26 Friday
April 2024
2024 April 26
1445 Chawwâl 17

ആഴക്കടലിലാണവര്‍ ഇരുള്‍ തിരമാല അവരെ പൊതിഞ്ഞിരിക്കുന്നു ഇസ്‌ലാം – യുക്തിവാദസംവാദ പശ്ചാത്തലത്തില്‍ എം എം അക്ബര്‍ സംസാരിക്കുന്നു

എം എം അക്ബര്‍ /മന്‍സൂറലി ചെമ്മാട്

കുട്ടിക്കാലം, പഠനം, ജോലി
1967-ലാണ് ജനനം. പിതാവ് പരപ്പനങ്ങാടിയിലെ പരേതനായ മേലേവീട്ടില്‍ അബ്ദുറഹ്മാന്‍, മാതാവ് പരേതയായ മേലേവീട്ടില്‍ കദീസക്കുട്ടി. പ്രാഥമിക വിദ്യാഭ്യാസം പരപ്പനങ്ങാടിയില്‍. തിരൂരങ്ങാടി പി എസ് എം ഒ കോളജില്‍ നിന്ന് ഫിസിക്‌സില്‍ ബിരുദവും മദ്രാസ് സര്‍വകലാശാലയില്‍ നിന്ന് ബി എഡും പൂര്‍ത്തിയാക്കി. തുടര്‍ന്ന് അന്തമാന്‍ സ്റ്റൂവര്‍ട്ട് ഗഞ്ച് ഹൈസ്‌കൂളില്‍ അധ്യാപകനായി. നാലര വര്‍ഷത്തിനു ശേഷം പരപ്പനങ്ങാടി സൂപ്പിക്കുട്ടി നഹ മെമ്മോറിയല്‍ ഹൈസ്‌കൂളില്‍ ഫിസിക്‌സ് അധ്യാപകനായി ജോലിയില്‍ പ്രവേശിച്ചു. ജോലിയില്‍ നിന്ന് അവധിയില്‍ പ്രവേശിച്ച് പിന്നീട് കുവൈത്തിലേക്ക്. ആറു മാസത്തിനു ശേഷം നാട്ടില്‍ തിരിച്ചെത്തി. പിന്നീട് ബിസിനസ്സില്‍ ശ്രദ്ധ കേന്ദ്രീകരിച്ചു.
കുടുംബം
ഭാര്യമാര്‍: കെ എന്‍ എം ജന. സെക്രട്ടറി ആയിരുന്ന എ പി അബ്ദുല്‍ ഖാദര്‍ മൗലവിയുടെ മകള്‍ ലൈല, ആയിഷ സജ്‌ന. ഒമ്പത് മക്കള്‍.
പ്രബോധന രംഗത്തേക്ക്
മത പ്രബോധന രംഗത്തും വൈജ്ഞാനിക രംഗത്തും പ്രസംഗം, രചന തുടങ്ങിയ മേഖലകളിലും പ്രചോദനം ലഭിച്ചത് എല്ലാ നിലക്കും ഇസ്‌ലാഹീ പ്രസ്ഥാനത്തിന്റെ കര്‍മ്മവീഥിയില്‍ നിന്നാണ്. 1988-ല്‍ എം എസ് എം സംഘടിപ്പിച്ച ‘വര്‍ഗീയത വളര്‍ത്തുന്ന ചരിത്ര പഠനത്തിനെതിരെ’ കാമ്പയിനില്‍ ആണ് പ്രസംഗകനായുള്ള അരങ്ങേറ്റം. ഗ്രന്ഥ രചനയിലേക്ക് പിച്ചവെച്ചതും ഈ കാമ്പയിന്റെ ഭാഗമായി. എം എസ് എം നടത്തിയ ആദ്യ കാമ്പയിനായിരുന്നു ഇത്. ഈ തലക്കെട്ടില്‍ തന്നെ അക്കാലത്ത് ഒരു പുസ്തകം രചിച്ചു. അതായിരുന്നു ആദ്യ പുസ്തകം. എം എസ് എമ്മിന്റെ മുഖപത്രമായിരുന്ന ഇഖ്‌റഅ് മാസികയിലായിരുന്നു എഴുതിത്തുടങ്ങിയത്.

 

തിരിച്ചറിവിന്റെ അന്തമാന്‍ നാളുകള്‍
അന്തമാനില്‍ ജോലി ചെയ്ത കാലം ജീവിതത്തിന്റെ പ്രധാനപ്പെട്ട ഒരു വഴിത്തിരിവായിരുന്നു. ഒഴിവ് സമയം ഏറെയുള്ളതിനാല്‍ വായനക്കും പഠനത്തിനും വളരെ ഉപകാരപ്പെട്ടു. അന്തമാനിലെ ചിന്മയാനന്ദ മിഷനിലെ സ്വാമി സമര്‍ഥ ചൈതന്യയുമായി പരിചയപ്പെട്ടത് വലിയൊരു നിമിത്തമായിരുന്നു. ആ ബന്ധത്തിലൂടെ ആശ്രമത്തിലെ ലൈബ്രറി ഉപയോഗിക്കാന്‍ അനുവാദം കിട്ടി. ഹിന്ദു മതത്തെ കുറിച്ച് ഗഹനമായി പഠിക്കുന്നത് ഇവിടെ വെച്ചാണ്. സ്വാമി സംസ്‌കൃതം പഠിപ്പിച്ച് തരിക കൂടി ചെയ്തപ്പോള്‍ ഈ പഠനം ഏറെ സുഗമമായി. ചിന്മയാനന്ദ സ്വാമിയുമായി കാണാനും സംസാരിക്കാനും ഖുര്‍ആന്‍ സമ്മാനിക്കാനുമൊക്കെ കഴിഞ്ഞത് ഈ ആശ്രമവുമായുള്ള ബന്ധത്തിലൂടെയാണ്.

അന്തമാന്‍ ഇസ്‌ലാമിക് സെന്ററിന്റെ പിറവി
ലൈറ്റ് ഓഫ് അന്തമാന്‍ എന്ന മാഗസിന്റെ എഡിറ്ററായിരുന്ന പരശുറാം അക്കാലത്തൊരിക്കല്‍ പ്രവാചകനെ കുറിച്ച് വളരെ മോശമായി പ്രതിപാദിച്ച് കൊണ്ട് ഒരു ലേഖനമെഴുതി. ഇതു കണ്ട ഞാന്‍ അയാള്‍ക്കൊരു കത്തയച്ചു. അയാളുടെ ലേഖനത്തിനൊരു മറുപടി അയച്ച് തന്നാല്‍ പ്രസിദ്ധീകരിക്കുമോ എന്ന് ചോദിച്ചായിരുന്നു കത്ത്. ആ കത്തില്‍ ഇസ്‌ലാമിക് സെന്റര്‍ എന്ന വിലാസമായിരുന്നു പേരിനൊപ്പം വെച്ചത്. ഒരു അഡ്രസ്സ് വെക്കാന്‍ വേണ്ടിയായിരുന്നു അങ്ങനെ പ്രയോഗിച്ചതെങ്കിലും അന്തമാന്‍ ഇസ്ലാമിക് സെന്റര്‍ സ്ഥാപിക്കപ്പെട്ടത് ഇങ്ങനെയായിരുന്നു.
വൈകാതെ പരശുറാമിന്റെ മറുപടി വന്നു. വി എച്ച് പിയുടെ കീഴില്‍ ആന്ധ്രയില്‍ നിന്ന് ഇറങ്ങുന്ന ‘ഹിന്ദു വിശ്വ’ എന്ന പ്രസിദ്ധീകരണത്തില്‍ നിന്നാണ് പ്രസ്തുത ലേഖനം എടുത്തതെന്നും മറുപടി അവര്‍ക്കയച്ചാല്‍ മതി എന്നും താന്‍ അത് പ്രസിദ്ധീക്കരിക്കില്ല എന്നുമായിരുന്നു അതിന്റെ ഉള്ളടക്കം. പിന്നീട് നമ്മള്‍ ഒരു ലഘുലേഖ പ്രസിദ്ധീകരിച്ചു. അതേ സമയം, പരശുറാം മാപ്പ് പറയണമെന്ന ആവശ്യവും ഉയര്‍ന്നു. മുസ്‌ലിംകള്‍ക്കെതിരില്‍ വളരെ പ്രകോപനമായ ആ ലേഖനത്തിനെതിരില്‍ ജനവികാരം ശക്തമായി. സാമുദായിക സൗഹാര്‍ദാന്തരീക്ഷം തകര്‍ക്കാന്‍ ആസൂത്രിതമായി ശ്രമിക്കുന്നവര്‍ക്കെതിരില്‍ നടപടിയുണ്ടാവണമെന്ന് മുസ്‌ലിംകള്‍ അധികൃതര്‍ക്ക് നിവേദനം നല്‍കി. അപ്പോള്‍ പരശുറാം എതിരിലും രംഗത്തെത്തി. അങ്ങനെ വിഷയം കോടതി കേസായി. കേസില്‍ ഞാനും ഒരു കക്ഷിയായി.
കുറച്ച് ദിവസം കഴിഞ്ഞ് എനിക്ക് അമേരിക്കയില്‍ നിന്ന് ഡോ. ബാബു സുശീലന്‍ എന്നയാളുടെ പേരില്‍ ഒരു കത്ത് വന്നു. എന്റെ ലേഖനത്തിന് മറുപടി മാത്രമല്ല, അത്യാവശ്യം ഭീഷണിയും ഉള്‍ക്കൊണ്ടതായിരുന്നുവത്. എം എം അക്ബര്‍, ഇസ്ലാമിക് സെന്റര്‍, അന്തമാന്‍ എന്ന വിലാസത്തില്‍ തപാലിലാണ് കത്ത് വന്നത്. ഫാസിസം വളരുന്ന വഴിയും അതിനു പിന്നിലെ ആസൂത്രിതമായ ഒരുക്കങ്ങളും അന്ന് ഞാന്‍ മനസ്സിലാക്കി. ഇസ്ലാം വിമര്‍ശനവും ഇസ്‌ലാം ഫോബിയയുമൊന്നും ഇന്ന് നമുക്ക് അപരിചിതമല്ലല്ലോ. പക്ഷെ അങ്ങനെയൊന്നും ആരുടെയും ചിന്തയിലേക്ക് പോലും വരാത്ത ആ കാലത്ത് തന്നെ അമേരിക്കയൊക്കെ കേന്ദ്രീകരിച്ച് പല മുന്നൊരുക്കങ്ങളും നടക്കുന്നുവെന്ന് വിളിച്ച് പറയുന്നതായിരുന്നു ആ കത്ത്.
ആ കത്തിലെ വരികളില്‍ അന്ന് അജ്ഞാതമായ പലതും പ്രവചിക്കുന്നത് പോലെയായിരുന്നു. ഇസ്ലാമിനെ കുറിച്ച് തെറ്റിധാരണകള്‍ പരത്തുക എന്നത് വളരെ സമര്‍ഥമായ ഒരു ഗൂഢാലോചനയുടെ ഫലമാണെന്നും മുസ്‌ലിംകളെ പ്രകോപിപ്പിച്ചും അവരില്‍ അരക്ഷിത ബോധമുണ്ടാക്കിയും ‘മുസ്ലിം തീവ്രവാദ’ത്തിന് വിത്തും വളവുമിട്ട് കൊടുക്കാന്‍ വലിയ ശ്രമങ്ങള്‍ ആരംഭിച്ചിട്ടുണ്ടെന്നുമൊക്കെ പറയാതെ പറയുന്നുണ്ടായിരുന്നു അതിലെ വരികള്‍. ഇപ്പോള്‍ നമ്മള്‍ സാക്ഷിയാവുന്ന ധ്രുവീകരണത്തിലേക്കുള്ള ചുവടുവെപ്പുകളായിരുന്നുവതെന്ന് നമ്മള്‍ തിരിച്ചറിയുകയാണ്.

