്ക് അയച്ചപ്പോള്‍ ഉമര്‍(റ) എന്തിന് ഇവ മദീനയിലേക്ക് അയച്ചു എന്ന ചോദ്യത്തിന് മുആദ്(റ) മറുപടി പറഞ്ഞത്, യമനില്‍ ഇപ്പോള്‍ എന്നില്‍ നിന്നു സകാത്ത് സ്വീകരിക്കാന്‍ ആളില്ലാത്തതുകൊണ്ടാണ് എന്നായിരുന്നു. അതേ അവസ്ഥ തന്നെയായിരിക്കും യഥാവിധി സകാത്ത് സംവിധാനം നടപ്പില്‍വരുത്തിയാല്‍ നമമുടെ സമൂഹത്തിലും ഉണ്ടാവുക.
അര്‍ഹത
ഉള്ളവരിലേക്ക്

വ്യക്തികള്‍ സ്വന്തമായി സകാത്ത് നല്‍കുമ്പോള്‍ പലപ്പോഴും അര്‍ഹതയുള്ളവരിലേക്ക് എത്താത്ത അവസ്ഥയുണ്ടാകും. വ്യക്തിബന്ധങ്ങളുടെ പേരിലും സ്വാര്‍ഥതയും കാരണം അനര്‍ഹരായവരിലേക്ക് സകാത്ത് വിഹിതം എത്തിച്ചേരും. ഇങ്ങനെ സകാത്ത് വിഹിതം നേരിട്ട് കൈപ്പറ്റുന്നവരെക്കൊണ്ട് തന്റെ വ്യക്തിപരമായ ചില ആവശ്യങ്ങളും സാധിച്ചുകിട്ടുന്നതിന് സ്വാര്‍ഥത കാണിക്കുന്നവരുമുണ്ട്.
സകാത്ത് എന്നത് സമ്പത്തിന്മേലുള്ള തന്റെ കടമയാണ്, അഥവാ തന്റെ ഇബാദത്താണ് ഇതിലൂടെ നിഷ്ഫലമായി പോവുന്നത്. കൂടാതെ അര്‍ഹതയുള്ള ഒരുപാട് ആളുകളിലേക്ക് സകാത്തിന്റെ വിഹിതം എത്താതെപോവുകയും ചെയ്യും. പല മഹല്ല് ഖാദിമാരും ഖതീബുമാരും സംഘടിത സകാത്ത് സംവിധാനത്തിനെതിരില്‍ ജനങ്ങളെ ഇളക്കിവിടുന്നതായി കാണാറുണ്ട്. ഇതിനു പിന്നില്‍ ഒളിഞ്ഞിരിക്കുന്ന അജണ്ടയും മറ്റൊന്നല്ല. പലവിധത്തില്‍ വരുമാനമാര്‍ഗമുള്ള ഇത്തരം ആളുകളുടെ കൈകളിലേക്ക് ആ മഹല്ലില്‍ സകാത്ത് നല്‍കിവരുന്ന ഓരോ വ്യക്തികളുടെയും സകാത്ത് വിഹിതം എത്തുന്നത് സംഘടിത സകാത്ത് സംവിധാനം വന്നാല്‍ നഷ്ടപ്പെടുന്നു.
അതുകൊണ്ടുതന്നെ ഇസ്‌ലാമിക ഭരണകൂടം നിലവിലുള്ള നാട്ടിലേ സംഘടിത സകാത്ത് സംഭരണവും വിതരണവും നടപ്പാക്കേണ്ടതുള്ളൂ എന്ന് ഇവര്‍ സാധാരണക്കാരെ പറഞ്ഞു ധരിപ്പിക്കുകയും ചെയ്യും. ഇത്തരം പല മഹല്ലുകളിലും ജനങ്ങളില്‍ സകാത്ത് നല്‍കുക എന്ന സ്വഭാവം നാമമാത്രമായി ചുരുങ്ങുകയും ചെയ്തിട്ടുണ്ട്.
നിഷ്ഫലമാവാതെ
സംരക്ഷിക്കുന്നു

