9 Friday
May 2025
2025 May 9
1446 Dhoul-Qida 11

സമരവും ജീവിതവും; ‘തമ്പ്രാനെന്ന് വിളിക്കില്ല പാളയില്‍ കഞ്ഞി കുടിക്കില്ല’

കെ ഇ എന്‍


നാംനിലനില്‍ക്കുന്ന ജീവിതാവസ്ഥ മെച്ചപ്പെടുത്താന്‍ വേണ്ടി നാം നിര്‍വഹിക്കുന്ന നിരന്തരമായ പ്രവര്‍ത്തനങ്ങളുടെ ആകത്തുകയാണ് സമരം. നമ്മുടെ ജീവിതം നിലനിര്‍ത്തുന്നതില്‍ സമരത്തിന് നേതൃപരമായ പങ്കുണ്ട്. നിലവിലുള്ള ജീവിതാവസ്ഥ ഇനിയും മെച്ചപ്പെടുത്തേണ്ടതുണ്ട് എന്ന ചിന്തയാണ് സമരത്തിന്റെ സുപ്രധാനമായ ഘടകം. മനുഷ്യാവസ്ഥയില്‍ നിന്ന് സമരം കിഴിച്ചാല്‍ കിട്ടുന്നത് ഏകദേശം മൃഗാവസ്ഥയ്ക്ക് സമാനമായ ഒരു ജീവിതമായിരിക്കും. അതായത്, മനുഷ്യാസ്തിത്വത്തിന്റെ സര്‍ഗാത്മകമായ ഒരു സ്രോതസ്സ് എന്നത് സമരമാണെന്നു തന്നെ നമുക്ക് പറയാന്‍ സാധിക്കും.
ഏതൊരു വീക്ഷണകോണില്‍ നിന്നു നോക്കിയാലും ഇന്നത്തെ നമ്മുടെ ജീവിതം സമൂഹത്തില്‍ ഉണ്ടായിട്ടുള്ള നിരന്തരമായ സമരങ്ങളുടെ സദ്ഫലമാണ്. ഏതെങ്കിലും ഒരു ചരിത്രസന്ദര്‍ഭത്തില്‍ മനുഷ്യന് ജീവിതം മെച്ചപ്പെടുത്താനുള്ള ആഗ്രഹം നിലച്ചുപോവുകയാണെങ്കില്‍ ആ ഒരു സന്ദര്‍ഭമായിരിക്കും മനുഷ്യ സമൂഹം നേരിടുന്ന ഏറ്റവും വലിയ ദുരന്തം.
സമരങ്ങള്‍ ഒരുപക്ഷേ നിരന്തരം പരാജയപ്പെട്ടേക്കാം, സമരങ്ങള്‍ക്കു നേതൃത്വം നല്‍കുന്ന സംഘടനകള്‍ തകര്‍ക്കപ്പെട്ടേക്കാം, സമരങ്ങള്‍ക്കു നേതൃത്വം നല്‍കുന്ന ആളുകള്‍ ഒരുപക്ഷേ തടവിലാക്കപ്പെടുകയോ കൊല്ലപ്പെടുകയോ വരെ ചെയ്‌തേക്കാം. എങ്കിലും സമരത്തെ സൃഷ്ടിക്കുന്ന ആശയങ്ങള്‍ നിലച്ചുപോകാത്തിടത്തോളം കാലം സമരങ്ങള്‍ തുടര്‍ന്നുകൊണ്ടേയിരിക്കും. ഏതൊരു പരാജയത്തില്‍ നിന്നും പ്രതികരണങ്ങളും പ്രക്ഷോഭങ്ങളും ഉയര്‍ന്നുവന്നുകൊണ്ടേയിരിക്കും. അടിസ്ഥാനപരമായി സമരത്തെക്കുറിച്ച് നാം മനസ്സിലാക്കിയിരിക്കേണ്ടത് ഇത്ര മാത്രമാണ്. സമരങ്ങള്‍ തോല്‍പിക്കപ്പെടുന്നു എന്നതല്ല, സമരങ്ങളെ സൃഷ്ടിക്കുന്ന ആശയങ്ങളുടെ തോല്‍വിയാണ് മനുഷ്യ ചരിത്രത്തിലെ ഏറ്റവും ഭീതിജനകമായ സന്ദര്‍ഭം.
