21 Thursday
November 2024
2024 November 21
1446 Joumada I 19

സമകാലിക ഇന്ത്യയിലെ മുസ്‌ലിം ജീവിതം പ്രമാണവും ചരിത്രവും വിസ്മരിക്കരുത്

ഡോ. ജാബിര്‍ അമാനി


ലോകത്തെ വിവിധ രാജ്യങ്ങളിലുള്ള മുസ്‌ലിം ജീവിതം ഒരേ രൂപത്തിലല്ല. അവര്‍ അനുഭവിക്കുന്ന പ്രതിസന്ധികളും തഥൈവ. എന്നാല്‍ മുസ്‌ലിം ജീവിത സാഹചര്യങ്ങള്‍ വ്യത്യസ്തമായിരുന്നാലും പ്രബോധനരംഗത്ത് അനുവര്‍ത്തിക്കേണ്ട നിലപാടുകളും സമീപനങ്ങളും പ്രാമാണികമായിരിക്കേണ്ടത് അനിവാര്യമാണ്. വിശുദ്ധ ഖുര്‍ആനിന്റെ നിര്‍ദേശങ്ങളും മൗലിക തത്വങ്ങളും പ്രവാചകന്‍ മുഹമ്മദ് നബി(സ)യുടെ പ്രായോഗികമായ മാതൃകകളും ഖുര്‍ആനിന്റെ വിശദീകരണങ്ങളുമാണ് വ്യത്യസ്ത സാഹചര്യങ്ങളില്‍ മുസ്‌ലിമിന്റെ വഴികാട്ടി.
ഈ രംഗത്ത് അടിസ്ഥാന പ്രമാണങ്ങളെ അവലംബിച്ചുകൊണ്ട് രൂപപ്പെടുത്തിയ ഒരു സമീപന മേഖലയാണ് ന്യൂനപക്ഷ കര്‍മശാസ്ത്രം (ഫിഖ്ഹുല്‍ അഖ്‌ലിയ്യ). വൈവിധ്യപൂര്‍ണമായ ജീവിതസാഹചര്യങ്ങളില്‍ മുസ്‌ലിം സ്വീകരിക്കേണ്ട നിലപാടുകള്‍ക്ക് ഒരു പരിധി വരെ ഉള്‍വെളിച്ചം പകരുന്നതാണ് ഫിഖ്ഹുല്‍ അഖ്‌ലിയ്യ. അത് ഒരു പ്രമാണമല്ല, മറിച്ച്, പണ്ഡിതന്മാരുടെ ഒരു ഗൈഡ്‌ലൈനാണ്. തിരിച്ചറിവും തിരുത്തും നിര്‍വഹിക്കാവുന്ന ഒരു വൈജ്ഞാനിക ധാരയാണ്. പ്രവാചകന്റെ മക്ക-മദീന ജീവിതത്തെയും സമീപന രീതികളെയും മൗലികമായി പഠിക്കുന്ന ഒരാള്‍ക്ക് സമകാലിക ഇന്ത്യന്‍ സാഹചര്യത്തിലെ ഇസ്‌ലാമിക ജീവിതവും പ്രബോധന-പ്രതിരോധ മാര്‍ഗങ്ങളും എപ്രകാരമായിരിക്കണമെന്ന് തിരിച്ചറിയാന്‍ പ്രയാസമില്ല. ഫിഖ്ഹുല്‍ അഖ്‌ലിയ്യയുടെ ഊന്നലും ഇതുതന്നെയാണ്.
