27 Saturday
July 2024
2024 July 27
1446 Mouharrem 20

സംഘടന ബിദ്അത്തോ?

എ അബ്ദുസ്സലാം സുല്ലമി

പാര്‍ട്ടികളുടെയും സംഘടനകളുടെയും ഉദ്ഭവം,
ഏകദൈവ വിശ്വാസത്തില്‍ നിന്നുള്ള വ്യതിയാനം


ഇന്ന് ലോകത്ത് കാണുന്ന എല്ലാ സമുദായങ്ങളും മതങ്ങളും ഓരോ മതങ്ങളിലെ തന്നെ വിവിധ വിഭാഗങ്ങളും പ്രസ്ഥാനങ്ങളും സംഘടനകളും മുമ്പ് ഏക സമുദായവും ഏക മതവും ഏക പ്രസ്ഥാനവുമായിരുന്നു. ഏകദൈവത്തെ മാത്രമാണ് അവര്‍ ആരാധിച്ചിരുന്നത്. പല മതങ്ങളും പാര്‍ട്ടികളും പ്രസ്ഥാനങ്ങളും ഉണ്ടായിരുന്നില്ല. പിന്നെ എങ്ങനെയാണ് ഇവയെല്ലാം ഉത്ഭവിച്ചത്? ഈ ചോദ്യത്തിനു വിശുദ്ധ ഖുര്‍ആന്‍ മറുപടി നല്‍കുന്നു: ”(മനുഷ്യരേ,) തീര്‍ച്ചയായും ഇത് നിങ്ങളുടെ സമുദായമാണ്. ഏക സമുദായം. ഞാന്‍ നിങ്ങളുടെ രക്ഷിതാവുമാണ്. അതിനാല്‍ നിങ്ങള്‍ എന്നെ മാത്രം ആരാധിക്കുവിന്‍” (21:92).
ഏകദൈവ വിശ്വാസത്തില്‍ നിന്ന് മനുഷ്യര്‍ വ്യതിചലിച്ചു പോയതാണ് ഇതിന്റെ പ്രധാന കാരണം. എന്നാല്‍ ഒരു വിഭാഗം പ്രവാചകന്മാരും വേദഗ്രന്ഥങ്ങളും പ്രബോധനം ചെയ്ത ഏകദൈവ വിശ്വാസത്തില്‍ ഉറച്ചുനില്‍ക്കുക തെന്ന ചെയ്തു. ഇത് അല്ലാഹുവിന്റെ ഒരു പ്രകൃതിവ്യവസ്ഥയുമാണ് (സുന്നത്തുല്ലാഹി). ഈ വിഭാഗത്തെ അല്ലാഹുവിന്റെ പാര്‍ട്ടി (ഹിസ്ബുല്ലാഹ്) എന്നു വിളിക്കുന്നു (മാഇദ 56). മറ്റുള്ളവയെ ശൈത്വാന്റെ പാര്‍ട്ടി (ഹിസ്ബുശ്ശൈത്വാനി) എന്നും സൂചിപ്പിക്കുന്നു. (മുജാദില 19)
തൗഹീദില്‍ നിന്ന് അകന്ന് പല പാര്‍ട്ടികളും പ്രസ്ഥാനങ്ങളും ഉണ്ടാക്കുകയും ഇവയുടെ പുരോഗതിക്കും വളര്‍ച്ചയ്ക്കും വേണ്ടി ഗ്രൂപ്പുകളും സംഘടനകളും ഉണ്ടാക്കുകയും ചെയ്തവരെ വിശുദ്ധ ഖുര്‍ആന്‍ പല സൂക്തങ്ങളിലും വിമര്‍ശിക്കുന്നതു കാണാം (മുഅ്മിനൂന്‍ 53, റൂം 32). ഈ വിമര്‍ശനത്തിന്റെ പരിധിയില്‍ പ്രവാചകന്മാരും വേദഗ്രന്ഥങ്ങളും പ്രബോധനം ചെയ്ത തൗഹീദില്‍ അടിയുറച്ചു നില്‍ക്കുകയും ചെയ്ത പാര്‍ട്ടിയും, പാര്‍ട്ടിയുടെ വളര്‍ച്ചയ്ക്കും പുരോഗതിക്കും പ്രബോധന സൗകര്യത്തിനു വേണ്ടിയും ഉണ്ടാക്കിയ സംഘടനയും ഉള്‍പ്പെടുമെന്നാണ്, സംഘടന അനാചാരമാണെന്ന് പറഞ്ഞുകൊണ്ടിരിക്കുന്നവര്‍ സമീപ കാലത്തായി പ്രചരിപ്പിക്കുന്നത്. ഇത് ഖുര്‍ആന്‍ നിഷേധവും സത്യവും അസത്യവും കൂട്ടിക്കലര്‍ത്തി അവതരിപ്പിക്കുന്ന ജൂതായിസവുമാണ്.