ഓപ്പണ്‍ ഡിബേറ്റിലേക്ക്
ഡോ. ബാബു സുശീലന്റെ കത്ത് നല്‍കിയ സൂചനകളാണ് സത്യത്തില്‍ തുറന്ന സംവാദങ്ങളിലേക്കും ചോദ്യോത്തര പരിപാടികളിലേക്കും എന്നെ കൊണ്ടെത്തിച്ചത്. ഇസ്‌ലാമിനെ കുറിച്ച് സമൂഹത്തില്‍ തെറ്റായ ധാരണകള്‍ പ്രചരിപ്പിക്കുക എന്നതായിരുന്നു ഫാസിസ്റ്റുകളുടെ രീതി എന്ന് മനസ്സിലാക്കിയപ്പോള്‍ മനസ്സിലുയര്‍ന്ന ആശയമായിരുന്നുവത്. ആര്‍ക്കും എപ്പോഴും എവിടെ വെച്ചും ഇസ്‌ലാമിനെ കുറിച്ച സംശയങ്ങള്‍ക്ക് നിവൃത്തി ലഭിക്കണം. മക്തി തങ്ങളുടെ ചരിത്രം ജീവിതത്തില്‍ ഒരാവേശമായിരുന്നു. വക്കം മൗലവിയുടെ ഇസ്‌ലാം മത സിദ്ധാന്ത സംഗ്രഹം എന്ന പുസ്തകം ആദ്യകാല പഠനത്തില്‍ വെളിച്ചം പകര്‍ന്നു. അഹ്മദ് ദീദാത്തിനെ പോലുള്ള പണ്ഡിതന്മാരുടെ പ്രബോധന ശൈലി മനസ്സിലിടം നേടിയിരുന്നു. ഇസ്ലാമിനെ കുറിച്ച തെറ്റിദ്ധാരണയകറ്റാനും ദുരാരോപണങ്ങളെ ചെറുക്കാനും ഈ വഴിയിലേക്കിറങ്ങുമ്പോള്‍ കരുത്തേകിയത് ഇതൊക്കെയായിരുന്നു.

ക്രിസ്തുമതത്തെ കുറിച്ച പഠനം
ബിരുദ വിദ്യാര്‍ഥിയായിരിക്കെ തന്നെ ക്രിസ്തുമതത്തെ കുറിച്ച് താല്പര്യപൂര്‍വം പഠിച്ചിരുന്നു. പി എസ് എം ഒയില്‍ അധ്യാപകനായിരുന്ന എ കെ അബ്ദുല്‍ ഗഫൂര്‍, എന്‍ വി സാലിം അരീക്കോട്, സമദ് എളാപ്പ എന്നറിയപ്പെട്ടിരുന്ന എന്‍ പി അലിഹസ്സന്‍ തുടങ്ങിയവരൊക്കെയായിരുന്നു ഈ പഠനത്തില്‍ കൂട്ട്. ചിന്മയാനന്ദ മിഷനിലെ ലൈബ്രറി വഴിയായിരുന്നു ഹൈന്ദവ ഗ്രന്ഥങ്ങളെയും വിശ്വാസ സംസ്‌കാരത്തെയും പഠിച്ചറിഞ്ഞതെങ്കില്‍ ക്രൈസ്തവ മതത്തിന്റെ വിശദാംശങ്ങള്‍ പഠിക്കാന്‍ പ്രചോദിപ്പിച്ചത് കുറെ അനുഭവങ്ങളായിരുന്നു. കോളജ് പഠന കാലത്ത് ഗഫൂര്‍ സാറോടൊത്ത് പല ചര്‍ച്ചുകളിലും മറ്റും സന്ദര്‍ശിക്കുകയും അച്ചന്മാരെ കണ്ട് സംസാരിക്കുകയും ചെയ്യാറുണ്ടായിരുന്നു.
അക്കാലത്ത് പരപ്പനങ്ങാടി കോടതിയില്‍ ക്രിസ്തുമത പ്രചാരകന്‍ കൂടിയായ ഒരു ജഡ്ജി വന്നു. അദ്ദേഹം താമസമാക്കിയത് അഞ്ചപുരയില്‍ ഞങ്ങളുടെ മെഡിക്കല്‍ ഷോപ്പിനു മുകളിലായിരുന്നു. അദ്ദേഹം മുറി പൂട്ടി പോവുമ്പോള്‍ ചാവി ഏല്‍പ്പിക്കാനായി എന്നും കടയില്‍ വരും. അപ്പോഴെല്ലാം ക്രിസ്തുമതവുമായി ബന്ധപ്പെട്ട് എന്തെങ്കിലുമൊക്കെ പറയും. ഇക്കാര്യം ഞാന്‍ സമദ് എളാപ്പയോട് പറഞ്ഞു. അപ്പോള്‍ അദ്ദേഹം എനിക്ക് ചില ചോദ്യങ്ങള്‍ തന്നു. അതുമായി ഞാന്‍ ജഡ്ജിയുടെ അടുത്ത് പോയി. ക്രിസ്തുമതത്തെ കുറിച്ച് അറിയാനാണെന്ന് പറഞ്ഞപ്പോള്‍ അദ്ദേഹത്തിന് ഭയങ്കര സന്തോഷം. മീശമുളക്കാത്ത ഒരു മുസ്ലിം പയ്യന്‍ ക്രിസ്തുമതം പഠിക്കാന്‍ വന്നത് വലിയൊരു കാര്യമായി അദ്ദേഹം പറഞ്ഞു.
പിന്നീട് വലിയൊരു ക്ലാസ് തന്നെയായിരുന്നു. അത് കഴിഞ്ഞ് ഞാന്‍ ചോദ്യം ചോദിച്ചു. ചോദ്യം കേട്ടതോടെ അദ്ദേഹം ആകെ പതറി. ഇത്രയും പണ്ഡിതനും പ്രചാരകനുമായ ഒരാള്‍ കേവലം ഒരൊറ്റ ചോദ്യത്തില്‍ തന്നെ വിയര്‍ത്തത് എനിക്ക് വലിയ ആത്മവിശ്വാസമാണ് നല്‍കിയത്. ക്രിസ്തുമതത്തെ കുറിച്ചുള്ള ആഴത്തിലുള്ള പഠനത്തിലേക്ക് എന്നെ പ്രേരിപ്പിച്ചത് ഈ അനുഭവമായിരുന്നു.

