6 Wednesday
November 2024
2024 November 6
1446 Joumada I 4

ശിഥിലീകരണ ശക്തികള്‍ക്ക് സമസ്ത കീഴ്‌പ്പെടരുത്‌

വി കെ ജാബിര്‍


കേരളീയ മുസ്‌ലിം സമുദായത്തിന്റെ വിഭവ ശേഷി പൊതുമണ്ഡലത്തിന് ഏതളവില്‍ ഉപകാരപ്പെടുന്നു എന്നത് സമുദായം ഗൗരവത്തില്‍ ചര്‍ച്ച ചെയ്യേണ്ട വിഷയമാണ്. മതം സമാധാനവും സഹിഷ്ണുതയും സഹകരണവുമാണ് ആഹ്വാനം ചെയ്യുന്നത്. വിശ്വാസി പരസ്പരം ഇണങ്ങുന്നവനും ഇണക്കമുള്ളവനുമാകണം. മതം ഉള്‍ക്കൊണ്ട വിശ്വാസി മറ്റുള്ളവര്‍ക്ക് തണലായി മാറണം. നന്മയുടെ പേരില്‍ പരസ്പരം സഹകരിക്കാനാണ് വിശ്വാസികളോട് മതം നിര്‍ദേശിക്കുന്നത്.
മുസ്‌ലിം സംഘടനകള്‍ ആദര്‍ശപരമായ നിലപാടുകളും അഭിപ്രായ വ്യത്യാസങ്ങളും അതാത് വേദികളില്‍ പ്രകടിപ്പിക്കുമ്പോഴും പൊതുവിഷയങ്ങളില്‍ ഒന്നിച്ചിരുന്ന് അവകാശങ്ങള്‍ സംരക്ഷിക്കാനും പൊതുശത്രുവിനെതിരെ ഐക്യപ്പെടാനുമുള്ള രാഷ്ട്രീയ പ്ലാറ്റ്‌ഫോം മുസ്‌ലിംലീഗ് മുന്നോട്ടുവയ്ക്കുന്നുണ്ട്. മുസ്‌ലിം ലീഗിന്റെ നയനിലപാടുകളോടു വിയോജിക്കുമ്പോഴും സമുദായത്തിന് പക്വവും ഒരളവു വരെ പുരോഗമനപരവും സംഘടിതവുമായ വേദി അതൊരുക്കുന്നുണ്ട് എന്നത് കേരളത്തില്‍ നിഷേധിക്കാനാവില്ല.
ഇനിയുമൊരു
പിളര്‍പ്പോ?

മോഹിപ്പിക്കുന്ന ഇരകള്‍ കൊരുത്തെറിയുന്ന ചൂണ്ടയില്‍ കൊത്തി സമുദായത്തിന്റെ രാഷ്ട്രീയവും സംഘടനാപരവുമായ ശക്തിയും ഐക്യവും ക്ഷയിപ്പിക്കാന്‍ രംഗത്തിറങ്ങുന്നത് സംഘടനയോടും സമുദായത്തോടും ചെയ്യുന്ന നീതികേടാണ്. എന്നു മാത്രമല്ല, അവര്‍ പതിറ്റാണ്ടുകളായി കെട്ടിപ്പൊക്കിയ സാമൂഹിക വളര്‍ച്ചയുടെയും പുരോഗതിയുടെയും ഉള്‍പ്പെടെ എല്ലാ നിര്‍മിതികളുടെയും അടിക്കല്ല് ഇളക്കിമാറ്റുന്നതിനു തുല്യവുമാകും.
