10 Monday
March 2025
2025 March 10
1446 Ramadân 10

സംഘജീവിതത്തിന്റെ ഓര്‍മക്കുറിപ്പ്‌

റഷീദ് പരപ്പനങ്ങാടി


സമൂഹത്തില്‍ എല്ലാ കാലത്തും സ്വാധീനം ചെലുത്തിയ ഘടകങ്ങളാണ് സദാചാരബോധവും മതശിക്ഷണവും. അവയുടെ സ്വാധീനതയില്‍ നിന്ന് ചരിത്രത്തെ മാറ്റി നിര്‍ത്താനാവില്ല. മനുഷ്യന്റെ ആദികാല പ്രവര്‍ത്തനങ്ങളെ മനസ്സിലാക്കുകയും വിലയിരുത്തുകയും ചെയ്യുന്ന പ്രക്രിയ കൂടിയാണ് ചരിത്രപഠനത്തിലൂടെ നടക്കുന്നത്.
പ്രസിദ്ധ ചരിത്ര പണ്ഡിതന്‍ അബ്ദുര്‍റഹ്മാന്‍ മങ്ങാട് ക്രോഡീകരിച്ച് യുവത ബുക്സ് പ്രസിദ്ധീകരിച്ച ‘ഇ കെ മൗലവി തെരഞ്ഞെടുത്ത കൃതികള്‍’ എന്ന ഗ്രന്ഥവും ഇത്തരം ബോധതലങ്ങളെ സ്പര്‍ശിക്കുന്നതാണ്. മൗലാനാ കുഞ്ഞഹമ്മദ് ഹാജി, കെ സീതി മുഹമ്മദ്, എം സി സി അബ്ദുര്‍റഹ്മാന്‍ മൗലവി, അല്ലാമാ ശിബ്‌ലി നുഅ്മാനി, ശൈഖ് ജീലാനി തുടങ്ങിയ മണ്‍മറഞ്ഞ പണ്ഡിതന്മാരുടെ ജീവചരിത്രവും സാമൂഹികവും സാംസ്‌കാരികവുമായി 1930 മുതല്‍ 1954 വരെ പ്രമുഖ മലയാള ആഴ്ചപ്പതിപ്പുകളിലും അറബി മലയാള മാസികകളിലുമായി പടര്‍ന്നുകിടക്കുന്ന 40 പഠന ലേഖനങ്ങളുമാണ് ഈ ഗ്രന്ഥത്തില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്.
384 പേജുകളുള്ള ഈ ബൃഹദ് ഗ്രന്ഥം തുടങ്ങുന്നത് ഇസ്‌ലാമും എച്ച് ജി വെല്‍സും എന്ന ദീര്‍ഘമായ ലേഖനത്തോടെയാണ്. സി അച്യുതമേനോന്‍ മലയാളത്തിലേക്ക് മൊഴിമാറ്റം നടത്തിയ എച്ച് ജെ വെല്‍സിന്റെ ലോകചരിത്ര സംഗ്രഹം (A Short History of the World) എന്ന കൃതി. ലോകത്തെ ഒരു ചെപ്പിലടക്കം ചെയ്തപോലെ മിനുക്കിയെടുത്ത വെല്‍സിന്റെ ഈ കൃതിക്ക് തന്റേതായ വിയോജനക്കുറിപ്പുകള്‍ യുക്തിസഹമായി അടയാളപ്പെടുത്തുന്നുണ്ട്.
റസൂല്‍ തിരുമേനി ജൂതന്മാരില്‍ നിന്നുമാണ് മതത്തെപ്പറ്റി മനസ്സിലാക്കിയതെന്നും, ജൂതന്മാരില്‍ നിന്നും ക്രിസ്ത്യാനികളില്‍ നിന്നും മതം പഠിച്ച് അവയുടെ സഹായത്തോടുകൂടി ഒരു പുതിയ മതം സൃഷ്ടിക്കുകയാണ് അദ്ദേഹം ചെയ്തത് എന്നുമുള്ള വെല്‍സിന്റെ വാദത്തിന് മക്കയിലേ അതിന്റെ പരിസര പ്രദേശങ്ങളിലോ ജൂതന്മാരോ ക്രിസ്ത്യാനികളോ ഇല്ലെന്നു മാത്രമല്ല മദീനയിലേക്ക് പലായനം ചെയ്യുന്നവരെയും അദ്ദേഹം ജൂതന്മാരുമായി ഇടപെട്ടിരുന്നില്ല എന്നും ക്രിസ്തീയ മിഷനറിമാരുടെ വ്യാജ പ്രസ്താവനകളാവാം വെല്‍സിനെ ഇങ്ങനെ പറയാന്‍ പ്രേരിപ്പിച്ചതെന്നും മൗലവി വിലയിരുത്തുന്നു.
