1 Tuesday
July 2025
2025 July 1
1447 Mouharrem 5

അസംഭവ്യമായി തുടരുന്ന വെല്ലുവിളികളും പുലരുന്ന പ്രവചനങ്ങളും

ഖലീലുര്‍റഹ്മാന്‍ മുട്ടില്‍


നൂറ്റാണ്ടുകള്‍ പിന്നിട്ട ഒരു അമാനുഷിക ഗ്രന്ഥം. സാമൂഹിക-സാംസ്‌കാരിക മേഖലകളില്‍ നിമ്‌നോന്നതി പുലര്‍ത്തിയ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ വ്യത്യസ്ത കാലഘട്ടങ്ങളില്‍ അതു പ്രയോഗിക്കുന്നു. അടിമത്തം, മുതലാളിത്തം, രാജഭരണം, ജനാധിപത്യം, ഫാഷിസം, കറുത്തവര്‍, വെളുത്തവര്‍, സാധാരണക്കാരന്‍, സമ്പന്നന്‍, മതവിശ്വാസി, മതനിഷേധി, വിദ്യാഭ്യാസ വിചക്ഷണര്‍, നിരക്ഷരര്‍ എന്നിങ്ങനെ മനുഷ്യ സമൂഹത്തില്‍ നിലനില്‍ക്കുന്ന മുഴുവന്‍ വൈരുധ്യം നിറഞ്ഞ മേഖലകളിലും ഖുര്‍ആനിന്റെ പ്രായോഗികത പരീക്ഷിക്കപ്പെട്ടിട്ടുണ്ട്. അതിനെ പൂര്‍ണാര്‍ഥത്തിലും ഭാഗികമായും സ്വീകരിച്ചവരും തിരസ്‌കരിച്ചവരുമുണ്ട്. എല്ലാവരും ഖുര്‍ആനിന്റെ മുമ്പില്‍ ഒരര്‍ഥത്തിലല്ലെങ്കില്‍ മറ്റൊരര്‍ഥത്തില്‍ നിസ്സംഗരായിട്ടുണ്ട്. എന്നാല്‍ വിശ്വാസികളെ അദ്ഭുതപ്പെടുത്തുകയും വിമര്‍ശകരെ അശക്തരാക്കുകയും ചെയ്തത് ഖുര്‍ആനിന്റെ വെല്ലുവിളികളാകുന്നു.
ഇതുപോലൊരു ഗ്രന്ഥം അല്ലെങ്കില്‍ ഒരു സൂറത്ത് കൊണ്ടുവരുകയെന്ന ഖുര്‍ആനിന്റെ വെല്ലുവിളി പ്രവാചകന്റെ സമകാലികരായ പ്രബോധിതരോട് മാത്രമുള്ളതായിരുന്നില്ല. അറബി ഭാഷ അതിന്റെ ഉത്തുംഗതയില്‍ പൂത്തുലഞ്ഞുനിന്ന അക്കാലത്ത് ഭാഷാപരമായ ഒരു വെല്ലുവിളിയാണെന്ന് അന്നുള്ളവരും ഇന്നുള്ളവരും തെറ്റിദ്ധരിച്ചിട്ടുണ്ട്. ഭാഷാവൈദഗ്ധ്യമുള്ളവരെ ഉപയോഗിച്ച് സമാനമായ ഗ്രന്ഥരചനയ്ക്ക് നിരന്തരം ശ്രമം നടത്തുകയും ചെയ്തു. ഖുര്‍ആനിന്റെ അവതരണകാലത്ത് വലീദുബ്‌നു റബീഅ അതിന് ഒരു സാഹസം നടത്തുകയും ചെയ്തു. അനന്യമായ സംസാരവൈഭവവും അതുല്യമായ കവനപാടവവും ഉണ്ടായിരുന്നു അദ്ദേഹത്തിന്. അറബികളില്‍ ലബീദിനെ വെല്ലാന്‍ ആരും ഉണ്ടായിരുന്നില്ല. അദ്ദേഹം ഒരു കവിത രചിച്ച് കഅ്ബയുടെ കതകില്‍ പതിച്ചു. അറബികളില്‍ ഉന്നത സാഹിത്യകാരന്മാര്‍ക്കുള്ള ഒരു അംഗീകാരമായിരുന്നു അത്.
ലബീദിന്റെ കവിത ശ്രദ്ധയില്‍പ്പെട്ട ഒരു സഹാബി ഖുര്‍ആനിന്റെ ഒരു അധ്യായം അതിന്റെ തൊട്ടടുത്ത് എഴുതിയൊട്ടിച്ചു. അടുത്ത ദിവസം അതുവഴി കടന്നുപോയ ലബീദ് ഇതു കണ്ട് അദ്ഭുതപ്പെട്ടു. പ്രഥമ വചനം വായിച്ചപ്പോള്‍ തന്നെ അനന്യസാധാരണമായി അതില്‍ ആകൃഷ്ടനായി. അദ്ദേഹം പറഞ്ഞു: ”നിശ്ചയം, ഇതൊരു മനുഷ്യ വചനമല്ല. ഞാനിതാ ഈ വചനങ്ങളില്‍ വിശ്വസിച്ചിരിക്കുന്നു. അല്‍ ഇസ്‌ലാമു യതഹദ്ദാ.” അതിനു മുമ്പ് ഖുര്‍ആനിനെ തള്ളിപ്പറയാന്‍ ലബീദ് കാണിച്ച സാഹസത്തെ ഖുര്‍ആന്‍ തന്നെ ഉദ്ധരിക്കുന്നുണ്ട് (74: 11-30).