മത താരതമ്യ പഠനം
മത താരതമ്യ പഠനത്തില്‍ താല്പര്യം ജനിച്ചത് 1988-ലെ എം എസ് എം സമ്മേളനത്തോടെയായിരുന്നു. ‘ഏകമാനവതക്ക് ഏകദൈവ വിശ്വാസം’ എന്നതായിരുന്നു അന്നത്തെ സമ്മേളന പ്രമേയം. പ്രസംഗ രംഗത്ത് സജീവമായി വരുന്ന കാലം കൂടിയായിരുന്നുവത്. പ്രചരണ യോഗങ്ങളില്‍ പ്രസംഗിക്കുമ്പോള്‍, എല്ലാ മതത്തിന്റെയും അടിസ്ഥാനം ഏകദൈവ വിശ്വാസമാണെന്ന് സ്ഥാപിക്കുന്നതിനായി വിവിധ മതങ്ങളുടെ ഗ്രന്ഥങ്ങള്‍ പഠിക്കാന്‍ തുടങ്ങി. അത് കാര്യമായി പഠിക്കേണ്ടതും പഠിപ്പിക്കേണ്ടതുമായ വിഷയമാണെന്ന് ബോധ്യമായത് അങ്ങനെയാണ്.

ശബാബ്, ഇസ്‌ലാം വാള്യം
പരപ്പനങ്ങാടി എസ് എന്‍ എം ഹൈസ്‌കൂളില്‍ നിന്ന് രണ്ട് വര്‍ഷത്തെ സേവനത്തിനു ശേഷം അവധിയെടുത്തത് ‘യുവതയുടെ ഇസ്‌ലാം അഞ്ച് വാള്യങ്ങള്‍’ ഗ്രന്ഥപരമ്പരയുടെ പ്രവര്‍ത്തനങ്ങള്‍ക്കായാണ്. ഇസ്‌ലാം ഒന്നാം വാള്യത്തിന്റെ മൂന്നില്‍ രണ്ട് ഭാഗവും എഴുതിയത് ഞാനായിരുന്നു. ശബാബിന്റെ സബ് എഡിറ്ററായി കുറേ കാലം പ്രവര്‍ത്തിച്ചു. രചനാ രംഗത്തും ഗവേഷണ രംഗത്തുമൊക്കെ ഈ പരിചയം ഏറെ ഊര്‍ജ്ജം നല്‍കി.

നിച്ച് ഓഫ് ട്രൂത്തിലേക്ക്
കോളേജില്‍ പഠിക്കുന്ന കാലത്ത് ഒരിക്കല്‍, ഏതോ സ്ഥലത്ത് യുക്തിവാദിയായ വ്യക്തിയുടെ മൃതദേഹം പള്ളി ഖബര്‍സ്ഥാനില്‍ ഖബറടക്കാന്‍ സമ്മതിച്ചില്ല എന്ന ഒരു വിവാദമുണ്ടായി. അതുമായി ബന്ധപ്പെട്ട് ‘നാം ശവം പേറികള്‍ മാത്രമോ’ എന്ന ഒരു ലേഖനം ശബാബില്‍ പ്രസിദ്ധീക്കരിക്കപ്പെട്ടു. അബ്ദുറഹ്മാന്‍ ഇരിവേറ്റിയായിരുന്നു അതിന്റെ രചയിതാവ് എന്നാണോര്‍മ്മ. അത് ലഘുലേഖ രൂപത്തില്‍ സൗണ്ട് ഓഫ് ട്രൂത്ത്, പരപ്പനങ്ങാടി എന്ന പേരില്‍ ഞങ്ങള്‍ ഇറക്കി. അതിനു താഴെ ‘ഇസ്ലാമിനെ കുറിച്ച് പരിചയപ്പെടാന്‍ ആഗ്രഹിക്കുന്നവര്‍ ബന്ധപ്പെടുക’ എന്ന് വെച്ച് പരപ്പനങ്ങാടി ഇസ്ലാഹി സെന്ററിന്റെ അഡ്രസ്സ് കൊടുത്തു. ഇതേ സമയത്താണ് എന്‍ വി സാലിം അരീക്കോട്ട് നിച്ച് ഓഫ് ട്രൂത്ത് തുടങ്ങുന്നത്. അദ്ദേഹത്തിന്റെ നിര്‍ദ്ദേശ പ്രകാരമാണ് സൗണ്ട് ഓഫ് ട്രൂത്തിന്റെ പേരും നിച്ച് ഓഫ് ട്രൂത്ത് എന്നാക്കി മാറ്റി പ്രവര്‍ത്തനം ഏകോപിപ്പിച്ചത്. പിന്നീട് അന്തമാനില്‍ പോയപ്പോള്‍ നിച്ച് ഓഫ് ട്രൂത്തിന്റെ പേരില്‍, ക്രൈസ്തവ ദൈവസങ്കല്‍പം ഒരു മിഥ്യ, ശാസ്ത്രം മതം മനുഷ്യന്‍ എന്നീ പുസ്തകങ്ങള്‍ എഴുതി. ശബാബില്‍ ഖണ്ഡശ പ്രസിദ്ധീകരിച്ചതായിരുന്നു രണ്ടും. അന്ന് എന്‍ വി സകരിയ്യയും കെ വി മൂസ സുല്ലമിയുമായിരുന്നു നിച്ചിന് നേതൃത്വം നല്‍കിയിരുന്നത്.

മറ്റു രചനകള്‍
കുറെ എഴുതിയിട്ടുണ്ട്. ശബാബ്, അല്‍മനാര്‍, സ്‌നേഹ സംവാദം, ഇഖ്‌റഅ്, സര്‍ഗവിചാരം തുടങ്ങിയ പ്രാസ്ഥാനിക പ്രസിദ്ധീകരണങ്ങളിലും അല്ലാതെയും എഴുതി. പ്രബോധന പ്രധാനമായിരുന്നു എല്ലാം. പലതും പുസ്തകങ്ങളായി. ഗ്രന്ഥങ്ങള്‍ എന്ന നിലക്ക് തന്നെ വേറെയും കുറെ എഴുതിയിട്ടുണ്ട്. ഹൈന്ദവത: ധര്‍മ്മവും ദര്‍ശനവും അന്തമാന്‍ നാളുകളില്‍ എഴുതിയതാണ്. ബാബരി മസ്ജിദ് തകര്‍ക്കപ്പെടുന്നതിനു മുന്‍പ് ആ പ്രശ്‌നം കത്തിനില്‍ക്കുമ്പോഴായിരുന്നു ഫാസിസം വളരുന്ന വഴി എഴുതിയത്. ആദ്യം ശബാബില്‍ തുടര്‍ ലേഖനമായി പ്രസിദ്ധീകരിച്ച ഇത് പുസ്തകമാക്കാന്‍ താല്പര്യമെടുത്തതും ഇതിന് തലക്കെട്ട് നല്‍കിയതും അബൂബക്കര്‍ കാരക്കുന്നായിരുന്നു. ബൈബിളിന്റെ ദൈവികത വിമര്‍ശനങ്ങള്‍ വസ്തുതകള്‍, ഖുര്‍ആനിന്റെ മൗലികത, ആകാശം അത്ഭുതം, അല്ലാഹുവിനെ അറിയുക, മുതലാളിത്തം മതം മാര്‍ക്‌സിസം, സ്ത്രീ ഇസ്ലാമിലും ഇതര വേദങ്ങളിലും, ഇസ്ലാം സത്യമാര്‍ഗം, ദൈവമുണ്ടോ?, യേശു മഹാനായ പ്രവാചകന്‍, അല്ലാഹുവിനെ അറിയുക, ഫാസിസത്തോട് മുഖാമുഖം, ഇന്ത്യ നമ്മുടേതാണ്, പദാര്‍ഥത്തിന്റെ പൊരുള്‍, മനുഷ്യശരീരം ഒരു അത്ഭുത സൃഷ്ടി, സാമ്പത്തിക പ്രതിസന്ധി; പ്രശ്‌നം അപഗ്രഥനം പരിഹാരം, ഖുര്‍ആന്‍ തിരുത്തലുകളില്ലാത്ത ഗ്രന്ഥം, ഭ്രൂണ വിജ്ഞാനീയം ഖുര്‍ആനിലും ഹദീസുകളിലും, ഹദീസിന്റെ പ്രാമാണികത തുടങ്ങിയ കുറെ ഗ്രന്ഥങ്ങള്‍ രചിക്കാന്‍ സാധിച്ചിട്ടുണ്ട്.