”തീര്‍ച്ചയായും ഇത് നിങ്ങളുടെ സമുദായമാകുന്നു. ഏക സമുദായം. ഞാന്‍ നിങ്ങളുടെ രക്ഷിതാവുമാണ്. അതിനാല്‍ നിങ്ങള്‍ എന്നെ സൂക്ഷിക്കുവിന്‍. എന്നിട്ട് മനുഷ്യര്‍ അവരുടെ കാര്യത്തെ (ഏകദൈവ വിശ്വാസത്തെ) അവര്‍ക്കിടയില്‍ പല കഷണങ്ങളാക്കി. ഓരോ പാര്‍ട്ടിയും അവരുടെ അടുക്കലുള്ളതുകൊണ്ട് സന്തോഷിക്കുന്നവരാണ് (മുഅ്മിനൂന്‍ 52,53).
ഏകദൈവ വിശ്വാസമാകുന്ന ഞങ്ങളുടെ കാര്യത്തെ കഷ്ണങ്ങളാക്കാതെ അതില്‍ ഉറച്ചുനില്‍ക്കുകയും അതിന്റെ പേരില്‍ മര്‍ദനങ്ങളും ബഹിഷ്‌കരണങ്ങളും സഹിക്കുകയും ചെയ്യുന്ന സംഘവും, സംഘത്തിന്റെ വളര്‍ച്ചയ്ക്കും പുരോഗതിക്കും പ്രബോധന സാധ്യതയ്ക്കും വേണ്ടി രൂപം നല്‍കിയ സംഘടനയും സൂക്തത്തിന്റെ വിമര്‍ശനപരിധിക്കുള്ളില്‍ ഉള്‍പ്പെടുമെന്നു പറയുക പിശാചിന്റെ ആളുകള്‍ മാത്രമാണ്.

പ്രമാണങ്ങളില്‍
നിന്നുള്ള വ്യതിയാനം

”മനുഷ്യര്‍ ഒരൊറ്റ സമുദായമായിരുന്നു. അനന്തരം (അവര്‍ തിന്മയിലേക്ക് നീങ്ങിയപ്പോള്‍ നന്മ ചെയ്യുന്നവര്‍ക്ക്) സന്തോഷവാര്‍ത്ത അറിയിക്കുവാനും (തിന്മ ചെയ്യുന്നവര്‍ക്ക്) താക്കീത് നല്‍കാനും വേണ്ടി അല്ലാഹു പ്രവാചകന്‍മാരെ നിയോഗിച്ചു. അവര്‍ (മനുഷ്യര്‍) ഭിന്നിച്ച വിഷയത്തില്‍ തീര്‍പ്പ് കല്പിച്ചു കൊടുത്തു. എന്നാല്‍ വേദം നല്‍കപ്പെട്ടവര്‍ തന്നെ വ്യക്തമായ തെളിവുകള്‍ വന്നുകിട്ടിയതിനു ശേഷം അതില്‍ (പ്രമാണത്തില്‍) ഭിന്നിച്ചിട്ടുള്ളത് അവര്‍ തമ്മിലുള്ള മത്സരം മൂലമല്ലാതെ മറ്റൊന്നുകൊണ്ടുമല്ല. എന്നാല്‍ ഏതൊരു സത്യത്തില്‍ നിന്ന് അവര്‍ ഭിന്നിച്ചുവോ ആ സത്യത്തിലേക്ക് അല്ലാഹു തന്റെ അനുമതിയോടുകൂടി (പ്രമാണത്തില്‍) വിശ്വസിച്ചവരെ വഴി കാണിച്ചു. ഉദ്ദേശിക്കുന്നവരെ അല്ലാഹു ചൊവ്വായ പാതയിലേക്ക് നയിക്കുന്നു” (2:213).