ഖുര്‍ആനിന്റെ വെല്ലുവിളിയുടെ പ്രകമ്പനം ഓരോരുത്തരിലും അനുഭവപ്പെടുന്നത് വ്യത്യസ്ത തലങ്ങളിലാകുന്നു. ഓരോ മനുഷ്യന്റെയും ഏറ്റവും മികച്ച വൈദഗ്ധ്യ മേഖലയെയാണ് പലപ്പോഴും ഖുര്‍ആന്‍ വെല്ലുവിളിക്കുന്നത്. ഭാഷാ ഭിഷഗ്വരനെ ഖുര്‍ആനിന്റെ ഭാഷയും ശാസ്ത്രജ്ഞനെ ഖുര്‍ആനിലെ ശാസ്ത്രീയ ജ്ഞാനങ്ങളും നിയമജ്ഞനെ ഖുര്‍ആനിന്റെ നിയമവ്യവസ്ഥകളും ഗണിതവിദഗ്ധനെ ഖുര്‍ആനിന്റെ ഗണിതജ്ഞാനങ്ങളും അമ്പരപ്പിക്കുന്നതുപോലെ സാധാരണക്കാരായ മനുഷ്യരെയും ഖുര്‍ആന്‍ പല തരത്തിലും അമ്പരപ്പിക്കുന്നുണ്ട്.
ഒരിക്കല്‍ സുമാദുല്‍ അസദി എന്ന അമുസ്‌ലിം പ്രവാചക സന്നിധിയില്‍ എത്തി. പ്രവാചകന്‍(സ) അദ്ദേഹത്തിന് ഏതാനും തിരുവചനങ്ങള്‍ ഓതിക്കേള്‍പ്പിച്ചു. അത്ഭുതപരതന്ത്രനായ അദ്ദേഹം പറഞ്ഞത് ഇങ്ങനെ: ”ദൈവം തന്നെ സത്യം! ജ്യോത്സ്യന്മാരുടെ വചനങ്ങളും മന്ത്രവാദികളുടെ മന്ത്രങ്ങളും കവികളുടെ കാവ്യവും ഞാന്‍ കേട്ടിട്ടുണ്ട്. ഈ വചനങ്ങള്‍ അതുപോലെ ഒന്നുമല്ല. ഇതിനു സമുദ്രത്തില്‍ പോലും ചലനം സൃഷ്ടിക്കാന്‍ കഴിയും” (മുസ്‌ലിം).
കൊറോണ സൂറത്ത്
കൊറോണക്കാലമായ 2017ല്‍ ഖുര്‍ആന്‍ വിമര്‍ശനത്തിനു വേണ്ടി തുനീഷ്യക്കാരിയും ബ്ലോഗറുമായ ആമിന അശ്ശര്‍ക്കിയും അല്‍ജീരിയക്കാരിയായ സനാ ദീംറാദും ചേര്‍ന്ന് രചിച്ച സൂറത്ത് കൊറോണ എന്ന വ്യാജ സൂറത്ത് ലോകമെമ്പാടുമുള്ള മുസ്‌ലിം വിരുദ്ധ നാസ്തികര്‍ കൊട്ടും കുരവയുമായിട്ടാണ് എതിരേറ്റത്. ‘ഖുര്‍ആനിന്റെ വെല്ലുവിളി ഞങ്ങള്‍ തകര്‍ത്തിരിക്കുന്നു. ഖുര്‍ആനിനേക്കാള്‍ ഏറ്റവും മികച്ചതും മനോഹരവുമായ സൂറത്താണ് കൊറോണ സൂറത്ത്’ എന്നുവരെ അവര്‍ അവകാശപ്പെടുകയും ചെയ്തു. എന്നാല്‍ കൊറോണ സൂറത്ത് രചിച്ച് അതിന്റെ രണ്ടാം പിറന്നാള്‍ വരുന്നതിനു മുമ്പുതന്നെ അതിന്റെ ജീവന്‍ നിലച്ചുപോയി. കൊറോണയാകട്ടെ അന്നും ഇന്നും മരിച്ചിട്ടില്ല താനും.