പ്രാമാണികമല്ലാത്ത നിര്‍ദേശങ്ങളെ അനുധാവനം ചെയ്യേണ്ട ബാധ്യതയൊന്നും ഒരുകാലത്തും ദേശത്തും മുസ്‌ലിമിന് ഇല്ലെന്നു മാത്രമല്ല, അത്തരം പ്രവൃത്തികള്‍ ജീവിതസുരക്ഷയെയും പ്രബോധനത്തെയും പ്രതികൂലമായി ബാധിക്കുകയും ചെയ്യും. കക്ഷികളുടെയും സംഘങ്ങളുടെയും ഇമേജ് ഉയര്‍ത്താനോ താഴ്ത്താനോ ഉള്ള സംഘടനാ അജണ്ടകളായി ഇന്ത്യന്‍ സാഹചര്യത്തിലെ ഇസ്‌ലാമിക പ്രതിരോധത്തിന്റെ മെത്തഡോളജി മാറാന്‍ പാടില്ല. എന്നാല്‍ മതസംഘടനകള്‍, സംഘടനാമതങ്ങളായി നിലപാട് പ്രഖ്യാപിക്കുന്ന സങ്കടകരമായ സാഹചര്യമാണ് പൊതുവില്‍ കാണുന്നത്. അതുകൊണ്ടുതന്നെ മതത്തിന്റെ ഊന്നലുകളേക്കാള്‍ സംഘടനയുടെ താല്‍പര്യങ്ങളാണ് പലയിടങ്ങളും പരിരക്ഷിച്ചുപോരുന്നത്.
ഉള്‍ക്കൊള്ളലാണ് മതം, ഉന്‍മൂലനമല്ല
ഇസ്‌ലാമിന്റെ മുഖ്യ പരിഗണന മനുഷ്യനാണ്. ശത്രു, മിത്രം എന്നീ വേര്‍തിരിവുകള്‍ അടിസ്ഥാനപരമായി ഉള്‍ക്കൊള്ളുന്നില്ല. ജാതി-മത-വര്‍ഗ-ദേശ-ഭാഷാ വ്യത്യാസങ്ങള്‍ എന്തുമാവട്ടെ, ഒരു മാതാവിന്റെയും പിതാവിന്റെയും സന്തതികളായി എല്ലാവരെയും കാണുന്നു. അകലുന്നവരെ അടുപ്പിച്ചും അരുതായ്മ ചെയ്യുന്നവരെ ഗുണകാംക്ഷയോടെ നേരും നീതിയും ബോധ്യപ്പെടുത്തിയും, കാരുണ്യവും വിട്ടുവീഴ്ചയും മൗലികമായി ബന്ധങ്ങളില്‍ പവിത്രത നല്‍കിയുമുള്ള സാമൂഹിക ക്രമമാണ് ഇസ്‌ലാം. ഇത്തരമൊരു സഹിഷ്ണുതാപരമായ ജീവിതമാണ് ബഹുസ്വര സമൂഹത്തില്‍ മതം താല്‍പര്യപ്പെടുന്നത്.
സംക്ഷിപ്തമായി സൂചിപ്പിച്ചാല്‍, ‘മതത്തിന്റെ പേരില്‍ നിങ്ങളോട് യുദ്ധം ചെയ്തിട്ടില്ലാത്ത, നിങ്ങളെ വീടുകളില്‍ നിന്ന് ആട്ടിയോടിച്ചിട്ടില്ലാത്തവരോട് നന്മയിലും നീതിയിലും വര്‍ത്തിക്കുന്നത് അല്ലാഹു നിങ്ങളോട് നിരോധിക്കുന്നില്ല. തീര്‍ച്ചയായും നീതിമാന്മാരെ അല്ലാഹു ഇഷ്ടപ്പെടുന്നു’ (60:8). അതിനാല്‍ നന്മയിലും പുണ്യത്തിലും ഭക്തിയിലും പരസ്പരം സഹകരിക്കുന്നതിനും, തിന്മയിലും ശത്രുതയിലും നിസ്സഹകരിക്കുന്നതിനും’ (5:2) മതം ആഹ്വാനം ചെയ്യുന്നു.
നിതാന്ത ശത്രുത പുലര്‍ത്തുന്നവരായി ആരുമില്ലെന്നും വിരോധം പുലര്‍ത്തുന്നവര്‍ക്കിടയില്‍ പോലും മൈത്രിയും സൗഹൃദവും സമ്പൂര്‍ണമായി തടയപ്പെടില്ലെന്നുമുള്ള(60:7) പ്രതീക്ഷയും ദൈവകല്‍പനയായി ഖുര്‍ആന്‍ പഠിപ്പിക്കുന്നുണ്ട്. അറേബ്യയിലെ ജൂത ഗോത്രപ്രമുഖരുടെയും ചെങ്കിസ്ഖാന്‍ കുടുംബത്തിന്റെയും താര്‍ത്താരികളുടെയും ചരിത്രം വിലയിരുത്തുമ്പോള്‍, ഇസ്‌ലാം വിരോധ ശത്രുതയുടെ ഉഗ്രരൂപം പ്രാപിച്ചവര്‍ തന്നെ ഇസ്‌ലാമിന്റെ വിജയത്തിനു നേതൃത്വം നല്‍കുംവിധം പരിവര്‍ത്തിക്കപ്പെട്ടത് കാണാം. ചരിത്രത്തിലെ വിസ്മയകരമായ അധ്യായങ്ങളാണ് അവയോരോന്നും.
