20 Saturday
April 2024
2024 April 20
1445 Chawwâl 11

കേന്ദ്ര സര്‍ക്കാറിന്റെ ‘വിറ്റൊഴിക്കല്‍’ സാമ്പത്തിക നയം

ടി സി മാത്യു


ബിസിനസ് നടത്തിപ്പല്ല സര്‍ക്കാറിന്റെ ബിസിനസ്. പൊതുമേഖലാ സ്ഥാപനങ്ങള്‍ തുടങ്ങിയ കാലമല്ല ഇത്. രാജ്യത്തിന്റെ ‘ആവശ്യങ്ങള്‍’ ഇന്നു വേറെയാണ്. പാവപ്പെട്ടവര്‍ക്കും യുവാക്കള്‍ക്കും അവകാശപ്പെട്ട പണമാണ് പല പൊതുമേഖലാ സ്ഥാപനങ്ങളും നടത്തിക്കൊണ്ടുപോകാന്‍ ചെലവാക്കേണ്ടി വരുന്നത് -ഇക്കഴിഞ്ഞ ദിവസം പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞതാണിത്.
പൊതുമേഖലാ ഓഹരി വില്‍പനയ്ക്കായുള്ള വകുപ്പ് ((DIPAM Department of Investment and Public Asset Management)
സ്വകാര്യവല്‍ക്കരണത്തെപ്പറ്റി നടത്തിയ വെബിനാര്‍ ആയിരുന്നു അവസരം.
ദിശ മാറ്റിയ ബജറ്റ്
പൊതു ബജറ്റ് മുതല്‍ മോദിയും ധനമന്ത്രി നിര്‍മല സീതാരാമനും സര്‍ക്കാരിന്റെ ഉപദേഷ്ടാക്കളും ഒക്കെ ഊന്നിപ്പറയുന്ന ഒരു കാര്യമുണ്ട്, ഈ ബജറ്റ് രാജ്യത്തിന്റെ സാമ്പത്തിക നയത്തില്‍ ദിശാ മാറ്റം വരുത്തുന്നതാണെന്ന്. ആദ്യം പരോക്ഷമായും പിന്നെപ്പിന്നെ പ്രത്യക്ഷമായും ഇപ്പോള്‍ ആവേശത്തോടെയും ആണ് ഇതു പറയുന്നത്. തന്ത്രപ്രധാനമായ നാലു മേഖലകളില്‍ മാത്രം പൊതുമേഖലയെ നിലനിര്‍ത്തുക, മറ്റു മേഖലകളിലെ പൊതുമേഖലാ സ്ഥാപനങ്ങള്‍ സ്വകാര്യവത്കരിക്കുക -ഇതാണ് സര്‍ക്കാര്‍ നയമെന്നു മോദി ഈ ദിവസങ്ങളില്‍ വ്യക്തമാക്കി. എന്തുകൊണ്ട് ഇപ്പോള്‍ ഇങ്ങനെയൊരു നയപ്രഖ്യാപനം? അതൊരു വിശാല തന്ത്രത്തിന്റെ ഭാഗമാണോ?
അന്നു പ്രതീക്ഷിച്ചു; ഉണ്ടായില്ല
യു പി എയെ തോല്‍പ്പിച്ച് 2014-ല്‍ അധികാരം പിടിച്ചപ്പോള്‍ നരേന്ദ്ര മോദി ഇങ്ങനെയൊക്കെ ചെയ്യുമെന്നു പലരും കരുതിയതാണ്. അരവിന്ദ് പനഗഢിയയെ നീതി ആയോഗ് വൈസ് ചെയര്‍മാനാക്കിയപ്പോള്‍ അത് ഉറപ്പായെന്നും കരുതപ്പെട്ടു. പക്ഷേ ഒന്നും സംഭവിച്ചില്ല. സാമ്പത്തിക നയത്തില്‍ യു പി എയുടേതില്‍ നിന്നു വ്യത്യസ്തമായ വഴിയാകും മോദി സ്വീകരിക്കുക എന്നു കരുതിയവര്‍ക്കു തെറ്റി. തൊഴിലുറപ്പു പദ്ധതി ചെറുതാക്കിയില്ല; പകരം തുക കൂട്ടി. ഉജ്ജ്വല്‍ യോജന പോലെ ജനപ്രിയ പദ്ധതികള്‍ തുടങ്ങി. കര്‍ഷകര്‍ക്കു പി എം കിസാന്‍ പോലെ നേരിട്ടു പണം നല്‍കുന്ന പദ്ധതികള്‍ നടപ്പാക്കി. എല്ലാം വോട്ടിനുള്ള സൂത്രവാക്യങ്ങള്‍.
ആറു വര്‍ഷം ഒരു പൊതുമേഖലാ സ്ഥാപനം പോലും സ്വകാര്യവത്കരിച്ചില്ല. പകരം പൊതുമേഖലയിലേക്കും പൊതുമേഖലാ ബാങ്കുകളിലേക്കും പതിനായിരക്കണക്കിനു കോടി രൂപ ഓരോ വര്‍ഷവും ഒഴുക്കി. വിദേശ റീട്ടെയില്‍ ചെയിനുകള്‍ക്കും ഓണ്‍ലൈന്‍ ഭീമന്മാര്‍ക്കും നേരായ വഴിയില്‍ ഇന്ത്യയില്‍ കടക്കാന്‍ അനുവാദം നല്‍കിയില്ല. ദേശസാല്‍കൃത ബാങ്കുകളൊന്നും സ്വകാര്യവത്കരിച്ചില്ല. ഐഡിബിഐ ബാങ്ക് തകര്‍ച്ചയിലായപ്പോള്‍ എല്‍ഐസിയെ ഏല്‍പ്പിച്ചു തടി തപ്പി. അടിത്തറ ഇല്ലാതായ എയര്‍ ഇന്ത്യ വില്‍ക്കാന്‍ പോലും കഴിഞ്ഞില്ല.
ചോദ്യങ്ങള്‍ പലത്
ആറു വര്‍ഷം ചെയ്യാതിരുന്ന കാര്യങ്ങളാണ് ഇപ്പോള്‍ പുതിയ നയമായി നടപ്പാക്കാന്‍ പോകുന്നത്. പൊതുമേഖലയല്ല സ്വകാര്യ മേഖലയാണ് ഇനി രാഷ്ട്രവികസനം നയിക്കുക; ഉദ്യോഗസ്ഥര്‍ ഇനി വ്യവസായം നടത്തേണ്ട; സമ്പത്ത് ഉണ്ടാക്കുന്നവരെ ആദരിക്കും എന്നെല്ലാം പ്രധാനമന്ത്രിയില്‍ നിന്നു കേള്‍ക്കുമ്പോള്‍ ഇതെന്തേ നേരത്തേ തോന്നിയില്ല എന്ന ചോദ്യം ന്യായമായി ഉയരാം.
സാമ്പത്തിക നയത്തിന്റെ ദിശ മാറ്റുന്ന ഈ തീരുമാനങ്ങള്‍ ഏതു വേദികളില്‍ ചര്‍ച്ച ചെയ്താണു കൈക്കൊണ്ടതെന്നു ചോദിച്ചാലും ഉത്തരമുണ്ടാകില്ല. പ്രത്യേക ചര്‍ച്ചകളൊന്നും നടന്നതായും അറിവില്ല. നീതി ആയോഗിന്റെ ചില റിപ്പോര്‍ട്ടുകളില്‍ സ്വകാര്യവല്‍ക്കരണ ശിപാര്‍ശ ഉണ്ടായിരുന്നു. പക്ഷേ അവയൊന്നും വിശാലമായ രാഷ്ട്രീയ ചര്‍ച്ചകള്‍ക്കു ശേഷമുള്ളതായിരുന്നില്ല.