ആ രചനയിലെ ഏതാനും വരികള്‍ മലയാളത്തില്‍ ഇങ്ങനെ വായിക്കാം: ”കോവിഡ്. മാരകമായ വൈറസ് ആണത്. വിദൂരതയിലുള്ള ചൈനയില്‍ നിന്നും അവര്‍ക്ക് അത് വന്നു എന്നതില്‍ അവര്‍ അത്ഭുതം കൂറി. അപ്പോള്‍ അവിശ്വാസികള്‍ പറഞ്ഞു: തീര്‍ച്ചയായും അത് ശാഠ്യക്കാരനായ രോഗമാകുന്നു. അല്ല, അത് മരണം തന്നെയാണ്.” ഈ വരികള്‍ക്കു വേണ്ടി തലപുകഞ്ഞ് ഉറക്കമിളച്ച് പാടുപെട്ടവര്‍ക്ക് യഥാര്‍ഥത്തില്‍ ഖുര്‍ആനിലെ സൂറത്തിന് തത്തുല്യമായ മറ്റൊരു അധ്യായം കൊണ്ടുവരാന്‍ കഴിഞ്ഞിട്ടുണ്ടോ? അവര്‍ അല്ലാഹുവിന്റെ വചനങ്ങള്‍ക്കുള്ള പാരഡികള്‍ ഉണ്ടാക്കുക മാത്രമാണ് ചെയ്തത്. ഖുര്‍ആനിലെ സൂറത്തുല്‍ കാഫിന്റെ വചനങ്ങള്‍ക്കനുസരിച്ച് പ്രാസം ഒപ്പിച്ചുകൊണ്ടുള്ള ഒരു അവതരണം മാത്രം.
മുഹമ്മദ് നബിക്ക് ഖുര്‍ആന്‍ അവതരിക്കുന്ന കാലത്ത് ഖുര്‍ആന്‍ വചനങ്ങള്‍ പോലുള്ള ഒരു രചനയും അക്കാലത്തെ സമ്പന്നമായ അറബി സാഹിത്യത്തില്‍ ഒരിടത്തും കണ്ടെത്താന്‍ കഴിയില്ല. അറബി സാഹിത്യലോകത്തേക്ക് ഖുര്‍ആന്‍ കൊണ്ടുവന്ന പുതുമയാര്‍ന്ന ഒരു മുഖമുണ്ട്. അന്നുവരെ അറബി ഗദ്യ-പദ്യസാഹിത്യങ്ങളില്‍ അതുണ്ടായിട്ടില്ല. ഗദ്യവും പദ്യവുമല്ലാത്ത ഖുര്‍ആനിന്റെ വശ്യമായ ശൈലിയും ഭാഷയും അതിനേക്കാളുപരി ഘനമുള്ള ആശയങ്ങളും ഒത്തുചേര്‍ന്നതായിരുന്നു അത്. അതിനു പുറമേ അതിന്റെ പാരായണത്തിനും പ്രത്യേക താളവും ഈണവും മാധുര്യവും ഉണ്ടായിരുന്നു. അറബി സാഹിത്യത്തിലെ ഒരു രചനയും അതിനു മുമ്പ് ആ ഈണത്തില്‍ പാരായണം ചെയ്തിട്ടുമില്ല.
ഖുര്‍ആനിന്റെ ഭാഷയും ശൈലിയും സാഹിത്യവുമെല്ലാം ഒരു നവജാത ശിശുവിനെ പോലെ പ്രവാചകത്വത്തിന്റെ 23 വര്‍ഷക്കാലത്തു മാത്രം പിറന്നതാണ്. ഈ വസ്തുത മനസ്സിലാക്കാതെയാണ് ഖുര്‍ആനിന്റെ വെല്ലുവിളി ഏറ്റെടുക്കാന്‍ കച്ചകെട്ടി ഇറങ്ങിയവര്‍ വിഫല ശ്രമം നടത്താറുള്ളത്. അവരുടെ വീക്ഷണത്തില്‍ ഖുര്‍ആനിന്റെ പാരഡി നിര്‍മിക്കാനാണ് ഖുര്‍ആന്‍ വെല്ലുവിളിക്കുന്നത് എന്നാണ്. ഖുര്‍ആന്‍ പുതുതായി പറഞ്ഞറിയിക്കാന്‍ കഴിയാത്തതുപോലുള്ള ഒരു പ്രത്യേക ആവിഷ്‌കാരം നടത്തിയതുപോലെ എന്തുകൊണ്ടാണ് ലോകത്ത് ഇന്നുവരെ ഖുര്‍ആനിന് ബദല്‍ സൂറത്തുകള്‍ രചിക്കാന്‍ തുനിയുന്നവര്‍ക്ക് കഴിയാതെ പോകുന്നത്?
പാരഡി നിര്‍മിക്കാനാണ് ഖുര്‍ആന്‍ വെല്ലുവിളിച്ചതെങ്കില്‍ പ്രവാചക കാലത്തു തന്നെ അത് നടന്നിട്ടുണ്ട്. ‘അല്‍ ഫീലു മല്‍ ഫീല്‍, വമാ അദ്‌റാക മല്‍ ഫീല്‍’ എന്നിങ്ങനെ സൂറത്തുല്‍ ഫീലിന് അവര്‍ പാരഡി നിര്‍മിച്ചിരുന്നു. അതിനു ശേഷം പല സൂറത്തുകളുടെയും പാരഡികള്‍ വിവിധ നൂറ്റാണ്ടുകളില്‍ ഇസ്‌ലാം വിമര്‍ശകര്‍ ഉണ്ടാക്കിയിട്ടുണ്ട്. പക്ഷേ അവയെല്ലാം കൊറോണ സൂറത്ത് പോലെ ഭൂമുഖത്തു നിന്നു അപ്രത്യക്ഷമാവുകയായിരുന്നു.