സഹിഷ്ണുതയുടെ ശോഭനചിത്രങ്ങള്‍
മുസ്‌ലിം നാടുകളെയും സഹോദരങ്ങളെയും തകര്‍ത്തും കൊന്നൊടുക്കിയും മുന്നേറിയ താര്‍ത്താരികളുടെ ശത്രുത ചരിത്രത്തില്‍ കണ്ണീരോടെയല്ലാതെ വായിക്കാന്‍ കഴിയില്ല. ബഗ്ദാദ് കീഴ്‌പെടുത്തുന്നു, ഖലീഫയെ കൊല്ലുന്നു, പള്ളികള്‍ തകര്‍ക്കുന്നു, കെട്ടിടങ്ങള്‍ കൊള്ളയടിക്കുന്നു, ഗ്രന്ഥങ്ങള്‍ ചുട്ടുകരിക്കുന്നു, സ്ത്രീകളെ നിന്ദ്യരായി വേട്ടയാടുന്നു… ക്രി.വ. 13, 14 നൂറ്റാണ്ടുകളെ വായിക്കുമ്പോള്‍ ‘തങ്ങള്‍ ഭൂമിയില്‍ ജനിക്കാതിരുന്നെങ്കില്‍’ എന്നുവരെ ആഗ്രഹിച്ചുപോവുന്നുണ്ടെന്ന് ചരിത്രകാരന്‍ ഇബ്‌നുല്‍ അസീര്‍ അഭിപ്രായപ്പെട്ടിട്ടുണ്ട്.
ക്രൂരതയുടെ പര്യായമായിരുന്ന ചെങ്കിസ്ഖാന്റെ പേരമകന്‍ ഉള്‍പ്പെടെയുള്ളവരുടെ ഇസ്‌ലാമികാശ്ലേഷണം ചരിത്രത്തിന്റെ ഗതി തന്നെ മാറ്റിക്കളഞ്ഞു. താര്‍ത്താരികള്‍ ഉള്‍പ്പെടെ മുസ്‌ലിം ഉന്മൂലനത്തിന്റെ വക്താക്കളായി മാറിയ സംഭവങ്ങള്‍ ചരിത്രത്തില്‍ യഥേഷ്ടം കാണാം. മുസ്‌ലിംകള്‍ സ്വീകരിച്ച സഹിഷ്ണുതാ സമീപനത്തിന്റെ സദ്ഫലമായിരുന്നു മിക്ക സംഭവങ്ങളുമെന്ന് ഇസ്‌ലാമിക ചരിത്രം ബോധ്യപ്പെടുത്തിത്തരുന്നു (വേേു:െ//ംംം.യൃശമേിിശരമ.രീാ/യശീഴൃമുവ്യ/ഔഹലഴൗ).
ബഹുസ്വര സമൂഹത്തിലെ മുസ്‌ലിം ജീവിതത്തില്‍ അനുവര്‍ത്തിച്ചിരുന്ന സഹിഷ്ണുതയും സഹജീവിതവും മുസ്‌ലിം ഭരണാധികാരികള്‍ നേതൃത്വം നല്‍കിയ പ്രദേശങ്ങളില്‍ അമുസ്‌ലിംകള്‍ക്ക് അനുവദിച്ചുകൊടുത്ത മത-ആരാധനാ സ്വാതന്ത്ര്യവും അവകാശങ്ങളും ചരിത്രത്തില്‍ അതുല്യമാണ്.