മനുഷ്യര്‍ പ്രമാണങ്ങളില്‍ നിന്ന് അകന്ന് ജീവിച്ചതുകൊണ്ടാണ് പല പാര്‍ട്ടികളും സംഘങ്ങളും സംഘടനകളും ഉണ്ടായതെന്ന് അല്ലാഹു മറ്റൊരു കാരണമായി വിവരിക്കുന്നു. എന്നാല്‍ ഒരു പാര്‍ട്ടി പ്രമാണത്തില്‍ ഉറച്ചുനില്‍ക്കുകയും ചെയ്തുവെന്ന് അല്ലാഹു വ്യക്തമാക്കുകയും ചെയ്യുന്നു. ഈ സംഘത്തെയും സംഘത്തിന്റെ ആശയാദര്‍ശം പ്രചരിപ്പിക്കാന്‍ രൂപം നല്‍കിയ സംഘടനയെയും പ്രശംസിക്കുകയാണ് ചെയ്യുന്നത്.
വിമര്‍ശിക്കുന്നത് പ്രമാണം ഉപേക്ഷിച്ചുകൊണ്ട് ഭിന്നിച്ച് പല മതങ്ങളും പ്രസ്ഥാനങ്ങളും സംഘങ്ങളുമായവരെയും, ഈ സംഘങ്ങളുടെ ആദര്‍ശം പ്രചരിപ്പിക്കുവാന്‍ രൂപം കൊടുത്ത സംഘടനകളെയുമാണ്. പ്രമാണത്തില്‍ ഉറച്ചുനിന്ന കാരണത്താല്‍ പ്രത്യേക സംഘവും സംഘടനയുമായിത്തീര്‍ന്നവരെയും സൂക്തം വിമര്‍ശിക്കുന്നുണ്ടെന്ന് പ്രത്യേക താല്‍പര്യങ്ങളുള്ളവര്‍ മാത്രമേ പറയുകയുള്ളൂ.
”തങ്ങളുടെ മതത്തില്‍ ഭിന്നതയുണ്ടാക്കുകയും കക്ഷികളായിത്തീരുകയും ചെയ്തവരാരോ അവരുമായി നിനക്ക് യാതൊരു ബന്ധവുമില്ല. അവരുടെ കാര്യം അല്ലാഹുവിലേക്ക് തന്നെയാണ് (മടക്കപ്പെടുന്നത്). അവര്‍ ചെയ്തുകൊണ്ടിരിക്കുന്നതിനെപ്പറ്റി അവന്‍ അവരെ അറിയിച്ചുകൊള്ളുന്നതുമാണ്. വല്ലവനും ഒരു നന്മ കൊണ്ടുവന്നാല്‍ അവന് അതിന്റെ പതിന്മടങ്ങ് ലഭിക്കുന്നതാണ്” (അന്‍ആം 159,160).
പ്രമാണം ഉപേക്ഷിച്ച് സ്വന്തം താല്‍പര്യങ്ങള്‍ക്കനുസരിച്ച് ആചാരങ്ങളും അനുഷ്ഠാന കര്‍മങ്ങളും നിര്‍മിച്ച് മതത്തെ ഭിന്നിപ്പിക്കുകയും ശേഷം തങ്ങളുടെ ആചാരാനുഷ്ഠാന കര്‍മങ്ങള്‍ പ്രചരിപ്പിക്കുവാന്‍ വേണ്ടി പ്രത്യേകം സംഘങ്ങളും, സംഘങ്ങളുടെ പുരോഗതിക്കു വേണ്ടി രൂപം നല്‍കിയ സംഘടനകളുമാണ് ഇവിടെ വിവക്ഷിക്കുന്നതെന്ന് മുഹമ്മദ് നബി(സ) നമുക്ക് വിവരിച്ചുതരുന്നു.
ഉമര്‍(റ) പറയുന്നു: ”നബി(സ) ആയിശ(റ)യോടു പറഞ്ഞു: ആയിശാ, തീര്‍ച്ചയായും തങ്ങളുടെ മതത്തെ ഭിന്നിപ്പിച്ച് പല കക്ഷികളായി മാറിയവര്‍ എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത് ഈ സമുദായത്തില്‍ ഉള്‍പ്പെട്ടവരായ ബിദ്അത്തിന്റെയും ഇച്ഛകളുടെയും അധര്‍മത്തിന്റെയും ആളുകളാണ്” (തിര്‍മിദി, ഇബ്‌നു അബീഹാതിം, ത്വബ്‌റാനി, ബൈഹഖി).
