സമാധാനത്തിന് നിരായുധീകരണം അനിവാര്യമെന്ന് കുവൈത്ത്

സമാധാനവും സുരക്ഷയും കൈവരിക്കുന്നതിനും യുദ്ധഭീഷണികള്‍ ഒഴിവാക്കാനും സമ്പൂര്‍ണ നിരായുധീകരണമാണ് വേണ്ടതെന്നും ഐക്യരാഷ്ട്രസഭയിലെ കുവൈത്തിന്റെ സ്ഥിരം പ്രതിനിധി ഫൈസല്‍ അല്‍ എനേസി ചൂണ്ടിക്കാട്ടി. ഐക്യരാഷ്ട്രസഭ ജനറല്‍ അസംബ്ലിയുടെ ആദ്യ കമ്മിറ്റിയെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം.
അണ്വായുധങ്ങള്‍ ഉപയോഗിക്കില്ലെന്ന് ഉറപ്പു നല്‍കാനുള്ള ഏക മാര്‍ഗം അവയില്‍ നിന്ന് ഒഴിഞ്ഞുനില്‍ക്കലാണ്. ഐക്യരാഷ്ട്രസഭക്കു കീഴില്‍ നിരായുധീകരണത്തിനും ആയുധങ്ങളുടെ വ്യാപനം തടയുന്നതിനുമുള്ള ബഹുമുഖ നടപടികളുടെ പ്രാധാന്യത്തെക്കുറിച്ച് അദ്ദേഹം എടുത്തുപറഞ്ഞു. ആണവ നിര്‍വ്യാപന ഉടമ്പടി പാലിക്കുന്നതില്‍ പരാജയപ്പെടുകയും ആണവപരീക്ഷണങ്ങള്‍ നിരോധിക്കുകയും ചെയ്യുന്നതിലെ പരാജയത്തെക്കുറിച്ച് ഫൈസല്‍ അല്‍ എനേസി ആശങ്ക പ്രകടിപ്പിച്ചു.
ഈ ആശങ്കകള്‍ പരിഹരിക്കാന്‍ എല്ലാ അംഗരാജ്യങ്ങളും ഒന്നിക്കണമെന്നും അദ്ദേഹം അഭ്യര്‍ഥിച്ചു. മിഡില്‍ഈസ്റ്റിനെ അണ്വായുധങ്ങളില്‍ നിന്നും കൂട്ടനശീകരണ ആയുധങ്ങളില്‍ നിന്നും മുക്തമാക്കുന്ന കോണ്‍ഫറന്‍സില്‍ കുവൈത്ത് അധ്യക്ഷത വഹിച്ചതായും അദ്ദേഹം വ്യക്തമാക്കി.
