10 Tuesday
December 2024
2024 December 10
1446 Joumada II 8

മതവികാരമിളക്കുന്ന സംഘതന്ത്രം

അബ്ദുല്‍ഹസീബ്‌

സകല അടവുകളും പയറ്റുന്നുണ്ട് സംഘപരിവാരം. എന്നിട്ടും രക്ഷയില്ല എന്നു അവര്‍ക്കുതന്നെ തോന്നിത്തുടങ്ങുന്നു എന്നിടത്താണ് പ്രതീക്ഷയുടെ പൊന്‍കിരണങ്ങള്‍ ഉദിച്ചുയരുന്നത്. നരേന്ദ്ര മോദി എല്ലാ സീമകളും ലംഘിച്ച് പല അവകാശവാദങ്ങളും ഉന്നയിച്ചുകഴിഞ്ഞു. ഏറ്റവുമൊടുവില്‍ ‘ദൈവം അയച്ചതാണ് എന്നെ’ എന്നു പറഞ്ഞാണ് വോട്ടു പിടിക്കാന്‍ ശ്രമിക്കുന്നത്.
പച്ചയ്ക്ക് വര്‍ഗീയത പറഞ്ഞിട്ടും രാജ്യത്തിന്റെ പ്രധാനമന്ത്രിയുടെ വിദ്വേഷപ്രസംഗം കേട്ട് തിരഞ്ഞെടുപ്പുകാലത്ത് ഓരോ സംസ്ഥാനങ്ങളും ഞെട്ടിത്തരിച്ചിട്ടും രാജ്യത്തെ തിരഞ്ഞെടുപ്പ് കമ്മീഷന്റെ ശ്രദ്ധ പ്രതിപക്ഷമായ കോണ്‍ഗ്രസിലേക്ക് മാത്രമാണ്. പ്രധാനമന്ത്രി പറഞ്ഞത് വിദ്വേഷപ്രസംഗമാണെന്നും തെറ്റാണെന്നും പറയുന്നതിനൊപ്പം കോണ്‍ഗ്രസ് നേതാക്കളും പെരുമാറ്റച്ചട്ടം തെറ്റിച്ചെന്നു പറഞ്ഞു ക്ലാസെടുക്കുകയാണ് രാജ്യത്തെ ജനാധിപത്യ തിരഞ്ഞെടുപ്പ് സംവിധാനത്തിന്റെ കാവല്‍ക്കാര്‍. ഒപ്പം ശിക്ഷയില്ല, പക്ഷേ നല്ലനടപ്പ് വേണമെന്ന ഉപദേശം മാത്രമാണ് നരേന്ദ്ര മോദിക്ക് തിരഞ്ഞെടുപ്പ് കമ്മീഷന്‍ നല്‍കിയത്. മോദിക്കും ബിജെപിക്കും ഒറ്റയ്ക്ക് കുറ്റം ചെയ്ത കുട്ടിയുടെ മനസ്സു പോലെ വേദനിക്കേണ്ടെന്നു കരുതിയാവും രാഹുല്‍ഗാന്ധിക്കും കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗേക്കും നല്ലനടപ്പിന് താക്കീത് നല്‍കിയിട്ടുണ്ട് തിരഞ്ഞെടുപ്പ് കമ്മീഷന്‍.
ഇന്ത്യയുടെ കെട്ടുറപ്പിനെ ബാധിക്കുംവിധം പരസ്പര വിദ്വേഷവും വിഭാഗീയതയും ഉളവാക്കുന്ന പ്രചാരണം നടത്തരുതെന്നാണ് കോണ്‍ഗ്രസിനുള്ള താക്കീത്. മതവിദ്വേഷവും വിഭാഗീയതയും ഉണ്ടാക്കുന്ന പരാമര്‍ശങ്ങള്‍ നടത്തരുതെന്നു ബിജെപിയോടും കേന്ദ്ര തിരഞ്ഞെടുപ്പു കമ്മീഷന്‍ നിര്‍ദേശിച്ചിട്ടുണ്ട്. അഞ്ച് ഘട്ടങ്ങളിലെ വോട്ടെടുപ്പും ആറാം ഘട്ടത്തിലെ തിരഞ്ഞെടുപ്പ് പ്രചാരണവും കഴിഞ്ഞപ്പോഴാണ് തിരഞ്ഞെടുപ്പ് കമ്മീഷന്റെ ബിജെപിക്കുള്ള താക്കീതെന്നതാണ് ശ്രദ്ധേയം. രാജസ്ഥാനില്‍ മുസ്‌ലിംകള്‍ക്കെതിരായ വിദ്വേഷ പരാമര്‍ശം പലയിടങ്ങളിലും ആവര്‍ത്തിച്ച്, അത് തിരിച്ചടിക്കുമെന്നുകണ്ട്, ഞാന്‍ അങ്ങനെ മുസ്‌ലിംകള്‍ക്കെതിരെ ഒന്നും പറഞ്ഞിട്ടില്ലെന്നു പറഞ്ഞ് പ്രധാനമന്ത്രി മറുകണ്ടം ചാടി, പിന്നെയും വര്‍ഗീയ പരാമര്‍ശങ്ങള്‍ നടത്തിക്കഴിഞ്ഞാണ് തിരഞ്ഞെടുപ്പ് കമ്മീഷന്റെ പേരിനെങ്കിലുമുള്ള ഉപദേശമെന്നത് ശ്രദ്ധേയമാണ്.
അതായത് ഞാന്‍ ജീവശാസ്ത്രപരമായി സൃഷ്ടിക്കപ്പെട്ട ഒരാളല്ലെന്നും ദൈവം ചില കാര്യങ്ങള്‍ നടപ്പാക്കാനായി എന്നെ ഇങ്ങോട്ട് അയച്ചതാണെന്നുമാണ് നരേന്ദ്ര മോദിയുടെ അവകാശവാദം. ചില ആള്‍ദൈവങ്ങളുടെ അവകാശവാദങ്ങളുടെ തുടക്കം പോലെ ആര്‍ക്കെങ്കിലും തോന്നിയാല്‍ തെറ്റു പറയാനാവില്ല. ഞാന്‍ ദൈവമാണെന്നും ദൈവത്തിന്റെ പ്രതിപുരുഷനാണെന്നും പറയുന്നതിന്റെ രാഷ്ട്രീയം ഒന്നു മാത്രമാണ്. എനിക്കെതിരെ ഒന്നും പറയാന്‍ നിങ്ങളായിട്ടില്ല. തിരുവായ്ക്ക് എതിര്‍വായില്ലാതെ ഞാന്‍ പറയുന്നതെല്ലാം കല്‍പനകളും രാജശാസനങ്ങളുമാകണം. മതവികാരമിളക്കിവിട്ട് വോട്ടു നേടാമെന്നാണ് മോദിയും സംഘവും കരുതുന്നത്. ഈ തന്ത്രങ്ങളില്‍ ജനം വീഴില്ലെന്ന് നമുക്ക് ആശ്വസിക്കാം.

Back to Top