ഇബ്‌നു അബ്ബാസ്(റ) പറയുന്നു: ”നബി അരുളി: ഈ സമുദായത്തില്‍ പെട്ട ബിദ്അത്തിന്റെയും ദേഹേച്ഛയുടെയും ആളുകളാണ് ഈ ആയത്തില്‍ ഉദ്ദേശിക്കുന്നത്” (തിര്‍മിദി, ഇബ്‌നു ജരീര്‍, ത്വബ്‌റാനി).
പ്രമാണങ്ങളില്‍ അടിയുറച്ചു നില്‍ക്കുകയും അനാചാരങ്ങള്‍ വര്‍ജിക്കുകയും ചെയ്തതിനാല്‍ മറ്റുള്ളവരില്‍ നിന്നു സ്വമേധയാ ഒരു പ്രത്യേക സംഘമാവുകയും, സംഘത്തിന്റെ വളര്‍ച്ചയ്ക്കും പ്രബോധനം ത്വരിതപ്പെടുത്താനും വേണ്ടി രൂപീകരിച്ച സംഘടനയെയും അല്ലാഹു ഇവിടെ പ്രശംസിക്കുകയാണ് ചെയ്യുന്നത്. മറ്റുള്ളവരെയാണ് വിമര്‍ശിക്കുന്നത്. അവരാണ് മതത്തെ ഭിന്നിപ്പിക്കുന്നത്. വല്ലവനും നന്മ കൊണ്ടുവന്നാല്‍ അവന് അതുപോലെയുള്ള പത്ത് ഇരട്ടി പ്രതിഫലമുണ്ടെന്ന് അല്ലാഹു പറയുന്നത് പ്രമാണത്തില്‍ അടിയുറച്ചു നിന്ന് ബിദ്അത്തുകളെ വര്‍ജിച്ച് പ്രമാണങ്ങളുടെ വെളിച്ചത്തില്‍ നന്മയെ പ്രചരിപ്പിക്കുന്നവരാണ്.
തിന്മകള്‍ക്കെതിരെ
മൗനം

”കടല്‍ത്തീരത്ത് സ്ഥിതി ചെയ്യുന്ന ആ പട്ടണത്തെക്കുറിച്ച് നീ അവരോട് ചോദിച്ചുനോക്കുക. (അതായത്) ശബ്ബത്ത് ദിനം ആചരിക്കുന്നതില്‍ അവര്‍ അതിക്രമം കാണിച്ചിരുന്ന സന്ദര്‍ഭത്തെപ്പറ്റി. അവരുടെ ശബ്ബത്ത് ദിനത്തില്‍ അവര്‍ക്ക് ആവശ്യമുള്ള മത്സ്യങ്ങള്‍ വെള്ളത്തിനു മീതെ തല കാണിച്ചുകൊണ്ട് അവരുടെ അടുത്തു വരുകയും അവര്‍ക്ക് ശബ്ബത്ത് ആചരിക്കാനില്ലാത്ത ദിവസത്തില്‍ അവരുടെ അടുത്ത് അവ വരാതിരിക്കുകയും ചെയ്തിരുന്ന സന്ദര്‍ഭം. അവര്‍ ധിക്കരിക്കുന്നതിന്റെ ഫലമായി അപ്രകാരം നാം അവരെ പരീക്ഷിക്കുകയായിരുന്നു. അല്ലാഹു നശിപ്പിക്കുകയോ കഠിനമായി ശിക്ഷിക്കുകയോ ചെയ്യാന്‍ പോകുന്ന ഒരു ജനവിഭാഗത്തെ നിങ്ങളെന്തിനാണ് ഉപദേശിക്കുന്നതെന്ന് അവരില്‍ പെട്ട ഒരു സമൂഹം പറഞ്ഞ സന്ദര്‍ഭവും (ഓര്‍ക്കുക). അവര്‍ മറുപടി പറഞ്ഞു: നിങ്ങളുെട രക്ഷിതാവിങ്കല്‍ (ഞങ്ങള്‍) അപരാധത്തില്‍ നിന്ന് ഒഴിവാകുന്നതിനു വേണ്ടിയാണ്. ഒരുവേള അവര്‍ സൂക്ഷ്മത പാലിച്ചുവെന്നും വരാമല്ലോ. എന്നാല്‍ അവരെ ഓര്‍മപ്പെടുത്തിയിരുന്നതിനെ അവര്‍ അവഗണിച്ചപ്പോള്‍ ദുഷ്പ്രവൃത്തിയില്‍ നിന്നു വിലക്കിയിരുന്നവരെ നാം രക്ഷപ്പെടുത്തുകയും അക്രമികളായ ആളുകളെ അവര്‍ ധിക്കാരം കാണിച്ചിരുന്നതിന്റെ ഫലമായി കഠിനമായ ശിക്ഷ മുഖേന പിടികൂടുകയും ചെയ്തു” (അഅ്‌റാഫ് 163-165).