വലിയ മാറ്റങ്ങള്‍; ചര്‍ച്ചയില്ലാതെ
ഇന്ത്യയുടെ സാമ്പത്തിക നയ ചരിത്രം പരിശോധിച്ചാല്‍ വലിയ നയം മാറ്റങ്ങള്‍ വിശാല ചര്‍ച്ച കൂടാതെ നടപ്പാക്കിയവയാണെന്നു കാണാം. 1955-ല്‍ ജവഹര്‍ലാല്‍ നെഹ്‌റു സോഷ്യലിസ്റ്റ് മാതൃകയിലുള്ള സമൂഹസൃഷ്ടി കോണ്‍ഗ്രസിന്റെ ലക്ഷ്യമായി ആവഡി എ ഐ സി സിയിലെ പ്രമേയത്തിലൂടെ പ്രഖ്യാപിച്ചതു മാത്രമാണ് അപവാദം. കുറേ വര്‍ഷങ്ങളായി കോണ്‍ഗ്രസിലെ സോഷ്യലിസ്റ്റ് ആശയക്കാരും അല്ലാത്തവരും തമ്മില്‍ ആശയ സംഘര്‍ഷം നടന്നിരുന്നു. പല എ ഐ സി സികളിലും ഇതു ചര്‍ച്ചയായി. പിന്നീടാണ് ആവഡിയിലെ ചര്‍ച്ച.
1969-ല്‍ ഇന്ദിരാഗാന്ധിയുടെ ഭരണകൂടം ഈ സോഷ്യലിസ്റ്റ് മാതൃക കൂടുതല്‍ ഇടതനാക്കി. ബാങ്കുകള്‍, ജനറല്‍ ഇന്‍ഷ്വറന്‍സ്, പെട്രോളിയം മേഖല, കല്‍ക്കരി മേഖല തുടങ്ങിയവ ദേശസാല്‍ക്കരിക്കുന്നത് പ്രത്യേകമായ നയരൂപീകരണ ചര്‍ച്ചകളൊന്നും നടത്താതെയായിരുന്നു. ഈ നയങ്ങളുടെ മറുദിശയിലേക്കാണ് 1991-ല്‍ പി വി നരസിംഹറാവു- ഡോ. മന്‍മോഹന്‍ സിംഗ് ടീം രാജ്യത്തെ തിരിച്ചുവിട്ടത്. ലൈസന്‍സ് പെര്‍മിറ്റ് രാജും മൂലധന നിയന്ത്രണങ്ങളും ഇറക്കുമതി നിയന്ത്രണങ്ങളും നീക്കുകയും ഉദാരവല്‍ക്കരണ നയങ്ങള്‍ കൊണ്ടുവരികയും ചെയ്തു. അതും പ്രത്യേക ചര്‍ച്ചകളൊന്നും കൂടാതെയാണു നടപ്പാക്കിയത്.
ഇപ്പോള്‍ പൊതുമേഖലയെ രാഷ്ട്ര പുരോഗതിയുടെ തേരാളി സ്ഥാനത്തു നിന്നു മാറ്റുന്നതടക്കമുള്ള നയം മാറ്റങ്ങളും വലിയ ചര്‍ച്ചയോ സംവാദമോ ഇല്ലാതെ നടപ്പാക്കുന്നു. ഇതോടൊപ്പം തൊഴില്‍ നിയമങ്ങളിലും കാര്‍ഷിക നിയമങ്ങളിലും വിപ്ലവകരമായ മാറ്റങ്ങള്‍ വരുത്തിയിട്ടുണ്ട്. അവയും ഭരണകക്ഷിയുടെ വിവിധ തലങ്ങളിലോ പാര്‍ലമെന്റിലോ വിശാലമായ ചര്‍ച്ചയ്ക്കു ശേഷമാണു കൊണ്ടു വന്നിരിക്കുന്നതെന്നു പറയാനാവില്ല.