സമുദായത്തിന്റെ അന്തസ്സോടെയുള്ള അസ്തിത്വം ചോദ്യം ചെയ്യപ്പെടുന്ന വേളയില്‍, ഐക്യവും കെട്ടുറപ്പും അനിവാര്യമായ ഘട്ടത്തില്‍ നിക്ഷിപ്ത താല്പര്യങ്ങള്‍ക്ക് വേണ്ടി പിളരാനും തമ്മിലടിക്കാനും നേതൃത്വം നല്‍കുന്നവര്‍ അതില്‍ നിന്ന് പിന്തിരിയണം. സമൂഹത്തിന്, വിശേഷിച്ച് സമുദായത്തിന് സൃഷ്ടിക്കുന്ന പ്രത്യാഘാതം ദൂരവ്യാപകവും വലുതുമായിരിക്കും. ഏതെങ്കിലുമൊരു രാഷ്ട്രീയ പാര്‍ട്ടിയുടെ ഉമ്മറത്തേക്ക് കയറിനില്‍ക്കണമെന്നു പറയുകയല്ല. ഏതു പാര്‍ട്ടി വേണമെന്നു തീരുമാനിക്കുന്നത് അവരവരുടെ ബോധ്യമാണ്. പക്ഷെ വ്യക്തി താല്പര്യങ്ങളും നിക്ഷിപ്ത ലക്ഷ്യങ്ങളും സംരക്ഷിക്കുന്നതിനായി സംഘടിത മുന്നേറ്റങ്ങളുടെ മാറു പിളര്‍ക്കുന്നത് സമുദായത്തോടും സംഘടനയോടും ചെയ്യുന്ന അനീതിയാണ്.
സാമൂഹിക മുന്നേറ്റത്തിലും പുരോഗതിയിലും സമുദായത്തിന് സംഭാവനകളര്‍പ്പിച്ച സംഘത്തിലെ ചിലര്‍, ഏതെങ്കിലും രാഷ്ട്രീയ പാര്‍ട്ടിയുടെ സീറ്റുമോഹങ്ങള്‍ക്കും നിലനില്‍പിനും വേണ്ടി നിലപാട് ബലി കഴിച്ച്, ദൗത്യം മറന്ന് വിയര്‍പ്പൊഴുക്കുന്നത് ഖേദകരമാണ്. ഭരണ സ്വാധീനമുപയോഗിച്ചു നേടാവുന്ന അനര്‍ഹമായ നേട്ടങ്ങള്‍, സ്വാര്‍ഥ താല്പര്യങ്ങള്‍ മൂടിവയ്ക്കാനുള്ള അത്യാഗ്രഹം അങ്ങനെ ചിലതുകൂടി ഇത്തരം അത്യധ്വാനങ്ങളുടെ പിന്നിലുണ്ടെന്നു വരുന്നത് ഏറെ ഖേദകരമാണ്. സാമൂഹിക മുന്നേറ്റത്തെ കുരുതി കൊടുക്കുന്നതിനു തുല്യമാകുമത്.
1989ല്‍ സമസ്തയിലുണ്ടായ പിളര്‍പ്പിനു പിന്നിലും രാഷ്ട്രീയ ബാധയുണ്ടായിരുന്നു. ഒരു വിഭാഗത്തിന് സി പി എം രാഷ്ട്രീയാഭയം നല്‍കിയിട്ടുണ്ട്. രാഷ്ട്രീയ കാരണങ്ങളും താല്പര്യങ്ങളും മതസംഘടനയുടെ പിളര്‍പ്പിലേക്കോ വിഭാഗീയതയിലേക്കോ എത്തിക്കുന്നത് ഗൗരവത്തോടെ പരിശോധിക്കേണ്ടതാണ്.
ലീഗ് വിരുദ്ധ മുസ്‌ലിം സംഘടനകളെയും മുന്നേറ്റങ്ങളെയുമെല്ലാം സി പി എം എന്നും അകമഴിഞ്ഞ പ്രോത്സാഹിപ്പിച്ചിട്ടുണ്ട്. ലീഗില്‍ നിന്ന് പുറത്ത് വരുന്നവരെയും മാപ്പിളപ്പേരുള്ള സഖാക്കളെയും മുന്നില്‍ വെച്ച് സി പി എം നടത്തുന്ന ധ്രുവീകരണ തന്ത്രങ്ങളില്‍ അറിഞ്ഞോ അറിയാതെയോ തലവെച്ചു കൊടുക്കുകയാണ് എന്നു തിരിച്ചറിയാന്‍, കഴുത്തു നീട്ടിക്കൊടുക്കുന്നവര്‍ക്ക് കഴിയാതെ പോകുന്നു.
മുസ്‌ലിം സംഘടനകളിലല്ലാതെ വേറെതെങ്കിലും കമ്യൂണിറ്റിയില്‍ വിഭാഗീയതയുടെ തിരി കൊളുത്താന്‍ ഒരു രാഷ്ട്രീയ പാര്‍ട്ടി ഇത്രമാത്രം അധ്വാനം ചെയ്തിട്ടുണ്ടാകുമോ? പക്ഷം പിടിക്കുന്നതിന് പുരോഗമന നിലപാടുകളോ സാമൂഹിക കാഴ്ചപ്പാടുകളോ സി പി എം കണക്കിലെടുത്തിട്ടില്ല എന്നതു മറ്റൊരു കാര്യം.