എന്നാല്‍ ഖുര്‍ആന്‍ ഇന്നും ഓരോ സെക്കന്‍ഡിലും രാപകല്‍ വ്യത്യാസമില്ലാതെ ലോകത്തിന്റെ വിവിധ ഭാഗങ്ങളിലായി പാരായണം ചെയ്യപ്പെടുകയും പഠനവിധേയമാക്കപ്പെടുകയും ചെയ്യുന്നുണ്ട്. ഖുര്‍ആന്‍ വിമര്‍ശകരും ഖുര്‍ആനിനെ നിരന്തരം പഠിച്ചുകൊണ്ടിരിക്കുന്നു എന്നതാണ് വസ്തുത. എന്നാല്‍ ലോകത്ത് വിരചിതമായ ഖുര്‍ആന്‍ പാരഡികളെക്കുറിച്ച് ആരാണ് പഠനം നടത്താറുള്ളത്?
അസംഭവ്യം
ഖുര്‍ആന്‍ അതിലുള്ളതുപോലുള്ള ഒരു സൂറത്ത് കൊണ്ടുവരാന്‍ മനുഷ്യകുലത്തെ വെല്ലുവിളിച്ചുകൊണ്ട് തീര്‍ത്തു പറയുന്ന ഒരു കാര്യമുണ്ട്: ”നിങ്ങള്‍ക്കത് ഒരിക്കലും ചെയ്യാന്‍ കഴിയുകയില്ല” (2:24). അറബി ഭാഷയിലെ ‘ലന്‍’ എന്ന അവ്യയമാണ് ഖുര്‍ആന്‍ അതിന് ഉപയോഗിച്ചിരിക്കുന്നത്. അല്ലാഹു അല്ലാത്തവരോട് പ്രാര്‍ഥിക്കുന്നവര്‍ എല്ലാവരും ഒത്തുചേര്‍ന്നാലും ഒരു ഈച്ചയെ പോലും സൃഷ്ടിക്കാന്‍ കഴിയില്ല എന്നു പറഞ്ഞപ്പോഴും ഖുര്‍ആന്‍ ‘ലന്‍’ എന്ന അവ്യയം തന്നെയാണ് ഉപയോഗിച്ചത്.
അല്ലാഹു സൃഷ്ടിച്ച ഈച്ചയിലെ ഒരു കോശം പോലും ഉപയോഗിക്കാതെ സ്വന്തമായി ഒരു ഈച്ചയെ ഉണ്ടാക്കല്‍ മനുഷ്യര്‍ക്ക് എത്രമാത്രം അസാധ്യമാണോ അതുപോലെ അസാധ്യവും അസംഭവ്യവുമാണ്, ഒരു സൂറത്തില്‍ അല്ലാഹു ഉപയോഗിച്ച വാക്കുകള്‍, ശൈലികള്‍, ആശയങ്ങള്‍ എന്നിവയില്‍ ഒന്നു പോലും കടമെടുക്കാതെ ജിന്നുകളുടെയും മുഴുവന്‍ മനുഷ്യരുടെയും സഹായം തേടിയിട്ടാണെങ്കിലും ഒരു സൂറത്ത് കൊണ്ടുവരുക എന്നത്. അല്ലാഹു പറഞ്ഞു: ”പ്രവാചകരേ, പറയുക: മനുഷ്യരും ജിന്നുകളും ഈ ഖുര്‍ആന്‍ പോലെയുള്ളത് കൊണ്ടുവരാന്‍ ഒരുമിച്ചുകൂടിയാല്‍ തന്നെ അവര്‍ക്ക് അതുപോലുള്ളത് കൊണ്ടുവരാന്‍ കഴിയുന്നതല്ല. അവര്‍ പരസ്പരം സഹായികളായാല്‍ പോലും” (17:88).
കൊറോണ സൂറത്തില്‍ ഖുര്‍ആനിലെ സൂറത്തുല്‍ കാഫിലെ അല്ലാഹുവിന്റെ വചനങ്ങളും ശൈലിയും കടമെടുക്കാന്‍ രചയിതാക്കള്‍ നിര്‍ബന്ധിതരായി. സ്വയം നിര്‍മിക്കാന്‍ ശ്രമിച്ച ആശയതലമാവട്ടെ പരമാബദ്ധമാവുകയും ചെയ്തു. കൊറോണ നിഷേധികള്‍ പറയുന്നതായി സൂറഃ പറയുന്നു: ‘തീര്‍ച്ചയായും അത് ശാഠ്യക്കാരനായ രോഗമാകുന്നു’ എന്ന്. തുടര്‍ന്ന് രചയിതാക്കള്‍ പറയുകയാണ് ‘അല്ല, അത് മരണം തന്നെയാണ്.’ ഈ രണ്ട് പ്രസ്താവനകളും പരമാബദ്ധമാകുന്നു. കാരണം കൊറോണയെ നിഷേധിക്കുന്നവര്‍ മാത്രമല്ല അംഗീകരിക്കുന്നവരും പറഞ്ഞ കാര്യമായിരുന്നു കൊറോണ നിയന്ത്രണവിധേയമാകാന്‍ കുറച്ചു പ്രയാസമുള്ള രോഗമാണെന്ന്. അതുപോലെത്തന്നെ കൊറോണ ഒരു രോഗം മാത്രമാണ്. അത് പിടിപെട്ടവരൊക്കെ മരിക്കുമെന്ന് ശാസ്ത്രലോകം അംഗീകരിച്ചിട്ടുമില്ല.