1930കളില്‍ ഹിറ്റ്‌ലറുടെ വിശ്വസ്തനായ ഗീബല്‍സ് പറഞ്ഞത് ‘1789നെ ഞാന്‍ ചരിത്രത്തില്‍ നിന്ന് കൊത്തിമാറ്റും’ എന്നാണ്. 1930ല്‍ ജീവിച്ച ഹിറ്റ്‌ലര്‍ക്കോ ഗീബല്‍സിനോ 1789ലെ ഫ്രഞ്ച് വിപ്ലവം പ്രത്യക്ഷമായി എന്തെങ്കിലും പ്രയാസം സൃഷ്ടിച്ചുവെന്ന് പറയാന്‍ സാധിക്കില്ല. പക്ഷേ, ‘സ്വാതന്ത്ര്യം, സമത്വം, സാഹോദര്യം’ എന്നീ ഫ്രഞ്ച് വിപ്ലവത്തിന്റെ ഏറ്റവും ഗംഭീരമായ മൂന്നു മുദ്രാവാക്യങ്ങള്‍ ചരിത്രത്തില്‍ നിലനില്‍ക്കുന്നിടത്തോളം കാലം തങ്ങളുടെ ഫാസിസ്റ്റ് ഭരണത്തിനും ചിന്തയ്ക്കും അതൊരു വെല്ലുവിളിയാണ് എന്ന് അവര്‍ തിരിച്ചറിഞ്ഞിരുന്നു. അതുകൊണ്ട് ചരിത്രത്തെ തന്നെ ഇല്ലായ്മ ചെയ്യാനുള്ള അവരുടെ ആഗ്രഹമാണ് ഗീബല്‍സിന്റെ വാക്കുകളിലൂടെ പുറത്തേക്കു വന്നത്. 1930 എന്നത് ക്ലാസിക്കല്‍ ഫാസിസ്റ്റുകളുടെ കാലമാണ്. എന്നാല്‍ നാം ഇന്നു ജീവിക്കുന്ന കാലവും ലോകവും ഇതേ സംഗതി മറ്റൊരു തലത്തില്‍ പറഞ്ഞുകൊണ്ടിരിക്കുന്നുണ്ട്. അതില്‍ ഒന്നാണ് 1921നെ ചരിത്രത്തില്‍ നിന്ന് കൊത്തിമാറ്റും എന്ന ഇന്ത്യയിലെ നവ ഫാസിസ്റ്റുകളുടെ കാഴ്ചപ്പാട്.
എന്തിനാണ് 1921നെ ചരിത്രത്തില്‍ നിന്ന് കൊത്തിമാറ്റുന്നതെന്നു പരിശോധിക്കുമ്പോള്‍ നമുക്ക് മനസ്സിലാക്കാന്‍ കഴിയുന്നത് പഴയ ഗീബല്‍സിയന്‍ ഭീതി തന്നെയാണ് എന്നതാണ്. ഏതൊരു തരത്തിലും വിജയിക്കാന്‍ ഒരു സാധ്യതയുമില്ലാത്ത വലിയ ഒരു സമരത്തിനാണ് 1921 സാക്ഷ്യം വഹിച്ചത്. ജന്മിത്വവിരുദ്ധ സമരങ്ങള്‍ 1921നു മുമ്പും അനേകം നടന്നിട്ടുണ്ട്. അതുകൊണ്ടുതന്നെ 1921ലേത് ജന്മിത്വസമരമെന്ന ഒരു തലത്തില്‍ മാത്രം ഒതുങ്ങിനില്‍ക്കുന്ന ഒന്നല്ല. സാമ്രാജ്യത്വവിരുദ്ധ സമരമെന്ന അര്‍ഥത്തിലും ജാതിമേല്‍ക്കോയ്മക്കെതിരായ സമരമെന്ന അര്‍ഥത്തിലും അതിന് പല തലങ്ങളുണ്ട്.