ഒരൊറ്റ സമൂഹമായിരുന്ന മനുഷ്യരെ ഇവിടെ മൂന്നു സംഘമായി വിഭജിക്കുകയാണ്: (1). ദൈവകല്പനയെ അവഗണിച്ച് തിന്മ ചെയ്തവര്‍, (2). ഈ തിന്മയ്‌ക്കെതിരെ മൗനം പാലിച്ചവര്‍, (3). ഈ തിന്മക്കെതിരെ പരസ്യമായി പ്രതികരിച്ചവര്‍. ഈ മൂന്നാം വിഭാഗം മതത്തെ ഭിന്നിപ്പിച്ച് കക്ഷിയായവരല്ല, പ്രത്യുത, മതനിയമം അനുഷ്ഠിച്ചതുമൂലം കക്ഷിയായതാണ്. അതിനാല്‍ അല്ലാഹു ഇവരെ പ്രശംസിക്കുകയും ശിക്ഷയില്‍ നിന്ന് മോചിപ്പിക്കുകയും ചെയ്തു. ഈ അവസ്ഥയായിരുന്നു കേരളത്തിലും ഉണ്ടായത്.
അല്ലാഹുവിന്റെ ഒരു കല്പനയല്ല, ശതക്കണക്കിന് കല്പനകള്‍ മനുഷ്യര്‍ ലംഘിച്ചു. ഈ ഇസ്‌റാഈല്യര്‍ മരണപ്പെട്ടവരെ വിളിച്ച് സഹായം തേടിക്കൊണ്ടും അവരുടെ പേരില്‍ വിളിച്ച് സഹായം തേടിക്കൊണ്ടും അവരുടെ പേരില്‍ നേര്‍ച്ച വഴിപാടുകള്‍ അര്‍പ്പിച്ചുകൊണ്ടും ഭിന്നിക്കുകയുണ്ടായില്ല. പ്രത്യുത, ശനിയാഴ്ച ദിവസം മത്സ്യം പിടിക്കരുതെന്ന കല്പനയെ ലംഘിക്കുക മാത്രമാണവര്‍ ചെയ്തത്. എന്നാല്‍ മുസ്‌ലിം സമൂഹം മുകളില്‍ വിവരിച്ച ശിര്‍ക്ക് വരെ ചെയ്തു. പ്രമാണത്തിന്റെ പിന്‍ബലമില്ലാത്ത പല അനാചാരങ്ങളും ഉണ്ടാക്കി. പ്രമാണങ്ങള്‍ വ്യക്തമായി അനാചാരമാണെന്ന് പ്രഖ്യാപിച്ച സംഗതികള്‍ വരെ പ്രവര്‍ത്തിച്ചു. ഈ സന്ദര്‍ഭത്തില്‍ ഒരു വിഭാഗം മൗനം പാലിച്ചു. മറ്റൊരു വിഭാഗം പരസ്യമായി പ്രതികരിച്ചു. അങ്ങനെ ബനൂഇസ്‌റാഈല്യരില്‍ മൂന്നാം സംഘം സ്വാഭാവികമായും ഉണ്ടായി. അല്ലാഹു പ്രശംസിച്ചതായ ബനൂഇസ്‌റാഈല്യരിലെ ഈ വിഭാഗം തിന്മക്കെതിരെയുള്ള അവരുടെ പ്രവര്‍ത്തനം ശക്തിപ്പെടുത്താന്‍ വേണ്ടി സംഘടന രൂപീകരിച്ചാല്‍ അവര്‍ മതത്തെ ഭിന്നിപ്പിച്ചവരായിരിക്കില്ല. ബിദ്അത്ത് ചെയ്തവരുമാവുന്നില്ല.