2019ന്റെ ഭീതിദാവസ്ഥയില്‍ സൂറത്ത് രചിക്കുമ്പോള്‍ മരണനിരക്കുകള്‍ കുത്തനെ ഉയരുകയായിരുന്നു. ഭാവിയില്‍ എന്ത് സംഭവിക്കും എന്ന് അറിയാത്ത രചയിതാവ് അന്നത്തെ അവസ്ഥ പരിഗണിച്ച് കൊറോണ ഉറപ്പായും മരണം തന്നെയാണെന്ന് കുറിക്കുകയും പരമാബദ്ധത്തില്‍ ചെന്നുചാടുകയും ചെയ്തു. മുഹമ്മദ് നബിയോ മറ്റേതെങ്കിലും മനുഷ്യരോ ആണ് ഖുര്‍ആന്‍ രചിച്ചിരുന്നതെങ്കില്‍ ഖുര്‍ആനിനും ഈ ദുരന്തം ഉണ്ടാകുമായിരുന്നു. കാരണം അവര്‍ക്കാര്‍ക്കും ഭാവിയെക്കുറിച്ച് അറിയില്ലല്ലോ. ഖുര്‍ആന്‍ വെല്ലുവിളി നടത്തിയത് അത് ദൈവിക ഗ്രന്ഥമാണെന്ന കാര്യത്തില്‍ സംശയിക്കുന്നവരോട് മാത്രമാണ് എന്ന കാര്യം ഇവിടെ പ്രസ്താവ്യമാകുന്നു. അവര്‍ക്കു തന്നെയാണ് അതുപോലൊന്ന് കൊണ്ടുവരാനും കഴിയാത്തത്.
മുമാസലയും
മുശാബഹയും

സമാനമായ അധ്യായം കൊണ്ടുവരാന്‍ ഖുര്‍ആന്‍ വെല്ലുവിളിച്ചപ്പോള്‍ മിസ്‌ല എന്ന വാക്കാണ് ഉപയോഗിച്ചത്. ഈ വാക്കിന് മലയാളത്തില്‍ തത്തുല്യമായത് എന്നു പറയാം. ഒരു വസ്തുവിന്റെ സകല ഗുണഗണങ്ങളും ഉള്‍ക്കൊള്ളാന്‍ മറ്റൊരു വസ്തുവിന് കഴിയുമ്പോള്‍ മാത്രമേ ഈ വാക്ക് അക്ഷരാര്‍ഥത്തില്‍ ഉപയോഗിക്കാന്‍ അറബി സാഹിത്യശാസ്ത്രം അനുവദിക്കുന്നുള്ളൂ. മുമാസല എന്നാണ് ഇതിനു പറയുന്നത്. അല്ലാഹുവിനെ കുറിച്ച് ‘അവന് തുല്യനായി മറ്റാരുമില്ല’ എന്നു പറഞ്ഞു. ഈ വചനത്തിലും മിസ്‌ല എന്ന വാക്കാണ് ഉപയോഗിച്ചിരിക്കുന്നത്.
എന്നാല്‍ പരസ്പരം സാദൃശ്യം തോന്നിക്കുന്നതിന് തശാബഹ എന്ന വാക്കാണ് ഉപയോഗിക്കാറുള്ളത്. പാരഡി നിര്‍മാണമെല്ലാം ഈ ഗണത്തില്‍ ഉള്‍പ്പെടുത്താം. ഖുര്‍ആന്‍ അതിനോട് സദൃശ്യമായത് കൊണ്ടുവരാനല്ല വെല്ലുവിളിച്ചത്, അതിനോട് തത്തുല്യമായതാണെന്ന വസ്തുത ഖുര്‍ആന്‍ വിരോധികള്‍ തിരിച്ചറിയുന്ന കാലം വളരെ വിദൂരമത്രേ.