വിദേശികളെ പ്രീണിപ്പിക്കാന്‍
ഗവണ്മെന്റിനു മറ്റു മാര്‍ഗമില്ലായിരുന്നു. വലിയ നയം മാറ്റം പ്രഖ്യാപിച്ച് വിദേശ നിക്ഷേപകരെയും റേറ്റിംഗ് ഏജന്‍സികളെയും സന്തോഷിപ്പിച്ചു നിര്‍ത്തണമായിരുന്നു. അല്ലെങ്കില്‍..? മറിച്ചായാല്‍ വലിയ സാമ്പത്തികദുരന്തം ഇന്ത്യ അനുഭവിക്കേണ്ടി വരും.
ചില കണക്കുകള്‍ നോക്കാം. 2020-21ല്‍ കമ്മി ജിഡിപി യുടെ 9.5 ശതമാനം. 2021-22ല്‍ 6.8 ശതമാനം. ഇങ്ങനെയൊരു ബജറ്റ് മതി ഇന്ത്യയുടെ റേറ്റിംഗ് താഴ്ത്താനും ഇവിടം നിക്ഷേപ യോഗ്യമല്ലെന്ന പ്രചാരണം തുടങ്ങാനും. ഭീമമായ കമ്മി മൂലം കടമെടുപ്പ് താങ്ങാവുന്നതിലധികമാകുമെന്നും പലിശനിരക്ക് കൂടുമെന്നും പണപ്പെരുപ്പം നിയന്ത്രണാതീതമാകുമെന്നും പാശ്ചാത്യ ഏജന്‍സികള്‍ പ്രചരിപ്പിക്കുമായിരുന്നു.