മനുഷ്യരെയും വൈവിധ്യമാര്‍ന്ന സംസ്‌കാരങ്ങളെയും പരസ്പരം ഉള്‍ക്കൊള്ളലാണ് മതം പഠിപ്പിക്കുന്ന പൈതൃകമെന്ന തിരിച്ചറിവാണ് ഏതു കാലത്തും എവിടെയും മുസ്‌ലിംകള്‍ക്ക് കരണീയമായിട്ടുള്ളതെന്ന് വിലയിരുത്തുന്നു. പ്രതിരോധങ്ങളുടെയും യുദ്ധങ്ങളുടെയും വിജയഗാഥകള്‍ക്കു മുമ്പ് സാഹചര്യങ്ങളെ വിലയിരുത്തി ദീര്‍ഘദര്‍ശനത്തോടെ മതത്തിന്റെ മൗലികാടിത്തറകളെയും സംസ്‌കാരത്തെയും ജീവിതത്തിലൂടെ നിലനിര്‍ത്തി മാതൃക കാണിക്കാനാണ് മുന്‍ഗണന നല്‍കേണ്ടത്.
ഇസ്‌ലാമിന്റെ സഹിഷ്ണുതയുടെ ചരിത്രവും അധ്യാപനങ്ങളും ദീര്‍ഘമായി സൂചിപ്പിക്കുന്നില്ല. ഒരു ശത്രുവിനെ മുന്‍നിര്‍ത്തി ആക്രമണത്തിന് കോപ്പുകൂട്ടുന്നതും, അസ്തിത്വ ഭീഷണിയെ പര്‍വതീകരിച്ച് മുസ്‌ലിംകളുടെ ആത്മാഭിമാനവും ഔന്നത്യബോധവും അശുഭമാക്കിത്തീര്‍ക്കുന്നതും ഏതര്‍ഥത്തിലും ഫലപ്രാപ്തിയുള്ളതായി കരുതുന്നില്ല. പ്രതിരോധത്തിനു പോലും പോസിറ്റീവായ മാനസിക കരുത്ത് അനിവാര്യമാണല്ലോ. ദൈവവിശ്വാസവും സത്യവും ധര്‍മവും ജീവിതമുദ്രയാക്കിയ ഒരാള്‍ക്ക് ഏത് പ്രതിസന്ധിയിലും ഉലച്ചിലേല്‍ക്കാതെ വിജയിച്ചു കയറാന്‍ കഴിയുമെന്ന ഖുര്‍ആന്‍ വെളിച്ചം എല്ലാ കാലത്തും പാഠമാവേണ്ടതല്ലേ. (17:81, 21:18, 61:8, 9:32, 2:251, 22:40). ആത്യന്തിക വിജയത്തിനു മുമ്പ് പീഡനങ്ങളും പരീക്ഷണങ്ങളും ഏറ്റക്കുറച്ചിലോടെ ഓരോ കാലത്തും വിശ്വാസി സമൂഹം അനുഭവിച്ചിട്ടുണ്ടെന്ന ചരിത്രബോധ്യവും അനിവാര്യമാണ് (2:214).
ഇന്ത്യന്‍ സാഹചര്യവും
സഹിഷ്ണുതയുടെ
വേദപാഠങ്ങളും

അസഹിഷ്ണുതയാണ് ശത്രുതയുടെയും ഉന്മൂലനത്തിന്റെയും ഇന്ധനം. ഫാസിസ്റ്റ് ഇന്ത്യയില്‍ അപരവത്കരണം സൃഷ്ടിക്കുന്ന അഗ്നിനാളങ്ങളില്‍ ചുട്ടുചാമ്പലാകുന്നത് മതേതര ഇന്ത്യയാണ്. വിവിധ മതങ്ങളില്ലാത്ത ഹിന്ദു ഇന്ത്യക്കായി പരിശ്രമിക്കുന്നത് ഹിന്ദു മതവിശ്വാസികളല്ല, സവര്‍ണാധിപത്യ ഹിന്ദുത്വ ഫാസിസ്റ്റ് മനസ്സാണ്. കാരണം ഹിന്ദുത്വ ദേശരാഷ്ട്ര സങ്കല്‍പങ്ങളാണ് ഫാസിസത്തിന്റെ ചെങ്കോല്‍.