ഖുര്‍ആനിന്റെ
പ്രവചനങ്ങള്‍

ദൈവികമാണെന്ന് സ്വയം അവകാശപ്പെടുന്ന വിശുദ്ധ ഖുര്‍ആന്‍ അതിന്റെ ദൈവികത മനുഷ്യര്‍ക്ക് ബോധ്യപ്പെടുത്തുന്നതിന് വ്യത്യസ്ത മാര്‍ഗങ്ങള്‍ സ്വീകരിച്ചിട്ടുണ്ട്. അനുദിനം വിജ്ഞാന വിസ്‌ഫോടനങ്ങള്‍ ഉണ്ടായിക്കൊണ്ടിരിക്കുന്ന ആധുനിക നാളുകളില്‍ ഖുര്‍ആന്‍ നടത്തുന്ന വെല്ലുവിളികള്‍ വൈജ്ഞാനിക മേഖലകളിലെല്ലാം അതിന്റെ ദൈവികത ബോധ്യപ്പെടുത്തിയിട്ടുണ്ട്. അതുപോലെ കാലാന്തരങ്ങളില്‍ പുലര്‍ന്നുകൊണ്ടേയിരിക്കുന്ന ഖുര്‍ആനിന്റെ പ്രവചനങ്ങളും അതിന്റെ ദൈവികതയ്ക്കുള്ള മറ്റൊരു പ്രകടമായ തെളിവാകുന്നു.
ഖുര്‍ആനിന്റെ പ്രവചനങ്ങള്‍ പ്രവാചകനും അനുയായികളും സംശയലേശമെന്യേ പുലരുമെന്ന ദൃഢവിശ്വാസത്തില്‍ സ്വീകരിച്ചു. കാരണം അവരുടെ ജീവിതത്തില്‍ അത് യാഥാര്‍ഥ്യമായി പലവുരു പുലര്‍ന്നുകണ്ടവരാണ് അവര്‍. പ്രവാചകനെയും അനുയായികളെയും മക്കയില്‍ നിന്നു ശത്രുക്കള്‍ നിരന്തരം പീഡനം അഴിച്ചുവിട്ടുകൊണ്ട് തുരത്തുകയായിരുന്നു. സങ്കടത്തോടുകൂടി മക്കയോട് വിടപറഞ്ഞ അവര്‍ മദീനയില്‍ അഭയം തേടി. വീണ്ടും മക്കയെ പ്രാപിക്കണമെന്ന ആഗ്രഹം അവര്‍ നെഞ്ചേറ്റി നടന്നു.
കഅ്ബാലയത്തിലെത്തി ഉംറ നിര്‍വഹിക്കണമെന്ന് അവര്‍ തീരുമാനിച്ചു. പക്ഷേ ശത്രുക്കള്‍ വിലങ്ങുതടിയാവുമെന്ന് അവര്‍ക്ക് അറിയാമായിരുന്നു. എന്നാല്‍ അല്ലാഹു പ്രഖ്യാപിച്ചു: ”അല്ലാഹു ഉദ്ദേശിച്ചാല്‍ തീര്‍ച്ചയായും നിര്‍ഭയരും തലമുണ്ഡനം ചെയ്തവരും മുടി വെട്ടിയവരുമായ നിലയില്‍ നിങ്ങള്‍ മസ്ജിദുല്‍ ഹറാമില്‍ പ്രവേശിക്കുക തന്നെ” (48:27). ഈ വചനം ഇറങ്ങി അടുത്ത വര്‍ഷം തന്നെ വളരെ നിര്‍ഭയത്വത്തോടുകൂടി സമാധാനപരമായി അവര്‍ കഅ്ബാലയത്തിലെത്തി ഉംറ നിര്‍വഹിച്ചു. ഖുര്‍ആനിന്റെ പ്രവചനം പുലര്‍ന്നു.
പ്രവാചകന് ചില വിപത്ഘട്ടങ്ങളില്‍ അദ്ദേഹത്തിന്റെ അനുയായികള്‍ കാവല്‍ നില്‍ക്കാറുണ്ടായിരുന്നു. ”അല്ലാഹു താങ്കളെ ജനങ്ങളില്‍ നിന്നും സംരക്ഷിക്കും” (5:67) എന്ന വചനം ഇറങ്ങിയപ്പോള്‍ അദ്ദേഹം അവരോട് പറഞ്ഞു: ”ജനങ്ങളേ, നിങ്ങള്‍ പോയ്‌ക്കൊള്ളുക. അല്ലാഹു എന്നെ കാത്തുകൊള്ളും” (തിര്‍മിദി).
ഈ വചനം ഇറങ്ങിയതിനു ശേഷം പ്രവാചകന്‍ മരണത്തെ മുഖാമുഖം കണ്ട എത്രയോ നിമിഷങ്ങള്‍ ഉണ്ടായിരുന്നു. പക്ഷേ പ്രവാചകന് താന്‍ കൊല്ലപ്പെടുമെന്ന നേരിയ ഭയം പോലും അനുഭവപ്പെട്ടില്ല. യാത്രാമധ്യേ തണലത്ത് കിടന്നുറങ്ങുമ്പോള്‍ പ്രവാചകന്റെ വാള്‍ കൈവശപ്പെടുത്തിയ ശത്രു ‘നിന്നെ ആര് രക്ഷിക്കും’ എന്ന് ചോദിച്ചപ്പോള്‍ ‘അല്ലാഹു’ എന്ന് പ്രവാചകന്‍ കണ്ഠമിടറാതെ പറഞ്ഞത് ഖുര്‍ആനിന്റെ പ്രവചനങ്ങള്‍ പൊയ്‌വാക്കുകളല്ല എന്ന ഉത്തമബോധ്യം അദ്ദേഹത്തിന് ഉള്ളതുകൊണ്ടാണ്.