ജാതി മേല്‍ക്കോയ്മക്കെതിരെയുള്ള സമരം എന്നത് ഇന്ത്യയില്‍ നിരന്തരം നടന്നുകൊണ്ടിരിക്കുന്ന, ഇന്നും നടന്നുകൊണ്ടിരിക്കേണ്ട, വളരെ പ്രസക്തമായ ഒരു സാംസ്‌കാരിക സമരമാണ്. ഈ അര്‍ഥത്തിലെല്ലാം 1921നെ ചരിത്രത്തില്‍ നിന്ന് ഇല്ലാതാക്കുക എന്നത് സമരോത്സുകമായ ഒരു ജീവിതത്തെ മരവിപ്പിക്കുന്നതിന്റെ കൂടി ഭാഗമാണ്. സ്വാതന്ത്ര്യാനന്തര ഇന്ത്യയില്‍ ചരിത്രം തിരുത്തുന്ന പ്രക്രിയ നിരന്തരം നടന്നുപോന്നിട്ടുണ്ട്. എന്നാല്‍ ഈ പ്രക്രിയക്ക് ഇന്ത്യയിലെ ഫാസിസ്റ്റുകള്‍ നേതൃത്വം കൊടുത്തുതുടങ്ങിയത് അറുപതുകളിലാണ്.
1966ല്‍ ഗോവധ നിരോധന നിയമം വേണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് നടന്ന അക്രമാസക്തമായ നഗ്‌ന സന്യാസി സമരം, ഇന്ത്യ അന്നോളം കണ്ടിട്ടില്ലാത്ത വിധമുള്ള ഒരു കലാപമായിരുന്നു. ഇന്ത്യയിലെ ആദ്യത്തെ പാര്‍ലമെന്റ് ആക്രമണമെന്ന് വേണമെങ്കില്‍ അതിനെ നമുക്ക് വിശേഷിപ്പിക്കാം. ആ ഒരു അക്രമത്തിന് പ്രചോദനമായത് ദയാനന്ദ സരസ്വതിയുടെ ‘സത്യാര്‍ഥ പ്രകാശ്’ പോലുള്ള പുസ്തകങ്ങളാണ്. കടുത്ത അസഹിഷ്ണുതയാണ് ഈ പുസ്തകം നിറയെ. എന്നിട്ടും അദ്ദേഹം ഇന്ന് അറിയപ്പെടുന്നത് ഒരു നവോത്ഥാന നായകനായാണ്.
1966ലെ ഈ അക്രമത്തിന്റെയൊക്കെ പശ്ചാത്തലത്തിലാണ് 1968ല്‍ പുരുഷോത്തം നാഗേ ഓക്കിന്റെ നേതൃത്വത്തില്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് റീറൈറ്റിങ് ഹിസ്റ്ററി (ചരിത്രം തിരുത്താനുള്ള ഒരു സ്ഥാപനം) നിലവില്‍ വരുന്നത്. അതൊരു അനൗദ്യോഗിക സ്ഥാപനം തന്നെയാണ്. ഇന്ത്യന്‍ ഫാസിസ്റ്റുകള്‍ ചരിത്രത്തെ വളച്ചൊടിച്ചു തുടങ്ങിയത് ഇവിടെ നിന്നാണ്.
പി എന്‍ ഒക്കിന്റെ നേതൃത്വത്തില്‍ രൂപപ്പെട്ടത് അനൗദ്യോഗികമായി ചരിത്രം തിരുത്തുന്ന സ്ഥാപനമായിരുന്നു എങ്കില്‍ ഇന്ന് നാം ജീവിക്കുന്ന ഇന്ത്യയില്‍ ഔദ്യോഗികമായി തന്നെ ചരിത്രം തിരുത്താനുള്ള സമിതി നിലവില്‍ വന്നുകഴിഞ്ഞു. കൃത്യമായി പറഞ്ഞാല്‍ 2018 മാര്‍ച്ച് 18ന് അത്തരമൊരു സമിതി നിലവില്‍ വരുകയും ചരിത്രം തിരുത്തുകയും, തിരുത്തിയ ചരിത്രം പാഠപുസ്തകങ്ങളില്‍ ചേര്‍ക്കുകയുമൊക്കെ ചെയ്തുകൊണ്ടിരിക്കുകയാണ് ഇപ്പോള്‍. തൊട്ടടുത്ത കര്‍ണാടകയില്‍ ‘കാലത്തെ അതിജീവിച്ച മഹാന്‍’ എന്ന പേരില്‍ സവര്‍ക്കറെ അവതരിപ്പിച്ച എട്ടാം ക്ലാസിലെ പാഠപുസ്തകത്തിലെ പാഠഭാഗം അതിന്റെ ചെറിയ ഒരു ഉദാഹരണം മാത്രമാണ്. ആ പാഠഭാഗത്ത് പറയുന്നത്, അദ്ദേഹം ആന്തമാന്‍ ജയിലില്‍ ആയിരുന്ന കാലത്ത് ജയില്‍ഭിത്തിയില്‍ ഒരു ചെറിയ ദ്വാരം ഉണ്ടായിരുന്നുവെന്നും ആ ദ്വാരത്തിലൂടെ പക്ഷികള്‍ അകത്തേക്കു വരുകയും അദ്ദേഹം അവയുടെ ചിറകുകളിലേറി പുറത്തു കടന്ന് ഭാരതമാതാവില്‍ നിന്ന് ഊര്‍ജം സംഭരിച്ചു തിരികെ പോവുകയും ചെയ്യാറുണ്ടായിരുന്നു എന്നാണ്.