അഥവാ ലീഗ് രാഷ്ട്രീയത്തെ തളര്‍ത്തുകയും ന്യൂനപക്ഷ കേന്ദ്രങ്ങളില്‍ പുതിയ വിജയ ഫോര്‍മുലകള്‍ തേടുകയും മാത്രമായിരുന്നു സി പി എം. സമസ്തയും പാണക്കാട് കുടുംബവുമായുള്ള ബന്ധം തകര്‍ക്കുകയാണ് ലീഗിനെ ക്ഷയിപ്പിക്കാനുള്ള ഒന്നാന്തരം വഴിയെന്ന തിരിച്ചറിവാണ് പുതിയ നീക്കങ്ങളുടെ രസക്കൂട്ടുകളിലൊന്ന്. തങ്ങള്‍ കുടുംബത്തിന്റെ പാരമ്പര്യവും പൈതൃകവും പെരുമയും പ്രചരിപ്പിക്കാന്‍ കപ്പലിലേറി വന്നവര്‍ തന്നെ പ്രഭാതങ്ങളില്‍ യമനി ഡിഷുകള്‍ പരിചയപ്പെടുത്തുന്നു.
മുസ്‌ലിം ലീഗിനെ അടിക്കാനുള്ള നല്ല മാര്‍ക്കറ്റുള്ള വടിയാണ് ലീഗ് വഹാബിവത്കരിക്കപ്പെടുന്നു എന്ന ആരോപണം. ഈ ആരോപണം ശക്തിപ്പെടുത്തി പിളര്‍പ്പിനു ന്യായം കണ്ടെത്താനുള്ള കൊണ്ടുപിടിച്ച ശ്രമങ്ങള്‍ തകൃതിയായി നടക്കുമ്പോഴും യാഥാര്‍ഥ്യം അകലെയാണെന്നു കാണാന്‍ വലിയ കണക്കെടുപ്പു വേണ്ടിവരില്ല.
ജനസംഖ്യാപരമോ പ്രാതിനിധ്യപരമോ ആയി സ്വാഭാവികമായി കിട്ടേണ്ട അവകാശങ്ങള്‍ക്കപ്പുറത്ത് എന്ത് അവിഹിത നേട്ടങ്ങളാണ് മുജാഹിദ് സംഘടനകള്‍ സ്വന്തമാക്കിയത്. ലീഗ് ബാനറില്‍ മത്സരിക്കാന്‍ അര്‍ഹരായവരും നേതൃത്വത്തിലേക്ക് സാധ്യതയുള്ളവരും മുജാഹിദ് ചായ്‌വിന്റെ ചാപ്പകുത്തല്‍ പേടിച്ച് കുപ്പായം അഴിച്ചുവയ്ക്കുന്നത് പതിവാണ്. ഏതെങ്കിലും വേളയില്‍ സംഘടിത ഇടപെടല്‍ നടത്തി സ്ഥാനാര്‍ഥിയെ ചോദിച്ചുവാങ്ങിയത് ചൂണ്ടിക്കാണിക്കാനാകുമോ? പാര്‍ട്ടിയുടെ സ്ഥാനാര്‍ഥി നിര്‍ണയത്തില്‍ മുജാഹിദ് ആയിരിക്കുക എന്നത് എപ്പോഴെങ്കിലും ഒരു ക്വാളിറ്റിയായി പരിഗണിക്കപ്പെട്ടിട്ടുമില്ല. അപ്പോള്‍, ലീഗ് മുജാഹിദ് വത്കരിക്കപ്പെടുന്നു എന്നത് ആ പാര്‍ട്ടിയെ എതിര്‍ക്കാനും സ്വാര്‍ഥ താല്പര്യം സംരക്ഷിക്കാനുമുള്ള കൃത്രിമ ടൂള്‍ മാത്രമാണ്.