കരുത്തായവര്‍
പ്രബോധന വീഥിയില്‍ കരുത്തും ഉണര്‍വും പകര്‍ന്നവര്‍ ഒട്ടേറെയാണ്. മരണപ്പെട്ടവരും ജീവിച്ചിരിക്കുന്നവരുമായ നിരവധി ആദരണീയ പണ്ഡിതര്‍ ഒപ്പം നിന്നും കൈപിടിച്ചും ധൈര്യവും ആത്മവിശ്വാസവും പകര്‍ന്നു. ഇക്കൂട്ടത്തില്‍ ആദ്യം പറയേണ്ട പേര് ചെറിയമുണ്ടം അബ്ദുല്‍ഹമീദ് മദനിയുടേതും കെ കെ മുഹമ്മദ് സുല്ലമിയുടേതുമാണ്. ചെറിയമുണ്ടം ഒരു ആവേശം മാത്രമല്ല, ധൈര്യം കൂടിയായിരുന്നു. ഏതൊരു വിഷയം പഠിക്കുമ്പോഴും ചെറിയമുണ്ടവുമായി ചര്‍ച്ച ചെയ്യും. അതോടെ ഏറ്റവും കൃത്യമായ വീക്ഷണം ലഭിക്കും. അദ്ദേഹത്തിന്റെ വിയോഗം വല്ലാത്തൊരു ശൂന്യതയാണുണ്ടാക്കിയത്. എം എസ് എം കാലത്ത് കെ കെയുടെ വര്‍ക്‌ഷോപ്പുകള്‍ ജീവിതത്തില്‍ വലിയ സ്വാധീനമാണുണ്ടാക്കിയത്. കൃത്യമായ ഒരു ലക്ഷ്യം രൂപപ്പെട്ടതും അതിനനുസൃതമായി വ്യക്തിത്വം ചിട്ടപ്പെടുത്തിയതും കെ കെ യുടെ പരിശീലനങ്ങളില്‍ നിന്നാണ്. കെ പി മുഹമ്മദ് മൗലവി, ഉസ്മാന്‍ സാഹിബ്, ഉമര്‍ മൗലവി, എ പി അബ്ദു ഖാദിര്‍ മൗലവി തുടങ്ങി നിരവധി ഇസ്ലാഹീ പണ്ഡിതന്‍മാര്‍ ഈ രംഗത്ത് മാര്‍ഗദര്‍ശികളും മാതൃകയുമായിട്ടുണ്ട്.
സംവാദ ശൈലി
ആദര്‍ശപ്രബോധനത്തിന്റെ മാര്‍ഗങ്ങളിലൊന്നായി ഖുര്‍ആന്‍ നിര്‍ദ്ദേശിക്കുന്നത് നല്ല രീതിയിലുള്ള സംവാദങ്ങളാണ്. ഇസ്‌ലാമിക ചരിത്രത്തില്‍ അത്തരം സംവാദങ്ങള്‍ നിരവധി കാണാവുന്നതാണ്. ”യുക്തിദീക്ഷയോടെയും സദുപദേശം മുഖേനയും നിന്റെ രക്ഷിതാവിന്റെ മാര്‍ഗത്തിലേക്ക് നീ ക്ഷണിച്ച് കൊള്ളുക. ഏറ്റവും നല്ല രീതിയില്‍ അവരുമായി സംവാദം നടത്തുകയും ചെയ്യുക” എന്ന വിശുദ്ധ ഖുര്‍ആന്റെ ആശയം പൂര്‍ണമായും ഉള്‍ക്കൊണ്ടുകൊണ്ടുള്ള സംവാദങ്ങളാണ് നമ്മള്‍ നടത്തിവരുന്നത്. വീറും വാശിയും വളര്‍ത്തുകയോ ജയിച്ച് ജനങ്ങളുടെ അംഗീകാരം നേടുകയോ വൈകാരിക വിക്ഷോഭങ്ങളുണ്ടാക്കുകയോ ചെയ്യാനായി സംവാദങ്ങള്‍ നടത്തുകയെന്നത് മുസ്ലിമിന് അചിന്ത്യമാണ്. മാന്യമായി സത്യം മനസ്സിലാക്കിക്കൊടുക്കാനുള്ള സംവാദ മാതൃക ആലുഇംറാന്‍ 64-ാം സൂക്തത്തില്‍ വരച്ച് കാണിക്കുന്നുണ്ട്. സംവാദങ്ങള്‍ നല്ല നിലയിലും ഗുണകാംക്ഷയോടെയും പരസ്പര ബഹുമാനത്തോടെയുമാവണമെന്നതാണ് ഇസ്ലാമിന്റെ താല്പര്യം.
വിവേകവും പക്വതയും നിറഞ്ഞ് നില്‍ക്കേണ്ട മേഖലയാണിത്. നാട്ടുഭാഷ പ്രകാരമുള്ള ജയിച്ചടക്കലോ പൊളിച്ചടക്കലോ ഊറ്റം കൊള്ളലോ അല്ല മത സംവാദങ്ങളുടെ ലക്ഷ്യങ്ങള്‍. വ്യത്യസ്ത മത വിഭാഗങ്ങള്‍ തമ്മില്‍ സൗഹൃദപൂര്‍ണമായ സഹവര്‍ത്തിത്വമാണുണ്ടാവേണ്ടത്. ഇന്ത്യയെ പോലുള്ള ബഹുമത മതനിരപേക്ഷ സാമൂഹിക സംവിധാനത്തില്‍ ഇത്തരം സഹവര്‍ത്തിത്വം ഏറെ പ്രധാനവും രാഷ്ട്ര പുരോഗതിക്ക് അനിവാര്യവുമാണ്. മതവിശ്വാസികള്‍ പരസ്പരം അറിയുകയും ആശയങ്ങള്‍ കൈമാറുകയും ചെയ്യുക വഴിയാണ് യഥാര്‍ഥത്തിലുള്ള സൗഹൃദമുണ്ടാവുക. ഓരോരുത്തരും തങ്ങള്‍ വിശ്വസിച്ചാദരിക്കുന്ന ആദര്‍ശങ്ങള്‍ സത്യസന്ധവും മോക്ഷപ്രാപ്തിക്ക് നിമിത്തമായ മാര്‍ഗവുമാണെന്ന് ഉറച്ച് വിശ്വസിക്കുമ്പോള്‍ തന്നെ അപരനും അയാളുടെ ആദര്‍ശത്തെക്കുറിച്ച് അങ്ങനെ വിശ്വസിക്കാനുള്ള സ്വാതന്ത്ര്യമുണ്ടെന്ന് അംഗീകരിക്കുകയും ആ സ്വാതന്ത്യത്തെ ചോദ്യം ചെയ്യാതെ തന്നെ രണ്ട് ആശയങ്ങളുടെയും സത്യതയെക്കുറിച്ച് പരസ്പരം സംവദിക്കുകയും ചെയ്യുമ്പോള്‍ സ്‌നേഹവും സൗഹൃദവും വര്‍ധിക്കുക മാത്രമേ ചെയ്യൂ.
സംവാദാനുഭവങ്ങള്‍
രാജ്യത്തിനകത്തും പുറത്തും കുറേ സ്‌നേഹ സംവാദങ്ങള്‍ സംഘടിപ്പിച്ചു. എതിര്‍ വീക്ഷണക്കാരുമായാണല്ലോ സംവാദങ്ങള്‍ നടക്കുക. ഇത്രയധികം സംവാദങ്ങള്‍ നടത്തിയിട്ടും അതില്‍ പങ്കെടുത്ത ആരും ശത്രുക്കളായിട്ടില്ല എന്നത് തന്നെയാണ് ഏറെ ആശ്വാസകരമായ സംവാദാനുഭവം. പെരിന്തല്‍മണ്ണയില്‍ നടന്ന ഹൈന്ദവത, ഇസ്ലാം എന്ന സംവാദത്തില്‍ അന്നത്തെ വി എച്ച് പി പ്രസിഡന്റ് ഡോ. പൂന്തേഴത്ത് രാമചന്ദ്രനായിരുന്നു ഹൈന്ദവതയെ പ്രതിനിധീകരിച്ച് പങ്കെടുത്തത്. അദ്ദേഹത്തെ സഹായിക്കാനായി കേസരി പത്രാധിപര്‍ ഗോപാലന്‍ കുട്ടി മാസ്റ്ററും ഉണ്ടായിരുന്നു. സംവാദം കഴിഞ്ഞപ്പോള്‍ പൂന്തേഴത്ത് രാമചന്ദ്രന്‍ വന്ന് വളരെ അഭിനന്ദിക്കുകയും ഇസ്ലാമിനെ കുറിച്ച പല തെറ്റിധാരണകള്‍ നീങ്ങിയെന്നും കൂടൂതല്‍ ഗൗരവതരമായ പഠനം അര്‍ഹിക്കുന്ന ദര്‍ശനമാണ് ഇസ്ലാം എന്ന് ഈ നാലു മണിക്കൂര്‍ സംവാദം എന്നെ ബോധ്യപ്പെടുത്തിയെന്നുമൊക്കെ പറയുകയുണ്ടായി. സംവാദങ്ങളിലെ നല്ലൊരോര്‍മ്മയാണത്.
ആ സംവാദത്തിന് മറ്റൊരു പ്രത്യേകത കൂടിയുണ്ടായിരുന്നു. അതിന് മുന്‍പ് അവിടെ ഉമര്‍ മൗലവി സംഘടിപ്പിച്ച മറ്റൊരു സംവാദം നടന്നിരുന്നു. ആ സംവാദത്തില്‍ ഇസ്ലാമിനെതിരെ വളരെ പുച്ഛിച്ച് ചോദ്യം ചോദിച്ചിരുന്ന ഒരാള്‍ പിന്നീട് ഇസ്‌ലാം മതം സ്വീകരിച്ച് ഈ സംവാദത്തിന്റെ സംഘാടകരിലൊരാളായി ഉണ്ടായിരുന്നു. സഹോദരന്‍ അബ്ദുല്ല ഹാരിസ്.
ഇരുപത് വര്‍ഷം മുന്‍പ് ഒരിക്കല്‍ തൃശ്ശൂരിലെ ഒരു പ്രൊഫഷണല്‍ കോളജില്‍ വെച്ച് ഒരു സംവാദം നടന്നു. അതില്‍ പങ്കെടുത്ത സ്വാമി, ഖുര്‍ആനിലെ ചില വചനങ്ങള്‍ ഉദ്ധരിച്ച് ഈ ഖുര്‍ആന്‍ പിന്‍പറ്റി എങ്ങനെയാണ് ഒരു മതനിരപേക്ഷ രാജ്യത്ത് ജീവിക്കാന്‍ കഴിയുക എന്ന് ചോദിച്ചു. അല്ലാഹുവിന്റെ അനുഗ്രഹത്താല്‍ എനിക്ക് ആ സൂക്തങ്ങളും അവയുടെ പശ്ചാത്തലങ്ങളും കൃത്യമായി വിശദീകരിക്കാന്‍ കഴിഞ്ഞു. സംവാദം കഴിഞ്ഞതിനു ശേഷം സ്വാമി വളരെ സന്തോഷത്തോടെ എന്നോട് നന്ദി പറയുകയുണ്ടായി. ഒരു പുസ്തകത്തില്‍ നിന്ന് ലഭിച്ച വിവരമനുസരിച്ച് പത്ത് കൊല്ലമായി മനസ്സില്‍ കൊണ്ടു നടന്ന വലിയൊരു തെറ്റിധാരണയാണ് നിങ്ങള്‍ തിരുത്തിത്തന്നത് എന്നദ്ദേഹം പറഞ്ഞു. ഏറെ സന്തോഷം തോന്നിയ നിമിഷങ്ങളായിരുന്നുവത്.
വിശുദ്ധ ഖുര്‍ആന്റെ വചനങ്ങള്‍ അടര്‍ത്തിയെടുത്തും മുറിച്ച് മാറ്റിയുമൊക്കെ ഹൈന്ദവര്‍ക്കിടയില്‍ തെറ്റിധാരണകള്‍ വളര്‍ത്തിയെടുക്കുന്ന ഗൂഢശ്രമങ്ങള്‍ ആസൂത്രിതമായി നടന്ന് വരുന്നുണ്ടെന്ന് കൂടുതല്‍ ബോധ്യപ്പെട്ട സംഭവം കൂടിയായിരുന്നുവത്.
ഇപ്രകാരം ഒരൊറ്റ ഡിബേറ്റില്‍ തന്നെ എതിര്‍പക്ഷത്തുള്ളവരുടെയും ശ്രോതാക്കളുടെയും ഇസ്‌ലാമിനെ കുറിച്ച നിരവധി വികല ധാരണകള്‍ തിരുത്തിക്കൊടുക്കാന്‍ കഴിഞ്ഞ ധാരാളം അനുഭവങ്ങളുണ്ടായിട്ടുണ്ട്.