ഇത് ഏതെങ്കിലും കഥാപുസ്തകത്തിലോ മതഗ്രന്ഥങ്ങളിലോ ഉള്ള കാര്യമല്ല. ഈ ആധുനിക ലോകത്ത് വളര്‍ന്നുവരുന്ന നമ്മുടെ വിദ്യാര്‍ഥികള്‍ക്ക് പഠിക്കാനുള്ള പാഠപുസ്തകത്തിലാണ്. നമ്മുടെ ചരിത്രത്തെ ആകെ മുന്നോട്ടു നയിക്കാന്‍ നേതൃത്വം നല്‍കിയ മഹാ പ്രക്ഷോഭങ്ങളെയാണ് ഇതിലൂടെ ഇവര്‍ അവഹേളിച്ചുകൊണ്ടിരിക്കുന്നത്. ചരിത്രം തിരുത്തുക എന്നത് ഔദ്യോഗികമായി തന്നെ ഏറ്റെടുത്തിട്ടുള്ള ഫാസിസ്റ്റുകള്‍ രാജ്യം ഭരിക്കുന്ന കാലത്താണ് സാമ്രാജ്യത്വവിരുദ്ധ പ്രക്ഷോഭങ്ങളെ കുറിച്ചും ജന്മിത്വവിരുദ്ധ സമരങ്ങളെ കുറിച്ചും ജാതിമേല്‍ക്കോയ്മക്കെതിരെയുള്ള മുന്നേറ്റങ്ങളെ കുറിച്ചുമൊക്കെയുള്ള ചരിത്രങ്ങള്‍ വികലമാക്കപ്പെട്ടുകൊണ്ടിരിക്കുന്നത്. അതിന്റെ ഭാഗമായി ഏറ്റവും കൂടുതല്‍ അവഹേളിക്കപ്പെട്ടുകൊണ്ടിരിക്കുന്ന ഒരു ചരിത്രസമരമാണ് 1921 എന്നു പറയുന്നത്.
തിരൂര്‍ റെയില്‍വേ സ്റ്റേഷനിലെ വാഗണ്‍ കൂട്ടക്കൊലയുടെ ചിത്രം നീക്കം ചെയ്തത് നമ്മുടെ കണ്‍മുന്നിലാണ്. വളരെ പ്രബുദ്ധമെന്ന് നാം വിശേഷിപ്പിക്കുന്ന കേരളക്കരയില്‍ അതിനെതിരെ കുറേ സെമിനാറുകളും പ്രബന്ധങ്ങളും ഉണ്ടായി എന്നതിലപ്പുറം ഒരു റെയില്‍വേ സ്റ്റേഷനില്‍ നിന്ന് നിങ്ങളിത് മായ്ച്ചുകളഞ്ഞെങ്കില്‍ നിരവധി റെയില്‍വേ സ്റ്റേഷനുകളിലും ബസ്‌സ്‌റ്റോപ്പുകളിലും ആ ചിത്രം വരച്ചുചേര്‍ക്കാന്‍ ഞങ്ങള്‍ക്ക് സാധിക്കുമെന്നു പറയാന്‍ ഇവിടെ ആളില്ലാതെപോയി. തുടക്കത്തില്‍ ഞാന്‍ സൂചിപ്പിച്ച ആശയങ്ങള്‍ പ്രവര്‍ത്തിക്കാത്ത ഒരു സാഹചര്യത്തിന്റെ ഉദാഹരണമായി നമുക്കിതിനെ കാണാന്‍ കഴിയും.