മുസ്‌ലിം ലീഗിന്റെയും അതിന്റെ മുഖപത്രമായി മാറിയ ചന്ദ്രികയുടെയും ഉദയത്തിനു പിന്നിലുള്ള ഇസ്‌ലാഹി നേതാക്കളുടെ ധാര്‍മികവും ആശയപരവും ധനപരവും കായികപരവുമായ പങ്ക് ചരിത്രമറിയുന്നവര്‍ക്കു നിഷേധിക്കാനാകില്ല. കേരളത്തില്‍ ലീഗ് കെട്ടിപ്പടുക്കുന്നതിലും ദേശീയ തലത്തില്‍ പാര്‍ട്ടിയെ നിലനിര്‍ത്തുന്നതിലും മുജാഹിദ് നേതാക്കള്‍ക്ക് കൃത്യമായ പങ്കുണ്ട് എന്നത് ചരിത്രപരമായ വസ്തുതയാണ്. മുജാഹിദ് നേതൃത്വം അതിനു തുനിഞ്ഞത്, സംഘടനയുടെ സ്വാധീനം ഉറപ്പിക്കാനോ ആശയപ്രചാരണത്തിനോ ആയിരുന്നില്ല. പ്രത്യുപകാരം ചോദിക്കാനല്ല, മുസ്‌ലിം സമൂഹത്തിന്റെ പിന്നാക്കാവസ്ഥ പരിഹരിക്കാനുള്ള ചരിത്രപരമായ പുരോഗമന- സംഘടിത നീക്കങ്ങളുടെ ഭാഗമായിട്ടായിരുന്നു അതെന്ന് നിഷ്പക്ഷമായി വിലയിരുത്തുമ്പോള്‍ മനസ്സിലാകും.
മതേതര രാജ്യത്ത് രാഷ്ട്രീയ പ്രവര്‍ത്തനം നടത്തുന്നതില്‍ തെറ്റില്ലെന്ന വിഷയം സമസ്തയും മുജാഹിദ് സംഘടനകളും ഒന്നിക്കുന്നൊരു പോയിന്റാണ്. അതുകൊണ്ടാണവര്‍ക്ക് ലീഗ് എന്ന രാഷ്ട്രീയ പ്രസ്ഥാനത്തിനു കീഴില്‍ ഒരുമിക്കാന്‍ സാധിച്ചത്. ലീഗിന്റെ പ്രവര്‍ത്തനങ്ങളോടും രീതികളോടും മുജാഹിദ് ആദര്‍ശമുള്ളവര്‍ക്ക് സമ്പൂര്‍ണമായി യോജിക്കാന്‍ കഴിയില്ലെന്നതില്‍ തര്‍ക്കമില്ല. അതേപോലെ ലീഗ് എടുക്കുന്ന, പല നയ നിലപാടുകളുമായും സമ്പൂര്‍ണമായി ചേര്‍ന്നുപോകാന്‍ സമസ്ത പ്രവര്‍ത്തകര്‍ക്കും സാധിക്കില്ല. പക്ഷെ, സ്ത്രീ വിദ്യാഭ്യാസം, ഇംഗ്ലീഷ് വിദ്യാഭ്യാസം, ആധുനിക വിദ്യാഭ്യാസം, മതേതരത്വം, ജനാധിപത്യം തുടങ്ങിയവയിലൂടെ സാമൂഹിക മുന്നേറ്റം സാധ്യമാക്കുന്നതില്‍ ഈ പ്ലാറ്റ്‌ഫോം ശക്തമായ നിലമൊരുക്കിയിരുന്നു.