സമുദായ ശാക്തീകരണം
ഇത്തരം പരിപാടികള്‍ കൊണ്ടുദ്ദേശിക്കുന്ന കാര്യങ്ങളില്‍ പ്രധാനപ്പെട്ട ഒന്നാണ് സമുദായ ശാക്തീകരണം. വൈകാരികമായ പ്രതികരണങ്ങള്‍ ഇല്ലാതാവും എന്നതാണ് ഈ ശാക്തീകരണത്തിന്റെ ഗുണഫലം. അപകര്‍ഷതാ ബോധത്തിന്റെയോ നിസ്സഹായതയുടേയോ ഉല്പന്നമാണ് സംവാദങ്ങളിലെ വൈകാരിക പ്രകടനങ്ങള്‍. ബഹളവും കോലാഹലവും ചീത്ത പറച്ചിലും കയ്യേറ്റങ്ങളും തോജോവധവുമൊക്കെ സംവാദങ്ങളുടെ മുഖമുദ്രയായത് അങ്ങനെയാണ്. നമ്മുടെ പക്കല്‍ നൂറുശതമാനം നേരും ന്യായവുമുണ്ടെന്ന ബോധ്യം ഇത്തരം സന്ദര്‍ഭങ്ങളില്‍ മാന്യതയും വിവേകവും മുറുകെ പിടിക്കാന്‍ പ്രചോദിപ്പിക്കും.
ഒരിക്കല്‍ എറണാകുളത്ത് നിച്ച് ഓഫ് ട്രൂത്തില്‍ നില്‍ക്കുമ്പോള്‍ രണ്ട് ചെറുപ്പക്കാര്‍ വന്നു. പ്രാസ്ഥാനികമായി എതിര്‍ ചേരിയിലുള്ളവരാണെന്ന് കാഴ്ചയില്‍ തന്നെ മനസ്സിലായി. അവരുടെ നാട്ടില്‍ കഴിഞ്ഞ ദിവസം ഒരു യുക്തിവാദി വളരെ മോശമായ ഒരു പ്രസംഗം നടത്തിയിരുന്നുവത്രെ. ഭാഷയും ശൈലിയും ആരോപണങ്ങളും അതി രൂക്ഷമായപ്പോള്‍ ആളുകള്‍ അവര്‍ക്കെതിരെ തിരിഞ്ഞു. ഈ വന്ന സഹോദരങ്ങള്‍ ആ ആളുകളെ തടഞ്ഞു. നിങ്ങളിപ്പോള്‍ ഒന്നും ചെയ്യരുത്, നമുക്ക് മറ്റന്നാള്‍ ഒരു മറുപടി വെക്കാം എന്ന് പറഞ്ഞ് സമാധാനിപ്പിച്ചു. ആളുകള്‍ക്ക് സന്തോഷമായി. ഇക്കാര്യവുമായി ബന്ധപ്പെട്ടാണ് അവരുടെ വരവ്. നമുക്ക് ഏത് ആരോപണങ്ങള്‍ക്കും കൃത്യമായ മറുപടിയുണ്ട് എന്ന അവരുടെ ആത്മവിശ്വാസമുണ്ടല്ലോ, അതാണ് ഈ പറഞ്ഞ സംവാദങ്ങള്‍ വഴി സാധ്യമാകുന്ന സമുദായ ശാക്തീകരണം. ഇപ്പോഴത്തെ സംവാദത്തിനും മുസ്ലിംകള്‍ക്ക് അത്തരമൊരു ആത്മധൈര്യം നല്‍കാന്‍ കഴിഞ്ഞിട്ടുണ്ടെന്നാണ് മനസ്സിലാവുന്നത്.

സംവാദം നടന്നേ തീരൂ എന്നിടത്തെത്തിയത്
ഒരു സംവാദത്തിനൊന്നും പറ്റിയ സമയമല്ല എന്ന് ബോധ്യമുണ്ടായിട്ടും ഇത്തരത്തിലൊരു വെല്ലുവിളി നടത്തുമ്പോള്‍ കണ്ടില്ലെന്ന് നടിക്കാനാവില്ല എന്ന നിലപാടായിരുന്നു നമ്മുടേത്. ഒരാള്‍ക്ക് സത്യസന്ദേശം സ്വീകരിക്കുന്നതിന് നിമിത്തമാകുന്നത് സകല വിധ ഐഹിക സൗഭാഗ്യങ്ങളെക്കാളും ഉത്തമവും ഉന്നതവുമാണെന്നാണല്ലോ നമ്മുടെ വിശ്വാസം. ഇസ്ലാമിന്റെ ശത്രുക്കള്‍ ഉണ്ടാക്കിക്കൊണ്ടിരിക്കുന്ന ഇസ്ലാം ഭീതിയും വെറുപ്പും നിര്‍ത്തലാക്കാന്‍ കഴിയുക എന്നത് വളരെ പുണ്യം ലഭിക്കുന്ന ഒരു സാമൂഹ്യ ധര്‍മ്മവുമാണ്. കൂടാതെ ഇസ്ലാമിക പ്രബോധകരുടെ വിശ്വാസ്യതയെപ്പറ്റി പൊതുസമൂഹം സംശയിക്കാനിടവരാതെ നോക്കേണ്ടത് നമ്മുടെ ദൗത്യമാണ്. സമുദായത്തിന്റെ മൊത്തത്തിലുള്ള ഒരു ആവശ്യമെന്ന നിലയില്‍ ഈ സാഹചര്യത്തെ നിരാകരിക്കുന്നത് വലിയ വീഴ്ചയാവും. നീതിയും ജനാധിപത്യ മര്യാദകളും പാലിക്കപ്പെടാതിരുന്നിട്ടും ദുഷ്പ്രചരണങ്ങളും പ്രകോപനങ്ങളും എമ്പാടും അലയടിച്ചിട്ടും ആ വെല്ലുവിളി സ്വീകരിച്ച് കൊണ്ട് ഈ സംവാദത്തിന് തയ്യാറായത് ഇത് കൊണ്ടൊക്കെ തന്നെയായിരുന്നു.