ജാതി-വര്‍ഗവ്യത്യാസമില്ലാതെ എല്ലാവെരയും സഹോദരങ്ങളായി കാണണമെന്ന് വേദസാരാംശം ഉള്‍ക്കൊള്ളുന്ന ഹിന്ദുമതത്തിന്റെ പാചകപ്പുരയിലല്ല ഇന്ത്യന്‍ ഫാസിസം അസഹിഷ്ണുത ചുട്ടെടുക്കുന്നത്. അതിനാല്‍, ഹിന്ദു മതത്തിന്റെ സഹിഷ്ണുതാ സന്ദേശത്തെയും ആ ആശയധാര ഉള്‍ക്കൊള്ളുന്ന ഹിന്ദുമത വിശ്വാസികളെയും അണിനിരത്തി മതേതര ഇന്ത്യയെ വീണ്ടെടുക്കാനും സനാതന ഹിന്ദുമത വിശ്വാസികളുടെ കൂട്ടായ്മയുടെ വൃത്തം വിസ്തൃതമാക്കാനുമാണ് ഇക്കാലത്ത് കൂടുതല്‍ ശ്രദ്ധയുണ്ടാവേണ്ടത്. പൗരത്വ സമരങ്ങളില്‍ അത് വിജയം കണ്ടിട്ടുണ്ട്.
ജൂതമതവും ജൂതരും വേദഗ്രന്ഥം നല്‍കപ്പെട്ടവര്‍, വേദക്കാര്‍ എന്ന മൗലിക പരിഗണന ഉള്‍ക്കൊള്ളുന്നവരാണ്. എന്നാല്‍ ജൂതരില്‍ നിന്നാണ് എന്നും ഇസ്‌ലാം ഏറെ ദുരന്തങ്ങള്‍ നേരിടേണ്ടിവന്നത്. അന്ത്യപ്രവാചകനെ വധിക്കാനുള്ള ശ്രമവും യുദ്ധങ്ങളിലെ ചതിപ്രയോഗങ്ങളും സന്ധിലംഘനവുമെല്ലാം ജൂതവ്യക്തികളിലൂടെയായിരുന്നു മുഹമ്മദ് നബി(സ)യുടെ കാലത്ത് നടന്നത്. പക്ഷേ, അക്കാലത്തും അസഹിഷ്ണുതയുടെ വക്താക്കള്‍ ന്യൂനപക്ഷമായിരുന്നു. അതുകൊണ്ടുതന്നെ എല്ലാ മതവിശ്വാസികളെയും ഒരേപോലെ കാണരുതെന്ന് ഖുര്‍ആന്‍ പഠിപ്പിക്കുന്നുണ്ട് (3:113).
ജൂത-ക്രൈസ്തവ സമൂഹവുമായി പ്രവാചകന്‍, പ്രബോധന-ജീവിത സാഹചര്യത്തിന്റെ സുഗമവും സുരക്ഷിതവുമായ അവസ്ഥയ്ക്ക് സന്ധിയില്‍ ഏര്‍പ്പെടുന്നു. സഹജീവിതത്തിന്റെ നല്ല മാതൃകകള്‍ പങ്കുവെക്കുന്നു. മദീന ഹിജ്‌റ വേളയില്‍ പ്രവാചകന്റെ സഹായിയായിരുന്ന അബ്ദുല്ലാഹിബ്‌നു ഉറൈഖത്ത്, പ്രവാചകനു നേരെയുള്ള ബഹിഷ്‌കരണങ്ങളില്‍ സഹായിയായി നിലകൊണ്ട മുത്ഇന്‍ ബിന്‍ ആദി, വൈദ്യസഹായം നല്‍കിയിരുന്ന ഹാരിസുബ്‌നു കന്‍ദ, പടയങ്കി പണയത്തില്‍ സ്വീകരിച്ച് സാമ്പത്തിക സഹായം നല്‍കിയ ജൂതസഹോദരന്‍, ക്രൈസ്തവനായ എത്യോപ്യന്‍ രാജാവ് നജ്ജാശി ഉള്‍പ്പെടെയുള്ള വ്യക്തികളും സംഘങ്ങളും, ഇസ്‌ലാമിനും മുസ്‌ലിംകള്‍ക്കും സംരക്ഷണവും സേവനവും കരുത്തും പകര്‍ന്നു കൂടെ നിന്നത് വേദക്കാരാണ്.