മതവും രാഷ്ട്രീയവും കൂട്ടിക്കുഴക്കരുതെന്ന നിലപാടിലും സംഘടനകള്‍ യോജിക്കുന്നതായി കാണാം. മത ധാര്‍മികത കാത്തു സൂക്ഷിക്കുമ്പോഴും രാഷ്ട്രീയം മത പ്രവര്‍ത്തനത്തിന്റെ പ്രത്യക്ഷമായ ചട്ടക്കൂടിനു പുറത്തുള്ള സംഗതി ആണെന്ന നിലപാടില്‍ സമസ്ത യോജിക്കുന്നതു കൊണ്ടാണ് അവര്‍ക്ക് ലീഗ് എന്ന രാഷ്ട്രീയ പാര്‍ട്ടിയുമായി യോജിച്ചുപോകുന്നതില്‍ വിമ്മിട്ടം ഇല്ലാതിരുന്നത്. രാഷ്ട്രീയ പ്രവര്‍ത്തനം മതത്തെയും അതിന്റെ ആചാരങ്ങളെയും ബാധിക്കില്ലെന്ന് സുന്നികളും മുജാഹിദുകളും കരുതുന്നതുകൊണ്ടു തന്നെയാണ് ആ സഹവര്‍ത്തിത്വം സാധ്യമായത്. മതകീയ കാഴ്ചപ്പാടില്‍ വിലക്കാത്തത് (ഹറാമല്ലാത്തത്) ഹലാല്‍ ആണെന്ന നിലപാടാണ് ഇക്കാര്യത്തില്‍ അവര്‍ സ്വീകരിച്ചത്. അത് മതവിരുദ്ധമാകരുത് എന്നു മാത്രം. അതുകൊണ്ടാണ് ഈ രണ്ടു സംഘടനകള്‍ക്കും ലീഗുമായി സഹകരിക്കാന്‍ സാങ്കേതിക തടസ്സമില്ലാതിരുന്നതും.
മതാചാരങ്ങളെയും വിശ്വാസത്തെയും ബാധിക്കാത്ത രാഷ്ട്രീയ പ്രവര്‍ത്തനം ആവാമെന്നുറച്ചു വിശ്വസിക്കുന്ന സമസ്തക്ക് എങ്ങനെയാണ് മതവിരുദ്ധ- ലിബറല്‍ കാഴ്ചപ്പാടുകള്‍ക്ക് വെള്ളവും വളവുമൊരുക്കാന്‍ പാടുപെടുന്ന, പാര്‍ട്ടിയുടെ കാല്‍ക്കീഴില്‍ സംഘടനയെ എത്തിച്ചുകൊടുക്കാന്‍ സാധിക്കുക? ധാര്‍മികതയ്ക്കു നേരെ ചോദ്യമുയര്‍ത്തുന്ന ലിബറല്‍ ആചാരങ്ങള്‍ക്ക് സംരക്ഷണ കവചമൊരുക്കുന്ന ഇടതു പാര്‍ട്ടിയുമായി സുന്നികള്‍ക്ക് രാജിയാവാനാവുമോ? ആത്യന്തികമായി മതനിരാസം അടിക്കല്ലായ തത്വസംഹിതയുമായി ചേര്‍ന്നുപോകുമോ?
ഫാസിസത്തെ ചെറുക്കാനും ജനാധിപത്യത്തില്‍ പങ്കാളികളാകാനുമെന്ന പേരില്‍ നിരീശ്വര- മതനിരാസ- ലിബറല്‍ കസര്‍ത്തുകളെ ഒളിച്ചു കടത്തുന്ന നീക്കത്തെ സാമാന്യവത്കരിക്കുന്നതു ശരിയാണോ? ഇത്തരം കാര്യങ്ങള്‍ തിരിച്ചറിഞ്ഞ് നിലപാടുകള്‍ സ്വീകരിക്കാന്‍ സമുദായവും നേതൃത്വവും കാര്യശേഷിയുള്ളരാകണം.
മുസ്‌ലിം ലീഗിലൂടെ മുജാഹിദ് ആദര്‍ശം വളര്‍ത്താന്‍ അവരോ സുന്നി ആശയം വളര്‍ത്താന്‍ സുന്നി നേതാക്കളോ ശ്രമിച്ചതായി കണ്ടിട്ടില്ല. മറിച്ച് സാമൂഹിക- സാമ്പത്തിക ശാക്തീകരണത്തിന് പരിചയൊരുക്കുന്ന, അനുകൂല സാഹചര്യം സൃഷ്ടിക്കാന്‍ കെല്പുള്ള ശക്തിയായാണ് ഈ സംഘടനകള്‍ അതിനെ കണ്ടത്. ജനാധിപത്യ മതേതര ചട്ടക്കൂടില്‍ രാഷ്ട്രീയ പ്രവര്‍ത്തനം നടത്തുന്നതില്‍ ലീഗും മുസ്‌ലിം സംഘടനകളും ഒരേ നിലപാടുകാരാണ്.