ഖുര്‍ആനിന്റെ പ്രവചനങ്ങളുടെ ഉള്‍ക്കരുത്ത് അതിന് ലഭിക്കുന്നത് അത് മനുഷ്യന്റെ പ്രവചനങ്ങളല്ല എന്നതുകൊണ്ടാണ്. മനുഷ്യര്‍ നടത്തുന്ന പ്രവചനങ്ങളെ പ്രവചിക്കുന്ന ആളു പോലും സംശയത്തോടെയാണ് സമീപിക്കുക. പുലര്‍ന്നുകണ്ടാല്‍ മതിയായിരുന്നു എന്ന് അയാളുടെ മനസ്സ് തന്നെ അയാളോട് മന്ത്രിച്ചുകൊണ്ടിരിക്കും. മന്ത്രവാദികളും തെരഞ്ഞെടുപ്പു വിദഗ്ധരും അന്യഗ്രഹങ്ങളിലേക്ക് ഉപഗ്രഹം വിക്ഷേപിക്കുന്ന ശാസ്ത്രജ്ഞരും നെഞ്ചിടിപ്പോടെ പ്രവചനങ്ങള്‍ പുലരുന്നത് കാത്തിരിക്കുന്നത് നിത്യക്കാഴ്ചയാണല്ലോ.
ഖുര്‍ആനിന്റെ
സംരക്ഷണം

അന്ത്യനാള്‍ വരെയുള്ള ഖുര്‍ആനിന്റെ നിലനില്‍പിനെക്കുറിച്ച് ഖുര്‍ആന്‍ തന്നെ നടത്തിയ പ്രവചനം ഇങ്ങനെ വായിക്കാം: ”നാമാണ് അതിറക്കിയത്. നാം തന്നെ അതിനെ സംരക്ഷിക്കുകയും ചെയ്യും” (ഹിജ്ര്‍ 9). ചരിത്രത്തിന്റെ കറുത്ത ദശാസന്ധികളില്‍ ഖുര്‍ആനിനെ ശത്രുക്കള്‍ കൈയേറ്റം ചെയ്തിട്ടുണ്ട്. ആശയതലത്തിലും കായികമായും അവര്‍ അതിനെ നേരിട്ടിട്ടുമുണ്ട്. പലതവണ അഗ്‌നിക്കിരയാക്കുകയും മൂത്രാഭിഷേകം നടത്തുകയും ചെയ്തിട്ടുണ്ട്. പക്ഷേ അതെല്ലാം അതിജീവിച്ചുകൊണ്ട് ഖുര്‍ആന്‍ വൈജ്ഞാനിക-ബൗദ്ധിക തലങ്ങളില്‍ ആധുനികതയെ പോലും വെല്ലുവിളിച്ചുകൊണ്ട് പ്രവാചക കാലത്തുള്ളതുപോലെ ഇന്നും നിലനില്‍ക്കുന്നു. ഖുര്‍ആനിന്റെ പ്രവചനം നിത്യസത്യമായി പുലര്‍ന്നുകൊണ്ടിരിക്കുമെന്ന് അത് ലോകത്തോട് വിളിച്ചുപറഞ്ഞുകൊണ്ടേയിരിക്കുന്നു.
ഖുര്‍ആന്‍ ഒരു അമാനുഷിക ഗ്രന്ഥമാണല്ലോ. അമാനുഷിക സംഭവങ്ങള്‍ക്ക് (മുഅ്ജിസത്ത്) നിശ്ചയിച്ചിരിക്കുന്ന കാലദൈര്‍ഘ്യം എത്രയാണോ അത്രയും കാലം ലോകത്ത് അത് വിസ്മയമായി നിലനില്‍ക്കും. മുന്‍ പ്രവാചകന്മാര്‍ക്ക് നല്‍കിയ അമാനുഷിക ദൃഷ്ടാന്തങ്ങളുടെ കാലദൈര്‍ഘ്യം അവരുടെ ആയുഷ്‌കാലമോ അടുത്ത പ്രവാചകന്‍ വരുന്നതുവരെയുള്ള ഇടവേളയോ ആയിരുന്നു. അതുകൊണ്ടുതന്നെ അവര്‍ക്ക് ലഭിച്ചിരിക്കുന്ന അമാനുഷിക ദൃഷ്ടാന്തങ്ങള്‍ പില്‍ക്കാലത്ത് കാലഹരണപ്പെടുകയാണ് ഉണ്ടായത്.
