3 Sunday
December 2023
2023 December 3
1445 Joumada I 20

സമാധാനം പുനഃസ്ഥാപിക്കണം


ഫലസ്തീനിന്റെ മണ്ണ് വീണ്ടും പുകയുകയാണ്. ഇത്തവണ ഹമാസിന്റെ പ്രത്യാക്രമണത്തോടെയാണ് തുടക്കം എന്നത് മാത്രമാണ് ഒരു വ്യത്യാസമുള്ളത്. 1948 മെയ് 14ന് സയണിസ്റ്റ് ശക്തികള്‍ ഇസ്രായേല്‍ രാഷ്ട്രം പ്രഖ്യാപിക്കുകയും തൊട്ടടുത്ത ദിവസം മെയ് 15ന് ഏഴര ലക്ഷത്തോളം ഫലസ്തീനികളെ ആട്ടിപ്പായിക്കുകയും ചെയ്തു. അന്ന് തുടങ്ങിയതാണ് ഈ കെടുതികള്‍. ആദ്യ അറബ്- ഇസ്രായേല്‍ യുദ്ധത്തിന്റെ തുടക്കം അവിടെ നിന്നാണ്. ഫലസ്തീനിന്റെ 78 ശതമാനം വരുന്ന ഭൂപ്രദേശം ഇസ്രായേല്‍ കയ്യടക്കി അവിടെയുള്ളവരെ അഭയാര്‍ഥികളാക്കി മാറ്റുകയോ നാടുകടത്തുകയോ ചെയ്തു. ബാക്കി വരുന്ന 22 ശതമാനം ഭൂപ്രദേശം ഗസ്സയും വെസ്റ്റ് ബാങ്കുമാണ്. ഐക്യരാഷ്ട്ര സഭ ഈ വര്‍ഷം ആദ്യമായി മെയ് 15ന് നക്ബ ദിനം ആചരിച്ചിരുന്നു. ഫലസ്തീന്‍ ജനത അനുഭവിച്ച ചരിത്രപരമായ അനീതിയുടെ ഓര്‍മ്മപ്പെടുത്തലാണ് നക്ബ ദിനം. ഇതാദ്യമായാണ് ഒരു അന്താരാഷ്ട സമിതി ഈ തീയതി അനുസ്മരിക്കുന്നത്. ഫലസ്തീന്‍ ചരിത്രത്തിലെ നഗ്‌നമായ ദുരന്തങ്ങള്‍ക്കും മനുഷ്യാവകാശ ലംഘനങ്ങള്‍ക്കും തുടക്കം കുറിച്ച നക്ബ നടന്നിട്ട് 75 വര്‍ഷങ്ങള്‍ പിന്നിട്ടു. ഇപ്പോഴും ആ ജനത രാഷ്ട്രത്തിന് വേണ്ടി പൊരുതിക്കൊണ്ടിരിക്കുകയാണ്.
ഫലസ്തീനും ഇസ്രായേലും തമ്മില്‍ നടന്നുകൊണ്ടിരിക്കുന്ന സംഘര്‍ഷം സങ്കീര്‍ണവും ആഴത്തില്‍ വേരൂന്നിയതുമായ ഒരു പ്രശ്‌നമാണ് എന്ന് വിധിയെഴുതുമ്പോഴും അടിസ്ഥാനപരമായി അതൊരു അധിനിവേശ പ്രശ്‌നമാണ്. ഫലസ്തീനികളുടെ മണ്ണില്‍ സിയോണിസ്റ്റുകള്‍ നടത്തുന്ന അധിനിവേശമാണ് എല്ലാ സംഘര്‍ഷങ്ങളുടെയും മൂലകാരണം. തങ്ങളുടെ അവകാശങ്ങള്‍ സംരക്ഷിക്കാനും സ്വത്വം നിലനിര്‍ത്താനും പരിശ്രമിക്കുന്നതിനിടയില്‍ ഫലസ്തീന്‍ ജനത പതിറ്റാണ്ടുകളായി യാതനകളും കുടിയൊഴിപ്പിക്കലുകളും ജീവഹാനികളും സഹിച്ചു. ഈ സാഹചര്യത്തിലാണ് ഫലസ്തീനികളുടെ അവകാശങ്ങള്‍ക്കായുള്ള പോരാട്ടത്തില്‍ ഹമാസ് ഒരു പ്രധാന പങ്കാളിയായി കടന്നുവരുന്നത്. ഇസ്രായേല്‍ അധിനിവേശത്തിനെതിരായ ചെറുത്തുനില്‍പ്പില്‍ യാതൊരു വിട്ടുവീഴ്ചക്കും തയ്യാറാല്ല എന്നതാണ് ഹമാസിനെ ശ്രദ്ധേയമാക്കുന്ന ഘടകം. അതിന്റെ പ്രവര്‍ത്തന രീതികള്‍ പലപ്പോഴും വിവാദപരവും വിമര്‍ശനവിധേയവുമാണ്. പക്ഷെ, സമാധാനപരമായ ബദലുകളുടെ അഭാവത്തില്‍ ചെറുത്തുനില്‍പ്പെന്ന പരിഹാരത്തില്‍ നിന്നാണ് ഹമാസ് പിറക്കുന്നത്.