പിളര്‍പ്പിന്റെ പാറ്റേണ്‍
സമീപകാലത്ത് സമുദായം ചര്‍ച്ച ചെയ്ത വലിയൊരു സാമൂഹിക ചലനമായിരുന്നു മുജാഹിദ് സംഘടനയിലുണ്ടായ പിളര്‍പ്പ്. ഈ പിളര്‍പ്പില്‍ രൂപപ്പെട്ട പാറ്റേണ്‍ ഏതാണ്ട് അതേപടിയില്‍ സമസ്ത വിഭാഗീയതയിലും പൊങ്ങിനില്‍ക്കുന്നത്, ഏതാണ്ട് ആവര്‍ത്തിക്കപ്പെടുന്നത് കൗതുകകരമാണ്. അവ ഇങ്ങനെ ചുരുക്കിപ്പറയാം:
അര്‍ധ സത്യങ്ങള്‍ പ്രചരിപ്പിക്കുക. തങ്ങളുടെ താല്പര്യത്തിനു കരുത്തേകും വിധം പാതി സത്യങ്ങള്‍ പ്രചരിപ്പിക്കുക എന്നത് സംഘടനാ പിളര്‍പ്പിനു വളമേകുന്ന കാര്യങ്ങളിലൊന്നാണ്. തെളിവായുന്നയിക്കാന്‍ ഭാഗികമായ ചില കാര്യങ്ങള്‍ മുന്നിലുണ്ടാകും.
ആദര്‍ശ വ്യതിയാനം ആരോപിക്കുക. ഒരു വിഭാഗത്തിനെതിരായ മുന്നേറ്റത്തിന് അനുകൂല നിലമൊരുക്കാനുള്ള ഏറ്റവും നല്ലൊരു ടൂളാണ് ആദര്‍ശ വ്യതിയാനാരോപണം. സംഘടന സ്വീകരിച്ച ആദര്‍ശത്തില്‍ ഒരു വിഭാഗം, അല്ലെങ്കില്‍ നേതാക്കള്‍ വെള്ളം ചേര്‍ക്കുന്നുവെന്ന പ്രചാരണവും അതിനു നിറം പകരുന്ന, സന്ദര്‍ഭത്തില്‍ നിന്നടര്‍ത്തി മാറ്റുന്ന ചില തെളിവുകളും.
സംഘടനയിലെ രണ്ടാം നിര നേതാക്കള്‍, മുതിര്‍ന്ന നേതാക്കളെ തെറ്റിദ്ധരിപ്പിക്കാന്‍ ശ്രമിക്കുന്നതും പിളര്‍പ്പിലേക്കു നയിക്കുന്ന, വിഭാഗീയതയ്ക്കു ശക്തമായ വേരു പിടിപിക്കുന്ന കാര്യങ്ങളിലൊന്നാണ്. വിഭാഗീയതകള്‍ക്കു കാരണമാകാവുന്ന ചില താല്പര്യങ്ങള്‍ ഉണ്ടാകുമ്പോള്‍ തന്നെ, അതിന് ആശയപരമോ ആദര്‍ശപരമോ ആയ പിന്‍ബലം സൃഷ്ടിച്ചെടുക്കാനായി ഉന്നയിക്കപ്പെടുന്നതാണ് ഇത്തരം പല ന്യായങ്ങളും എന്ന് സൂക്ഷ്മമായി വിലയിരുത്തിയാല്‍ വ്യക്തമാകും.
പിളര്‍പ്പിനു മേല്‍ പിളര്‍പ്പു സംഭവിച്ച മുജാഹിദ് പ്രസ്ഥാനം അതുവഴി സമൂഹത്തിന് നല്‍കിയതെന്താണെന്നു പരിശോധിക്കുമ്പോള്‍, പിളര്‍പ്പു കൊണ്ട് പല അവകാശവാദങ്ങളും ഉന്നയിക്കപ്പെടുക സ്വാഭാവികമാണ്. എങ്കിലും സാമൂഹിക മുന്നേറ്റത്തിലും ആശയപ്രചാരണ രംഗത്തും അതു സൃഷ്ടിച്ച മരവിപ്പ് വിസ്മരിക്കാവതല്ല. സ്ഥാപനങ്ങളുടെയോ ഓഫിസുകളുടെയോ എണ്ണം കൂടിയിട്ടുണ്ടാകാമെങ്കിലും ആശയ രംഗത്തും സാമൂഹിക പുരോഗതിയിലും തീര്‍ത്ത തിരിച്ചടി എങ്ങനെയാണ് ന്യായീകരിക്കാനാവുക?