ലോകത്ത് ഒരിടത്തും വാഗണ്‍ കൂട്ടക്കൊലയെ പോലെ ഒരു സംഭവം നടന്നുകാണില്ല. ഹിറ്റ്‌ലറുടെ കോണ്‍സെന്‍ട്രേഷന്‍ ക്യാമ്പുകളില്‍ പോലും ഇത്രയും ഭീകരമായ ഒരു സംഭവം ഉണ്ടായിക്കാണില്ല. അത്രമേല്‍ ക്രൂരമായിരുന്നു വാഗണ്‍ മസാക്കര്‍. ഇന്ത്യക്ക് അകത്തും പുറത്തും ബ്രിട്ടനില്‍ പോലും ഇതിനെതിരെ പ്രതിഷേധങ്ങളുണ്ടായി. 1921നു മുമ്പും ശേഷവും അനേകം സമരങ്ങള്‍ ഉണ്ടായിട്ടുണ്ടെങ്കിലും ലോകം മുഴുക്കെ ശ്രദ്ധ കേന്ദ്രീകരിച്ച ഇന്ത്യയിലെ ഏക സമരമായിരുന്നു വാഗണ്‍ കൂട്ടക്കൊല.
കമ്മ്യൂണിസ്റ്റ് ആചാര്യനും സാമ്പത്തിക ശാസ്ത്രജ്ഞനുമായ ലെനിന്‍ വാഗണ്‍ ട്രാജഡിയെക്കുറിച്ചു പഠിക്കാന്‍ ആവശ്യപ്പെട്ടതിനെ തുടര്‍ന്ന് 1921ലെ സമരത്തെക്കുറിച്ച് പഠിച്ച അബാനി മുഖര്‍ജിയുടെ പ്രബന്ധത്തില്‍ അദ്ദേഹം പറയുന്ന ഒരു വാചകമുണ്ട്: ”ഈ സമരത്തെക്കുറിച്ചുള്ള സാമ്രാജ്യത്വത്തിന്റെ നുണകള്‍ കമ്മ്യൂണിസ്റ്റ് മുഖപത്രമായ ‘പ്രബുദ്ധ’യില്‍ പോലും കടന്നുകൂടിയിരിക്കുന്നു.’ അതായത് സാമ്രാജ്യത്വവിരുദ്ധരെന്ന് പറയുന്ന കമ്മ്യൂണിസ്റ്റുകാര്‍ക്കു പോലും സാമ്രാജ്യത്വത്തിന്റെ നുണകള്‍ മനസ്സിലാകാതെ പോകുന്നു എന്ന്.
മലബാര്‍ സമരം സാമ്രാജ്യത്വത്തെ ഏറ്റവും കൂടുതല്‍ രോഷാകുലരാക്കിയതിന്റെ പ്രധാന കാരണം 1921 സെപ്തംബര്‍ 16ന് നിലമ്പൂര്‍ ആസ്ഥാനമാക്കി വാരിയന്‍കുന്നത്ത് കുഞ്ഞഹമ്മദിന്റെ നേതൃത്വത്തില്‍ ഒരു സമാന്തര രാജ്യം നിലവില്‍ വന്നുവെന്നതാണ്. ഒരു സാമ്രാജ്യത്വ രാഷ്ട്രത്തിനകത്താണ് ഒരു സമാന്തര രാജ്യം നിലവില്‍ വരുന്നത്. അത് ആ സാമ്രാജ്യത്വശക്തികള്‍ക്ക് എത്രത്തോളം അപമാനമായിരിക്കുമെന്ന് നമുക്ക് ആലോചിക്കാവുന്നതേയുള്ളൂ. അതുകൊണ്ടുതന്നെ 1921ലെ ഈ പോരാട്ടത്തെ ബ്രിട്ടീഷുകാര്‍ നേരിട്ടത് അതിക്രൂരമായാണ്.
1921ലെ സമരം സാമ്രാജ്യത്വശക്തികളും ജന്മിമാരും അവതരിപ്പിച്ചത് അവരുടേതായ ഒരു കാഴ്ചപ്പാടിലൂടെയാണ്. അത് സ്വാഭാവികമാണുതാനും. കാരണം അവര്‍ക്കെതിരായ സമരത്തെ വികലമാക്കി ചിത്രീകരിക്കുക എന്നതില്‍ വലിയ അത്ഭുതം ഒന്നുമില്ല. എന്നാല്‍ ഇന്നും ഈ സമരത്തെക്കുറിച്ച സമൂഹത്തിന്റെ സാമാന്യബോധം എവിടെയാണ് നില്‍ക്കുന്നത്? ഈ സമരത്തെക്കുറിച്ച അക്കാദമികവും അക്കാദമികേതര പഠനങ്ങളും അനേകമുണ്ട്. അവയെല്ലാം ഇതൊരു സാമ്രാജ്യത്വവിരുദ്ധ സമരമാണെന്നു പറയുമ്പോഴും നമ്മുടെ പൊതുബോധ മണ്ഡലത്തില്‍ ഈ അടുത്ത കാലം വരെ ഇതൊരു വര്‍ഗീയ ലഹളയായാണ് കരുതപ്പെട്ടിരുന്നത്.