ഫലസ്തീനികള്‍ക്കിടയില്‍ വലിയ ദുരിതം സൃഷ്ടിച്ച ഗസ്സയിലെ ഇസ്രായേല്‍ ഉപരോധം അവസാനിപ്പിക്കണമെന്ന് വര്‍ഷങ്ങളായി ഹമാസ് ആവശ്യപ്പെടുന്നുണ്ട്. 2007 മുതല്‍ ഗസ്സ ഉപരോധത്തിലാണ്. ഒരു തുറന്ന ജയിലിനെപ്പോലെയാണ് ഗസ്സയിലെ ജീവിതം. ദാരിദ്ര്യം, തൊഴിലില്ലായ്മ, അവശ്യ സേവനങ്ങളുടെ അപര്യാപ്തത തുടങ്ങിയവ ഗസ്സയെ ശ്വാസം മുട്ടിക്കുകയാണ്. ചരക്കുകളുടെയും ആളുകളുടെയും ഗതാഗതം കര്‍ശനമായി നിയന്ത്രിച്ചിരിക്കുന്നു. സുരക്ഷാ പ്രശ്‌നങ്ങള്‍ ചൂണ്ടിക്കാണിച്ചുകൊണ്ട് നിരപരാധികളായ ഫലസ്തീനികളുടെ ദൈനംദിന ജീവിതത്തിന് മേല്‍ നല്‍കിക്കൊണ്ടിരിക്കുന്ന ഈ പ്രഹരം അന്താരാഷ്ട്ര സമൂഹത്തിന്റെ മൗനാനുവാദത്തോട് കൂടിയാണ്. അതിനിടയിലാണ് അറബ് രാഷ്ട്രങ്ങള്‍ക്ക് ഇസ്രായേലുമായി നയതന്ത്രബന്ധം സാധാരണമാക്കാനുള്ള അബ്രഹാം അക്കോഡ് അമേരിക്കയുടെ നേതൃത്വത്തില്‍ പ്രാവര്‍ത്തികമാകുന്നത്. ഒരു രാജ്യം ഉപരോധത്തില്‍ വീര്‍പ്പുമുട്ടുമ്പോള്‍, അതിന് പരിഹാരമില്ലാതെ നടക്കുന്ന ഏത് സമാധാന ചര്‍ച്ചകളും വഴിമുട്ടുക സ്വാഭാവികമാണ്.
പശ്ചിമേഷ്യയില്‍ സമാധാനം പുനഃസ്ഥാപിക്കാനുള്ള വഴി സ്വതന്ത്രമായ ഫലസ്തീന്‍ രാഷ്ട്രമാണ്. ഫലസ്തീനിന്റെ മണ്ണ് ഫലസ്തീനികള്‍ക്ക് എന്നാണ് ആദ്യം മുതലേ ലോകരാഷ്ട്രങ്ങള്‍ സ്വീകരിച്ചിരുന്ന നിലപാട്. എന്നാല്‍, ക്രമേണ, അതൊരു അരികുവത്കരിക്കപ്പെട്ട ആവശ്യം മാത്രമായി ചുരുങ്ങി എന്നതാണ് ദുരവസ്ഥ. ഇന്ത്യ പോലും അതിന്റെ നിലപാടില്‍ മാറ്റം വരുത്തുന്നതായാണ് കാണുന്നത്. ഫലസ്തീനികള്‍ക്ക് വേണ്ടിയുള്ള ഹമാസിന്റെ പോരാട്ടം ഗസ്സയിലെ ജനങ്ങള്‍ക്കിടയിലും മറ്റ് അറബ്- മുസ്‌ലിം രാജ്യങ്ങളിലെ സാധാരണ ജനങ്ങള്‍ക്കിടയിലും പിന്തുണ നേടിയിട്ടുണ്ട്. അനീതിക്ക് കീഴടങ്ങാന്‍ വിസമ്മതിക്കുന്നവരുടെ ശബ്ദത്തെയാണ് ഹമാസ് പ്രതിനിധീകരിക്കുന്നത് എന്ന ബോധ്യം വിവിധ രാജ്യങ്ങളില്‍ നിന്നുള്ള പ്രതികരണങ്ങളില്‍ നിന്ന് വ്യക്തമാണ്. ഫലസ്തീന്‍-ഇസ്രായേല്‍ സംഘര്‍ഷം ഒരു രാത്രി കൊണ്ട് പരിഹരിക്കാനാവണം എന്നില്ല. എന്നാല്‍, സമാധാനപരമായ ചര്‍ച്ചകളിലൂടെയും ന്യായമായ അവകാശ സംരക്ഷണത്തിലൂടെയും മാത്രമേ ഇതിന് പരിഹാരം കാണാനാവൂ. ഫലസ്തീനികളുടെ മണ്ണും ജീവിതവും അവര്‍ക്ക് തിരികെ നല്‍കണം. ഇസ്രായേലിന്റെ അധിനിവേശ മോഹങ്ങള്‍ ഉപേക്ഷിക്കണം. അതിന് വേണ്ടി വിശ്വാസയോഗ്യമായ ചര്‍ച്ചകളും കരാറുകളും ഉണ്ടാവണം. സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെയുള്ള നിരപരാധികളായ സാധാരണക്കാര്‍ ദുരിതമനുഭവിക്കുന്നത് ഹൃദയഭേദകമാണ്. പശ്ചിമേഷ്യന്‍ മേഖലയില്‍ ന്യായവും സുസ്ഥിരവുമായ സമാധാനം കൊണ്ടുവരാനുള്ള വിശ്വാസയോഗ്യമായ ശ്രമങ്ങള്‍ ഉണ്ടാവണം.

0 0 vote
Article Rating
Back to Top
0
Would love your thoughts, please comment.x
()
x