മക്കയിലും മദീനാ ജീവിതത്തിന്റെ ആദ്യപകുതിയിലും രാജ്യവും ഭരണവും പ്രത്യക്ഷത്തില്‍ മുസ്‌ലിംകളുടേതല്ലാതിരുന്നിട്ടും, ഒരു ബഹുമത സമൂഹമെന്ന പരിഗണനയില്‍ പ്രവാചകന്‍ സ്വീകരിച്ച സ്ട്രാറ്റജികള്‍ സമകാലിക ഇന്ത്യന്‍ സാഹചര്യത്തില്‍ നിഷ്‌കളങ്കമായി നിരൂപണവിധേയമാക്കേണ്ട അടിസ്ഥാന പാഠങ്ങളാണ്. വെറുപ്പിന്റെ വൃത്തം വലുതാക്കി വരക്കുകയല്ല, മൈത്രിയുടെ മഹിതാശയങ്ങള്‍ വഴി വൃത്തം തന്നെ മായ്ച്ചുകളയാനാണ് ചരിത്രം നമ്മെ ഉദ്‌ബോധിപ്പിക്കുന്നത്. അത് പൊടുന്നനെ സംഭവിക്കുന്ന പരിവര്‍ത്തനമാവില്ലെന്ന് സമുദായത്തെ ആവര്‍ത്തിച്ച് ബോധ്യപ്പെടുത്തേണ്ടതുമുണ്ട്.
മുസ്‌ലിംകളും ക്രൈസ്തവരും ഏഴ് ദശാബ്ദക്കാലം ദമസ്‌കസിലെ ഒരേയൊരു ആരാധനാലയത്തില്‍ വെച്ചായിരുന്നു ആരാധനകള്‍ നടത്തിയിരുന്നത്. ആരാധനാലയത്തിന്റെ പകുതി പള്ളിയും പകുതി ചര്‍ച്ചുമായിരുന്നു. ഒരേ വാതിലിലൂടെയായിരുന്നു ഇരുവിഭാഗവും അകത്തു കടന്നിരുന്നത്. ക്രൈസ്തവര്‍ പറിഞ്ഞാറു ഭാഗം വഴി ചര്‍ച്ചിലേക്കും മുസ്‌ലിംകള്‍ വലതുവശം വഴി പള്ളിയിലേക്കും പോകുന്നു… (ഇബ്‌നു കസീര്‍, അല്‍ബിദായതു വന്നിഹായ).
അല്‍ജാമിഉല്‍ ഉമവിയെന്ന (ഉമവി പള്ളി) പേരില്‍ അറിയപ്പെടുന്ന പള്ളിയുടെ ധര്‍മം എത്രമേല്‍ സഹിഷ്ണുതയോടെയാണ് ഉള്‍ക്കൊണ്ടിരുന്നതെന്ന് മനസ്സിലാക്കുമ്പോള്‍ തന്നെ ദമസ്‌കസിലെ ക്രൈസ്തവരില്‍ ചിലര്‍ മുസ്‌ലിം വിരുദ്ധ നീക്കങ്ങളിലും സജീവമായിരുന്നു എന്നും കാണാന്‍ സാധിക്കും.
അതിശക്തമായ വിരോധവും വെറുപ്പിന്റെ രാഷ്ട്രീയവും സ്വീകരിച്ച് നിര്‍ദാക്ഷിണ്യം മുസ്‌ലിം ഉന്മൂലനം അജണ്ടയായി ഉള്‍ക്കൊണ്ട് പ്രവര്‍ത്തിച്ചവര്‍ ചരിത്രത്തില്‍ ഉണ്ടായിട്ടുണ്ട്. ഒരുവേള ഭരണാധികാരികളോ ഭരണകൂട പിന്തുണയില്‍ നേതൃത്വം നല്‍കിയവരും ഉണ്ടായിട്ടുണ്ട്. എന്നാല്‍ മുസ്‌ലിംകളുമായി സൗഹൃദവും സഹിഷ്ണുതയും പ്രകടിപ്പിക്കുന്നവരെയും സമാധാനകാംക്ഷികളായ ഇതര മതസ്ഥരെയും ചേര്‍ത്ത് ഒരു ബഹുമത സമൂഹത്തിന്റെ കെട്ടുറപ്പ് ഭദ്രമാക്കി, സഹവര്‍ത്തിത്തം ശക്തിപ്പെടുത്താനും അതത് രാജ്യങ്ങളുടെ പൈതൃകം സ്ഥാപിക്കാനുമായിരുന്നു ചരിത്രത്തില്‍ മുസ്‌ലിംകള്‍ കൂടുതല്‍ ശ്രമിച്ചത്.