ഇന്ന് പക്ഷേ സ്ഥിതി മറ്റൊരു തലത്തിലേക്കു മാറി. വര്‍ഗീയ ലഹള എന്നത് വംശീയ കലാപം എന്നതിലേക്ക് ഇന്ത്യന്‍ ഫാസിസ്റ്റുകള്‍ പരിവര്‍ത്തിപ്പിച്ചു. 2020ല്‍ പോലും പറയാത്ത നുണകള്‍ 2021ലും 22ലുമൊക്കെ സമരവുമായി ബന്ധപ്പെട്ടു പറഞ്ഞുതുടങ്ങി. 1924 ജനുവരി 16നാണ് കുമാരനാശാന്‍ ബോട്ടപകടത്തില്‍ മരണപ്പെടുന്നത്. അന്നത്തെ പത്രങ്ങളും അതേ വര്‍ഷം ശ്രീനാരായണ ഗുരുവിന്റെ നേതൃത്വത്തില്‍ നടന്ന സര്‍വമത സമ്മേളനവുമെല്ലാം അതിനെ മരണമായി തന്നെയാണ് അടയാളപ്പെടുത്തിയത്. 2020 വരെയും കുമാരനാശാന്‍ ബോട്ടപകടത്തില്‍ മരണപ്പെട്ടതായിരുന്നെങ്കില്‍ 2022 ആയപ്പോഴേക്കും കുമാരനാശാനെ ഇസ്‌ലാമിക് ജിഹാദികള്‍ കൊന്നതാണെന്നു വ്യാപകമായി പ്രചരിപ്പിക്കപ്പെട്ടുതുടങ്ങി. 1921ലെ സമരവുമായി ബന്ധപ്പെട്ട് നടക്കുന്ന കുപ്രചാരണങ്ങളുടെ തീവ്രത എത്രത്തോളമുണ്ടെന്ന് ഈ ഒരൊറ്റ സംഭവത്തില്‍ നിന്നുതന്നെ നമുക്ക് മനസ്സിലാക്കാന്‍ സാധിക്കും.
മലബാര്‍ സമരത്തിനെതിരെ ഇന്നു വ്യാപകമായി ഉപയോഗിക്കുന്നത് കുമാരനാശാന്റെ തന്നെ ‘ദുരവസ്ഥ’യാണ്. എന്നാല്‍ ദുരവസ്ഥ സൂക്ഷ്മമായി വായിച്ചുനോക്കിയാല്‍ കുമാരനാശാന്‍ ഈ സമരത്തിനൊപ്പമായിരുന്നുവെന്ന് കാണാന്‍ കഴിയും. അന്ന് ഈ സമരത്തെ സാമ്രാജ്യത്വത്തിന്റെ കുഴലൂത്തുകാരായ മാധ്യമങ്ങള്‍ വികലമാക്കി അവതരിപ്പിച്ചത് അദ്ദേഹത്തിന്റെ കൃതികളെ ചെറിയ രീതിയില്‍ സ്വാധീനിച്ചിട്ടുണ്ട് എന്നത് ശരിയാണ്. പക്ഷേ ആത്യന്തികമായി ജാതിമേല്‍ക്കോയ്മക്കും സാമ്രാജ്യത്വത്തിനും എതിരെയാണ് ആശാന്‍ നിലകൊണ്ടതെന്ന് ‘ദുരവസ്ഥ’യില്‍ നിന്നുതന്നെ വ്യക്തമാണ്.