എല്ലിന്‍ കഷ്ണങ്ങള്‍ പോലെ
പൊതുമേഖലാ സ്ഥാപനങ്ങള്‍

അതൊന്നും ഉണ്ടായില്ല. കമ്മിയെയും കടത്തെയും കുറിച്ചു പരാതിയില്ല; വിമര്‍ശനമില്ല. കാരണം ഒന്നു മാത്രം. ഇന്ത്യാ ഗവണ്മെന്റ് വിപുലമായ സ്വകാര്യവല്‍ക്കരണത്തിനു തുനിയുന്നു. അതു പാശ്ചാത്യ നിക്ഷേപക സമൂഹത്തിന് വലിയ അവസരമൊരുക്കുന്നു. ആവശ്യത്തിലേറെ ഭൂമിയും മറ്റ് ആസ്തികളുമുള്ള ഡസന്‍കണക്കിനു സ്ഥാപനങ്ങള്‍ ചുളുവിലയ്ക്കു കിട്ടാന്‍ അവസരം തരുന്ന ബജറ്റിനെയും സര്‍ക്കാരിനെയും അവര്‍ വിമര്‍ശിക്കുമോ? ഇല്ല. അതാണു കാര്യം.
ലോക്ക്ഡൗണുകളും മറ്റും മൂലം സമ്പദ്ഘടന തകര്‍ന്നു. ബജറ്റ് പാളി. കമ്മി ഭീമമായി. ഇതിന്റെ പേരില്‍ വിദേശികള്‍ പിന്‍ വാങ്ങിയാല്‍ ഓഹരി വിപണി തകരും. സമ്പദ്ഘടന വീണ്ടും തകരും. ഇതൊഴിവാക്കാന്‍ പൊതുമേഖലാ വില്‍പന എന്ന വാഗ്ദാനം സഹായിക്കുന്നു. ഗവണ്മെന്റിനാകട്ടെ ഭീമമായ കമ്മി കുറച്ചു കൊണ്ടുവരാന്‍ ഈ വില്‍പന മേള സഹായിക്കും. മുന്‍കാല ഭരണകര്‍ത്താക്കള്‍ സ്ഥാപനങ്ങള്‍ തുടങ്ങിയതും ദേശസാല്‍ക്കരിച്ചതും ഇന്നു വില്‍പനയ്ക്കിറങ്ങുന്നവര്‍ക്കു വലിയ സഹായമായി.
വാല്‍ക്കഷണം:
ഇന്ത്യയിലെ പൊതുമേഖലാസ്ഥാപനങ്ങള്‍ പടുത്തുയര്‍ത്തിയ ഭരണാധികാരികളെ ഒരിക്കലും പേരു പറഞ്ഞു പരാമര്‍ശിക്കാത്തവരാണ് അവ വില്‍ക്കുന്നതു കേമപ്പെട്ട കാര്യമാണെന്നു സ്വയം പ്രചരിപ്പിക്കുന്നത്.
(മുതിര്‍ന്ന ധനകാര്യ മാധ്യമ പ്രവര്‍ത്തകനാണ് ലേഖകന്‍)

0 0 vote
Article Rating
Back to Top
0
Would love your thoughts, please comment.x
()
x