സമുദ്രശാസ്ത്രം വിഷയമാക്കിയത്
ശരിയാണ്, ഖുര്‍ആന്‍ ശാസ്ത്ര പഠനത്തില്‍ ഭ്രൂണ ശാസ്ത്രമാണ് അഗാധമായി പഠിച്ചിരുന്നത്. അതനുസരിച്ചുള്ള ഒരു തയ്യാറെടുപ്പ് നടത്തുകയും ചെയ്തിരുന്നു. അതിനിടക്കാണ്, കൂടുതലാരും ചര്‍ച്ച ചെയ്തിട്ടില്ലാത്ത വിഷയമെന്ന നിലക്ക് സമുദ്രശാസ്ത്രം തെരഞ്ഞെടുക്കാമെന്ന് തോന്നിയത്. അതാവട്ടെ കൂടുതല്‍ വിശദീകരണങ്ങളൊന്നും ആവശ്യമില്ലാതെ തന്നെ ആധുനിക മനുഷ്യന് പെട്ടെന്ന് വ്യക്തമാവുകയും ചെയ്യും. ഇത് അവതരിപ്പിച്ചാല്‍ ജബ്ബാറിന് മറുപടി ഉണ്ടാവില്ല എന്ന് എനിക്ക് ഏകദേശം ഉറപ്പ് തന്നെ ആയിരുന്നു. പക്ഷെ എന്റെ അവതരണം ആളുകള്‍ക്ക് എത്രത്തോളം ഗ്രാഹ്യമാവുമെന്ന് എനിക്ക് ആശങ്കയുണ്ടായിരുന്നു. പക്ഷെ അല്ലാഹുവിന്റെ അനുഗ്രഹത്താല്‍ ആദ്യ അവതരണം കഴിഞ്ഞപ്പോള്‍ തന്നെ യുക്തിവാദി കേന്ദ്രങ്ങളിലുണ്ടായ നിരാശ അവരുടെ മുഖങ്ങളില്‍ നിന്ന് ഞാന്‍ വായിച്ചെടുത്തിരുന്നു. പിന്നീട് ജബ്ബാര്‍ വിഷയത്തിന്റെ ട്രാക്ക് മാറ്റി എന്തൊക്കെയോ പറഞ്ഞ് പോവുകയായിരുന്നു. ഇത് വേണ്ടിയിരുന്നില്ല എന്ന് യുക്തിവാദികള്‍ക്ക് പോലും തോന്നുമാറായിരുന്നു ജബ്ബാറിന്റെ പ്രകടനം.

സംവാദാനന്തരം
മുസ്ലിം സമുദായത്തിന് വലിയൊരു ഊര്‍ജം പ്രദാനം ചെയ്യാന്‍ ഈ സംവാദത്തിനു കഴിഞ്ഞു എന്നതാണ് ഏറ്റവും വലിയ കാര്യം. സംവാദത്തിലേറ്റ ക്ഷീണത്തെ മറികടക്കാനുള്ള അതിസാഹസിക ന്യായീകരണ ശ്രമങ്ങള്‍ കൊണ്ട് സോഷ്യല്‍ മീഡിയയില്‍ വീണ്ടും വീണ്ടും പരിഹാസ്യരാവുകയാണ് യുക്തിവാദി പാളയത്തുള്ളവര്‍. കേരളത്തിലെ അവരുടെ തലതൊട്ടപ്പനായി അറിയപ്പെടുന്നയാള്‍ മുതല്‍ ഏറ്റവും താഴെക്കിടയിലുള്ളവര്‍ വരെ സംവാദ ശേഷം മുഖം മിനുക്കാനുള്ള കാമ്പയിനിലാണ്. ഓരോ പോസ്റ്റിട്ട് അതില്‍ തൃപ്തി വരാതെ പിന്നെ വേറൊരു പോസ്റ്റിട്ട് തങ്ങളുടെ വെപ്രാളം ലോകത്തിനു മുന്നില്‍ മറച്ച് വെക്കാനാവാതെ ജാള്യരാവുകയാണവര്‍. എത്രയൊക്കെ ന്യായീകരണ കസര്‍ത്തുകള്‍ നടത്തിയിട്ടും നമ്മളുന്നയിച്ച വിഷയത്തിലേക്ക് വസ്തുനിഷ്ഠമായി സമീപിക്കുവാന്‍ അവര്‍ക്കാവുന്നില്ല. യുക്തിവാദികളില്‍ പെട്ട ചിന്താശേഷി പണയപ്പെടുത്താത്ത ചിലര്‍ക്കെങ്കിലും കാര്യങ്ങള്‍ ബോധ്യപ്പെട്ട് വരുന്നതായുള്ള പ്രതികരണങ്ങളും കാണുന്നുണ്ട്.

ഇനി?
നമ്മള്‍ അശാസ്ത്രീയമായതാണ് പറഞ്ഞത് എന്ന് സ്ഥാപിക്കണമെങ്കില്‍ അവര്‍ ബുദ്ധിമുട്ടേണ്ട. കുസാറ്റില്‍ ഓഷ്യനോഗ്രഫിയുടെ നല്ലൊരു ഡിപാര്‍ട്ട്‌മെന്റുണ്ട്. അതിലെ മൂന്ന് ശാസ്ത്രജ്ഞരുടെ മുന്നില്‍ നമ്മള്‍ പറഞ്ഞ നാലു കാര്യങ്ങള്‍ അവതരിപ്പിക്കാം. ശാസ്ത്രീയമായി അതില്‍ വല്ല അപാകതകളുമുണ്ടോ എന്ന് അവര്‍ക്ക് പരിശോധിക്കാം. പിന്നെ അവര്‍ പറയുന്ന അറബി പണ്ഡിതന്‍മാര്‍ക്ക് നമുക്കീ ഖുര്‍ആന്‍ വചനം കൊടുക്കാം. ഇതില്‍ നമ്മള്‍ വല്ല കള്ളത്തരവും കാണിച്ചിട്ടുണ്ടോ എന്ന് അവര്‍ പറയട്ടെ.

പിന്തുണ
ഈ ദൗത്യത്തിന് സമുദായത്തില്‍ നിന്ന് ലഭിച്ച പിന്തുണ ഏറെ സന്തോഷം പകരുന്നതാണ്. വിയോജിപ്പുകളും പ്രാസ്ഥാനിക അതിര്‍വരമ്പുകളും മറന്ന് കൊണ്ട് എല്ലാ വിഭാഗങ്ങളില്‍ നിന്നും ശക്തമായ പിന്തുണയുണ്ടായി. പ്രാര്‍ഥന മാത്രമല്ല, പലരും ഇത്തരമൊരു സംവാദത്തിന് സഹായകരമാവുന്ന വിഷയങ്ങള്‍ അയച്ച് തന്നിട്ടുണ്ട്. സമുദായത്തില്‍ നിന്ന് മൊത്തത്തില്‍ നമ്മളെ നിഷേധിച്ച് കൊണ്ടുള്ള ഒരു സ്വരവുമുണ്ടായിട്ടില്ല. അല്‍ഹംദുലില്ലാഹ്.