അല്‍ഇത്തിഹാദ് മാസികയുടെ പ്രഥമ ലക്കത്തില്‍ ഇന്നത്തെ മുസ്‌ലിം സമുദായം എന്ന പേരിലുള്ള ലേഖനത്തില്‍ പരസ്പരം ഭിന്നിക്കുകയും ബഹുജനമേല്‍ക്കൈ നേടിയവര്‍ പറയുന്നതെന്തോ അതാണ് മതം എന്ന് ശഠിക്കുകയും ചെയ്യുന്നവരെ – ഏതഭിപ്രായവും വ്യത്യാസവും തീര്‍പ്പാക്കാന്‍ സ്വീകരിക്കേണ്ട മാനദണ്ഡം ഖുര്‍ആനും നബിചര്യയുമാണെന്നും അതിവര്‍ക്ക് പോരേ എന്നും 1954 ല്‍ എഴുതിയ ഈ ലേഖനത്തിലൂടെ മൗലവി ചോദിക്കുന്നു. വെല്ലൂരില്‍ പോയി ഇല്‍മുല്‍ മുന്‍ത്വിഖും ഇല്‍മുല്‍ ഹിക്മത്തും പഠിച്ചതിന് ചാലിലകത്ത് കുഞ്ഞഹമ്മദ് ഹാജി കാഫിറായിപ്പോയെന്ന് വിലയിരുത്തിയിരുന്നവര്‍ പേരിനോടൊപ്പം ങഎആ എന്നെഴുതുന്നതില്‍ ഇന്ന് ഊറ്റം കൊള്ളുന്നു എന്ന വിരോധാഭാസം പച്ചയായി നമ്മുടെ മുമ്പിലുണ്ടെന്ന് മൗലാനാ കുഞ്ഞഹമ്മദ് ഹാജി എന്ന ജീവചരിത്രകൃതിയില്‍ മൗലവി വിലയിരുത്തുന്നു.
കാലത്തിന്റെ ചുമരെഴുത്തുകള്‍ വായിക്കാതെ പോവാനാവില്ലല്ലോ. അന്ന് എന്തെല്ലാം കുറ്റങ്ങള്‍ മൗലവിയില്‍ ആരോപിച്ചിരുന്നുവോ അതെല്ലാം സഹര്‍ഷം സ്വാഗതം ചെയ്യാന്‍ പിന്‍തലമുറക്കാര്‍ തയ്യാറായിരിക്കുന്നു എന്ന് കഴിഞ്ഞകാല ചരിത്രം പഠിക്കുമ്പോള്‍ നമുക്ക് മനസ്സിലാവും. പല കാര്യങ്ങളിലും ഇന്നുള്ള വാശിയും പരിഹാസവും നീര്‍ക്കുമിള പോലെ ഉടഞ്ഞുപോവുന്നതാണ്. അതാണല്ലോ കാലം തെളിയിച്ചു കൊണ്ടിരിക്കുന്നത്.
ഈ സമാഹാരത്തിലൂടെ കടന്നുപോവുമ്പോള്‍ അറിഞ്ഞോ അറിയാതെയോ ഓര്‍ത്തുപോവുന്നത് – നമ്മുടെ നാടും കുറഞ്ഞ കാലയളവില്‍ എന്തെല്ലാം മാറ്റങ്ങള്‍ക്ക് വിധേയമായി എന്നാണ്. മനുഷ്യന്റെ സംഘജീവിതത്തിന്റെ ഓര്‍മക്കുറിപ്പാണല്ലോ ചരിത്രം. ആ ചരിത്രത്തിലേക്ക് ആഴത്തില്‍ ഇറങ്ങിച്ചെന്ന് വാരിയെടുത്ത അറിവുകള്‍ – ലേഖനങ്ങളായും ജീവചരിത്രങ്ങളായും പുസ്തകാവലോകനമായും ചിട്ടപ്പെടുത്തിയ 40 പഠനങ്ങള്‍ ഈ ഗ്രന്ഥത്തില്‍ ഉള്‍പ്പെടുന്നു. അവ പുതിയ തലമുറയ്ക്ക് ഗൗരവപൂര്‍വം സമര്‍പ്പിച്ച ഈ ഗ്രന്ഥത്തിന് വിവരങ്ങള്‍ സമാഹരിച്ച അബ്ദുര്‍റഹ്മാന്‍ മങ്ങാടും പ്രസാധകരായ യുവത ബുക്‌സും അഭിനന്ദനമര്‍ഹിക്കുന്നുണ്ട്.

Back to Top