സമുദായ ഐക്യം
ഒരു സംഘടനയ്ക്കകത്ത് സ്വത്വബോധവും വിശ്വാസവും സഹകരണവും സൃഷ്ടിക്കുന്നതിന് ഐക്യം അനിവാര്യമാണ്. ശിഥിലീകരണം, അവിശ്വാസം, സംഘര്‍ഷം, ദുര്‍ബലമാകുന്ന സ്ഥാപനങ്ങള്‍, സാമ്പത്തിക തകര്‍ച്ച, രാഷ്ട്രീയ അസ്ഥിരത തുടങ്ങിയ വെല്ലുവിളികളാണ് സാമൂഹിക ഐക്യം നഷ്ടപ്പെടുമ്പോള്‍ ഉണ്ടാവുക.
ഐക്യം നഷ്ടപ്പെടുന്നത് സാമൂഹികമായ വേര്‍പിരിയലിലേക്ക് നയിക്കുന്നു, അവിടെ വ്യക്തികളും ഗ്രൂപ്പുകളും കഷ്ണിക്കുകയും ഒറ്റപ്പെടുകയും പരസ്പര ബന്ധം വിച്ഛേദിക്കുകയും ചെയ്യുന്നു. പ്രവര്‍ത്തകരില്‍ അകല്‍ച്ചയും പാര്‍ശ്വവത്കരണവും അവിശ്വാസവും സൃഷ്ടിക്കും. സമൂഹ ജീവിതത്തില്‍ പങ്കാളിത്തവും ഇടപെടലും കുറയ്ക്കുന്നു. കുടുംബങ്ങളിലും സമൂഹത്തിലൊന്നാകെയും സംഘര്‍ഷവും പ്രതിസന്ധികളും വളര്‍ത്തുന്നു.
തീരാനഷ്ടങ്ങളും സാമൂഹിക പ്രത്യാഘാതങ്ങളും ‘അന്തരീക്ഷ മലിനീകരണവും’ സൃഷ്ടിക്കുന്ന പിളര്‍പ്പുകളില്‍ നിന്നു പാഠം പഠിക്കാന്‍ കഴിയുമെന്നു പ്രത്യാശിക്കുന്നു. താരതമ്യേന നിസ്സാരമായ താല്പര്യങ്ങള്‍ക്കു വേണ്ടി ഒരു വലിയ മുന്നേറ്റത്തെ തകര്‍ക്കാനുള്ള കോപ്പാണ് അടുപ്പത്ത് വേവുന്നതെന്നു തിരിച്ചറിയപ്പെടുമെന്നാണ് സമുദായത്തിനകത്തുള്ളവരും അല്ലാത്തവരും പ്രത്യാശിക്കുന്നത്.
ഇസ്‌ലാമിനെയും മുസ്‌ലിംകളെയും ശത്രുപക്ഷത്ത് നിര്‍ത്തി രാഷ്ട്രീയ ലാഭം കൊയ്യാന്‍ വിഭാഗീയ ശക്തികള്‍ ഏതടവും പയറ്റാന്‍ തയ്യാറായ അതിസങ്കീര്‍ണവും ആശങ്കാജനകവുമായ സാഹചര്യത്തിലാണ് ഇന്ത്യാ മഹാരാജ്യം. സമുദായത്തിന്റെ ഐക്യവും കെട്ടുറപ്പും ഉറപ്പുവരുത്താന്‍ ബാധ്യതപ്പെട്ട പണ്ഡിതന്മാര്‍ ശിഥിലീകരണ ശക്തികള്‍ക്ക് കുഴലൂത്തു നടത്തിക്കൂടാ. രാഷ്ട്രീയ നേട്ടങ്ങള്‍ക്കു വേണ്ടി മുസ്‌ലിം സംഘടനകളില്‍ ഭിന്നതയും പിളര്‍പ്പുമുണ്ടാക്കാന്‍ ഇറങ്ങിത്തിരിച്ചവരെ തിരിച്ചറിയാനും തിരുത്താനും നേതാക്കള്‍ക്കു കഴിയേണ്ടതുണ്ട്; ഇല്ലെങ്കില്‍ തിരുത്തിക്കാന്‍ പ്രവര്‍ത്തകര്‍ക്കെങ്കിലും കഴിയണം.

Back to Top