കലാനാഥനുമായുള്ള സംവാദത്തെ താരതമ്യം ചെയ്യുമ്പോള്‍
2004-ല്‍ ചെമ്മാട് പന്താരങ്ങാടിയില്‍ വെച്ചായിരുന്നു അന്നത്തെ കേരള യുക്തിവാദി സംഘം സംസ്ഥാന പ്രസിഡന്റായിരുന്ന യു കലാനാഥന്‍ മാസ്റ്ററുമായുള്ള സംവാദം. ‘ദൈവം സത്യമോ മിഥ്യയോ’ എന്നതായിരുന്നു വിഷയം. നിച്ച് ഓഫ് ട്രൂത്ത് സംഘടിപ്പിച്ച ഡിബേറ്റ് ആയിരുന്നുവത്. കലാനാഥന്‍ മാസ്റ്ററെ നമ്മള്‍ ക്ഷണിച്ചതായിരുന്നു. വളരെ മാന്യമായാണ് അത് നടന്നത്. ആദ്യം വിഷയമവതരിപ്പിച്ചത് കലാനാഥന്‍ മാസ്റ്ററായിരുന്നു. ഇപ്പോഴും യൂട്യൂബില്‍ അതിന്റെ വീഡിയോ ലഭ്യമാണ്. ഏകപക്ഷീയവും ജനാധിപത്യ വിരുദ്ധവുമായ നിബന്ധനകള്‍ അടിച്ചേല്‍പ്പിച്ച് കൊണ്ട് നടത്തിയ ഇപ്പോഴത്തെ സംവാദത്തില്‍ നിന്ന് ഏറെ ഭിന്നമായിരുന്നു.

യുക്തിവാദികള്‍ക്കുണ്ടായപരിണാമം
ഇന്നത്തെ യുക്തിവാദം എന്നത് സാമൂഹ്യമായ ഒരു ഗുണഫലവും ഉല്പാദിപ്പിക്കാത്ത ഒരു സാധനമാണ്. അത് സാമ്രാജ്യത്വത്തിന്റെ ഉപോല്‍പ്പന്നമായി വന്ന നവനാസ്തികതയുടെ ഒരു ബഹിര്‍സ്ഫുരണമായാണ് ലോകത്തെങ്ങും കണ്ട് വരുന്നത്. ഇസ്‌ലാമോഫോബിയയും ഇസ്‌ലാം വിദ്വേഷവും വളര്‍ത്തുക എന്ന മിനിമം അജണ്ടയിലാണവരുടെ പ്രവര്‍ത്തനങ്ങള്‍. മറ്റു മതങ്ങളെ വിമര്‍ശിക്കുകയോ അവരിലെ എന്തെങ്കിലും അന്ധവിശ്വാസങ്ങള്‍ക്കെതിരെ ഒരു പോരാട്ടമോ ചെറു പ്രതികരണമോ നടത്തുന്നതോ നമ്മളിപ്പോള്‍ കാണാറില്ല. സാമ്രാജ്യത്വത്തിന് ജീവിതത്തില്‍ ഇടപെടാന്‍ കഴിയാത്ത വിധം ജീവിതത്തിന്റെ എല്ലാ രംഗങ്ങളിലും ഇസ്‌ലാമികമായ മൂല്യങ്ങള്‍ അതിനെ തടഞ്ഞ് നിര്‍ത്തുന്നു. സാമ്പത്തിക, ധാര്‍മ്മിക, സദാചാര, ലൈംഗിക, സാമൂഹിക മേഖലകളിലെല്ലാം ഇസ്ലാം കൃത്യമായ നിഷ്‌കര്‍ഷകള്‍ അനുശാസിക്കുന്നു. വസ്ത്രധാരണത്തില്‍, ശരീരത്തെ ഉപയോഗിക്കുന്നതില്‍, സൗന്ദര്യത്തോടുള്ള കാഴ്ചപ്പാടില്‍ എല്ലാം ഇസ്ലാമില്‍ കൃത്യമായ നിര്‍ദ്ദേശങ്ങളുണ്ട്. കച്ചവടവല്‍ക്കരണം മുഖമുദ്രയാക്കിയ മുതലാളിത്തത്തിന് വ്യക്തിയുടെ ജീവിതത്തിലേക്ക് കടന്ന് ചെല്ലാനാവാത്ത വിധം ഇസ്ലാം അവിടെയെല്ലാം പ്രതിരോധം തീര്‍ക്കുന്നു. ഇസ്ലാമിക മൂല്യങ്ങളെ തകര്‍ത്ത് കൊണ്ടല്ലാതെ അവിടെയൊന്നും ഇടം നേടാന്‍ കഴിയില്ല എന്ന തിരിച്ചറിവിലാണ് ഇസ്ലാം വിരുദ്ധ പോരാട്ടം അവര്‍ മുഖ്യ അജണ്ടയായി സ്വീകരിച്ചത്. അതിന്റെ സൈദ്ധാന്തിക തലമാണ് ഇപ്പോള്‍ യുക്തിവാദികള്‍ നിര്‍വ്വഹിച്ച് പോരുന്നത്. പ്രായോഗിക തലം മറ്റു നിലക്കും നടക്കുന്നു. നവനാസ്തികന്മാര്‍ ഇസ്ലാമിന് എതിരെ സാമ്രാജ്യത്വത്തിന് അനുകൂലമായ ഒരു സാമൂഹ്യ സാഹചര്യം ഒരുക്കുന്ന പണി മാത്രമാണ് ചെയ്ത് വരുന്നത് എന്നര്‍ഥം.

ഉപസംഹാരം
പ്രബോധന മേഖലയില്‍ കഴിയുന്നതൊക്കെ ചെയ്യാന്‍ ശ്രമിച്ചിട്ടുണ്ട്. കൂടുതലാരും സ്പര്‍ശിക്കാത്ത വിഷയങ്ങളിലൂടെയും പ്രബോധന രീതികളിലൂടെയും പ്രബോധിതരില്‍ ഗുണഫലങ്ങളുണ്ടാക്കാന്‍ അല്ലാഹുവിന്റെ അനുഗ്രഹത്താല്‍ സാധിച്ചിട്ടുണ്ട്. മാനുഷികമായ പോരായ്മകളെയും പരിമിതകളെയും കുറിച്ച ജാഗ്രതയോടെ തന്നെയായിരുന്നു യാത്ര. ഓരോ സംവാദങ്ങളും ഓരോ നാഴികക്കല്ലുകളായിരുന്നു. പലതും പഠിക്കാനായി. പ്രത്യേകിച്ച് ഇപ്പോഴത്തെ സംവാദ കാലത്തെ സംതൃപ്തിയോടെ തന്നെയാണ് വിലയിരുത്തുന്നത്. സമുദായം മൊത്തത്തില്‍ തൃപ്തരാണെന്നത് സന്തോഷകരമാണ്. എല്ലാറ്റിനും പിന്നില്‍ അല്ലാഹുവിന്റെ അപാരമായ അനുഗ്രഹം മാത്രം.