1921 എന്നത് പ്രത്യേകം ഒരു വര്‍ഷമല്ല, അത് പിറകിലേക്ക് വ്യാപിച്ചുകിടക്കുന്ന ഒരു ചരിത്രപശ്ചാത്തലത്തിന്റെ തുടര്‍ച്ചയായിരുന്നു. എന്നുവെച്ചാല്‍ 1792 മാര്‍ച്ച് 18ലെ ശ്രീരംഗപട്ടണം ഉടമ്പടി തൊട്ടിങ്ങോട്ട് ഫസല്‍ പൂക്കോയ തങ്ങളെ നാടുകടത്തിയതും മാപ്പിള ഔട്ട്‌റേജസ് ആക്ട്, ഇവിടത്തെ കുടിയാന്‍മാര്‍ അനുഭവിച്ചിട്ടുള്ള ജീവിതപ്രയാസങ്ങള്‍- ഇങ്ങനെ തുടങ്ങിയ നിരവധി പ്രശ്‌നങ്ങള്‍ക്കെതിരെ വന്നിട്ടുള്ള ഒരു വലിയ പ്രതിഷേധ സമരമാണ് ഇതിന്റെ ഏറ്റവും പ്രധാനപ്പെട്ട സ്രോതസ്സ്. മറ്റൊരു സ്രോതസ്സ് സാര്‍വദേശീയമായ ഒരു പ്രശ്‌നമാണ്.
ഈ സമരത്തിന് ദേശീയവും സാര്‍വദേശീയവും പ്രാദേശികവുമായ മൂന്ന് ഉള്ളടക്കങ്ങളുണ്ട്. ഈ മൂന്നു മണ്ഡലങ്ങളില്‍ നിന്നും നോക്കിക്കാണേണ്ട ഒരു പോരാട്ടമാണ് മലബാര്‍ സമരം. ഈ സമരം കേരളീയ സമൂഹത്തെ എങ്ങനെ ബാധിച്ചു എന്നു പരിശോധിക്കുമ്പോള്‍ 1924ലെ സര്‍വമത സമ്മേളനവും ജാതിവ്യവസ്ഥ തകര്‍ന്നടിഞ്ഞതുകൊണ്ട് മനുഷ്യര്‍ക്കിടയില്‍ രൂപപ്പെട്ടുവന്ന സൗഹൃദവും മലയാളത്തിലെ തന്നെ വിവിധ വാമൊഴിഭാഷകള്‍ക്കു കിട്ടിയ സ്വീകാര്യതയുമൊക്കെത്തന്നെയാണ് തെളിഞ്ഞുനില്‍ക്കുന്നത്.
ഭാഷാപരമായി പോലും രണ്ടു തട്ടിലായിരുന്ന ഒരു സമൂഹത്തെ പരിഷ്‌കരിച്ചെടുത്ത് ആത്മാഭിമാനമുള്ളവരാക്കിത്തീര്‍ത്ത ഒരു സമരമായിരുന്നു 1921 ലേതെന്നു ചരിത്രത്തില്‍ നിന്ന് നമുക്ക് വ്യക്തമായി മനസ്സിലാക്കാന്‍ സാധിക്കും. ‘ദുരവസ്ഥ’യില്‍ തന്നെ സാവിത്രി പറയുന്നുണ്ട് ‘തമ്പുരാട്ടിയെന്ന് വിളിക്കരുത്, അടിയാനെന്ന് വിശേഷിപ്പിക്കരുത്’ എന്ന്. ‘തമ്പ്രാനെന്ന് വിളിക്കില്ല, പാളയില്‍ കഞ്ഞി കുടിക്കില്ല…’ തുടങ്ങി പിന്നീടുണ്ടായ മുദ്രാവാക്യങ്ങളില്‍ പോലും അത് തെളിഞ്ഞുകണ്ടിട്ടുണ്ട്.
ഈ തലത്തിലെല്ലാം ഒരു സമൂഹത്തിലെ ഉച്ചനീചത്വങ്ങളെ ഇല്ലായ്മ ചെയ്ത്, ചൂഷണത്തിനിരയാക്കപ്പെട്ടവരെ ആത്മാഭിമാനമുള്ളവരാക്കി മാറ്റിയ ഒരു സമരത്തെയാണ് നമ്മുടെ കണ്‍മുന്നിലിട്ട് നിരന്തരം മലിനമാക്കിക്കൊണ്ടിരിക്കുന്നത്. ഈ ഒരു ചരിത്രവിരുദ്ധ നീക്കത്തെ നഖശിഖാന്തം എതിരിടാന്‍ നമുക്ക്കഴിയേണ്ടതുണ്ട്.
ലേഖനാവിഷ്‌കാരം:
ജൗഹര്‍ കെ അരൂര്‍

Back to Top