വിശുദ്ധ ഖുര്‍ആന്‍ പറയുന്നു: ”നിങ്ങള്‍ അവനിലേക്ക് തിരിഞ്ഞവനായിരിക്കുകയും അവനെ സൂക്ഷിക്കുകയും നമസ്‌കാരം മുറപോലെ നിര്‍വഹിക്കുകയും ചെയ്യുക. നിങ്ങള്‍ ബഹുദൈവ വിശ്വാസികളാവുകയും ചെയ്യരുത്. അതായത് തങ്ങളുടെ മതത്തെ ഛിന്നഭിന്നമാക്കുകയും പല കക്ഷികളായി തിരിയുകയും ചെയ്തവരുടെ കൂട്ടത്തില്‍. ഓരോ കക്ഷിയും തങ്ങളുടെ പക്കലുള്ളതില്‍ സന്തോഷമടയുന്നു” (റൂം 31,32).
എത്ര സുന്ദരവും വ്യക്തവുമായ ഭാഷയിലാണ് ഖുര്‍ആന്‍ ഇവിടെ വിഷയം അവതരിപ്പിക്കുന്നത്. അല്ലാഹുവിനെ സൂക്ഷിക്കുക എന്നതിന്റെ വിവക്ഷ തിന്മ വര്‍ജിക്കലാണെന്ന് പ്രവാചകന്‍ വിവരിക്കുന്നു (ബുഖാരി, മുസ്‌ലിം). നമസ്‌കാരം ഉപേക്ഷിക്കുകയും അല്ലാഹുവില്‍ പങ്കുചേര്‍ക്കുകയും ചെയ്യുന്നവരാണ് മതത്തെ ഭിന്നിപ്പിക്കുന്നതെന്നും ഇത്തരം പാര്‍ട്ടികളെയാണ് ഖുര്‍ആന്‍ വിമര്‍ശിക്കുന്നതെന്നും വ്യക്തമായി.
ഒറ്റപ്പെട്ടതും
സംഘവുമായ പ്രവര്‍ത്തനങ്ങള്‍

വിശുദ്ധ ഖുര്‍ആനും നബിചര്യയും ഒറ്റപ്പെട്ട പ്രവര്‍ത്തനത്തേക്കാള്‍ സംഘമായുള്ള പ്രവര്‍ത്തനത്തിന് പ്രാധാന്യം കല്‍പിക്കുന്നു. ഭക്ഷണം കഴിക്കുന്ന സന്ദര്‍ഭത്തില്‍ വരെ സംഘമായി ഭക്ഷിക്കുന്നതിനു പ്രേരിപ്പിക്കുന്നു. ഇതുപോലെ തിന്മക്കെതിരെയുള്ള സംഘടിതരായ പ്രവര്‍ത്തനത്തെയും നന്മ പ്രചരിപ്പിക്കാനുള്ള സംഘടിത പ്രവര്‍ത്തനത്തെയും ഇസ്‌ലാം പ്രേരിപ്പിക്കുകയും അതിനു പ്രാമുഖ്യം കല്പിക്കുകയും ചെയ്യുന്നു.
”എന്നാല്‍ അവരിലെ ഓരോ വിഭാഗത്തില്‍ നിന്നും ഓരോ സംഘം പുറപ്പെട്ടുപോയിക്കൂടേ, മതകാര്യങ്ങളില്‍ ജ്ഞാനം നേടുകയും തങ്ങളുടെ ആളുകളിലേക്ക് തിരിച്ചുവരുകയും ചെയ്യുമ്പോള്‍ അവരെ (തിന്മകളെ സംബന്ധിച്ച്) താക്കീത് ചെയ്യുവാനും വേണ്ടി” (തൗബ 122).