ജബ്ബാറുമായുള്ള സംവാദത്തിന്റെ പശ്ചാത്തലം
ഒരു മാന്യതയുമില്ലാതെ കുറെ ചവറുകളുമായി ഊരു ചുറ്റുന്ന ഒരാളാണ് ജബ്ബാര്‍. ഞാനാകട്ടെ, നബി(സ)യെ തെറി പറയുന്നവരുമായി വേദി പങ്കിടരുതെന്ന് നേരത്തെ തന്നെ നിലപാടെടുത്തിട്ടുള്ളതുമാണ്. അത് എന്റെ വ്യക്തിപരമായ ഒരു വൈകാരിക നിലപാടാണ്. ജാഗ്രതയും യുക്തിയും സജീവമായി നില്‍ക്കേണ്ട ഒരു സാഹചര്യമാണല്ലോ സംവാദം. അതിനിടക്ക് വൈകാരിക സമ്മര്‍ദമുണ്ടാവുന്നത് സ്വാഭാവികമായും പ്രയാസമുണ്ടാവും. റസൂലിനെ തെറി പറയുന്നത് കേള്‍ക്കുമ്പോള്‍ അത്തരത്തിലൊരു മാനസികാവസ്ഥയുണ്ടാവുമോ എന്ന് തോന്നുന്നത് കൊണ്ടാണ് ഞാനങ്ങനെ ഒരു നിലപാടെടുത്തിരുന്നത്. പിന്നെ വൈജ്ഞാനികമായതും മൂല്യങ്ങള്‍ക്ക് പ്രാധാന്യം നല്‍കുന്നതുമായ സംവാദ വേദിയില്‍ എതിര്‍പക്ഷത്ത് നില്‍ക്കാനുള്ള നിലവാരവും ജബ്ബാറിനില്ല. അതുകൊണ്ടായിരുന്നു പലപ്പോഴും ജബ്ബാറിനെയും അയാളുടെ വെല്ലുവിളികളെയും ഞാന്‍ അവഗണിച്ചിരുന്നത്.
അതിനിടക്കാണ് ജബ്ബാറിന്റെ പുതിയ വെല്ലുവിളി വന്നത്. അറേബ്യയില്‍ പ്രചാരത്തിലുണ്ടായിരുന്ന പുരാണങ്ങളില്‍ ഉള്ളതല്ലാത്ത, ആധുനികശാസ്ത്രം മുന്നോട്ടുവെക്കുന്ന ആശയങ്ങളെന്തെങ്കിലുമൊന്ന് ഖുര്‍ആനിലുണ്ടെന്ന് തെളിയിച്ചാല്‍ താന്‍ ശഹാദത്ത് ചൊല്ലി മുസ്‌ലിമാകാമെന്നും ഇതേ വരെ താന്‍ ഇസ്‌ലാമിനെതിരെ ഉന്നയിച്ച വാദങ്ങളെല്ലാം പിന്‍വലിക്കാമെന്നും മേലില്‍ താന്‍ ഇസ്‌ലാംവിമര്‍ശനം നടത്തുകയില്ലെന്നുമുള്ള ഇ എ ജബ്ബാറിന്റെ വെല്ലുവിളി ഒരു വല്ലാത്ത വെല്ലുവിളി തന്നെയായിരുന്നു.
സോഷ്യല്‍ മീഡിയയില്‍ യുക്തിവാദികള്‍ ഈ ചെറിയൊരു വീഡിയോ ക്ലിപ്പുമായി സത്യത്തില്‍ അഴിഞ്ഞാടുകയായിരുന്നു. അപ്പോഴും ഞാനത് ഗൗനിച്ചിട്ടുണ്ടായിരുന്നില്ല. അതിനിടെ ഒരു ദിവസം രാത്രി, മറ്റൊരു മുസ്ലിം സംഘടനയില്‍ പ്രവര്‍ത്തിക്കുന്ന എന്റെ കടുത്ത വിമര്‍ശകന്‍ കൂടിയായ ഒരു സഹോദരന്‍ എനിക്കൊരു വാട്‌സാപ്പ് സന്ദേശമയച്ചു. നിങ്ങള്‍ ഈ വെല്ലുവിളി ഏറ്റെടുക്കണം എന്നായിരുന്നു അതിന്റെ ഉള്ളടക്കം. ആ രാത്രി ഞാനതിനെ കുറിച്ച് കുറേ ആലോചിച്ചു. അദ്ദേഹം എന്നോടിങ്ങനെ പറയണമെങ്കില്‍ ഇത് സമുദായത്തിന്റെ മൊത്തത്തിലുള്ള ഒരാവശ്യമായത് കൊണ്ടാണല്ലോ. നേരത്തെ ഞാനെടുത്ത ഒരു നിലപാട് ഈ ആവശ്യത്തിനു തടസ്സമാവരുതല്ലോ. പിറ്റേന്ന് രാവിലെ തന്നെ വെല്ലുവിളി ഏറ്റെടുക്കുന്നതായി സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്തു.
തുടര്‍ന്ന് നിച്ച് ഓഫ് ട്രൂത്തിന്റെ അഡ്മിനിസ്‌ട്രേറ്റര്‍ അമീറിനെ ഡോ. ആരിഫ് ഹുസൈന്‍ വിളിച്ചു. മീറ്റിങ്ങ് കൂടാനുള്ള കാര്യങ്ങള്‍ ചെയ്യാമെന്ന് അറിയിച്ചു. കളവ് പറയല്‍ മുഖമുദ്രയാക്കിയ ഇവരുമായി സ്വകാര്യമായ എന്ത് ചര്‍ച്ച നടത്തിയാലും അവര്‍ കുതന്ത്രം കാണിക്കുമെന്ന് ബോധ്യമുള്ളത് കൊണ്ട് ചര്‍ച്ചകളെല്ലാം പരസ്യമായിട്ട് തന്നെ ആവാം എന്ന് നമുക്ക് തോന്നി. അങ്ങനെ, ഫോണും മീറ്റിങ്ങും ഒന്നും വഴി ചര്‍ച്ച വേണ്ടെന്നും എല്ലാ ചര്‍ച്ചകളും സോഷ്യല്‍ മീഡിയ വഴി ആവാമെന്നും നമ്മള്‍ തീരുമാനിച്ചത് അവരെ പ്രതിരോധത്തിലാക്കി. പിന്നീട് ഓരോ ഘട്ടത്തിലും നമ്മള്‍ക്ക് സ്വീകരിക്കാന്‍ പറ്റാത്ത ഉപാധികളുമായാണ് അവര്‍ വന്നത്.
ആധുനിക ശാസ്ത്രവുമായി ബന്ധപ്പെട്ടാണല്ലോ വെല്ലുവിളി. തെളിയിക്കുന്ന പക്ഷം ഇസ്ലാമിനെതിരിലുള്ള എല്ലാ ആരോപണങ്ങളും പിന്‍വലിക്കുമെന്നും ഇസ്ലാം സ്വീകരിക്കുമെന്നുമൊക്കെ അദ്ദേഹം പറയുകയും ചെയ്തിട്ടുണ്ട്. അതിനാല്‍ നമ്മള്‍ അവതരിപ്പിക്കുന്ന തെളിവുകള്‍ ബോധ്യമാവാന്‍ നിഷ്പക്ഷരായ മൂന്ന് ശാസ്ത്രജ്ഞര്‍ അടങ്ങിയ ഒരു പാനല്‍ ഉണ്ടാവണമെന്നാണ് നമ്മള്‍ മുന്നോട്ട് വെച്ച ആവശ്യം. പാനല്‍ ആരൊക്കെയാവാമെന്ന് അവര്‍ക്ക് തന്നെ നിര്‍ദേശിക്കാമെന്ന നമ്മുടെ സമ്മതവും അറിയിച്ചു. നിഷ്പക്ഷനായ ഒരു മോഡറേറ്ററുണ്ടാവണമെന്നും നമ്മള്‍ ആവശ്യപ്പെട്ടു.
ആദ്യം വിഷയമവതരിപ്പിക്കേണ്ടത് ജബ്ബാറാണെന്നും അത് ഒരു മണിക്കൂര്‍ വേണമെന്നും അവര്‍ ആവശ്യപ്പെട്ടു. വെല്ലുവിളിക്ക് മറുപടി പറയേണ്ടത് ഞങ്ങളാണല്ലോ, അത് കൊണ്ട് ഞങ്ങള്‍ക്കാണ് ആദ്യ വിഷയാവതരണത്തിന്റെ അവകാശമെന്നും സാധാരണ സംവാദങ്ങളില്‍ അരമണിക്കൂറാണ് വിഷയാവതരണം ഉണ്ടാവുക അതിനാല്‍ ഇവിടെയും അത്ര മതി എന്നും പറഞ്ഞെങ്കിലും അവര്‍ അംഗീകരിച്ചില്ല. എങ്ങനെയെങ്കിലും ഈ സംവാദത്തില്‍ നിന്ന് ഞങ്ങള്‍ സ്വയം ഒഴിഞ്ഞ് പോവണമെന്ന് അവര്‍ കണക്ക് കൂട്ടിയിരുന്നെന്ന് ഓരോ ഘട്ടത്തിലും അവര്‍ തെളിയിച്ച് കൊണ്ടിരുന്നു. അത് കൊണ്ട് തന്നെ നമ്മുടെ ആവശ്യങ്ങള്‍ ശക്തമായി ഉന്നയിച്ച് കൊണ്ട് തന്നെ സംവാദത്തിനുള്ള സന്നദ്ധതയില്‍ ഉറച്ച് നിന്നു. ചര്‍ച്ച പരസ്യമായ രീതിയിലായത് കൊണ്ട് അവര്‍ പ്രതിരോധത്തിലാവുകയും മുസ്‌ലിംകള്‍ക്ക് ആത്മ വിശ്വാസം വര്‍ധിക്കുകയും ചെയ്തു. സംവാദത്തിന് ജബ്ബാര്‍ മൂന്ന് മാസം അവധി ചോദിച്ചു.
ശാസ്ത്രജ്ഞരുടെ പാനല്‍ വേണമെന്ന നിര്‍ദ്ദേശം അവര്‍ തള്ളി. നമ്മള്‍ കൊണ്ടുവരാമെന്ന് പറഞ്ഞിട്ടും അംഗീകരിച്ചില്ല. തികഞ്ഞ ഇസ്‌ലാം വിരുദ്ധനായ ഒരാളെ മോഡറേറ്ററായി അവര്‍ പ്രഖ്യാപിക്കുകയും ചെയ്തു. അത് നമ്മള്‍ എതിര്‍ത്തപ്പോള്‍ അയാള്‍ തന്നെ സ്വയം പിന്‍മാറി. അങ്ങനെയാണ് യുക്തിവാദി സംഘത്തിന്റെ സംസ്ഥാന പ്രസിഡന്റ് തന്നെ മോഡറേറ്ററാവുന്നത്. അവര്‍ ആദ്യം തൊട്ടേ അക്ബര്‍ കണ്ടം വഴി ഓടി, പിന്‍മാറും എന്നൊക്കെ പ്രചരിപ്പിച്ച് കൊണ്ടിരുന്നു. എന്നെ പേരെടുത്ത് ആദ്യം വെല്ലുവിളിച്ചപ്പോള്‍ തന്നെ അവര്‍ വാടാ എന്ന് പറഞ്ഞ് കൊണ്ടായിരുന്നു.

 

 

5 2 votes
Article Rating
Back to Top
0
Would love your thoughts, please comment.x
()
x