നേര്‍ക്കുനേരെയുള്ള പോരാട്ട-പ്രതിരോധമുഖം ശക്തിപ്പെടുത്തുന്നതിന്റെ പതിന്മടങ്ങ് ഫലപ്രാപ്തി മുകളില്‍ സൂചിപ്പിച്ച സ്ട്രാറ്റജികള്‍ക്കാണ് ലഭ്യമായിട്ടുള്ളത്. ഇന്ത്യ-പാകിസ്താന്‍ വിഭജനത്തില്‍ ദേശീയ പ്രസ്ഥാനത്തിലെ മുസ്‌ലിം നേതൃത്വം സ്വീകരിച്ച സ്ട്രാറ്റജി അതാണ്. ഹിജ്‌റ 644ല്‍ അന്തരിച്ച സുല്‍ത്താന്‍ ഗിയാസുദ്ദീന്‍ സല്‍ജൂഖിയുടെ ഭരണകാലത്ത് ഹി. 638ല്‍ കള്ളപ്രവാചകനായി വന്ന ബാവെത്തുര്‍ അമാനിയുടെ ശ്രമങ്ങള്‍ തകര്‍ക്കുന്നതിനും നിലംപരിശാക്കുന്നതിനും മുസ്‌ലിംകളെക്കാള്‍ ശക്തമായി മുസ്‌ലിംകളോടൊപ്പം നിലകൊണ്ടത് ഫ്രഞ്ച് സൈന്യമായിരുന്നുവെന്ന് ചരിത്രം ബോധ്യപ്പെടുത്തിത്തരുന്നു. മുസ്‌ലിം സാന്നിധ്യം മക്കയില്‍ അനിവാര്യമാണെന്നതിനാല്‍ ഖുറൈശികളില്‍ ചില പ്രമുഖര്‍ മുസ്‌ലിംകള്‍ക്ക് അഭയം നല്‍കിയതും ചേര്‍ത്തു വായിക്കുക.
ചരിത്രത്തില്‍ ഒട്ടേറെ മുഹൂര്‍ത്തങ്ങള്‍ ഇപ്രകാരം കാണാം. അബൂത്വാലിബ്, അബൂലഹബ്, അബൂസുഫ്‌യാന്‍ എന്നീ ബഹുദൈവവിശ്വാസികളും മക്കയിലെ അധികാരി നേതൃത്വവുമായിരുന്ന പ്രഗത്ഭ വ്യക്തികളോട് പ്രവാചകന്‍ ഒരേ സമീപനമല്ല സ്വീകരിച്ചിരുന്നത്. ശക്തമായ എതിര്‍പ്പും ആശയപ്രതിരോധവും പ്രതിഷേധവുമാണ് അബൂലഹബ് ധാരയോട് കാണിച്ചതെങ്കില്‍ ബഹുദൈവവിശ്വാസിയായിരുന്ന അബൂസുഫ്‌യാനോട് പലപ്പോഴും മൃദുല സമീപനമാണ് കൈക്കൊണ്ടത്. മദീനാ ജീവിതത്തിന്റെ അവസാന ഘട്ടങ്ങളില്‍ തികഞ്ഞ സഹിഷ്ണുതയും അംഗീകാരവും മികച്ചുനില്‍ക്കുന്ന മെത്തഡോളജി വഴി അദ്ദേഹത്തിന്റെയും അനുയായികളുടെയും ഇസ്‌ലാമാശ്ലേഷണം വരെ സംഭവിച്ചത് ഇസ്‌ലാമിക ചരിത്രം ബോധ്യപ്പെടുത്തിത്തരുന്നു.