നന്മയിലേക്ക് ക്ഷണിക്കുകയും തിന്മ വിരോധിക്കുകയും ചെയ്യുക എന്നത് സര്‍വ മുസ്‌ലിമിന്റെയും ബാധ്യതയാണ്. മനുഷ്യരുടെ കഴിവിന് അതീതമായ വിപത്തുകളില്‍ അകപ്പെടുമ്പോള്‍ മക്കയിലെ വിഗ്രഹാരാധകര്‍ പോലും മരണപ്പെട്ടവരെ വിളിച്ചു സഹായം തേടാതെ അല്ലാഹുവിനെ മാത്രമാണ് വിളിച്ച് സഹായം തേടിയിരുന്നത്. എന്നാല്‍ മുസ്‌ലിം സമുദായം ഈ രംഗത്തു പോലും മരണപ്പെട്ടവരെ വിളിച്ചുതുടങ്ങി. ഈ തിന്മയെ വിരോധിക്കാനും വര്‍ജിക്കാനും അര്‍ഹതപ്പെട്ട മുസ്‌ലിം സമുദായം ഇത് അവരുടെ തൗഹീദും ചര്യയുമായി അവതരിപ്പിക്കാന്‍ തുടങ്ങി. ആഗ്രഹസഫലീകരണത്തിന് ഇതാണ് ഏറ്റവും ശ്രേഷ്ഠമായ മാര്‍ഗം എന്നുവരെ ചിലര്‍ വാദിച്ചുതുടങ്ങി. അപ്പോള്‍ ഒരു വിഭാഗം ഈ തിന്മയ്‌ക്കെതിരെ മൗനം പാലിച്ചു. ഇവരുടെ വാദം ശക്തിപ്പെടുത്താന്‍ ഇവര്‍ സംഘടന രൂപീകരിച്ചു. തിന്മ ചെയ്യുന്നവരും തങ്ങളുടെ ശിര്‍ക്കിനെ ശക്തിപ്പെടുത്താന്‍ സംഘടന രൂപീകരിച്ചു.
ഖുര്‍ആനിന്റെ നിര്‍ദേശം പാലിച്ചുകൊണ്ട് ഈ തിന്മയെ എതിര്‍ക്കാന്‍ പരലോകത്തെ ഭയപ്പെടുന്ന ചില പണ്ഡിതന്‍മാര്‍ രംഗത്തുവന്നു. അവര്‍ ഒരു സമുദായവും സംഘവുമായി സ്വമേധയാ ആയിത്തീര്‍ന്നു. ഈ സംഘത്തിന്റെ ഉദ്ദേശ്യലക്ഷ്യം പ്രചരിപ്പിക്കാന്‍ സംഘടന അനിവാര്യമായതിനാല്‍ സംഘടനക്കും രൂപമായി. സംഘടന ഈ സമുദായത്തിന് (ഉമ്മത്തിന്) ശക്തി നല്‍കാനുള്ളതാണ്. അപ്രകാരമായാലാണ് അല്ലാഹു ഈ സൂക്തത്തില്‍ നിര്‍ദേശിച്ച സമുദായം (ഉമ്മത്ത്) അവര്‍ ആവുക.
”മനുഷ്യവംശത്തിനു വേണ്ടി രംഗത്തുകൊണ്ടുവരപ്പെട്ട ഉത്തമ സമുദായമാകുന്നു നിങ്ങള്‍. നിങ്ങള്‍ നന്മ കല്പിക്കുകയും തിന്മ വിരോധിക്കുകയും ചെയ്യുന്നു” (ആലു ഇംറാന്‍ 110). മുസ്‌ലിംകള്‍ തന്നെ നന്മ ഉപേക്ഷിക്കുകയും തിന്മ പ്രവര്‍ത്തിക്കുകയും ചെയ്തുതുടങ്ങി. അപ്പോള്‍ മതപണ്ഡിതന്മാര്‍ പോലും മൗനം പാലിച്ചു. മുജാഹിദ് പണ്ഡിതന്മാര്‍ ഈ ദൗത്യം ഏറ്റെടുത്തു. അങ്ങനെ അവര്‍ ഒരു സംഘമായി. ഒരു സമുദായമായി, ഉമ്മത്തായി തിന്മയെ വിരോധിക്കാനാണ് ഖുര്‍ആന്‍ ഇവിടെ നിര്‍ദേശിക്കുന്നത്, ഒറ്റപ്പെട്ട വ്യക്തിയായിക്കൊണ്ടല്ല.