വ്യക്തിതലത്തില്‍ സകാത്ത് നല്‍കുന്നതിലൂടെ സകാത്ത് ദാതാവിന്റെ പേരും പ്രശസ്തിയും പ്രകടമാക്കുക എന്ന ഒരു ലക്ഷ്യം കൂടിയുണ്ടോ എന്നു തോന്നിപ്പോകുന്ന സാഹചര്യവും വരുന്നു. നോമ്പുകാലത്ത് പല സമ്പന്നരുടെയും വീട്ടുപടിക്കല്‍ കാത്തുകെട്ടിക്കിടക്കുന്ന ജനക്കൂട്ടം അതല്ലേ മനസ്സിലാക്കിത്തരുന്നത്.
ചില പ്രദേശങ്ങളില്‍ നോമ്പിനു മുമ്പുതന്നെ റമദാന്‍ കിറ്റ് തയ്യാറാക്കി പല വ്യക്തികളും വിതരണം ചെയ്തുവരാറുണ്ട്. (സംഘടനകളോ മഹല്ലുകളോ ഇത്തരം കിറ്റുകള്‍ വിതരണം ചെയ്യുന്നതിനെയല്ല സൂചിപ്പിക്കുന്നത്). ഇത്തരം കിറ്റുകള്‍ വിതരണം ചെയ്യുന്നവര്‍ പ്രത്യേകം പറയുകയും ചെയ്യും, ഇത് ഇന്നയിന്ന മുതലാളിയുടെ കിറ്റാണ് എന്ന്. ഇത്തരം കിറ്റുകള്‍ തയ്യാറാക്കുന്നതിന് പലരും ഉപയോഗിക്കാറുള്ളത് സകാത്തിന്റെ പണമാണുതാനും.
ഇത്തരക്കാരുടെ ഉദ്ദേശ്യം തന്നെ താന്‍ ഒരു ദാനശീലനാണെന്ന് ജനങ്ങളെ ബോധ്യപ്പെടുത്തലായിത്തീരുന്നു. അതുകൊണ്ടുതന്നെ തന്റെ സകാത്ത് എന്ന ഇബാദത്ത് പൊളിഞ്ഞുപോകുന്നു. അയാള്‍ ഉദ്ദേശിച്ചത് അയാള്‍ക്ക് ഇഹലോകത്തു നിന്ന് കിട്ടും. പരലോകത്ത് ഒരു ഓഹരിയും ഉണ്ടായിരിക്കില്ല. ഈ പോരായ്മ സംഘടിത സകാത്ത് വ്യവസ്ഥയിലൂടെ പരിഹരിക്കപ്പെടും.
സകാത്ത് നല്‍കാനും പ്രേരണയാകുന്നു
സംഘടിത സകാത്ത് സംവിധാനത്തിലൂടെ സമൂഹത്തിലെ ഓരോ വ്യക്തികള്‍ക്കും തങ്ങളുടെ യഥാര്‍ഥ വരുമാനത്തിന് അനുസൃതമായ കൃത്യമായ സകാത്ത് നല്‍കുന്നതിന് സാഹചര്യമൊരുക്കുന്നു. വ്യവസ്ഥാപിത സകാത്ത് സമിതികള്‍ നിലവിലുള്ള മഹല്ലുകളില്‍, സകാത്ത് നല്‍കാന്‍ അര്‍ഹതയുള്ള ഓരോ വ്യക്തികള്‍ക്കും കമ്മിറ്റി തയ്യാറാക്കിയ ഫോറം നല്‍കി അവരവരുടെ വരുമാനവും അതിലൂടെ അവര്‍ നല്‍കേണ്ട സകാത്ത് വിഹിതം അറിയാനും സംഭരിക്കാനും സാധിക്കുന്നു.
മഹല്ലിന് ഇതിന് അധികാരം ഉണ്ടുതാനും. ഇത്തരം സംവിധാനം നിലവിലില്ലാത്ത പ്രദേശങ്ങളില്‍ സകാത്ത് സമിതികള്‍ ഉണ്ടായിരുന്നാല്‍ പോലും സകാത്ത് കൃത്യമായി നല്‍കുന്നതില്‍ നിന്നു പലരും ഒഴിഞ്ഞുമാറുന്നതായി കാണാം. അപ്പോള്‍ സകാത്ത് സമിതികള്‍ തീരെയില്ലാത്ത പ്രദേശങ്ങളിലെ അവസ്ഥ എന്തായിരിക്കും? ചുരുക്കത്തില്‍, ഫലപ്രദമായ സംഘടിത സകാത്ത് സംവിധാനമില്ലാത്ത സാഹചര്യത്തിന് സകാത്ത് കൃത്യമായി നല്‍കുന്നതിന് വ്യക്തികളില്‍ പ്രേരണ ചെലുത്താന്‍ കഴിയാതെവരുകയും സകാത്ത് വെറുമൊരു ചടങ്ങായി മാറുകയും ചെയ്യും.
ഇസ്‌ലാം വിഭാവനം ചെയ്യുന്ന യഥാര്‍ഥ സകാത്ത് എന്താണെന്ന് സമൂഹത്തില്‍ നടപ്പില്‍ വരുത്തി കാണിച്ചുകൊടുക്കണമെങ്കില്‍ സംഘടിത സകാത്ത് സംവിധാനം പരക്കെ സ്ഥാപിതമായാല്‍ മാത്രമേ കഴിയുകയുള്ളൂ. മിച്ച വരുമാനത്തിന് മാത്രം സകാത്ത് നല്‍കിയാല്‍ മതി എന്ന വീക്ഷണമാണ് വ്യാപകമായി സ്വീകരിക്കുന്നത്. എന്നാല്‍, സകാത്തിന്റെ ആത്മാവും ലക്ഷ്യവും പരിഗണിച്ചാല്‍ നാം ആര്‍ജിക്കുന്ന മൊത്തം വരുമാനവും സകാത്തിന് വിധേയമാണ് എന്നു മനസ്സിലാക്കാന്‍ കഴിയും.

0 0 vote
Article Rating
Back to Top
0
Would love your thoughts, please comment.x
()
x