നിഗൂഢവും നികൃഷ്ടവുമായ മുസ്‌ലിംവിരുദ്ധ നീക്കങ്ങള്‍ ആസൂത്രിതമായി നിര്‍വഹിക്കുകയും ഒരുവേള ഭരണകൂടങ്ങള്‍ സ്‌പോണ്‍സര്‍ ചെയ്തുതന്നെ മുന്നേറുകയും ചെയ്യുമ്പോഴും, സത്യം മാത്രമേ ആത്യന്തിക വിജയം നേടുകയുള്ളൂവെന്നും സൃഷ്ടികളേക്കാള്‍ വലിയ തന്ത്രജ്ഞനാണ് സ്രഷ്ടാവെന്നുമുള്ള ശക്തമായ തിരിച്ചറിവും ഓരോ ഘട്ടങ്ങളിലും മുസ്‌ലിമിന് അനിവാര്യമാണ് (9:30).
പ്രകോപിപ്പിച്ചും ഭീഷണിപ്പെടുത്തിയും ഉന്മൂലനശ്രമങ്ങള്‍ ആവര്‍ത്തിച്ചും മുസ്‌ലിം വികാരമിളക്കിവിട്ട് ആക്രമണത്തിന് കളമൊരുക്കാന്‍ വലവീശുന്ന പ്രതിയോഗികള്‍ ആഗ്രഹിക്കുന്നത്, മുസ്‌ലിംകള്‍ ഇസ്‌ലാമിക ജീവിതത്തില്‍ നിന്നും വിശ്വാസം നല്‍കുന്ന നിര്‍ഭയാവസ്ഥയില്‍ നിന്നും മുഖംതിരിച്ച് സംഘട്ടനത്തിന്റെ പാത സ്വീകരിക്കാന്‍ രംഗത്തുവരണമെന്നാണ്.
ഇസ്‌ലാമിക ജീവിതവും സഹിഷ്ണുതയും സ്വീകരിച്ചാല്‍ സംഘട്ടന ലോകം കൊട്ടിയടക്കപ്പെടും. ഹിന്ദു-മുസ്‌ലിം വര്‍ഗീയതയുടെ വിഷപ്പുക കെട്ടടങ്ങും. വംശീയ വിദ്വേഷത്തിന്റെ സംഘവീര്യം ഇല്ലാതാവും. തദ്ഫലമായി ഉന്മൂലന ഭീകരതയ്ക്ക് നിലനില്‍ക്കാനാവില്ല. മറിച്ച്, മതേതരത്വം ശക്തിയാര്‍ജിക്കുകകയാണ് ചെയ്യുക. അത് ഫാസിസത്തിന് സഹ്യമല്ല.
ഫാസിസത്തിന്റെ ഭീകരമായ അക്രമവാഞ്ഛയെ തിരിച്ചറിഞ്ഞ് പക്വവും വിചാരപരവുമായ സുചിന്തിത നിലപാട് സ്വീകരിച്ചില്ലെങ്കില്‍ ഇന്ത്യന്‍ മുസ്‌ലിംകള്‍ ചരിത്രത്തില്‍ വീണ്ടും കുരിശുയുദ്ധത്തെയും താര്‍ത്താരികളുടെ നരമേധത്തെയും വിളിച്ചുവരുത്തുക തന്നെ ചെയ്യും. അബൂലഹബിയന്‍ ധാരയോടും അബൂസുഫ്‌യാന്‍ ധാരയോടും സ്വീകരിച്ച വ്യത്യസ്തമായ മെത്തഡോളജിയെ ഇനിയും പഠനവിധേയമാക്കേണ്ടതുണ്ട് എന്നര്‍ഥം. മക്ക-മദീന കാലഘട്ടങ്ങളിലെ പ്രബോധന രീതിശാസ്ത്രവും ഗ്രഹിക്കണം.
”അക്രമികള്‍ പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്നതിനെപ്പറ്റി അല്ലാഹു അശ്രദ്ധനാണെന്ന് നീ വിചാരിച്ചുപോകരുത്. കണ്ണുകള്‍ തള്ളിപ്പോവുന്ന ഭയാനകമായ ഒരു ദിവസം വരെ അവര്‍ക്ക് അവന്‍ സമയം നീട്ടിക്കൊടുക്കുക മാത്രമാണ് ചെയ്യുന്നത്” (വി.ഖു. 14:42).

Back to Top