”സത്യത്തിന്റെ അടിസ്ഥാനത്തില്‍ മാര്‍ഗദര്‍ശനം നല്‍കുകയും അതനുസരിച്ചുതന്നെ നീതി നടത്തുകയും ചെയ്യുന്ന ഒരു സമുദായം നാം സൃഷ്ടിച്ചവരുടെ കൂട്ടത്തിലുണ്ട്” (അഅ്‌റാഫ് 181).
മനുഷ്യസമൂഹത്തിലെ ഈ സമുദായമാണ് മുജാഹിദ് പ്രസ്ഥാനം. അല്ലാഹു അവരെ ഇവിടെ പ്രശംസിക്കുകയാണ്. ഈ സ്വഭാവം അവരില്‍ ഉണ്ടാകുന്നപക്ഷം ഈ ദൗത്യം നിര്‍വഹിക്കുന്നവരെല്ലാം ഇവിടെ വിവക്ഷിക്കപ്പെടും.
നബി(സ) അരുളി: ”അല്ലാഹുവിന്റെ കരം സംഘത്തിന്റെ കൂടെയാണ്” (തിര്‍മിദി, നസാഈ). ”തീര്‍ച്ചയായും ദൈവികമായ അനുഗ്രഹം സംഘത്തിന്റെ കൂടെയാണ്” (ഇബ്‌നുമാജ). ”ഇസ്‌ലാം അപരിചിതമായ നിലയ്ക്ക് ആരംഭിച്ചു. പിറകെ അത് ആരംഭിച്ചതുപോലെ അപരിചിതാവസ്ഥയിലേക്ക് മടങ്ങും. അപ്പോള്‍ അപരിചിതന്‍മാര്‍ക്ക് ആശീര്‍വാദം” (മുസ്‌ലിം 232). ”എന്റെ സുന്നത്തില്‍ ജനങ്ങള്‍ കേടു വരുത്തിയതിനെ നന്നാക്കുന്നവരാണ് ആ അപരിചിതര്‍” (തിര്‍മിദി 2630).
മുജാഹിദ് പ്രസ്ഥാനം മതത്തെ ഭിന്നിപ്പിക്കുകയല്ല, നബി(സ) നിര്‍ദേശിച്ച ഈ ജോലി സംഘടിതമായി നിര്‍വഹിക്കുകയാണ് ചെയ്യുന്നത്. നബി(സ) അരുളി: ”എനിക്കു മുമ്പുണ്ടായിരുന്ന സമൂഹങ്ങളിലേക്ക് അല്ലാഹു നിയോഗിച്ച ഏതൊരു പ്രവാചകനും അദ്ദേഹത്തിന്റെ മാര്‍ഗം അനുധാവനം ചെയ്യുകയും അദ്ദേഹത്തിന്റെ കല്പനയെ ശിരസാ വഹിക്കുകയും ചെയ്തിരുന്ന അനുയായികളും ഹവാരിയ്യുകളുമുണ്ടായിരുന്നു. അനന്തരം അവരുടെ പിന്‍തലമുറകള്‍ രംഗത്തുവരും. അവര്‍ പ്രവര്‍ത്തിക്കാത്തത് പറയും. കല്പിക്കാത്തത് പ്രവര്‍ത്തിക്കും. അവരോട് തന്റെ കൈകൊണ്ട് സമരം ചെയ്യുന്നവന്‍ വിശ്വാസിയാണ്. തന്റെ നാവു കൊണ്ട് സമരം ചെയ്യുന്നവന്‍ വിശ്വാസിയാണ്. തന്റെ മനസ്സുകൊണ്ട് അവരോട് സമരം ചെയ്യുന്നവനും വിശ്വാസിയാണ്. അതിനപ്പുറം അണുമണിത്തൂക്കം വിശ്വാസമില്ല” (മുസ്‌ലിം). ഈ ദൗത്യം സംഘടിതമായി നിര്‍വഹിക്കുകയാണ് മുജാഹിദ് പ്രസ്ഥാനം.

(മര്‍ഹൂം എ അബ്ദുസ്സലാം സുല്ലമിയുടെ അപ്രകാശിത രചനയില്‍ നിന്നുള്ള ഒരു ഭാഗമാണിത്)

0 0 vote
Article Rating
Back to Top
0
Would love your thoughts, please comment.x
()
x