ഇന്നു നിലവിലുള്ള തോറയും ബൈബിളുമൊന്നും മൂസാ നബിയും ഈസാ നബിയും കൈകാര്യം ചെയ്തവയല്ല. എന്നാല്‍ ഖുര്‍ആനിന് അല്ലാഹു നിശ്ചയിച്ച കാലദൈര്‍ഘ്യം അന്ത്യനാള്‍ വരെയാണ്. അതുകൊണ്ടുതന്നെ ലോകത്തിന് എന്തൊക്കെ മാറ്റങ്ങളാണോ സംഭവിക്കുന്നത് ആ മേഖലയിലെല്ലാം ഖുര്‍ആനിന്റെ പ്രവചനങ്ങള്‍ വിസ്മയമായി മാറുകയും ചെയ്യും. പ്രവാചകന്റെ കാലം അത്ഭുതങ്ങളുടെ കാലമായിരുന്നു. പിന്നീട് സാഹിത്യത്തിന്റെയും സര്‍ഗാത്മകതയുടെയും തത്വശാസ്ത്രത്തിന്റെയും കാലമായി. ആധുനികത ശാസ്ത്രത്തിന്റേതാണ്. 18ാം നൂറ്റാണ്ടിന്റെ പകുതിയോടുകൂടി ലോകത്തിന് ശാസ്ത്രം ഒട്ടേറെ ശാസ്ത്രീയ സത്യങ്ങള്‍ സംഭാവന ചെയ്യാന്‍ തുടങ്ങി. ഖുര്‍ആന്‍ പ്രവചിച്ചിരിക്കുന്ന പല കാര്യങ്ങളും ശാസ്ത്രീയ സത്യമായി പുലര്‍ന്നുകൊണ്ടിരിക്കുകയാണ് ഇപ്പോള്‍.
ആധുനിക ശാസ്ത്രം ഖുര്‍ആനിന്റെ ശാസ്ത്രീയ പ്രവചനങ്ങളുടെ മുമ്പില്‍ പലപ്പോഴും വിസ്മയം പൂണ്ട് വിനയാന്വിതമായി തീര്‍ന്നിട്ടുണ്ട്. ഭ്രൂണശാസ്ത്രം, വാനശാസ്ത്രം, ഭൗമശാസ്ത്രം, ഗണിതശാസ്ത്രം, തത്വശാസ്ത്രം എന്നിങ്ങനെ എല്ലാ ശാസ്ത്രീയ മേഖലയിലും ഖുര്‍ആനിന്റെ പ്രവചനങ്ങള്‍ ആധുനിക ലോകത്ത് പുലര്‍ന്നിട്ടുണ്ട്. ഉദാഹരണമായി ആധുനിക ലോകത്ത് സമുദ്രശാസ്ത്രത്തിന്റെ പുരോഗതി എല്ലാവര്‍ക്കും അറിയാം. സമുദ്രത്തെക്കുറിച്ച് ഖുര്‍ആന്‍ നടത്തുന്ന ഒരു പ്രവചനം ഇങ്ങനെ വായിക്കാം: ”അവനാണ് രണ്ടു സമുദ്രങ്ങളെ ചേര്‍ത്തുനിര്‍ത്തിയിട്ടുള്ളത്. അതില്‍ ഒന്ന് രുചികരമായ ശുദ്ധജലം. മറ്റേത് കയ്പുള്ള ഉപ്പുജലവും. അവ രണ്ടിനും ഇടയില്‍ ഒരു മറയും ഭദ്രമായ ഒരു തടസ്സവും നിശ്ചയിക്കുകയും ചെയ്തു” (25: 53, 54).
ഉപ്പുജലവും ശുദ്ധജലവും ചേര്‍ന്ന് ഒഴുകുന്നത് നിരീക്ഷിക്കാവുന്ന ഒരു പ്രതിഭാസമാണ്. മുക്കുവന്മാര്‍ക്കും കടലുമായി സഹവസിക്കുന്നവര്‍ക്കും ആധുനികതയ്ക്കു മുമ്പുതന്നെ അത് അറിയാമായിരിക്കാം. പക്ഷേ അതിനിടയിലെ ഈ അദൃശ്യമറയെക്കുറിച്ച് 19ാം നൂറ്റാണ്ടിന്റെ പകുതി വരെ ആര്‍ക്കും അറിയില്ലായിരുന്നു. ഖുര്‍ആന്‍ വ്യാഖ്യാതാക്കള്‍ പോലും ഈ വചനത്തെ പല തരത്തിലാണ് വ്യാഖ്യാനിക്കാന്‍ ശ്രമിച്ചത്. എന്നാല്‍ അമേരിക്കയിലെ കൊളറാഡോ സര്‍വകലാശാലയിലെ ഭൂഗര്‍ഭ ശാസ്ത്രജ്ഞനും പ്രശസ്ത സമുദ്ര ശാസ്ത്രജ്ഞനുമായ ഡോ. വില്യം ഹേ (ണശഹഹശമാ ഒമ്യ) ഈ യാഥാര്‍ഥ്യം ലോകത്തോട് വിളിച്ചുപറഞ്ഞു. പിന്നീട് ശാസ്ത്രലോകത്ത് ണമലേൃ യമൃൃശ (ജലവേലി) എന്ന പേരില്‍ ഇത് അറിയപ്പെടുന്നു. ഖുര്‍ആനിന്റെ പ്രവചനം സത്യമായി പുലര്‍ന്നിരിക്കുന്നു എന്നര്‍ഥം.

Back to Top